2018ൽ കൊല്ലപ്പെട്ടത് 40 മിഷണറിമാർ; കൂടുതൽ പേരും ആഫ്രിക്കക്കാർ

0
1397

ആഫ്രിക്ക: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കഴിഞ്ഞവർഷം നാൽപത് ക്രൈസ്തവ മിഷ്ണറിമാർ കൊല്ലപ്പെട്ടതായി വത്തിക്കാൻ ന്യൂസ് ഏജൻസിയുടെ കണക്കുകൾ. 35 പേർ വൈദികരും ഒരു വൈദികവിദ്യാർത്ഥിയും നാല് അൽമായരുമാണ് കൊല്ലപ്പെട്ട 40പേർ. കഴിഞ്ഞ ദിവസം ഒരു അമേരിക്കൻ മിഷണറി തന്റെ ഭാര്യയുടെയും എട്ട് മക്കളുടെയും കൺമുന്നിൽ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഏജൻസിയ ഫിഡെസ് എന്ന വത്തിക്കാൻ വാർത്താ ഏജൻസി കണക്കുകൾ പുറത്തുവിട്ടത്.

മരിച്ചവരിൽ കൂടുതൽ പേരും ആഫ്രിക്കൻ സ്വദേശികളും അവിടെ ശുശ്രൂഷ ചെയ്യുന്നവരുമാണ്. തുടർച്ചയായ എട്ടുവർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ കൂടുതൽ ക്രൈസ്തവ മിഷ്ണറിമാർക്കും ജീവൻ നഷ്ടപ്പെട്ടത് ലാറ്റിൻ അമേരിക്കയിൽ വെച്ചാണ്. 2017ലെതിനെക്കാൾ ഇരട്ടിയോളം മിഷണറിമാരാണ് ഈ വർഷം കൊല്ലപ്പെട്ടത്.

മോഷണശ്രമങ്ങൾക്കിടയിലും പ്രക്ഷോഭങ്ങൾക്കിടയിലും ജീവൻ നഷ്ടപ്പെട്ട മിഷ്ണറിമാരും ഇക്കൂട്ടത്തിൽ ഉണ്ട്. മോശം സാമൂഹ്യ പശ്ചാത്തലമുള്ള സ്ഥലങ്ങളിലും, അഴിമതിയും വിട്ടുവീഴ്ചയും പതിവാകുന്ന സർക്കാർ സംവിധാനങ്ങളിലും ദൈവ വിശ്വാസത്തെ മാനിക്കാത്ത സ്ഥലങ്ങളിലുമാണ് ഇതെല്ലാം നടന്നത്. ശുശ്രൂഷമേഖലകളിലൊക്കെ സുവിശേഷത്തിന്റെ സ്‌നേഹം പങ്കുവെയ്ക്കുന്ന മിഷ്ണറിമാർ നിരവധി പേർക്ക് പുതുജീവിതം പകർന്നുനൽകുന്നവരാണ്. പുറന്തള്ളപ്പെട്ട പാവങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്നവരായാണ് മിഷ്ണറിമാരെ സമൂഹം കാണുന്നതും.