യുവശക്തി ഇല്ലെങ്കിൽ സഭയുടെ ശോഭ മങ്ങും: ആർച്ച്ബിഷപ്പ് അഡോൾഫോ

0
812

മെൽബൺ: സഭയുടെ ഊർജവും ശക്തികേന്ദ്രവും യുവജനങ്ങളാണെന്നും യുവശക്തിയില്ലെങ്കിൽ സഭയുടെ ശോഭ മങ്ങിപ്പോകുമെന്നും ഓസ്‌ട്രേലിയയിലെ അപ്പോസ്‌തോലിക് നുൺഷ്യോ ആർച് ബിഷപ്പ് അഡോൾഫോ ടിറ്റൊ യലാന. ഓസ്‌ട്രേലിയയിലെ മെൽബൺ സെന്റ് തോമസ് രൂപതാ യൂത്ത് അപ്പോസ്റ്റലേറ്റും സീറോ മലബാർ യൂത്ത് മൂവ്‌മെന്റും ചേർന്ന സംഘടിപ്പിക്കുന്ന ‘യുണൈറ്റ്’ യൂത്ത് കോൺഫറൻസിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാറ്റിലും ഉപരിയായി ദൈവത്തെ സ്‌നേഹിക്കുക, നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്‌നേഹിക്കുക എന്ന പരമപ്രധാനമായ ദൈവകൽപ്പന പാലിക്കുകയാവണം നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഐലൻഡ് അഡ്വെഞ്ചറസ് പാർക്ക് വേദിയാകുന്ന നാലു ദിനത്തെ കോൺഫറൻസിൽ ഓസ്‌ട്രേലിയ യിലെ ആറ് സ്റ്റേറ്റുകളിലും രണ്ടു ടെറിറ്റോറികളിലും നിന്നായി 400ൽപ്പരം യുവജങ്ങളാണ് പങ്കെടുക്കുന്നത്. 15 മുതൽ 30 വയസുവരെയുള്ള യുവജനങ്ങളെ സ്‌കൂൾ, യൂണിവേഴ്‌സിറ്റി, വർക്കിങ്ങ് പ്രൊഫഷണൽസ് എന്നീ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.

മെൽബൺ സീറോ മലബാർ ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ, സീറോ മലബാർ യൂത്ത് കമ്മീഷൻ ചെയർമാനും കോട്ടയം അതിരൂപത സഹായമെത്രാനുമായ മാർ ജോസഫ് പണ്ടാരശ്ശേരി എന്നിവരും യുവജനങ്ങളെ അഭിസംബോധന ചെയ്തു.

മെൽബൺ സീറോ മലബാർ എപ്പാർക്കിയുടെ വെബ്‌സൈറ്റായ syomalabar.org.au ൽ ഉൾപ്പെടുത്തിയ ‘ശാലോം മീഡിയാ ഗാലറി’യിലൂടെയും ശാലോം മീഡിയാ ഫേസ്ബുക് പേജിലൂടെയും shalommedia.org/Australia എന്ന വെബ് ലിങ്കിലൂടെയും തത്സമയ സംപ്രേഷണം ക്രമീകരിച്ചിട്ടുണ്ട്. ആപ്പിൾ ടി.വി, ആൻഡ്രോയിഡ് ടി.വി, റോക്കു, സോണി, ഫിലിപ്‌സ്, ഓപ്പറ, ആമസോൺ ഫയർ, സാംസംഗ് ഉൾപ്പെടെയുള്ള സ്മാർട് ടി.വികളിലും തത്സമയ സംപ്രേഷണം ലഭ്യമാണ്.