Follow Us On

29

March

2024

Friday

സ്ത്രീശാക്തീകരണത്തിന്റെ മാർഗദർശി

സ്ത്രീശാക്തീകരണത്തിന്റെ  മാർഗദർശി

കേരളത്തിൽ ആദ്യമായി മേസ്തിരി, ആശാരി, വയറിങ്ങ് തുടങ്ങിയ ജോലികൾക്ക് സ്ത്രീകൾക്ക് പരിശീലനം നൽകിയത് ഒബ്‌ളേറ്റ് മിഷനറീസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസ സഭാംഗമായ സിസ്റ്റർ ത്രേസ്യാമ്മ മാത്യുവാണ്.
വനിതകൾക്ക് പരിശീലനം നൽകിയതോടൊപ്പം നൂതനമായ വിവിധ കർമപദ്ധതികളും സിസ്റ്റർ ആവിഷ്‌ക്കരിച്ചു. അങ്ങനെയാണ് കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ ആരംഭിച്ച അർച്ചന വിമൻസ് സെന്ററിന്റെ തുടക്കം. ഇതിനു പുറമെ സ്ത്രീകൾക്കായി സോളാർ ലാബ് പരിശീലനം, വേയ്സ്റ്റ് മാനേജ്‌മെന്റ് പരിശീലനം, ഓർഗാനിക് ഫാമിംഗ്, ടൈലറിങ്ങ്, ഹോളോബ്രിക്‌സ് നിർമാണം, കമ്പ്യൂട്ടർ ഹാർഡ് വെയർ ടെക്‌നോളജി, കൺസ്ട്രക്ഷൻ ഇൻ സൂപ്പർ വിഷൻ കോഴ്‌സ്, വീട് നിർമാണത്തിന് പ്ലാനും എസ്റ്റിമേറ്റും തയാറാക്കൽ തുടങ്ങിയവയും അർച്ചന വിമൻസ് സെന്ററിന്റെ പ്രധാന പ്രവർത്തനങ്ങളാണ്. ഈ കോഴ്‌സുകൾ നടത്തുവാനുള്ള സർക്കാർ അംഗീകൃത ഏജൻസിയുമാണ് അർച്ചന വിമൻസ് സെന്റർ.
വനിതകളെ ഈ മേഖലയിലേക്ക് നയിക്കുന്നതിനുള്ള പ്ലാനിന്റെ ആദ്യപടിയായി തൃശൂർ കേന്ദ്രമാക്കി ജീവപൂർണ വനിത മേസ്തിരി സംഘം എന്ന പേരിൽ സൊസൈറ്റി രൂപീകരിച്ചാണ് പരിശീലന പരിപാടികൾ ആരംഭിച്ചത്. ഇരിഞ്ഞാലക്കുടയിലെ സി.എം.സി സിസ്റ്റേഴ്‌സിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് പന്ത്രണ്ട് വീടുകൾ നിർമിച്ചാണ് ഇവർ കെട്ടിട നിർമാണ മേഖലയിൽ അരങ്ങേറ്റം നടത്തിയത്. അക്കാലത്ത് പുരുഷ മേസ്തിരിക്ക് 450 രൂപ ലഭിക്കുമ്പോൾ കല്ലും മണ്ണും സിമന്റും ചുമക്കുന്ന സഹായിയായ സ്ത്രീതൊഴിലാളിക്ക് അമ്പതു രൂപയാണ് ലഭിച്ചിരുന്നത്.
തൃശൂരിൽ ആരംഭിച്ച ജീവപൂർണ വനിത മേസ്തിരി സംഘം പിന്നീട് കൊല്ലത്തും ആലപ്പുഴയിലും തെള്ളകത്തും ഏറ്റുമാനൂരിലും സമീപമുള്ള വെട്ടിമുകളിലും പരിശീലനകേന്ദ്രങ്ങൾ ആരംഭിച്ചു. വെട്ടിമുകളിലെ പരിശീലനകേന്ദ്രത്തിൽ മേസ്തിരി, കാർപന്ററി, വയറിങ്ങ് എന്നിവയിൽ പ്രതിമാസ സ്റ്റൈപ്പന്റോടുകൂടിയ മൂന്നുമാസം അടിസ്ഥാന പരിശീലനവും ആറുമാസം സമഗ്ര പരിശീലനവും നൽകുന്നു.
പുരുഷന്മാർക്ക് മാത്രമായി ഈ മേഖല മാറ്റിവച്ചിരുന്ന കാലത്താണ് ഒബ്‌ളേറ്റ് മിഷനറീസ് ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെ ഇന്ത്യയിലെ സേവനവിഭാഗമായ ജ്യോതി ജീവപൂർണയുടെ കേരളഘടകമായ അർച്ചന വിമൻസ് സെന്റർ 2004-ൽ ഏറ്റുമാനൂരിൽ സിസ്റ്റർ ത്രേസ്യാമ്മ മാത്യുവിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചത്. വനിത മേസ്തിരി എന്നു കേട്ടപ്പോൾ കാൽനൂറ്റാണ്ട് മുമ്പ് നെറ്റിചുളിക്കാത്തവരായി ആരുമുണ്ടായിരുന്നില്ല.
വിദേശ പരിശീലകർ: ഹോളണ്ട്, ജർമനി തുടങ്ങിയ വിദേശ രാജ്യങ്ങളിൽനിന്നുമുള്ള പരിശീലകരാണ് അർച്ചനയിൽ സ്ത്രീകൾക്ക് വിവിധ നിർമാണ മേഖലകളിൽ പരിശീലനം നൽകുന്നത്. ലക്‌സംബർഗിൽനിന്നുമുള്ള മൗഡോ പെപ്പോലീനോ വയറിങ്ങ് പരിശീലനവും ഹോളണ്ടിൽനിന്നുമുള്ള വാട്ട്‌സ് റ്റോക്ക്മാൻ നൂതന ഡിസൈനിങ്ങിൽ വിദഗ്ധ പരിശീലനവും നൽകുന്നു.
ആരംഭകാലഘട്ടത്തിൽ സ്ത്രീതൊഴിലാളികളെ നിർമാണ മേഖലയിൽ അംഗീകരിക്കുവാൻ പൊതുജനത്തിനുണ്ടായ ബുദ്ധിമുട്ട് തുടക്കത്തിൽ വലിയ വെല്ലുവിളിയായിരുന്നുവെന്ന് സിസ്റ്റർ ത്രേസ്യാമ്മ മാത്യു പറയുന്നു. നിർമാണ മേഖലയിൽ സ്ത്രീകൾ ജോലി ചെയ്താൽ ഗുണനിലവാരത്തെ ബാധിക്കുമോ എന്ന സന്ദേഹം പലർക്കും ഉണ്ടായിരുന്നു. എന്നാൽ ഈ സ്ത്രീകളുടെ കാര്യപ്രാപ്തിയും കർമശേഷിയും നേരിൽകണ്ട് ബോധ്യപ്പെട്ടതോടെ സംശയങ്ങൾ മാറിത്തുടങ്ങി.
പാലാ ഉരുളികുന്നം, പാഴുക്കുന്നേൽ പരേതരായ മത്തായി-മറിയാമ്മ ദമ്പതികളുടെ മകളാണ് സിസ്റ്റർ ത്രേസ്യാമ്മ മാത്യു. സാമൂഹിക സേവനം ദൈവസ്‌നേഹത്തിന്റെ ഭാഗമായി നിർവഹിക്കേണ്ടതാണെന്ന് സിസ്റ്റർ പറയുന്നു. കെട്ടിടങ്ങൾക്ക് തറ കെട്ടുന്നതും പാറ പൊട്ടിക്കുന്നതും മണ്ണെടുക്കുന്നതും സിമന്റ് കുഴക്കുന്നതും ഭിത്തി തേയ്ക്കുന്നതുമെല്ലാം സ്ത്രീകൾതന്നെ. സുനാമിയിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ച, കൊല്ലം ജില്ലയിലെ ആലപ്പാട്ട് പഞ്ചായത്തിൽ അർച്ചനയിലെ വനിത മേസ്തിരിമാരുടെ നേതൃത്വത്തിൽ 42 വീടുകൾ നിർമിച്ചിരുന്നു.
ഏറ്റുമാനൂരിലെ വെട്ടിമുകളിലുള്ള ഇരുനിലകെട്ടിടം ഇവിടെനിന്നും പരിശീലനം പൂർത്തിയാക്കിയ വനിതകളുടെ നേതൃത്വത്തിൽ നിർമിച്ചതാണ്. കെട്ടിടനിർമാണത്തിൽ പരിശീലനം നേടിയ വനിതകളിൽ സ്വന്തമായി വീടില്ലാത്തവർ വിരളം. ഇവർക്കുള്ള വീടുകൾ വനിതാ മേസ്തിരികൾ ഒരുമിച്ചുകൂടിയാണ് നിർമിക്കുന്നത്. നൂറിൽപരം വീടുകളാണ് ഇങ്ങനെ സഹകരണാടിസ്ഥാനത്തിൽ ഇവർ പണിതിട്ടുള്ളത്. രണ്ടുമുറിയും അടുക്കളയും ചേർന്നുള്ള വീട് നിർമിക്കുവാൻ ഇവർക്ക് മൂന്നുമാസം മതി. ഇവരുടെ വരുമാനംകൊണ്ട് പലരുടെയും മക്കൾ, എഞ്ചിനിയറിങ്ങ്, നഴ്‌സിങ്ങ് എന്നീ കോഴ്‌സുകൾ പഠിക്കുന്നു. ചിലരുടെ മക്കൾ ഉയർന്ന പഠനത്തിനുശേഷം നല്ല ജോലിയിൽ പ്രവേശിക്കുന്നു. നീല ഷർട്ടും പാന്റ്‌സും തൊപ്പിയും ധരിച്ച ഈ തൊഴിൽസംഘം ചുറ്റികയും മുഴക്കോലും തൂക്കുകട്ടയും കരണ്ടിയും ഉളിയും കൊട്ടുവടിയുമൊക്കെയായി നിരന്നു പ്രവർത്തിക്കുമ്പോൾ സ്ത്രീശാക്തീകരണത്തിന്റെ മുന്നേറ്റമായി ഈ വനിതാസംഘത്തെ കേരളം അംഗീകരിച്ചു കഴിഞ്ഞു.
ഭൂകമ്പത്തിൽ തകർന്ന വീടുകളുടെ നിർമാണം: ഗുജറാത്ത് സർക്കാർ പതിനാറ് വനിതകളെ അർച്ചനയിലേക്ക് പരിശീലനത്തിന് അയച്ചിരുന്നു. ഭൂകമ്പത്തിന്റെ ദുരിതം പേറിയ കച്ചിലെ വീടുകൾ പുനർ നിർമിക്കുവാൻ ഈ വനിതകൾ നേതൃത്വം നൽകിയിരുന്നു. ഒഡീഷയിലെ ഗ്രാം വികാസ് എന്ന സംഘടനയിൽനിന്നുമുള്ളവർ ഇവിടെയെത്തി പരിശീലനം നേടിയിരുന്നു. കർണാടകയിലെ ഒരു സംഘം വനിതകൾക്ക് അർച്ചന വിമൻസ് സെന്ററിൽ നിന്നുമുള്ളവർ അവിടെ എത്തിയാണ് പരിശീലനം നൽകിയത്.
കേരളത്തിലെ വിവിധ പഞ്ചായത്തുകളിൽ ഗവൺമെന്റ് പ്രൊജക്ടുകൾ പ്രകാരം അനുവദിച്ച കെട്ടിടങ്ങൾ അർച്ചന വിമൻസ് സെന്ററിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ പരിശീലനം പൂർത്തിയാക്കിയ വനിതാ മേസ്തിരിമാരുടെ നേതൃത്വത്തിൽ നിർമിച്ചിട്ടുണ്ട്. പ്രാരംഭ കാലഘട്ടങ്ങളിൽ ചെറിയ പ്രൊജക്ടുകളായിരുന്നു ഇവർ കൈകാര്യം ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ വൻകിട കെട്ടിട നിർമാതാക്കളും ഇവരുടെ സേവനം ആവശ്യപ്പെടാൻ തുടങ്ങിയിരിക്കുന്നു. ഇപ്പോൾ ശരാശരി 700 രൂപയ്ക്ക് മുകളിൽ ഇവർക്ക് ദിവസവേതനം ലഭിക്കുന്നു. സ്ത്രീകളായതിനാൽ വീട്ടുകാര്യംകൂടി പരിഗണിച്ചാണ് ഇവരുടെ ജോലിസമയം നിശ്ചയിച്ചിരിക്കുന്നത്.
സ്ത്രീകൾക്ക് ഫർണിച്ചർ നിർമാണത്തിനും കൊത്തുപണികൾക്കും പരിശീലനം നൽകുന്നുണ്ട്. ഫർണിച്ചർ നിർമാണത്തിന് ആറുമാസവും കരകൗശല വസ്തുക്കളുടെ നിർമാണത്തിന് മൂന്നു മാസവുമാണ് പരിശീലനം നൽകുന്നത്. മുള ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളുടെ നിർമാണം, മുള ഉപയോഗിച്ചുള്ള കെട്ടിടനിർമാണം തുടങ്ങിയവ പഠിപ്പിക്കുന്ന ബാംബു ടെക്‌നോളജി കോഴ്‌സും നടത്തുന്നു. അർച്ചന വിമൻസ് സെന്ററിന്റെ ആസ്ഥാന മന്ദിരത്തിലുള്ള എല്ലാ ഫർണിച്ചറുകളും അർച്ചനയിൽ പരിശീലനം ലഭിച്ചവർ നിർമിച്ചതാണ്. പുതിയ സാങ്കേതിക വിദ്യയും നവീന യന്ത്രങ്ങളും ഉപയോഗിച്ചുള്ള പരിശീലനം ആശാരിപ്പണിയിൽ കൂടുതൽ ഭംഗിയും വേഗതയും ലഭിക്കുന്നു. വനിതാ ആശാരിമാരുടെ കരവിരുതിൽ പണിതീർത്ത ഫർണിച്ചറുകൾക്കും ഇന്റീരിയർ ഡിസൈനിങ്ങിലെ അത്യാധുനിക മോഡലുകൾക്കും ആവശ്യക്കാർ ധാരാളമാണ്. മില്ലുകളിലും വനം ഡിപ്പോകളിലുംനിന്ന് നേരിട്ട് ഇവർ തടി വാങ്ങി ആവശ്യക്കാരുടെ ഇഷ്ടാനുസരണത്തിലുള്ള ഫർണിച്ചർ നിശ്ചിത സമയത്തിനുള്ളിൽ പണിതീർത്തു നൽകുന്നു.
ജോലി ചെയ്യുവാൻ മനസും ആത്മാർത്ഥതയുമുള്ള ആരും ജോലി തേടിയെത്തിയാൽ വെറുംകൈയോടെ തിരികെ വിടരുതെന്നാണ് സിസ്റ്ററിന്റെ പ്രമാണം. മേസ്തിരി, ആശാരിപ്പണികൾ നടത്തുന്നത് തുടക്കത്തിൽ പല സ്ത്രീകൾക്കും മാനക്കേടായിരുന്നു. ദിവസവും നല്ലൊരു തുക വരുമാനം ലഭിക്കുന്നുവെന്നറിഞ്ഞ് നിരവധി സ്ത്രീകൾ ഈ രംഗത്തേക്ക് കടന്നുവരുവാൻ തുടങ്ങി. കൃത്യതയും അച്ചടക്കവുമുള്ള പുതിയൊരു തൊഴിൽ സംസ്‌കാരം പ്രചരിപ്പിക്കുവാൻ സിസ്റ്റർ ത്രേസ്യാമ്മ മാത്യുവിന് സാധിച്ചു.
തൊഴിൽ പരിശീലനത്തിനൊപ്പം വ്യക്തിത്വവികാസം, ആരോഗ്യസംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവയിൽ ഈ വനിതാ സംഘത്തിന് അർച്ചന തുടർച്ചയായി ക്ലാസുകൾ നൽകുന്നു. സ്ത്രീകളുടെ സമഗ്ര വ്യക്തിത്വ വികസനത്തിന് യോജിച്ച പരിശീലന പരിപാടികളാണ് ഇവിടെ നടത്തിവരുന്നത്. കേരളത്തിലെ സ്ത്രീശാക്തീകരണത്തെപ്പറ്റി ഇത്രയേറെ ചർച്ചകൾ ഒന്നും ഉണ്ടാകാത്ത കാലഘട്ടത്തിലാണ് സ്ത്രീശാക്തീകരണത്തിന്റെ വിപ്ലവകരമായ മുന്നേറ്റത്തിന് വനിതാ മേസ്തിരി പ്രസ്ഥാനത്തിലൂടെ സിസ്റ്റർ തുടക്കം കുറിച്ചത്. ഇതുവരെ ഈ സെന്ററുകളിൽനിന്നും രണ്ടായിരത്തിൽപരം വനിതാ മേസ്തിരിമാരും ഇരുന്നൂറിലധികം വനിതാ ആശാരിമാരും നൂറിൽപരം വനിതാ ഇലക്ട്രീഷൻമാരും അമ്പതോളം വനിതാ പ്ലംബർമാരും പരിശീലനം പൂർത്തിയാക്കി നിർമാണ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്നു. ഐക്യരാഷ്ട്രസഭയിലെ ഡിവിഷൻ ഫോർ സോഷ്യൽ പോളിസി ആന്റ് ഡവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിൽ സിസ്റ്റർ ത്രേസ്യാമ്മ മാത്യു അടുത്ത നാളിൽ രണ്ടര മണിക്കൂർ പ്രഭാഷണം നടത്തുകയുണ്ടായി. ഇതിനു പുറമെ കാനഡ, അമേരിക്ക, നെതർലൻഡ്‌സ്, ഫ്രാൻസ്, ബ്രിട്ടൻ, റോം, ബെൽജിയം, ലക്‌സംബർഗ്, ജർമനി, ഫിൻലൻഡ്, തായ്‌ലൻഡ്, വിയറ്റ്‌നാം, ലാഗോസ്, മൗറഷ്യസ്, സ്വീഡൻ, ശ്രീലങ്ക, നേപ്പാൾ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ നടത്തപ്പെട്ട കോൺഫ്രൻസുകളിൽ പങ്കെടുത്ത് അർച്ചനയുടെ വനിതാ ശാക്തീകരണത്തെപ്പറ്റി വിശദീകരിച്ചിട്ടുണ്ട്.
2003-ൽ പ്രൈസ് ഫോർ ക്രിയേറ്റിവിറ്റി ഇൻ റൂറൽ വിമൻസ് ലൈഫ് ജനീവ അവാർഡ്, 2013-ൽ സ്ത്രീശക്തി അവാർഡ്, 2014-ൽ എമിനന്റ് പേഴ്‌സാണിലിറ്റി അവാർഡ്, 2015-ൽ പ്രിയദർശിനി അവാർഡ്, 2016-ൽ ഗ്ലോറി ഓഫ് ഇന്ത്യ അവാർഡ്, ചാസിന്റെ ഔട്ട് സ്റ്റാന്റിംഗ് വിമൻ എംപവർമെന്റ് അവാർഡ്, 2017-ൽ ഫെമിന ഇന്റർനാഷണലിന്റെ സൂപ്പർ വുമൻ അച്ചീവർ അവാർഡ്, 2018-ൽ ചങ്ങനാശേരി അസംപ്ഷൻ കോളജിന്റെ അലുമാനൈ അവാർഡും സിസ്റ്റർ ത്രേസ്യാമ്മ മാത്യുവിന് ലഭിച്ചിട്ടുണ്ട്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട മേസണറി (ബ്രിക്ക് വർക്ക്) പ്ലാസ്റ്ററിങ്ങ്, പ്ലംമ്പിംഗ്, ഇലക്ട്രിക്കൽ, കാർപന്ററി, പോളിഷിംഗ്, പെയിന്റിംഗ് എന്നിവയ്ക്കും മഴവെള്ള സംഭരണി നിർമാണം, ജൈവകൃഷി, ശുദ്ധജല ശുചിത്വ ബോധവൽക്കരണം, കൗൺസലിങ്ങ് സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഗവൺമെന്റ് അക്രിഡിറ്റഡ് ഏജൻസിയായിട്ട് കേരളസർക്കാർ അർച്ചന വിമൻസ് സെന്ററിന് അക്രിഡിറ്റേഷൻ പദവി നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 9447351806.
 
തോമസ് തട്ടാരടി

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?