2019-അസാധാരണ മിഷന്‍ വര്‍ഷമായി ആചരിക്കുവാന്‍ പോകുന്നു…

0
1318

മലേഷ്യയിലെയും സിംഗപ്പൂരിലെയും ബ്രൂണൈയിലെയും കത്തോലിക്ക സഭ പ്രത്യക്ഷീകരണ തിരുനാള്‍ മുതല്‍ ഒക്‌ടോബര്‍ മാസം വരെയാണ് അസാധാരണ മിഷന്‍ വര്‍ഷം ആചരിക്കുന്നത്

കുലാലംപൂര്‍(മലേഷ്യ): 2019 അസാധാരണ മിഷന്‍ വര്‍ഷമായി മലേഷ്യയിലെയും സിംഗപ്പൂരിലെയും ബ്രൂണൈയിലെയും കത്തോലിക്ക സഭ ആചരിക്കും. പ്രത്യക്ഷീകരണ തിരുനാള്‍ ദിനത്തില്‍ ആരംഭിക്കുന്ന ആചരണം ഫ്രാന്‍സിസ് മാര്‍പാപ്പ ഒക്‌ടോബര്‍ മാസത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന അസാധാരണ മിഷന്‍ മാസത്തോടെയാണ് സമാപിക്കുന്നതെന്ന് മലേഷ്യയിലെയും സിംഗപ്പൂരിലെയും ബ്രൂണൈയിലെയും കാത്തലിക്ക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് ബിഷപ് സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് അറിയിച്ചു.

അസാധാരണ മിഷന്‍ വര്‍ഷത്തിന് മുന്നോടിയായി മലേഷ്യയിലെ നവ സുവിശേഷവല്‍ക്കരണത്തിനായുള്ള കേന്ദ്രം പരിശീലന പരിപാടി സംഘടിപ്പിച്ചു. അജപാലക ശുശ്രൂഷകരും നേതാക്കളും പരിശീലനം പരിപാടിയില്‍ പങ്കെടുത്തു. മാമ്മോദീസാ സ്വീകരിച്ച എല്ലാ ക്രിസ്ത്യാനികള്‍ക്കും സുവിശേഷം പ്രസംഗിക്കുവാന്‍ കടമയുണ്ടെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് ദിവ്യബലിയോടെയാണ് പരിശീലനപരിപാടി ആരംഭിച്ചത്. തെരുവു സുവിശേഷപ്രഘോഷണത്തിനുള്ള പരിശീലനത്തിന്റെ ഭാഗമായി പരിശീലന പരിപാടിയില്‍ പങ്കെടുത്തവര്‍ ഒരു ആശുപത്രിയും ഷോപ്പിംഗ് സെന്ററും പ്രായമായവര്‍ക്കായുള്ള ശുശ്രൂഷാ കേന്ദ്രവും സന്ദര്‍ശിച്ചു.

മിഷന്‍ പ്രവര്‍ത്തനം സഭയുടെ അടിസ്ഥാന ദൗത്യമാണെന്നും സഭ നിലനില്‍ക്കുന്നത് തന്നെ മിഷന്‍ പ്രവര്‍ത്തനത്തിനായി ആണെന്നും അസാധാരണ മിഷന്‍ വര്‍ഷത്തിന്റെ ഉദ്ദേശ്യവും ലക്ഷ്യവും വിവരിച്ചുകൊണ്ട് മലേഷ്യയിലെയും സിംഗപ്പൂരിലെയും ബ്രൂണൈയിലെയും പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റീസ് ദേശീയ ഡയറക്ടര്‍ ഫാ. വിക്ടര്‍ ലൂയിസ് പങ്കുവച്ചു. നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രഘോഷിക്കുക എന്ന യേശുവിന്റെ ആഹ്വാനത്തോടുള്ള ക്രൈസ്തവരുടെ പ്രതികരണമാണ് സുവിശേഷ പ്രഘോഷണമെന്നും ഫാ. ലൂയിസ് വ്യക്തമാക്കി.
1919-ല്‍ ബനഡിക്ട് 15-ാമന്‍ മാര്‍പാപ്പ പുറപ്പെടുവിച്ച മാക്‌സിമം ഇലൂഡ് എന്ന അപ്പസ്‌തോലിക ലേഖനത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഒക്‌ടോബര്‍ മാസം ആഗോളസഭയില്‍ അസാധാരണ മിഷന്‍ മാസമായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചത്. ജനതകള്‍ക്കായുള്ള സുവിശേഷപ്രഘോഷണത്തെക്കുറിച്ച് കൂടുതല്‍ അവബോധം നല്‍കിക്കൊണ്ട് സുവിഷേ പ്രവര്‍ത്തനങ്ങള്‍ക്ക് പുതു ഊര്‍ജ്ജം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് അസാധാരണ മിഷന്‍ മാസം സഭ ആചരിക്കുന്നത്.