2019 ലോകയുവജന സമ്മേളനത്തിന്റെ ലോഗോ തയ്യാറായി!

316

2019 ജനുവരി മാസം പനാമയിൽ നടക്കാനിരിക്കുന്ന ലോകയുവജന സമ്മേളനത്തിനുള്ള ലോഗോ പനാമ അതിരൂപത പ്രകാശനം ചെയ്തു. 103 ലോഗോകളാണ് മത്സരത്തിനായി ക്ഷണിക്കപ്പെട്ടപ്പോൾ പല സ്ഥലങ്ങളിൽനിന്നായി തിരഞ്ഞെടുക്കപ്പെട്ടത്. അതിൽനിന്ന് ഗ്രാഫിക് ഡിസൈനേഴ്‌സിന്റെ വളരെ പ്രഫഷണലായ വിദഗ്ദർ 3 എണ്ണം തിരഞ്ഞെടുത്തു. ഈ മൂന്നിൽനിന്ന് വേൾഡ് യൂത്ത് ഡേ 2019 എക്‌സിക്യൂട്ടീവ് കമ്മറ്റി തിരഞ്ഞെടുത്ത ലോഗോയാണ് ആർച്ച് ബിഷപ് ജോസ് ഡോമിംഗോ ഉല്ലോവ പ്രകാശനം ചെയ്തത്. ”ഈ രാജ്യത്തിന്റെ ചെറുപ്പവും ലാളിത്യവും, ഇവിടുത്തെ ജനങ്ങളുടെ ഹൃദയത്തിന്റെ വലിപ്പവും എടുത്തുകാട്ടാനാണ് ലോഗോ ശ്രമിച്ചിരിക്കുന്നത്.” അദ്ദേഹം പറഞ്ഞു. ലോഗോ ഡിസൈൻ മത്സരത്തിൽ വിജയിച്ചിരിക്കുന്നത് പനാമ യൂണിവേഴ്‌സിറ്റിയിൽ ശാസ്ത്രകലാ സാഹിത്യം പഠിക്കുന്ന 20 കാരൻ ആംബർ കാൽവോയാണ്.

നിരവധി അടയാളങ്ങളും പ്രതീകങ്ങളും ലോഗോയെ മനോഹരമാക്കുന്നു. പനാമ കനാലും, മറിയത്തിന്റെ സമർപ്പണവും, അഞ്ചു ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിക്കുന്ന നക്ഷത്രങ്ങളും, ലോകയുവജനസമ്മേളനത്തിന്റെ തീർത്ഥാടക ക്രൂശിതരൂപവും എല്ലാം ലോഗോയുടെ മാറ്റുകൂട്ടുന്നു. മറിയത്തിന്റെ വിമലഹൃദയത്തെ സൂചിപ്പിക്കുന്ന ഇംഗ്ലീഷ് അക്ഷരമാലയിലെ ‘എം’ രൂപവും, ഹൃദയത്തിന്റെ സൂചനയും തികച്ചും അർത്ഥഗർഭമാണ്. 2019 ലോകയുവജനസമ്മേളനത്തിന്റെ ആപ്തവാക്യമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്, ”ഇതാ കർത്താവിന്റെ ദാസി, നിന്റെ വചനംപോലെ എന്നിൽ ഭവിക്കട്ടെ” എന്ന മറിയത്തന്റെ സമർപ്പണവാക്കുകളാണ്.