2016 മിസ് മെക്‌സിക്കോ ഇനി ക്ലാരമഠത്തിൽ!

891

മെക്‌സിക്കോ സിറ്റി: കഴിഞ്ഞ വർഷം മെക്‌സിക്കോയിൽ രാജ്യത്തെ ഏറ്റവും സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത് എസ്‌മെറാൾഡ സോളിസ് ഗോൺസാലസ് എന്ന ഇരുപതുകാരിയാണ്. മിസ് മെക്‌സിക്കോ കഴിഞ്ഞമാസം ദരിദ്രരുടെ സമൂഹമായ ക്ലാരമഠത്തിൽ ചേരുവാൻ തീരുമാനിച്ചത് തെല്ലൊന്നുമല്ല മാധ്യമലോകത്തെ പിടിച്ചുകുലുക്കിയിരിക്കുന്നത്.

1997 ഏപ്രിൽ 12 നായിരുന്നു എസ്മറാൾഡയുടെ ജനനം. കത്തോലിക്കാ വിശ്വാസികളായ മാതാപിതാക്കൾ. പഠനം അവളെ നല്ലൊരു ന്യൂട്രീഷ്യനിസ്റ്റും ആക്കിത്തീർത്തു. എന്നാൽ അവൾ ഇപ്പോൾ തന്റെ സമയം ചിലവഴിക്കുന്നത് മോറേലോസ് സംസ്ഥാനത്ത് ദിവ്യകാരുണ്യത്തിന്റെ ക്ലാരസഭാംഗങ്ങളായ ക്വെർനവാക്കയിലെ സന്യാസിനികളുടെ കൂടെയാണ്.

”സന്യാസജീവിതം എന്താണെന്ന് അതിൽ ചേരുന്നതുവരെ നിങ്ങൾക്ക് മനസിലാക്കാനാവില്ല. ഈ ലോകത്തിന് എന്തുതരാനാകും എന്ന് ഇതുവരെ എനിക്ക് മനസിലായതിൽനിന്നായിരുന്നു ഈ തീരുമാനം.” എസ്‌മെറാൾഡ പറയുന്നു. ”ജീവിതത്തിൽ എനിക്ക് ലഭിച്ചതിലെല്ലാം സന്തോഷമുണ്ട്. പക്ഷേ, ദൈവം തരുന്ന സന്തോഷത്തോട് തുലനം ചെയ്യുമ്പോൾ അവ നിസ്സാരമാണ്.” അവളുടെ വാക്കുകൾ ആരെയും സ്പർശിക്കാൻ കെൽപുള്ളതാണ്.

പതിനാലാം വയസ്സിൽ സിസ്റ്റേഴ്‌സുമായി അടുത്തിടപഴകാൻ തുടങ്ങിയതാണ് അവൾ. അതിനാൽ പെട്ടെന്നെടുത്ത തീരുമാനമായി കാണേണ്ടതില്ല. ഈ അഞ്ചുവർഷക്കാലവും തന്റെ പഠനവും ജോലിയുമായി പോകുമ്പോഴും, ദൈവവിളിയെക്കുറിച്ച് ആഴത്തിൽ മനസിലാക്കുകയായിരുന്നു അവൾ. 2017 മാർച്ച് മാസത്തിൽ മാതാവിന്റെ മംഗലവാർത്ത തിരുനാളിനാണ് ഔദ്യോഗികമായി താൻ മഠത്തിൽ ചേരുന്നു എന്ന വർത്ത് അവൾ പുറത്തുവിട്ടത്.

സന്യാസജീവിതം ആരംഭിക്കാൻ തീരുമാനിക്കുന്നതിന് മുന് ഏറെ ദിവസങ്ങൾ പ്രാർത്ഥനയിലും പരിത്യാഗത്തിലും സന്നദ്ധ പ്രവർത്തനങ്ങളിലും ഏർപെട്ടിട്ടാണ് എസ്‌മെറാൾഡ തന്റെ തീരുമാനം പരസ്യമാക്കിയത്. ‘ദൈവത്തിന്റെ കരംപിടിച്ച് നാം യാത്ര ചെയ്താൽ അടുത്ത ചുവട് എവിടെ എന്ന ആശയക്കുഴപ്പം നിങ്ങൾക്കുണ്ടാവില്ല.” യുവജനങ്ങൾക്കായി ഒരു വാക്കു പറയാൻ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അവൾ പറഞ്ഞതാണിത്.