കുഞ്ഞുങ്ങളോടൊപ്പം 82ാം പിറന്നാൾ; മനസ്സുനിറഞ്ഞ് പാപ്പ

0
609

വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ ആരോഗ്യപരിരക്ഷാ കേന്ദ്രത്തിൽ ചികിത്‌സയിൽ കഴിയുന്ന കുട്ടികളോടൊത്ത് 82-ാം പിറന്നാൾ ആഘോഷിച്ച് കരുണയുടെ വലിയ ഇടയൻ ഫ്രാൻസിസ് പാപ്പ. സാന്റാ മാർത്ത പീഡിയാട്രിക് ഡിസ്പൻസെറിയിൽ ഒരുക്കിയ ചടങ്ങിൽ കേക്ക് മുറിച്ചും ക്രിസ്മസ് സന്ദേശം നൽകിയുമാണ് പാപ്പ തന്റെ ജന്മദിനം ആഘോഷിച്ചത്.

സ്വയം ഉയർത്തുന്നവന് ഒരിക്കലും ജീവിതം പഠിക്കാൻ കഴിയില്ല. സ്വയം എളിമപ്പെടുന്നവർക്കെ മറ്റുള്ളവർക്കുവേണ്ടി ശുശ്രൂഷ ചെയ്യാനും മനുഷ്യനെ മനസ്സിലാക്കാനും കഴിയുകയുള്ളുവെന്ന് പാപ്പ പറഞ്ഞു. ഈ സന്ദേശമാണ് ചികിത്‌സാലയത്തിൽ ശുശ്രൂഷ ചെയ്യുന്ന ഓരോരുത്തരും പകർന്ന് നൽകുന്നത്. ജീവൻ തുടിക്കുന്ന ഈ ചികിത്‌സാലയത്തിലെ ചൈതന്യം ഓരോരുത്തരും ജീവിതത്തിൽ പകർത്തണമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു.

1936 ഡിസംബർ 17-ാം തീയതി അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലായിരുന്നു മാരിയോ ഹൊസെയുടെയും റിജീന സിവോരിയുടെയും മകനായി ജോർജ് മരിയോ ബെർഗോളിയോ ജനിച്ചത്. നാലു സഹോദരങ്ങളും, മാതാപിതാക്കളുമടങ്ങുന്ന സാധാരണ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്.

രസതന്ത്രത്തിൽ ബിരുദം കരസ്ഥമാക്കിയ ജോർജ് മരിയോ 1958 മാർച്ച് 11ന് ജസ്യൂട്ട് സന്യാസ സഭയിൽ ചേർന്ന് വൈദികപഠനം ആരംഭിച്ചു. 1969 ഡിസംബർ 13ന് ആർച്ച്ബിഷപ്പ് റമോൻ ജോസ് കാസ്റ്റിലാനോയിൽനിന്ന് തിരുപ്പട്ടം സ്വീകരിച്ചു. പിന്നീട് ബ്യൂണസ് ഐറീസ് ആർച്ച്ബിഷപ്പ് അന്റോണിയോ ഖ്വറാസീനോയുടെ അഭ്യർത്ഥന പ്രകാരം ജോർജ് ബെർഗോളിയെ ബിഷപ്പാക്കാൻ വിശുദ്ധ ജോൺപോൾ രണ്ടാമൻ തീരുമാനിച്ചു.

അങ്ങനെ 1992 മേയ് 27ന് മെത്രാനായി അഭിഷേകം ചെയ്തു. ബ്യൂണസ് ഐറീസ് സഹായമെത്രാനായിരുന്ന ഇദ്ദേഹം 1998ൽ ആർച്ച്ബിഷപ്പായി ഉയർത്തപ്പെട്ടു. ഒരു അപ്പാർട്ട്മെന്റ് വാടയ്‌ക്കെടുത്ത് തനിയെ ഭക്ഷണം പാകം ചെയ്താണ് ബ്യൂണസ് ഐറിസ് ആർച്ച്ബിഷപ്പിന്റെ ചുമതലകൾ നിർവഹിച്ചിരുന്നത്. ‘ഞാൻ നയിക്കുന്ന പാവങ്ങളായ ജനങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലേണ്ടതുണ്ട്,’ എന്നായിരുന്നു അതേക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

2001 ഫെബ്രുവരി 21ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ ജോർജ് മരിയോ ബെർഗോളിയോയെ കർദിനാൾ പദവിയിലേക്ക് ഉയർത്തി. ബനഡിക്ട് 16ാമൻ പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 13ന് കർദിനാൾ ബർഗോഗ്ലിയോ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ ഫ്രാൻസിസ് നാമധാരിയായ പാപ്പ എന്ന സവിശേഷതയോടെ അദ്ദേഹം 266-ാമത്തെ പാപ്പയായി.

ഞായറാഴ്ച പോൾ ആറാമൻ ഹാളിൽ നടന്ന പിറന്നാളാഘോഷത്തിൽ ചികിത്‌സയിൽ കഴിയുന്ന കുട്ടികളുടെ മാതാപിതാക്കളും പങ്കെടുത്തിരുന്നു. കുട്ടികളുടെ നേതൃത്വത്തിൽ അവതരിപ്പിച്ച കലാപരിപാടികളും ചടങ്ങിൽ അരങ്ങേറി. എകദേശം ഒരുമണിക്കൂറോളം നേരം പാപ്പ അവിടെ ചെലവഴിച്ചു. സാന്റാ മാർത്തയിലെ കുടുംബാഗങ്ങളോടൊപ്പം ചെലവഴിക്കുന്ന മൂന്നാം പിറന്നാളാണ് പാപ്പക്കിത്.ചികിത്‌സാലയത്തിന് ജീവൻ നൽകുന്ന ഡോക്ടമാർക്കും നഴ്‌സുമാർക്കും വോളണ്ടിയേഴ്‌സിനും പ്രത്യേക നന്ദി പറയാനും പാപ്പ മറന്നില്ല.