Follow Us On

28

March

2024

Thursday

പ്രത്യാശയുടെ സങ്കീർത്തനങ്ങൾ…

പ്രത്യാശയുടെ സങ്കീർത്തനങ്ങൾ…

ടുത്ത ഡിസംബർ ഏഴിന് സുജാത കുര്യാക്കോസിന്റെ 30-ാം പിറന്നാളാണ്. ആ ദിവസം സുഹൃത്തുക്കൾ കേക്കുമായി കൃത്യമായി എത്തും; ദൈവം നിയോഗിച്ചതുപോലെ. വർഷങ്ങളായി ആഘോഷത്തിന് മുടക്കമില്ല. 1973 ഏപ്രിൽ 24-ന് ജനിച്ച സുജാതക്ക് 45 വയസായി. ഇത് വീണ്ടും ജനനമാണ്. ദൈവത്തിന്റെ മടിയിലേക്ക് പിറന്നുവീണ ദിവസം. കഴിഞ്ഞ 29 വർഷമായി സുജാത വീടിന്റെ നാല് ചുവരുകൾക്കുള്ളിലാണ്. പ്രാഥമിക ആവശ്യങ്ങൾപ്പോലും സ്വയം നിർവഹിക്കാനാകില്ല. എന്നിട്ടും പരാതികളില്ല, മനസിൽ നിരാശയുടെ കണികപോലുമില്ല. ഉറങ്ങുന്നതിനുമുമ്പ് തന്റെ അമ്മയുടെ ചുക്കിചുളിഞ്ഞ കൈവെള്ളയിൽ ചുംബിക്കുന്നതും അവളുടെ പതിവുകളിൽ ഒന്നാണ്. ആ ചുംബനം അമ്മയുടെ കരങ്ങളിലാണെങ്കിലും ചെന്നു പതിക്കുന്നത് ദൈവത്തിന്റെ മുഖത്താണെന്നതിൽ സുജാതക്ക് സംശയമില്ല. പണിയായുധങ്ങൾ പിടിച്ചു തഴമ്പിച്ച അമ്മയുടെ കരങ്ങൾ ഓരോ ദിവസവും കൂടുതൽ മൃദുവാകുന്നതും അതിനാലായിരിക്കും.
നാടിനെ നടുക്കിയ അപകടം.

15 വയസുമാത്രം പ്രായമുള്ള പെൺകുട്ടിയുടെ മുഖത്തു നോക്കി നട്ടെല്ല് തകർന്നുപോയി, ഇനി ഒരിക്കലും എഴുന്നേല്ക്കില്ല, ആറ് മാസത്തിനകം മരിച്ചുപോകും എന്നു പറഞ്ഞ ഡോക്ടറെപ്പറ്റി പറയുമ്പോഴും സുജാതയുടെ മുഖത്തുവിരിയുന്നത് പുഞ്ചിരിയാണ്. ഇന്നല്ലെങ്കിൽ നാളെ താൻ എഴുന്നേറ്റു നടക്കുമെന്നും വീണ്ടും കോളജിൽ പോകാമെന്നും സ്വപ്‌നങ്ങൾ നെയ്തു കാത്തിരുന്ന അവളുടെ തലയിലേക്ക് വലിയ ഭാരം വന്നുവീഴുന്നതുപോലെയായിരുന്നു ആ വാക്കുകൾ. മരണവീട്ടിൽ പോകാൻപോലും ഭയപ്പെട്ടിരുന്ന പ്രീഡിഗ്രിക്കാരിക്ക് താങ്ങാൻ കഴിയുന്നതായിരുന്നില്ല അതിന്റെ ആഘാതം. ഡോക്ടറുടെ വാക്കുകൾ കേട്ട്, കോട്ടയം മെഡിക്കൽ കോളജ് നടുങ്ങുമാറ് ഉച്ചത്തിൽ കരഞ്ഞ പഴയ 15-കാരിയെപ്പറ്റി പറയുമ്പോഴും മുഖത്ത് വിരിയുന്നത് അതേ പുഞ്ചിരി. കോട്ടയം മെഡിക്കൽ കോളജിൽ ഇപ്പോൾ ശുശ്രൂഷ ചെയ്യുന്ന ഒരു വൈദികൻ തന്റെ അടുത്ത് ജീവിത ഭാരങ്ങളും പരാതികളുമായി എത്തുന്നവർക്ക് നൽകുന്ന ഉപദേശങ്ങളിൽ ഒന്നാണ് സുജാതയുടെ ജീവിതം. അവിടംകൊണ്ടും പരാതി തീരാത്തവർക്ക് ഫോൺ നമ്പറും നൽകാറുണ്ട്. അവർക്ക് കൗൺസിലിംഗ് നൽകുകയല്ല സുജാത. അവളുടെ അനുഭവങ്ങൾ അറിയുമ്പോൾ തങ്ങൾ എത്രയോ അനുഗ്രഹിക്കപ്പെട്ടവരാണെന്ന തിരിച്ചറിവാണ് സമ്മാനിക്കുന്നത്. അവസാനമായിരിക്കും പലരും പറയുന്നത്, അച്ചൻ തന്ന ഫോൺ നമ്പറായിരുന്നെന്ന്.
1988 ഡിസംബർ ഏഴിനായിരുന്നു കേരളത്തെ കരയിച്ച, ഇടുക്കി ജില്ലയിൽ നടന്ന ബസ് അപകടം. ഇടുക്കിയിലെ പ്രമുഖ കോളജ് ആയ മുരിക്കാശേരി പാവനാത്മ കോളജിലെ കുട്ടികൾ തിങ്ങിനിറഞ്ഞിരുന്ന പ്രൈവറ്റ് ബസ് ഉപ്പുതോട്ടിൽവച്ച് റോഡിന്റെ തിട്ടയിടിഞ്ഞ് കൊക്കയിലേക്ക് പതിച്ചു. എട്ട് പേർ ഉടൻ മരിച്ചു. ഒരാൾ രണ്ടു വർഷത്തിനുശേഷവും. സുജാതയുടെ കാലിന് ഉണ്ടായ മുറിവ് ഒഴിച്ചാൽ പുറമേ പരിക്കുകൾ ഉണ്ടായിരുന്നില്ല. എന്നാൽ, വീണിടത്തുനിന്നും എഴുന്നേല്ക്കാൻ കഴിഞ്ഞില്ല. ഇടുക്കി ജില്ലാ ആശുപത്രിയിൽനിന്നും മൂലമറ്റം ബിഷപ് വയലിൽ മെഡിക്കൽ സെന്ററിലേക്ക് റഫർ ചെയ്തു. അവിടെ നടത്തിയ എക്‌സ്‌റേയിൽ നട്ടെല്ല് തകർന്നതായി മനസിലായി. രണ്ട് മണിക്കൂറിനുള്ളിൽ കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കാനായിരുന്നു ഡോക്ടർമാർ നിർദ്ദേശിച്ചത്. മെഡിക്കൽ കോളജിൽ ചെന്നപ്പോഴും കണ്ടെത്തലുകൾക്ക് മാറ്റം ഉണ്ടായിരുന്നില്ല. ഓപ്പറേഷനുവേണ്ടി തിയേറ്ററിൽ കയറ്റിയെങ്കിലും കുറച്ചുസമയത്തിനുശേഷം ആവശ്യമില്ല എന്ന രീതിയിൽ തിരിച്ചിറക്കി. അപ്പോഴും കാലിന് സ്പർശനശേഷി ഉണ്ടായിരുന്നു എന്ന് സുജാത ഓർക്കുന്നു. വെറും തറയിലാണ് ആ രാത്രി കിടത്തിയത്. പിറ്റേന്ന് രാവിലെ നോക്കുമ്പോൾ ശരീരം മുഴുവൻ നീരുവന്നിരുന്നു. കാലുകൾ പൂർണമായി മരവിച്ചു. വേദനയുടെയും സഹനത്തിന്റേതുമായ ദിനങ്ങൾ… വേദനയുടെ നടുവിൽ കിടക്കുമ്പോഴും അവിടെനിന്നും ഇറങ്ങി കൂട്ടുകാരോട് ഒരുമിച്ച് വീണ്ടും കോളജിൽപോകുന്ന ദിനങ്ങളായിരുന്നു അവളുടെ മനസുനിറയെ. കോളജിലേക്ക് പോകുന്ന സ്വപ്‌നങ്ങളെ താലോലിച്ചപ്പോൾ ഒരുപരിധിവരെ തന്റെ വേദനകൾപ്പോലും അവൾ മറന്നു. 36-ാം ദിവസമായിരുന്നു ഇടിത്തീപോലെ പതിച്ച ഡോക്ടറുടെ വാക്കുകൾ.
എടുക്കാൻ മറന്ന കുട
ഒരു കുടുംബം മുഴുവൻ തകർന്നുപോയി അതു കേട്ടപ്പോൾ. കൂലിപ്പണിക്കാരായ മാതാപിതാക്കൾ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. സുജാതയെ കൂടാതെ നാല് മക്കൾക്കൂടി ഉണ്ടായിരുന്നു അവർക്ക്. സമ്പത്ത് ഇല്ലായിരുന്നെങ്കിലും അല്ലൽ അറിയിക്കാതെയായിരുന്നു മക്കളെ വളർത്തിയിരുന്നത്. തനിക്കുണ്ടായ അപകടം കുടുംബത്തിന്റെ മുഴുവൻ താളംതെറ്റിച്ചെന്ന് സുജാത പറയുന്നു. അറിയാതെ പട്ടിണി അവരുടെ കൂട്ടുകാരായി മാറി. അന്നു മുതൽ ഇന്നുവരെ അമ്മ അച്ചാമ്മ നിഴൽപോലെ സുജാതയുടെ ഒപ്പമുണ്ട്. തന്റെ കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടെങ്കിലും ഞാനത് അറിയാതെപോയത് അമ്മയുടെ കാലുകൾ താങ്ങായി മാറിയതുകൊണ്ടാണെന്ന് സുജാത പറയുന്നു. മനസ് പതറിപ്പോയപ്പോഴും പിടിച്ചുനില്ക്കാനായത് അമ്മയുടെ വിശ്വാസംകൊണ്ടായിരുന്നു എന്നതിൽ സുജാതക്ക് സംശയമില്ല.
ഇടുക്കി ജില്ലാ ആസ്ഥാനത്തിന് അടുത്തുള്ള തടിയമ്പാടാണ് സുജാതയുടെ വീട്. കോളജിൽനിന്നും 4.15-നുള്ള പ്രൈവറ്റ് ബസിനായിരുന്നു എന്നും വീട്ടിലേക്കുള്ള യാത്ര. 15 മിനിറ്റുശേഷം ഒരു കെ.എസ്.ആർ.ടി.സി ബസുകൂടി ഉണ്ടായിരുന്നെങ്കിലും അതിന് കൺസഷൻ ഇല്ലാത്തതിനാൽ പ്രൈവറ്റ് ബസിലായിരുന്നു ഏതാണ്ടെല്ലാ വിദ്യാർത്ഥികളും കയറിയിരുന്നത്. വൈകുന്നേരം പതിവുപോലെ ബസിന്റെ അടുത്ത് എത്തിയപ്പോഴാണ് കുട എടുക്കാൻ മറന്ന കാര്യം കൂട്ടുകാരി ഓർത്തത്. കോളജിലേക്ക് തന്റെ കൂടെ കൂട്ടുവരാമോ എന്ന് ചോദിച്ച കൂട്ടുകാരിയോട് ബസ് പോകുമെന്നു പറഞ്ഞു പിന്തിരിയാൻ പരമാവധി ശ്രമിച്ചു. ടിക്കറ്റ് എടുക്കാമെന്ന് പറഞ്ഞ് നിർബന്ധിച്ചാണ് സഹപാഠി കൂട്ടിക്കൊണ്ടുപോയത്. കുടയെടുത്ത് തിരിച്ചുവരുമ്പോൾ സമയം കഴിഞ്ഞെങ്കിലും ആരെയോ കാത്തുകിടക്കുന്നതുപോലെ ബസ് അവിടെ ഉണ്ടായിരുന്നു. തിങ്ങിനിറഞ്ഞിരുന്ന ബസിൽ കയറാൻ ശ്രമിച്ച സുജാതയെ കൂട്ടുകാരി നിരുത്സാഹപ്പെടുത്തിയതാണ്. അവളുടെ പണം നഷ്ടപ്പെടുത്തേണ്ടല്ലോ എന്ന ചിന്തയോടെ ആ ബസിൽതന്നെ കയറി. കൂട്ടുകാരിയെയും നിർബന്ധിച്ച് കയറ്റി. ആ യാത്രയിലാണ് കൊക്കയുടെ ആഴങ്ങളിലേക്ക് പതിച്ചത്. തന്റെ നിർബന്ധംകൊണ്ട് കയറിയ കൂട്ടുകാരിക്ക് യാതൊന്നും സംഭവിച്ചില്ലെന്ന് പറയുമ്പോൾ സുജാതയുടെ മുഖത്ത് ഇപ്പോഴും വല്ലാത്തൊരു ആശ്വാസം നിറയുന്നുണ്ട്.
ഗിരിദീപം കൊളുത്തിയ പ്രകാശം

മെഡിക്കൽ കോളജിൽനിന്നും ഡോക്ടർമാർ ഉപേക്ഷിച്ചപ്പോൾ എന്തു ചെയ്യണമെന്നറിയാതെ കുടുംബം പകച്ചു. കാതുകളിൽ അലയടിച്ച മരണശബ്ദമായിരുന്നു അവരെ കൂടുതൽ ഭയപ്പെടുത്തിയത്. ഡോക്ടർമാർ കൈവിട്ടെങ്കിലും ദൈവം അവരുടെ കൂടെ ഉണ്ടായിരുന്നു. ആ സമയത്ത് ദൈവദൂതനെപ്പോലെ ഒരാൾ എത്തി. മുരിക്കാശേരി കോളജിന്റെ അന്നത്തെ പ്രിൻസിപ്പൽ ജോസഫ് പഞ്ഞിക്കാരൻ. മെഡിക്കൽ കോളജിൽനിന്നും നേരെ ചങ്ങനാശേരി ചെത്തിപ്പുഴ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെനിന്നും ഓപ്പറേഷനും നീണ്ട ചികിത്സയും കഴിഞ്ഞ് ഡിസ്ചാർജ് ആകുമ്പോൾ ഇരിക്കാനും വീൽച്ചെയറിൽ സഞ്ചരിക്കാനും കഴിയുമെന്ന സ്ഥിതിയിലായി. ഫിസിയോതെറാപ്പി ചെയ്യാനും എട്ട് മാസം കഴിഞ്ഞാൽ നടക്കാൻ കഴിയുമെന്നും പറഞ്ഞ് ഡോക്ടർ ആശ്വസിപ്പിച്ചു. സുജാതയോട് അങ്ങനെ പറഞ്ഞെങ്കിലും സാറിനോട് പറഞ്ഞത്, ഒരു വീൽച്ചെയർ വാങ്ങണമെന്നായിരുന്നു. സുജാതക്ക് എഴുന്നേറ്റു നടക്കാൻ കഴിയില്ലെന്ന് ഡോക്ടർക്ക് നിശ്ചയം ഉണ്ടായിരുന്നു. വീട്ടിൽവന്ന് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു. ഈ അവസ്ഥയോട് പൊരുത്തപ്പെടാൻ ഏറെ സമയമെടുത്തു. ശരീരം മുഴുവൻ പൊട്ടി. ആശുപത്രിയിൽ പോകാൻപോലും പണമില്ലാതെ കുടുംബം കുഴങ്ങി. ഇരുൾവഴികളിലേക്ക് നോക്കി ആ കൗമാരക്കാരി ഏറെ ആകുലപ്പെട്ട നാളുകൾ. അപ്പോഴും ആശ്വസിപ്പിച്ചുകൊണ്ട് അമ്മ അടുത്തുണ്ടായിരുന്നു.
വീടിനടുത്തുള്ള ഗിരിദീപം ആശുപത്രിയിലേക്ക് സുജാതയെ കൊണ്ടുപോയി. സിസ്റ്റേഴ്‌സ് നടത്തുന്ന ആ ആശുപത്രിയിൽ എത്തിയതാണ് ജീവിതത്തിൽ വഴിത്തിരിവായത്. ചികിത്സക്കുശേഷം ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പോകാൻ നിർബന്ധിച്ചത് അവരായിരുന്നു. അതിനുള്ള എല്ലാ ക്രമീകരണങ്ങളും സിസ്റ്റേഴ്‌സ് ചെയ്തു. ശാരീരിക സൗഖ്യമെന്ന ആഗ്രഹം സുജാതയുടെ മനസിലും നിറഞ്ഞിരുന്നു. ധ്യാനത്തിൽവച്ച് അത്ഭുതകരമായ സൗഖ്യം കിട്ടി; ശരീരത്തിനല്ല മനസിനാണെന്നുമാത്രം. അന്നു ലഭിച്ച വചനവെളിച്ചം ഇപ്പോഴും മനസിൽ കെടാതെ നില്ക്കുന്നുണ്ടെന്ന് സുജാത പറയുന്നു. സാഹചര്യങ്ങൾ കൂടുതൽ ദുഷ്‌കരമായെങ്കിലും അവയ്‌ക്കൊന്നിനും അവളുടെ മനസിനെ തളർത്താനായില്ല. തളർന്നുപോയ ആ പെൺകുട്ടിയുമായി കുടുംബം പട്ടിണികിടന്നിട്ടുണ്ടെന്ന് പറയുമ്പോൾ സാഹചര്യം മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. മനസിന് സൗഖ്യം കിട്ടിയപ്പോൾ കാവൽ മാലാഖമാരെപ്പോലെ സഹായിക്കാൻ അനേകർ മുമ്പോട്ടുവന്നു. വിശ്വാസം പരീക്ഷിക്കപ്പെടുന്ന നിരവധി അനുഭവങ്ങൾ പിന്നെയും നേരിടേണ്ടിവന്നു. ഏഴു വർഷങ്ങൾക്കുമുമ്പ് വീഴ്ചയിൽ സുജാതയുടെ പിതാവിന്റെ ശരീരം തളർന്ന് കഴുത്ത് മാത്രം അനക്കാൻ സാധിക്കുന്ന വിധത്തിലായി. ഒരു വർഷം അങ്ങനെ കിടന്നാണ് നിത്യസമ്മാനത്തിനായി അദ്ദേഹം യാത്രയായത്. അക്കാലങ്ങളിൽ 23-ാം സങ്കീർത്തനം വായിച്ച് കരഞ്ഞു പ്രാർത്ഥിച്ച രാത്രികളും നിരവധിയാണ്. മരണത്തിന്റെ നിഴൽവീണ താഴ്‌വരയിലൂടെയാണ് ഞാൻ നടക്കുന്നതെങ്കിലും അവിടുന്ന് കൂടെ ഉള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല….എന്ന ഭാഗത്തേക്ക് എത്തുമ്പോൾ മുഖം കണ്ണീരിൽ കുതിരുമായിരുന്നു. അപ്പോഴും ദൈവിക പദ്ധതികളെ ചോദ്യംചെയ്യാൻ സുജാത മുതിർന്നില്ല.
പുസ്തകങ്ങളുടെ സുഗന്ധം
ധ്യാനത്തിലൂടെ ഹൃദയത്തിലെ ഇരുൾ നീങ്ങി പ്രകാശമാനമായ കണ്ണുകളോടെ ലോകത്തെ നോക്കാൻ തുടങ്ങിയപ്പോൾ ജീവിതം മാറിമറിയുകയായിരുന്നു. ചെറുപ്പത്തിൽ ലഭിച്ച വായനയിലേക്ക് അവൾ തിരികെ നടന്നു. ഒപ്പം കഥകളും കവിതകളും ആത്മീയ ലേഖനങ്ങളും എഴുതാൻ തുടങ്ങി. ഈ പെൺകുട്ടിയുടെ വായന ആരെയും അത്ഭുതപ്പെടുത്തുന്ന വിധത്തിൽ പരന്നുകിടക്കുന്നു. വിശുദ്ധ തോമസ് അക്കമ്പീസിന്റെ ‘ക്രിസ്താനുകരണം’ എന്ന പുസ്തകം ജീവിതത്തിലെ നിരന്തര ധ്യാനമാണെന്ന് സുജാത പറയുന്നു. കസൻദ്‌സക്കിസിന്റെ സെന്റ് ഫ്രാൻസിസ് മുതൽ ഡോ. നോർമൻ വിൻസെന്റ് പീലിന്റെ ‘വിജയകരമായ ജീവിതത്തിന്’ വരെ ഒരു ഭാഗത്തുനില്ക്കുമ്പോൾ കാറൽ മാക്‌സിന്റെ മൂലധനവും ഫിലോകാലിയ സീരിസിലെ മുഴുവൻ പുസ്തകങ്ങളും വായിച്ചുകഴിഞ്ഞു. ബെന്യാമിന്റെ ആടുജീവിതവും പൗലോ കൊയ്‌ലോയുടെ ആൽക്കെമിസ്റ്റും ഒടുവിൽ വായിച്ച സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന് ഒരു ആമുഖ’വും ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകങ്ങളുടെ നിരയിലാണ്. പത്രങ്ങളിൽ പുസ്തകനിരൂപണങ്ങൾ വരുമ്പോൾ അതു മുറിച്ചുസൂക്ഷിക്കുന്നത് സുജാതയുടെ പതിവാണ്. അങ്ങനെ വായിക്കാൻ ആഗ്രഹിക്കുന്ന പുസ്തകങ്ങളായിരിക്കും പിന്നീട് പലരും സമ്മാനിക്കുന്നതെന്ന് സുജാത പറയുന്നു. താൻ മുറിച്ചുസൂക്ഷിക്കുന്ന കടലാസു തുണ്ടുകൾവരെ ദൈവം കാണുന്നുണ്ടെന്നതിൽ സുജാതക്ക് സംശയമില്ല. പല പ്രാവശ്യം വായിച്ച ആൽക്കെമിസ്റ്റ് പേര് അറിയാത്ത ഒരാൾ സമ്മാനിച്ചതാണ്.
ഭൗതികമായി ഒരുപാടു പരിമിതികളുടെ നടുവിലാണ് ഇപ്പോഴും ഈ കുടുംബം. എന്നാൽ, സുജാതയുടെ മനസിൽ തെളിയുന്നത് അനുഗ്രഹങ്ങൾ മാത്രമാണ്. സന്തോഷിക്കാൻ എന്തിനാണ് കാലുകൾ എന്നാണ് സുജാതയുടെ ചോദ്യം. കോളജിൽ പോകുമ്പോൾ ഏതെങ്കിലും ദിവസം പ്രൈവറ്റ് ബസ് ഇല്ലാതെ വന്നാൽ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നതിനായി അമ്മ നൽകിയ 20 രൂപ പുസ്തകത്തിന്റെ പൊതിച്ചിലിനുള്ളിൽ എപ്പോഴും ഭദ്രമായി ഉണ്ടാകുമായിരുന്നു. അമ്മയുടെയും സഹോദരങ്ങളുടെയും ആ കരുതൽ ഇപ്പോഴും തന്നെ പൊതിയുന്നുണ്ടെന്ന് സുജാത പറയുന്നു. തനിക്ക് സന്തോഷിക്കാൻ ഇതുമാത്രം പോരേ എന്നാണ് സുജാതയുടെ ചോദ്യം. അന്ന് കൂട്ടുകാരിയുടെ നിർബന്ധത്തിന് വഴങ്ങാതെ അപകടം ഉണ്ടായ ബസിൽ കയറാൻ തോന്നിയ തീരുമാനത്തെ പഴിച്ച കാലങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഹൃദയത്തിൽ പ്രകാശം നിറഞ്ഞപ്പോൾ എന്നെക്കുറിച്ചുള്ള ദൈവികപദ്ധതിയായിരുന്നു അതെന്ന് സുജാത പറയുമ്പോൾ മനസിൽ അല്പംപോലും പരിഭവങ്ങളില്ലെന്ന് നിറഞ്ഞ ചിരി അടിവരയിടുന്നു.
ജോസഫ് മൈക്കിൾ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?