Follow Us On

29

March

2024

Friday

സ്വർഗത്തിലെ ലിസ്റ്റിൽ പേര് ഉണ്ടാകണം

സ്വർഗത്തിലെ ലിസ്റ്റിൽ  പേര് ഉണ്ടാകണം

വിശുദ്ധ ലൂക്കായുടെ സുവിശേഷം 10:1-2 വചനങ്ങളിൽ യേശു 72 ശിഷ്യന്മാരെ അയക്കുന്നതിന്റെ വിവരണമാണ് ഉള്ളത്. അവർ ഓരോ വീടുകളിലും കടന്നുചെല്ലുമ്പോൾ ആ വീട്ടുകാർ ശിഷ്യരെ സ്വീകരിച്ചാൽ അവിടെയുള്ള രോഗികളെ സുഖപ്പെടുത്തണമെന്നും ദൈവരാജ്യം സമീപിച്ചിരിക്കുന്നുവെന്ന് അവരോട് പറയണമെന്നും യേശു നിർദേശിച്ചിരുന്നു. അതനുസരിച്ച് അവർ രണ്ടുപേരുള്ള ഗ്രൂപ്പുകളായി പോയി. യേശു പറഞ്ഞതുപോലെ പ്രവർത്തിച്ചശേഷം അവർ സന്തോഷത്തോടെ യേശുവിന്റെ അടുക്കൽ തിരിച്ചുവന്ന് പറഞ്ഞു: ”കർത്താവേ, നിന്റെ നാമത്തിൽ പിശാചുക്കൾപോലും ഞങ്ങൾക്ക് കീഴ്‌പ്പെടുന്നു.” അപ്പോൾ യേശു പറഞ്ഞു: ”ഇതാ പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയുംമേൽ ചവിട്ടി നടക്കുവാൻ നിങ്ങൾക്ക് ഞാൻ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല. എന്നാൽ, പിശാചുക്കൾ നിങ്ങൾക്ക് കീഴടങ്ങുന്നു എന്നതിൽ നിങ്ങൾ സന്തോഷിക്കേണ്ട; മറിച്ച്, നിങ്ങളുടെ പേരുകൾ സ്വർഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽ സന്തോഷിക്കുവിൻ.”
പിശാചും രോഗങ്ങളും ശിഷ്യന്മാർക്ക് കീഴടങ്ങി. അത് അവർക്ക് പുതിയതും വലുതുമായ അനുഭവമായിരുന്നു. സാധാരണയായി മനുഷ്യർക്ക് ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ അവർക്ക് ചെയ്യാൻ കഴിയുന്നു. അവർക്ക് അത് അഭിമാനവും സന്തോഷവും നൽകി. ആ സന്തോഷമാണ് അവർ യേശുവിന്റെ മുമ്പിൽ പങ്കുവച്ചത്. യേശു അവരോട് പറഞ്ഞ കാര്യങ്ങളിൽ രണ്ടെണ്ണം പ്രധാനമാണ്. ഒന്നാമത്തെ കാര്യം ഇതാണ്: അവർക്ക് ഇത് സാധിച്ചത് സ്വന്തം കഴിവുകൊണ്ടല്ല; പ്രത്യുത, യേശു അവർക്ക് നൽകിയ ശക്തികൊണ്ടാണ്. അതിനാൽ അതിന്റെ പിന്നിൽ വ്യക്തിപരമായ കഴിവുകളോ മഹത്വമോ ഇല്ല. യേശു അവരിലൂടെ പ്രവർത്തിച്ചു എന്നത് സന്തോഷത്തിന് കാരണമാകാം. നമ്മൾ ഓരോരുത്തരിലൂടെയും ദൈവം അത്ഭുതം പ്രവർത്തിച്ചാൽ നമുക്കും അതിൽ അഭിമാനവും സന്തോഷവും തോന്നും. ചിലപ്പോൾ നമ്മൾ അഹങ്കരിക്കുകയും ചെയ്യും. എനിക്ക് രോഗശാന്തിവരമുണ്ട്, എനിക്ക് ദർശനവരമുണ്ട്, എനിക്ക് പ്രവചനവരമുണ്ട്, എനിക്ക് ഭാഷാവരമുണ്ട് എന്നൊക്കെ ഒത്തിരി സന്തോഷത്തോടും കുറച്ച് അഹങ്കാരത്തോടുംകൂടി പറയുന്നവരെ നാം കാണാറുണ്ടല്ലോ. അതിൽ അഹങ്കരിക്കണ്ട; സന്തോഷിക്കാം എന്ന് യേശു പറയുകയാണ്. യേശു പറയുന്ന രണ്ടാമത്തെ കാര്യം ഇതാണ്: ”നിങ്ങളുടെ സന്തോഷത്തിന്റെ യഥാർത്ഥ കാരണം ഇതാകണം: നിങ്ങളുടെ പേരുകൾ സ്വർഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു. അതിൽ നിങ്ങൾ സന്തോഷിക്കുക.”
യേശു പറഞ്ഞ കാര്യം നാം ഓരോരുത്തർക്കും പ്രധാനപ്പെട്ടതാണ്. ജീവിതത്തിൽ ചെറുതോ വലുതോ ആയ നേട്ടങ്ങൾ ഉണ്ടാക്കിയവരാണ് നമ്മിൽ ഓരോരുത്തരും. കഷ്ടപ്പെട്ട് പഠിച്ച് സിവിൽ സർവീസിനോ മെഡിസിനോ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടുകളിലോ അഡ്മിഷൻ കിട്ടുന്നവർക്ക് എത്ര സന്തോഷമാണ്. കോഴിക്കോട് ദേവഗിരി കോളജിൽ ഈ വർഷം ഡിഗ്രിക്ക് മെറിറ്റിൽ അഡ്മിഷൻ കിട്ടിയ ഒരു വിദ്യാർത്ഥി വലിയ സന്തോഷത്തോടെ പറഞ്ഞു: ”ദേവഗിരി കോളജിൽ പഠിക്കണം എന്നത് സ്‌കൂളിൽ പഠിക്കുമ്പോൾ മുതലുള്ള എന്റെ ആഗ്രഹമായിരുന്നു; അത് സാധിച്ചു.” ആ വിദ്യാർത്ഥിക്കും സന്തോഷം. കൂലിപ്പണിയെടുത്ത് കിട്ടിയ പണം കൊണ്ട് അഞ്ചുസെന്റ് സ്ഥലം വാങ്ങിയ കുടുംബനാഥന് സന്തോഷം. ഡ്രൈവിങ്ങ് ലൈസൻസ് ടെസ്റ്റ് പാസാകുകയും സ്വന്തം ഉപയോഗത്തിനായി ഒരു ടൂവീലർ വാങ്ങുകയും ചെയ്ത ഉദ്യോഗസ്ഥയായ വീട്ടമ്മക്ക് സന്തോഷം. നനഞ്ഞ് ഒലിച്ചിരുന്ന വീടിന്റെ സ്ഥാനത്ത് സ്വന്തം കഷ്ടപ്പാടിന്റെ ഫലമായി ഒരു നല്ല വീട് വയ്ക്കാൻ സാധിച്ച കുടുംബനാഥന് സന്തോഷം. താൻ നട്ടുവളർത്തിയ തെങ്ങിൽനിന്നും ഒരു കരിക്ക് പറിച്ച് വെട്ടി അതിഥിക്ക് നൽകുന്ന കർഷകന് സന്തോഷം. ഒരു ജോലിയും വരുമാനവും ഇല്ലാതിരിക്കെ ഒരു കടയിൽ ജോലി കിട്ടിയ പാവപ്പെട്ട സ്ത്രീക്ക് സന്തോഷം. സ്വന്തം അധ്വാനഫലമായി കഴുത്തിൽ ഒരു സ്വർണമാല വാങ്ങിയിടാൻ കഴിഞ്ഞ പാവപ്പെട്ട സ്ത്രീക്ക് സന്തോഷം. ഒരു ധ്യാനശുശ്രൂഷയുടെ സമയത്ത് ധാരാളം രോഗശാന്തികൾ നടക്കുന്നത് കാണുമ്പോൾ ആ ശുശ്രൂഷ നയിച്ചവർക്ക് സന്തോഷം. ഇങ്ങനെ ഏത് അവസ്ഥയിൽ ഉള്ളവർക്കും ചെറുതും വലുതുമായ നേട്ടങ്ങൾ ഉണ്ടാകുമ്പോൾ സന്തോഷമുണ്ട്. സന്തോഷം ഉണ്ടാകണം. അതേസമയം ഇത്തരം നേട്ടങ്ങൾ ഉണ്ടാകുന്നവരോട് യേശു രണ്ട് കാര്യങ്ങൾ പറയുന്നുണ്ട്. ഒന്ന്, ഈ നേട്ടത്തിന്റെ പിന്നിൽ മനുഷ്യന്റെ അദ്ധ്വാനത്തോടൊപ്പം ദൈവത്തിന്റെ അനുഗ്രഹംകൂടിയുണ്ട്. കഷ്ടപ്പെടാനുള്ള സാഹചര്യവും കഴിവും ആരോഗ്യവുമെല്ലാം തന്നത് ദൈവമാണ്. അതിനാൽ എല്ലാ വിജയത്തിലും സന്തോഷിക്കാമെങ്കിലും, ഒരു വിജയത്തിലും അഹങ്കരിക്കരുത്. വിജയത്തിന്റെ പിന്നിലുള്ള ദൈവത്തിന്റെയും മറ്റ് മനുഷ്യരുടെയും പങ്ക് മറക്കുമ്പോളോ നിരാകരിക്കുമ്പോഴോ ആണ് അപകടം ഉണ്ടാകുന്നത്.
യേശു പറയുന്ന രണ്ടാമത്തെ കാര്യം ഇതാണ്: ഭൗതികനേട്ടങ്ങൾ ഉണ്ടാക്കിയതുകൊണ്ടും അതിൽ സന്തോഷിച്ചതുകൊണ്ടും മാത്രം കാര്യമില്ല. ആ കൂട്ടത്തിൽ ഒരു കാര്യംകൂടി നടക്കണം: നിന്റെ പേര് സ്വർഗരാജ്യത്തിലെത്തുന്നവരുടെ ലിസ്റ്റിൽ ഉണ്ടാകണം എന്നുകൂടി നീ ഉറപ്പുവരുത്തണം. സ്വർഗരാജ്യത്തിൽ പ്രവേശിക്കുന്നവരുടെ ലിസ്റ്റിൽ നിന്റെയും പേര് ഉണ്ടെന്നതാണ് നിനക്ക് ഏറ്റവും വലിയ സന്തോഷം നൽകേണ്ടത്.
ഭൗതികനേട്ടങ്ങൾ ഉണ്ടാക്കുകയും എന്നാൽ സ്വർഗത്തിൽ പ്രവേശിക്കുന്നവരുടെ ലിസ്റ്റിൽ പേര് വരുത്താൻ പരാജയപ്പെടുകയും ചെയ്താൽ നിനക്ക് സന്തോഷിക്കുവാൻ ഒന്നുമില്ല. നിന്റെ ഭൗതിക സന്തോഷങ്ങൾ ഒരിക്കൽ തീരും. അപ്പോൾ സ്വർഗീയ സന്തോഷത്തിലേക്ക് പ്രവേശിക്കുവാൻ നിനക്ക് കഴിയണം. ഇല്ലെങ്കിൽ നിനക്ക് നിത്യമായ സഹനം ആയിരിക്കും. യേശു അതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്: ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവ് നഷ്ടമാക്കിയാൽ അവന് എന്ത് പ്രയോജനം? ആത്മാവിന് പകരമായി അവൻ എന്ത് കൊടുക്കും?
സ്വർഗരാജ്യത്തിൽ പ്രവേശിക്കുന്നവരുടെ ലിസ്റ്റിൽ സ്വന്തം പേര് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് നമ്മൾ ഓരോരുത്തരുമാണ്. അതിനാൽ, നമുക്ക് ഭൗതികനേട്ടങ്ങൾക്കുവേണ്ടി പരിശ്രമിക്കുന്നതോടൊപ്പം സ്വർഗരാജ്യത്തിൽ പ്രവേശിക്കുന്നവരുടെ ലിസ്റ്റിലുംകൂടി പേര് ഉൾപ്പെടുത്തുവാൻ പരിശ്രമിക്കാം. ഇവിടെ വലിയ ഭൗതികനേട്ടങ്ങൾ എല്ലാവർക്കും ഉണ്ടാക്കുവാൻ കഴിയുകയില്ല. എന്നാൽ, അവനവന്റെ സാഹചര്യത്തിൽനിന്നുകൊണ്ട് കൊച്ചുകൊച്ചുനേട്ടങ്ങൾ ഉണ്ടാക്കാത്തവർ ആരുംതന്നെയില്ല. ഭൗതികമായി വലിയ നേട്ടങ്ങൾ ഉണ്ടായില്ലെങ്കിൽപ്പോലും, സ്വർഗരാജ്യത്തിലെ ലിസ്റ്റിൽ പേര് ഉണ്ടെങ്കിൽ സന്തോഷിക്കാം. ഭൗതികനേട്ടങ്ങൾ ധാരാളം ഉണ്ടെങ്കിലും സ്വർഗത്തിലെ ലിസ്റ്റിൽ പേര് ഇല്ലെങ്കിൽ സന്തോഷിക്കുവാൻ ഒന്നുമില്ലതാനും.
ഫാ. ജോസഫ് വയലിൽ CMI

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?