Follow Us On

28

March

2024

Thursday

സ്വന്തം മുഖം കണ്ടിട്ടില്ലാത്തവരുടെ സങ്കടങ്ങൾ

സ്വന്തം മുഖം കണ്ടിട്ടില്ലാത്തവരുടെ സങ്കടങ്ങൾ

”ഞാൻ എന്നെ ഇതുവരെയും കണ്ടിട്ടില്ലെന്നതാണ് എന്റെ ഏറ്റവും വലിയ സങ്കടം.” ബംഗളൂരു സെന്റ് ജോസഫ് കോളജാണ് വേദി. നേത്രദാനത്തെക്കുറിച്ചുള്ള ബോധവല്ക്കരണ ഭാഗമായി അന്ധരുടെ ദുരിതങ്ങളെക്കുറിച്ച് സദസിന്റെ ശ്രദ്ധക്ഷണിക്കുകയായിരുന്നു ഫാ. ജോർജ് കണ്ണന്താനം. നേത്രദാനം പ്രോത്സാഹിപ്പിക്കുമ്പോൾ ലോകത്തിന്റെ മനോഹാരിത കാണാൻ അനേകർക്ക് അവസരം സൃഷ്ടിക്കുകയാണെന്ന് വിദ്യാർത്ഥികളെ ഓർമിപ്പിക്കുമ്പോഴായിരുന്നു ഒട്ടും പ്രതീക്ഷിക്കാത്ത ആ മറുപടി. സദസിൽ ഉണ്ടായിരുന്ന അന്ധവിദ്യാർത്ഥിയുടേതായിരുന്നു ഹൃദയത്തെ സ്പർശിക്കുന്ന വാക്കുകൾ.
അന്ധരുടെ ഏറ്റവും വലിയ വേദന അവിടെവച്ച് ഫാ. കണ്ണന്താനം തിരിച്ചറിയുകയായിരുന്നു. അന്ധത അകറ്റുന്നതിനുള്ള യാത്രയിൽ വിശ്രമിക്കാൻ സമയമില്ലെന്ന ബോധ്യത്തിലേക്ക് അത് എത്തിച്ചു. അന്ധതയുടെ ലോകത്തുനിന്നും കാഴ്ചയുടെ ലോകത്തേക്ക് മനുഷ്യരെ ആനയിക്കുന്ന ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ‘പ്രോജക്ട് വിഷൻ’ എന്ന സന്നദ്ധസംഘടനയുടെ സ്ഥാപകനും ഡയറക്ടറുമാണ് ഈ ക്ലാരിഷൻ വൈദികൻ. 2013-ലായിരുന്നു പ്രോജക്ട് വിഷന്റെ തുടക്കം.
സുനാമി തകർത്തുതരിപ്പണമാക്കിയ തമിഴ്‌നാട്ടിലെ മടുക്കളമെന്ന തീരദേശ ഗ്രാമത്തെ 23-ാം ദിവസം തകർച്ചയിൽനിന്നും കരകയറ്റുന്നതിന് നേതൃത്വം നൽകിയ ജീവകാരുണ്യപ്രവർത്തകൻ… ഭൂകമ്പം തകർത്ത നേപ്പാളിന്റെ പുനരധിവാസം… തുടങ്ങി കാലത്തിന് വിസ്മരിക്കാൻ കഴിയാത്ത നിരവധി പ്രവർത്തനങ്ങളിലൂടെ സാമൂഹ്യ-ജീവകാരുണ്യ മേഖലകളിൽ കയ്യൊപ്പു ചാർത്താൻ ഫാ. കണ്ണന്താനത്തിന് അതിനുമുമ്പുതന്നെ കഴിഞ്ഞിരുന്നു.
60 പേർക്ക് കാഴ്ചയുടെ വെളിച്ചം
ഫാ. ജോർജ് കണ്ണന്താനത്തെ നേത്രദാന മേഖലയിലേക്ക് എത്തിച്ചത് മൂന്നുവർഷംമുമ്പ് വായിച്ച ഒരു പത്രവാർത്തയാണ്. ലോകത്തിലെ നാല് കോടി അന്ധരിൽ മൂന്നിലൊന്നും ഇന്ത്യയിലാണെന്നായിരുന്നു വാർത്ത. അതായത് 1.5 കോടി അന്ധരുണ്ട് ഈ രാജ്യത്ത്. അവരിൽ 20 ശതമാനവും ഏതാണ്ട് 30 ലക്ഷവും കോർണിയൽ തകരാർമൂലം അന്ധരായവരാണ്. നേത്രങ്ങൾ ലഭിച്ചാൽ അത്രയും പേർക്ക് കാഴ്ച ലഭിക്കും. കുഷ്ഠ രോഗികളെയും എയ്ഡ്‌സ് ബാധിതരെയും സംരക്ഷിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു ഫാ. കണ്ണന്താനത്തിന് ആ രോഗങ്ങൾ വഴി അന്ധരായവയരുടെ വേദനകൾ അടുത്തറിയാമായിരുന്നു. എന്തുകൊണ്ട് ഇവർക്കുവേണ്ടി പ്രവർത്തിച്ചുകൂടാ എന്നൊരു ചിന്ത അടുത്ത നിമിഷം ഹൃദയത്തിലേക്ക് വന്നു. അന്ധതയകറ്റുന്നതിനുള്ള പ്രവർത്തനങ്ങളിൽ പങ്കുചേരുമെന്ന തീരുമാനത്തോടെയായിരുന്നു അവിടെനിന്നും എഴുന്നേറ്റത്. അത് ദൈവശബ്ദമായിരുന്നു എന്ന് ഉറപ്പിക്കാൻ കഴിയുന്ന രീതിയിലുള്ള മാറ്റങ്ങൾ മൂന്ന് വർഷങ്ങൾക്കൊണ്ട് ഉണ്ടാക്കാൻ ഫാ. കണ്ണന്താനത്തിന് കഴിഞ്ഞു.
ഇരുട്ടിന്റെ ലോകത്തിലായിരുന്നു 60 പേരെ നേത്രദാനത്തിലൂടെ വെളിച്ചത്തിലേക്ക് ആനയിക്കാൻ ഈ സംഘടനക്ക് സാധിച്ചു. സംഘടിത പ്രവർത്തനങ്ങൾ തീരെ ഇല്ലാത്ത നേത്രദാന മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാനുമായി. വരുംകാലത്ത് നേത്രദാനത്തിന്റെ ചരിത്രം മാറ്റിയെഴുതാൻ കഴിയുന്ന രീതിയിൽ അതു വളർന്നുകൊണ്ടിരിക്കുന്നു എന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയാകില്ല. 60,000 നേത്രദാന വാഗ്ദാനങ്ങളാണ് മൂന്നുവർഷംകൊണ്ട് ശേഖരിക്കാനായത്. ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം, ഇറ്റാനഗർ രൂപതാധ്യക്ഷൻ ഡോ. ജോൺ തോമസ് കത്രുകുടിയിൽ, നോർത്ത് ഈസ്റ്റിലെ മെത്രാന്മാരും നിരവധി വൈദികരുമടക്കം അനേകർ നേത്രദാന സമ്മതപത്രം ഇതിനകം നൽകിക്കഴിഞ്ഞു.
ഡൽഹി അതിരൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ചേതനാലയുടെ നേതൃത്വത്തിൽ 2017 കാഴ്ചയുടെ വർഷമായി പ്രഖ്യാപിച്ചുകൊണ്ട് നേത്രദാനത്തെ പ്രോത്സാഹിപ്പിക്കുക അവരുടെ പ്രധാന പ്രവർത്തനമായി ഏറ്റെടുത്തു. അതോടനുബന്ധിച്ച് ഡൽഹി അതിരൂപതാധ്യക്ഷൻ ഡോ. അനിൽ കൂട്ടോയും 100 വൈദികരും പ്രൊജക്ട് വിഷന് നേത്രദാന സമ്മതപത്രം നൽകികഴിഞ്ഞു. കൂടാതെ നോർത്ത് ഈസ്റ്റ് ബിഷപ്‌സ് കൗൺസിൽ ഈ വർഷത്തെ അവരുടെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്നായി നേത്രദാനം ഏറ്റെടുത്തിരിക്കുകയാണ്. ദൈവസ്വരത്തിന് കാതുകൊടുക്കുമ്പോൾ അവിടുന്ന് കൂടെ ഉണ്ടാകും; ഫാ. കണ്ണന്താനം പറയുന്നു.
അഞ്ച് രാജ്യങ്ങളിലെ അന്ധനടത്തം
നേത്രദാനത്തെക്കുറിച്ച് സമൂഹത്തിൽ നിലനില്ക്കുന്ന തെറ്റിദ്ധാരണ അകറ്റുന്നതിനുള്ള പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമാണ്. ”പ്രായം നേത്രദാനത്തിന് തടസമല്ല. 90-കളിൽ എത്തിനില്ക്കുന്നവർക്കും കാഴ്ചമങ്ങിത്തുടങ്ങിയവർക്കും മരണശേഷം കണ്ണുകൾ നൽകാം. കാഴ്ചയ്ക്ക് മങ്ങൽ ഉണ്ടാകുന്നത് കണ്ണിന്റെ ലെൻസിന്റെ തകരാറാണ്. അതിന് പരിഹാരമായാണ് കണ്ണടകൾ ഉപയോഗിക്കുന്നത്. കോർണിയയാണ് ദാനം ചെയ്യുന്നത്. കൊടുക്കുന്നവരുടെയും സ്വീകരിക്കുന്നവരുടെയും ബ്ലഡ്ഗ്രൂപ്പുകൾ ഒരു ഘടകമല്ല. മരിച്ച് ആറ് മണിക്കൂറുകൾവരെ കണ്ണുകൾ നൽകാൻ കഴിയും. സാധാരണ മരണം സംഭവിച്ചുകഴിഞ്ഞാൽ ദാനം ചെയ്യാൻ കഴിയുന്ന ഏക അവയവവും കണ്ണുകളാണ്.” ഫാ. കണ്ണന്താനം പറയുന്നു. വിശ്വാസപരമായി നിലനില്ക്കുന്ന സംശയങ്ങളും തടസങ്ങളായി ഉയരുന്നുണ്ട്. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തിൽ അവയവദാനത്തെ കുറിച്ച് കൃത്യമായി പറയുന്നുണ്ടെന്നും ഫാ. ജോർജ് ചൂണ്ടിക്കാണിക്കുന്നു.
അന്ധരുടെ ദുരിതങ്ങൾ ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ലോക കാഴ്ചദിനമായ കഴിഞ്ഞ ഒക്‌ടോബർ 13-ന് അഞ്ച് രാജ്യങ്ങളിലെ 50 നഗരങ്ങളിൽ പ്രൊജക്ട് വിഷൻ അന്ധനടത്തത്തിന് നേതൃത്വം നൽകി. (കണ്ണുകൾ മൂടിക്കെട്ടി പരസ്പരം കൈകൾ കോർത്തുപിടിച്ച് അന്ധരായവർ നയിക്കുന്ന യാത്ര). ഏതാണ്ട് 25,000 പേർ പങ്കെടുത്തു എന്നാണ് കണക്ക്. 5,000 അന്ധരായവർ ഈ യാത്രയിൽ അണിനിരന്നു. നേത്രദാന സമ്മതപത്രങ്ങളോടൊപ്പം വിഷൻ അംബാസിഡർമാർ എന്നൊരു പുതിയ കാഴ്ചപ്പാടും പ്രൊജക്ട് വിഷൻ മുന്നോട്ടുവയ്ക്കുന്നു. നേത്രദാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഉത്തരവാദിത്വമാണ് ഈ സന്നദ്ധപ്രവർത്തകർക്ക്.
ഫാ. ജോർജിനെ സംബന്ധിച്ചിടത്തോളം ഇത് സാമൂഹ്യപ്രവർത്തനമല്ല; ആത്മീയത പ്രവൃത്തിലേക്ക് എത്തുമ്പോഴാണ് ക്രൈസ്തവ ജീവിതം അർത്ഥപൂർണമാകുന്നതെന്ന കാഴ്ചപ്പാടാണ് ഈ വൈദികനെ നയിക്കുന്നത്. ക്രിസ്തു പരസ്യജീവിതകാലത്തു പ്രവർത്തിച്ച ഏറ്റവും കൂടുതൽ അത്ഭുതങ്ങൾ അന്ധർക്കു കാഴ്ച നൽകുന്നതായിരുന്നു എന്ന് പുതിയനിയമത്തെ മുൻനിർത്തി ഈ വൈദികൻ ചൂണ്ടിക്കാണിക്കുന്നു. അതും അന്ധനിവാരണ യജ്ഞത്തിൽ തനിക്കു കരുത്തേകുന്നുണ്ടെന്ന് ഫാ. ജോർജ് പറയുന്നു. കർണാടകയിൽ 104 എന്ന നമ്പർ നേത്രദാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള പൊതുനമ്പറായി സംസ്ഥാന ഗവൺമെന്റ് അംഗീകരിച്ചു. ഇന്ത്യയിൽ ആകെമാനം ഇത് പൊതുനമ്പറാക്കുന്നതിന് കേന്ദ്ര ഗവൺമെന്റുമായി ചർച്ച നടന്നുവരുകയാണ്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള വ്യക്തികളെയും പ്രസ്ഥാനങ്ങളെയും സന്നദ്ധസംഘടനകളെയും കാഴ്ച എന്ന പൊതുലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിനായി ജാതി-മതവ്യത്യാസമില്ലാതെ എല്ലാവരുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ.
സുനാമിയെ തോല്പിച്ച മടുക്കളം
2004-ൽ സുനാമി നാശംവിതച്ച കടലൂർ പ്രദേശത്ത് വസ്ത്രം, ഭക്ഷണം, മരുന്ന് എന്നിവയുമായി രണ്ട് ദിവസത്തെ സന്ദർശനത്തിന് പോയതാണ് ഫാ. കണ്ണന്താനം. എന്നാൽ, അവിടെനിന്നും തിരിച്ചുപോന്നത് രണ്ടു വർഷത്തിനുശേഷമായിരുന്നു. അച്ചൻ അവിടെ എത്തിയതിന്റെ പിന്നാലെ ദേശീയവും അന്തർദ്ദേശീയവുമായ നിരവധി സംഘടനകൾ സഹായവാഗ്ദാനവുമായി എത്തി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നേതൃത്വം വഹിക്കാൻ ഒരാൾ വേണമായിരുന്നു. വിശ്വാസ്യതയുടെ പ്രശ്‌നംകൂടി അതിൽ ഉണ്ടായിരുന്നു. പ്രത്യേകിച്ച് വിദേശസംഘടനകൾക്ക്. ഈ വൈദികൻ നേതൃത്വം വഹിക്കാൻ ഉണ്ടെങ്കിൽ കൈയയച്ച് സഹായിക്കാനും അവർ തയാറായിരുന്നു. ആ വെല്ലുവിളി അദ്ദേഹം ഏറ്റെടുത്തു.
സഭയും അധികാരികളും കൂടെനിന്നു. പ്രകൃതിക്ഷോഭം ഇല്ലാതാക്കിയ ഒരു ദേശത്തിനുവേണ്ടി കയ്യുംമെയ്യും മറന്നുള്ള അധ്വാനമായിരുന്നു തുടർന്ന്. സുനാമി തകർത്തുതരിപ്പണമാക്കിയ തീരദേശത്തുനിന്നും ഇന്ത്യയിൽ ആദ്യമായി കടലിൽ പോയത് (23-ാം ദിവസം) തമിഴ്‌നാട്ടിലെ കടലൂരിന് അടുത്തുള്ള മടുക്കളം ഗ്രാമവാസികളായിരുന്നു. സുനാമിയുടെ ഭയത്തിൽ കഴിഞ്ഞിരുന്ന അവരെ ധൈര്യപ്പെടുത്തുകയും അവർക്ക് ആവശ്യമായ പുതിയ വള്ളങ്ങൾ നൽകാനും അച്ചന് മൂന്നാഴ്ചകൊണ്ട് സാധിച്ചു. 60 കുടുംബങ്ങളായിരുന്നു സുനാമിക്കുശേഷം അവിടെ അവശേഷിച്ചത്. 10 വള്ളങ്ങൾ ആ ഗ്രാമത്തിന് വാങ്ങി നൽകി. ആറ് കുടുംബങ്ങൾക്ക് ഒരെണ്ണം എന്ന രീതിയിലായിരുന്നു അത്. അഞ്ച് പേർ വള്ളത്തിൽ മീൻപിടിക്കാൻ പോകും. എന്നാൽ അതിന്റെ വരുമാനം ആറായി വിഭജിക്കണമെന്നതായിരുന്നു വ്യവസ്ഥ. കാരണം, സുനാമി കുറെ സ്ത്രീകളെ വിധവകളാക്കിയിരുന്നു. ആറ് കുടുംബങ്ങൾ എടുക്കുമ്പോൾ ഒരു വീട്ടിലെ പുരുഷനെങ്കിലും മരണപ്പെട്ടിരുന്നു. മനുഷ്യത്വപരമായ രീതിയിൽ ദുരിതാശ്വാസപ്രവർത്തനങ്ങളെ ഏകോപിക്കാൻ കഴിഞ്ഞതിന്റെ ബഹുമതിയും ഈ വൈദികന് സ്വന്തം.
എക്‌സ്‌പോർട്ട് യൂണിറ്റ്
സെമിനാരി വിദ്യാഭ്യാസ കാലത്തു തുടങ്ങിയതാണ് ഫാ. കണ്ണന്താനത്തിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾ. എം.എസ്.ഡബ്ലിയു കഴിഞ്ഞായിരുന്നു ഫാ. ജോർജ് തിയോളജി പഠനം ആരംഭിച്ചത്. ആ സമയത്തുതന്നെ മദ്യപാനികളുടെ ഇടയിൽ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. തന്റെ പിതാവിന്റെ ജീവിത ത്തിൽനിന്നാണ് കാരുണ്യത്തെക്കുറിച്ചുള്ള ബോധ്യങ്ങൾ ലഭിച്ചതെന്ന് ഫാ. കണ്ണന്താനം പറയുന്നു. കോട്ടയം ജില്ലയിലെ മണിമല ഗ്രാമത്തിൽ കണ്ണന്താനത്ത് പരേതനായ ജോസഫ്-ബ്രിജറ്റ് ദമ്പതികളുടെ 11 മക്കളിൽ എട്ടാമനായിട്ടായിരുന്നു ജോർജിന്റെ ജനനം. അധ്യാപകനായിരുന്ന പിതാവ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ സജീവ പ്രവർത്തകനായിരുന്നു. പൗരോഹിത്യം സ്വീകരിച്ചശേഷം പ്രഥമ നിയമനം ബൽത്തങ്ങാടി രൂപതയിലെ ഷീലാടി ഇടവകയിലായിരുന്നു. മദ്യപാനികളെ മദ്യപാനാസക്തിയിൽനിന്നും മോചിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ അവിടെ ഉണ്ടായിരുന്ന രണ്ടു വർഷവും പങ്കുചേർന്നു. തുടർന്ന് നാല് വർഷം 1994-മുതൽ 98 വരെ കർണാടകയിലെ പ്രിസൺ മിനിസ്ട്രിയുടെ കോ-ഓർഡിനേറ്ററായിരുന്നു. അടുത്ത മൂന്ന് വർഷം മദ്യപാനികളുടെ ചികിത്സാകേന്ദ്രമായ ബംഗളൂരുവിലെ ഹോപ് റിക്കവറി സെന്ററിന്റെ ഡയറക്ടർ.
തുടർന്ന് 2001-മുതൽ 2013 വരെയുള്ള 12 വർഷം ബംഗളൂരു അതിരൂപതയുടെ കീഴിൽ സുമ്മനഹള്ളിയിൽ പ്രവർത്തിക്കുന്ന കുഷ്ഠരോഗികളെ സംരക്ഷിക്കുന്ന സെന്ററിന്റെ ഡയറക്ടറായിരുന്നു. ഉത്തരവാദിത്വം ഏല്ക്കുമ്പോൾ 40 പേർക്ക് താമസിക്കുന്നതിനുള്ള സൗകര്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, 12 വർഷംകൊണ്ട് 400 പേർക്ക് താമസിക്കാൻ കഴിയുന്ന സൗകര്യങ്ങളുള്ള ഇടമാക്കി അതിനെ ഉയർത്തി. ഒപ്പം വിപ്ലവാത്മകമെന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുവാനുമായി. സമൂഹം ആട്ടിയോടിച്ചിരുന്ന എയ്ഡ്‌സ് രോഗികൾക്കും അവിടെ അഭയമൊരുക്കി. കുഷ്ഠരോഗികളുടെ മക്കൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടാ യിരുന്നത്.
സെന്ററിനോടനുബന്ധിച്ചുള്ള സെന്റ് ജോസഫ് സ്‌കൂൾ പിറവിയെടുത്തത് അങ്ങനെയായിരുന്നു. അതോടൊപ്പം കുറ്റകൃത്യം ചെയ്ത് പിടിക്കപ്പെട്ട് ജൂവനൈൽ ഹോമുകളിൽനിന്നും പുറത്തുവരുന്ന കുട്ടികളെ പുരനധിവസിപ്പിക്കുന്നതിനായി സലേഷ്യൻ വൈദികരുടെ സഹായത്തോടെ ബോസ്‌കോ സെന്ററും ആരംഭിച്ചു. കുറ്റവാസനയുള്ള കുട്ടികൾ തെരുവിൽ ജീവിച്ചാൽ അവർ വീണ്ടും തെറ്റുകളുടെ ലോകത്തേക്ക് പോകുമെന്ന് അച്ചന് അറിയാമായിരുന്നു. കുഷ്ഠരോഗ പുനരധിവാസകേന്ദ്രത്തിൽ ആരംഭിച്ച അഹല്യ ഗാർമെന്റ്‌സ് എക്‌സ്‌പോർട്ട് യൂണിറ്റായിരുന്നു ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിലൊന്ന്. കുഷ്ഠരോഗം മാറിയവരെ ചേർത്ത് ഗാർമെന്റ്‌സ് എക്‌സ്‌പോർട്ട് യൂണിറ്റു തുടങ്ങി. ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യ സംരംഭം. ലോകത്തിൽത്തന്നെ മറ്റെവിടെയെങ്കിലും ഉണ്ടോ എന്നതും സംശയം. ഏതാണ്ട് 150 പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനമായി അതു വളർന്നു.
നേപ്പാളിലെ അനുഭവങ്ങൾ
2015-ൽ ഭൂകമ്പം ഏറെ നാശനഷ്ടങ്ങൾ വിതച്ച നേപ്പാളിന്റെ പുനരധിവാസപ്രവർത്തനങ്ങളാണ് ഫാ. ജോർജ് കണ്ണന്താനത്തെ ശ്രദ്ധേയനാക്കി മറ്റൊന്ന്. മറ്റു സംഘടനകൾ വീടു നഷ്ടപ്പെട്ടവർക്ക് താല്ക്കാലികമായ വീടുകൾ നിർമിച്ചപ്പോൾ ഫാ. കണ്ണന്താനത്തിന്റെ നേതൃത്വത്തിലുള്ള ടീം മിലിട്ടറി രീതിയിൽ ടിൻ റൂഫുകളുള്ള വീടുകളാണ് ഒരുക്കിയത്. തണുപ്പിനെയും മഴയേയും അതിജീവിക്കാൻ കഴിയുന്ന 600 വീടുകൾ അവിടെ ഉയർന്നു.
വിദേശരാജ്യങ്ങളിൽനിന്ന് എത്തിയ സന്നദ്ധസംഘടനകളെപ്പോലും അത് ഏറെ ആകർഷിച്ചു. അതിലുപരി അവിടെയും മനുഷ്യത്വപരമായ സമീപനംകൂടി ഉണ്ടായിരുന്നു. ഫാ. ജോർജ് കണ്ണന്താനത്തിന്റെ ടീം തെരഞ്ഞെടുത്തത് ദുരിതാശ്വാസപ്രവർത്തകർ തിരിഞ്ഞുനോക്കാത്ത കുഷ്ഠരോഗികളുടെ കോളനികളായിരുന്നു. രോഗം സൃഷ്ടിച്ച അംഗഭംഗംമൂലം തനിയെ അവർക്ക് ഒന്നും ചെയ്യുവാൻ കഴിയില്ലായിരുന്നു.
സുമ്മനഹള്ളിയിൽ കുഷ്ഠരോഗികൾക്കിടയിൽ പ്രവർത്തിച്ച ഈ വൈദികന് അവർ തൊട്ടുകൂടാത്തവർ അല്ലായിരുന്നു. അതിലുപരി എല്ലാവരും ഉപേക്ഷിച്ചവർക്കുവേണ്ടി പ്രവർത്തിച്ചപ്പോൾ അതു ക്രിസ്തുവിന് ചെയ്തുകൊടുക്കുന്നതായി ഫാ. ജോർജിനെ സംബന്ധിച്ചിടത്തോളം.
കുഷ്ഠരോഗം ഭേദമായവർക്ക് സംവരണം

കുഷ്ഠരോഗം മാറിയവർക്ക് സംസ്ഥാന സർവീസിൽ രണ്ട് ശതമാനം സംവരണം ഏർപ്പെടുത്താൻ കഴിഞ്ഞു എന്നത് ചരിത്രപരമായ നേട്ടമായി മാറി. ഇന്ത്യയിൽ കർണാടകയിൽ മാത്രമാണ് ഇപ്പോഴും ഇത്തരമൊരു സംവരണം. ഇതിനായി നിവേദനങ്ങളും ചർച്ചകളും ഏറെ വേണ്ടിവന്നു. ഇതിനകം 500 പേർക്ക് അതുവഴി സംസ്ഥാന സർവീസിൽ ജോലി ലഭിച്ചു. ഗവൺമെന്റ് സർവീസിൽ കയറിയത് അവരുടെ ജീവിതത്തെ മാറ്റിമറിച്ചു. സാധാരണ പെൺകുട്ടികൾ അവരെ വിവാഹം കഴിച്ചതോടെ കുഷ്ഠരോഗം ഭേദമായവരോട് സമൂഹം പുലർത്തിയിരുന്ന തൊട്ടുകൂടായ്മ ഇല്ലാതായെന്ന് ഫാ. ജോർജ് ചൂണ്ടിക്കാട്ടി. ഒരിക്കൽ ഉപേക്ഷിക്കപ്പെട്ടവരുടെ സ്ഥലമായി കണക്കാക്കിയിരുന്ന സുമ്മനഹള്ളിയിലെ ഈ പ്രദേശം ഇപ്പോൾ റെസിഡൻഷ്യൽ ഏരിയയുടെ സ്റ്റാറ്റസിലേക്ക് എത്തിത്തുടങ്ങി. രോഗം ഭേദമായവർക്കുവേണ്ടി സുമ്മനഹള്ളിയുടെ പരിസരപ്രദേശങ്ങളിലായി സംസ്ഥാന ഗവൺമെന്റിന്റെ സഹായത്തോടെ 800 വീടുകൾ നിർമിക്കാനും കഴിഞ്ഞു.
പ്രവർത്തിക്കാൻ ആരംഭിക്കുമ്പോൾ ദൈവം എല്ലാമൊരുക്കി കൂടെനടക്കുന്നതുപോലുള്ള അനുഭവങ്ങളാണ് എപ്പോഴുമെന്ന് ഫാ. ജോർജ് പറയുന്നു. ഇതുവരെയും പണമോ മറ്റു സൗകര്യങ്ങളോ തടസമായിട്ടില്ല. അതുപോലെ വ്യക്തികളും സംവിധാനങ്ങളും. ഒന്നിനും കുറവുവരാൻ അവിടുന്ന് അനുവദിച്ചിട്ടില്ല. കടലൂരിൽ 10 കോടി രൂപയായിരുന്നു ചെലവഴിച്ചത്. നേപ്പാളിൽ മൂന്ന് കോടിയോളം ചെലവായി. നമ്മുടെ സമ്മതത്തിനായി എല്ലാമൊരുക്കി ദൈവം കാത്തിരിക്കുകയാണെന്ന് അനുഭവങ്ങൾ ചൂണ്ടി ഈ വൈദികൻ പറയുന്നു.
പ്രൊജക്ട് വിഷൻ ക്ലരീഷൻ സഭയുടെ സ്ഥാപനമാണ്. താൻ അതിന് നേതൃത്വം നൽകുകമാത്രമാണ് ചെയ്യുന്നതെന്ന് ഫാ. ജോർജ് കൂട്ടിച്ചേർക്കുന്നു. ഇക്കഴിഞ്ഞ ഡിസംബർ മൂന്നിന്-ലോക ഭിന്നശേഷിദിനത്തിൽ ഗൗരിവിദ്ധനൂർ ഗ്രാമത്തിൽ പ്രൊജക്ട് വിഷന്റെ നേതൃത്വത്തിൽ അന്ധരായവർക്കായി ഒരു സെന്റർ ആരംഭിച്ചു. കർണാടക-ആന്ധ്ര അതിർത്തിയിലാണ് ഈ സ്ഥലം. അന്ധരുടെ സ്‌കൂൾ, അഭയകേന്ദ്രം, ഐ കെയർ കാമ്പസ്, ട്രെയിനിംഗ് സെന്റർ, കണ്ണട നിർമിക്കുന്ന ഫാക്ടറി തുടങ്ങിയവയാണ് ഇവിടെ ലക്ഷ്യമിടുന്നത്. കണ്ണട വാങ്ങാൻ പണമില്ലാത്തതിനാൽ അനേകർക്ക് കാഴ്ച നിഷേധിക്കപ്പെടുന്നതിനാൽ പാവപ്പെട്ടവർക്ക് സൗജന്യമായി കണ്ണട നൽകുകയാണ് കണ്ണട ഫാക്ടറിയുടെ ലക്ഷ്യം.
ഗൗരിവിദ്ധനൂരിൽ സെന്ററിന്റെ പിന്നിലും ദൈവത്തിന്റെ കരുതലിന്റെ അനുഭവമാണ് ഫാ. ജോർജിന് പറയാനുള്ളത്. മംഗലാപുരം സ്വദേശി സ്റ്റാഫി ഡിസൂസ 10 ഏക്കർ സ്ഥലം സൗജന്യമായി നൽകുകയായിരുന്നു. ഒരിക്കലും പണം മുൻകൂട്ടി സ്വരൂപിച്ചിട്ടായിരുന്നില്ല പ്രവർത്തനങ്ങളൊന്നും. ഒന്നുമില്ലായ്മയിൽനിന്നായിരുന്നു എല്ലാം ആരംഭിച്ചത്. സമയാസമയങ്ങളിൽ ദൈവം എല്ലാം ക്രമീകരിക്കുകയായിരുന്നു. അതിനാൽ പുതിയ സെന്ററിന് ആവശ്യമായ പണത്തെക്കുറിച്ചോർത്തും ഈ വൈദികന് ആശങ്കകളില്ല. കാഴ്ച ലഭിക്കാൻ സാധ്യതയുള്ള ഒരാളും ഈ ലോകം കാണാതെ മരിക്കരുതെന്നാണ് തന്റെ ആഗ്രഹമെന്ന് ഫാ. ജോർജ് കണ്ണന്താനം പറയുന്നു. നമ്മുടെ നിരവധിയായ പാപങ്ങൾ വിസ്മരിക്കാൻ ദൈവത്തെ പ്രേരിപ്പിക്കുന്നത് ചിലപ്പോൾ മരണശേഷമുള്ള നേത്രദാനമായിരിക്കുമെന്നും ഫാ. ജോർജ് കൂട്ടിച്ചേർക്കുന്നു.
E-mail: [email protected]
Mob: 09845811515
ജോസഫ് മൈക്കിൾ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?