104-ാം വയസിലെ ദയാവധം നല്കുന്ന സൂചനകൾ

0
165

ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞൻ ഡേവിഡ് ഗുഡാൾ 104-ാം പിറന്നാൾ ആഘോഷിച്ചത് ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലായിരുന്നു. അപ്പോഴും പ്രായത്തിന്റെ അവശതകളല്ലാതെ മറ്റു കാര്യമായ രോഗങ്ങളൊന്നും അദ്ദേഹത്തെ അലട്ടിയിരുന്നില്ല. ഏതാനും ആഴ്ചകൾക്കുശേഷം ദയാവധം സ്വീകരിച്ച് അദ്ദേഹം വാർത്തകളിൽ ഇടംനേടി. ഓസ്‌ട്രേലിയയിൽ ദയാവധം നിയമപരമല്ലാത്തതിനാൽ സ്വിറ്റ്‌സർലണ്ടിലെ ബേസിലിലുള്ള ഒരു ക്ലിനിക്കിലാണ് ജീവിതത്തിന് ഫുൾസ്റ്റോപ്പിടാൻ തെരഞ്ഞെടുത്തത്. ഡോക്‌ടേഴ്‌സിന്റെ സഹായത്തോടെയുള്ള ദയാവധം നിയമപരമാക്കിയ രാജ്യമാണ് സ്വിറ്റ്‌സർലണ്ട്. ഡോക്ടർമാരുടെ സഹായത്തോടെ മരിക്കുന്നതിനായി പല രാജ്യങ്ങളിൽനിന്നും ആളുകൾ സ്വിറ്റ്‌സർലണ്ടിൽ എത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഡേവിഡ് ഗുഡാൾ തലേദിവസം പത്രസമ്മേളനം നടത്തി താൻ മരിക്കാൻ പോകുകയാണെന്ന വിവരം അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ 104-ാം പിറന്നാൾ ആഘോഷത്തിലും മരിക്കാൻ ഒരുങ്ങുകയാണെന്ന സൂചന നൽകിയിരുന്നു. യു.എസ്, യു.കെ തുടങ്ങിയ വിദേശ രാജ്യങ്ങളിലും അദ്ദേഹം ഉയർന്ന പദവികൾ വഹിച്ചിട്ടുണ്ട്. ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡേവിഡ് ഗുഡാളിന്റെ മകളും ദയാവധത്തിനുവേണ്ടി വാദിക്കുന്ന ഗ്രൂപ്പ് എറ്റ്‌സിറ്റ് ഇന്റർനാഷണൽ എന്ന സംഘടനയുമാണ് ദയാവധം നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയത്.
ആലോചിച്ചുനോക്കിയാൽ എത്രയോ വലിയ ദൈവാനുഗ്രഹങ്ങളുടെ നടുവിലായിരുന്നു ഡേവിഡ് ഗുഡാൾ. 104 വയസുവരെ ജീവിക്കുക എന്നതുതന്നെ അപൂർവമാണ്. അതും കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലാതെ. ദയാവധം തിരഞ്ഞെടുക്കുന്നതിന് കാരണമായി പറഞ്ഞത്, പരസഹായമില്ലാതെ ഇനി ജീവിക്കാനാവില്ല. അതിനാൽ മരിക്കുന്നു എന്നാണ്. അതിനർത്ഥം ഇതുവരെ ജീവിച്ചിരുന്നത് ആരെയും ആശ്രയിക്കാതെയാണ് എന്നല്ലേ? യഥാർത്ഥത്തിൽ വലിയൊരു തെറ്റിദ്ധാരണയാണ്. മറ്റുള്ളവരെ ആശ്രയിക്കാതെ ആർക്കും ജീവിക്കാനാവില്ല. പണവും ഉയർന്ന പദവികളും മറ്റെല്ലാ സൗഭാഗ്യങ്ങളും ഉണ്ടെങ്കിലും പരസ്പരം ആശ്രയിച്ചാണ് മനുഷ്യർ ജീവിക്കുന്നത്. എത്ര സ്വാധീനം ഉണ്ടെങ്കിലും നാം ഉപയോഗിക്കുന്ന വാഹനം അപ്രതീക്ഷിതമായി തകരാറിലായി. ഒരു മെക്കാനിക്ക് എത്തുന്നിടംവരെ ചിലപ്പോൾ കാത്തിരിക്കേണ്ടതായി എന്നും വരാം. ഇങ്ങനെ എല്ലാ കാര്യങ്ങളിലും മറ്റുള്ളവരുമായി ബന്ധപ്പെട്ടാണ് മനുഷ്യർ ജീവിക്കുന്നത്. അതിന് ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്നുമാത്രം. സഹായത്തിന് പണം നൽകുന്നുണ്ടെന്ന് പറഞ്ഞാലും മറ്റൊരാളെ ആശ്രയിക്കുന്നുണ്ടല്ലോ? മരണനേരം വരെ തന്റെ കാര്യങ്ങൾ നോക്കാൻ ഒന്നോ രണ്ടോ ആളുകളെ പണം നൽകി നിയമിക്കാൻ ഡേവിഡ് ഗുഡാളിന് കഴിയുമായിരുന്നല്ലോ.
ദൈവം നൽകുന്ന അനുഗ്രഹങ്ങൾ തിരിച്ചറിയാൻ കഴിയാതെ പോകുന്നു എന്നതാണ് ആധുനിക ലോകം നേരിടുന്ന വലിയൊരു പ്രതിസന്ധി. നേട്ടങ്ങളുടെ പിന്നിലുള്ള ദൈവാനുഗ്രഹങ്ങളിലേക്ക് ദൃഷ്ടികൾ പതിയുന്നില്ല. 104-ാം വയസിലും ആരോഗ്യത്തോടെ ജീവിക്കാൻ കഴിയുക വലിയ ദൈവാനുഗ്രഹമാണെന്ന് ഓർത്തിരുന്നെങ്കിൽ ദയാവധമെന്ന ആലോചന അദ്ദേഹത്തിന്റെ ചിന്തയിലേക്കുപോലും എത്തുമായിരുന്നില്ല. അതുമാത്രമല്ല, നാം ഈ ലോകത്തുനിന്നും കടന്നുപോകുമ്പോൾ ലോകത്തിനു നൽകുന്ന സന്ദേശം എന്താണെന്നു ആലോചിക്കണം. ദയാവധത്തിനുവേണ്ടി വാദിക്കുന്നവരൊഴികെയുള്ളവർക്ക് തികച്ചും തെറ്റായ സന്ദേശമാണ് ഇദ്ദേഹത്തിന്റെ മരണം നൽകുന്നത്. ഇത്തരം കാര്യങ്ങളെപ്പറ്റി ബോധ്യങ്ങളില്ലാത്ത സാധാരണക്കാരുടെ ഇടയിൽ തെറ്റിദ്ധാരണ വളരാനും കാരണമാകും. അദ്ദേഹത്തിന്റെ മകളും പിതാവിന്റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ കൂടെ ഉണ്ടായിരുന്നു. മാതാപിതാക്കളുടെ തെറ്റായ ചിന്തകൾ മക്കളെയും വഴിതെറ്റിക്കാൻ സാധ്യത കൂടുതലാണെന്നതിന്റെ തെളിവാണിത്.
മനസിൽ നിരാശ നിറയുമ്പോഴാണ് ജീവിതം അവസാനിപ്പിക്കാൻ ഒരാൾ തീരുമാനിക്കുന്നത്. ഉയർന്ന പദവികൾ വഹിക്കുകയും 104 വയസുവരെ പൂർണ ആരോഗ്യത്തോടെ ജീവിക്കാൻ അവസരം ലഭിച്ചിട്ടും ഗുഡാളിന്റെ ഹൃദയത്തിൽ നിറഞ്ഞുനിന്നത് നിരാശയാണെങ്കിൽ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് ചിന്തിക്കണം. ജനനത്തോടെയും രോഗങ്ങൾമൂലവും അപകടങ്ങൾ വഴിയും നീണ്ട വർഷങ്ങൾ കിടക്കയിൽ ആയ അനേകരുണ്ട്. അവരിൽ പലരും പ്രത്യാശയുടെ പ്രതീകങ്ങളാണ്. ഭൗതിക നേട്ടങ്ങളുടെ മുകളിൽനില്ക്കുമ്പോഴും അവസാനം ശേഷിക്കുന്നത് ഇരുൾ നിറഞ്ഞ ചിന്തകളാണെങ്കിൽ എവിടെയോ ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് തീർച്ച. ജീവിതത്തിൽനിന്നും ദൈവത്തെ മാറ്റിനിർത്തുമ്പോൾ സംഭവിക്കുന്ന അപകടമാണിത്. പേരുകേട്ട പല യുക്തിവാദികളുടെയും ജീവിതാവസാനം സമാനമായ ചിത്രമാണ് നൽകുന്നത്. ജീവിതത്തിൽനിന്നും ദൈവത്തെ മാറ്റിനിർത്തുമ്പോൾ അവർക്കുമാത്രമല്ല, സമൂഹത്തിനും അസ്വസ്ഥതകളാണ് സമ്മാനിക്കുന്നതെന്ന് തിരിച്ചറിയണം.