അമേരിക്കയിൽ ആഗസ്റ്റ് 15 മുതൽ അമ്പത്തിനാല് ദിന ജപമാല യജ്ഞം

508
വാഷിംഗ്ടൺ: അമേരിക്കയുടെ വിശുദ്ധിയും മൂല്യങ്ങളും കാത്ത് സൂക്ഷിക്കുന്നതിനായി പരിശുദ്ധ കന്യകാ മറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ദിനമായ ആഗസ്റ്റ് 15 ന് യുഎസിലെ കത്തോലിക്ക വിശ്വാസികൾ ജപമാല യജ്ഞം തുടങ്ങും.അമ്പത്തിനാല് ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെടുന്ന ജപമാല യജ്ഞത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് കർദിനാൾ റെയ്മണ്ട് ബർക്ക് പറഞ്ഞു.കർദിനാൾ റെയ്മണ്ട് ബർക്കിന്റെ ആത്മീയ നേതൃത്വത്തിൽ ‘നൊവേന ഫോർ ഔർ നേഷൻ’ എന്ന സംഘടനയാണ് ജപമാലജ്ഞം നടത്തുന്നത്.മനുഷ്യ ജീവനെ ബഹുമാനിക്കുക, കുടുംബ ബന്ധങ്ങളുടെ പരിശുദ്ധി നിലനിർത്തുക, മത സ്വാതന്ത്ര്യം, രാജ്യത്തെ ദൈവീക പരിശുദ്ധിയിലേക്ക് നയിക്കുക എന്നിവയാണ് ജപമാലയജ്ഞത്തിന്റെ നിയോഗങ്ങൾ.
അതേസമയം,മാധ്യമങ്ങളും വിദ്യാലയങ്ങളും സർഗാത്മക രചനകളിലൂടെ ലൈംഗിക അരാജകത്വവും മറ്റ് തിൻമകളും വ്യാപിപ്പിക്കുന്ന സാഹചര്യത്തിലാണ് ജപമാല യജ്ഞം സംഘടിപ്പിച്ചിരിക്കുന്നതെന്നും പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം വഴി രാജ്യത്തിന്റെ മുറിവുകൾ സൗഖ്യമാക്കി പരിശുദ്ധിയിലേക്ക് പ്രവേശിക്കാൻ എല്ലാവരും ദൈവത്തോട് പ്രാർത്ഥിക്കണമെന്നും ഫാ. ഹീൽമാൻ പറഞ്ഞു
സ്വവർഗ്ഗ വിവാഹവും ഭ്രൂണഹത്യയും അമേരിക്കയിൽ കൂടിയതിന്റെ പശ്ചാത്തലത്തിൽ ജപമാല ചൊല്ലി ഈ തിന്മകളെ ചെറുക്കാനാണ്  വിശ്വാസികളുടെ തീരുമാനം. വിവാഹ മോചനങ്ങളുടെ ഗണ്യമായ വർദ്ധനവ്,ലൈംഗീക അതിപ്രസരമുള്ള ചലച്ചിത്രങ്ങളുടെ വ്യാപനം , മയക്കുമരുന്നിന്റെ ഉപയോഗം എന്നിവ രാജ്യത്തെ കാർന്ന് തിന്നുകയാണെന്നും ജനന നിയന്ത്രണവും വിവാഹേതര ലൈംഗീക ബന്ധങ്ങളും കുടുംബജീവിതത്തിന്റെ തകർച്ചക്കു വഴിയൊരുക്കിയെന്നും ജപമാലയജ്ഞത്തിന് മുന്നൊരുക്കമായി സംഘാടകർ പുറത്തിറക്കിയ വീഡിയോയിൽ പറയുന്നു.
പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ ദിനമായ ഒക്ടോബർ ഏഴിന് തലസ്ഥാന നഗരിയായ വാഷിംഗ്ടണിൽ സംഘടിപ്പിക്കുന്ന  റാലിയോടെ അമേരിക്കയിലെ രണ്ടാമത് വാർഷിക നൊവേന യജ്ഞം സമാപിക്കും.മോൺ: ചാൾസ് പോപ്പ്, ഫാ. റിക്ക് ഹീൽമാൻ, ഫാ. ഫ്രാങ്ക് പവോനെ എന്നിവർ സമാപന സമ്മേളനത്തിൽ പങ്കെടുക്കും.