Follow Us On

28

March

2024

Thursday

അമ്മേ, ഞങ്ങൾക്ക് ജനിക്കുന്നതായിരുന്നു ഇഷ്ടം!

അമ്മേ, ഞങ്ങൾക്ക് ജനിക്കുന്നതായിരുന്നു ഇഷ്ടം!

പാരീസ്, ഫ്രാൻസ്: ഡൗൺ സിൻഡ്രം മൂലം വിഷമിക്കുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളെ കൂട്ടിയിണക്കി പുറത്തിറങ്ങിയ ഒരു വീഡിയോ ആണ് ”ഡിയർ ഫ്യൂച്ചർ മാം”. ലോകമാസകലം ഏകദേശം 7 മില്യണിലധികം ആളുകൾ കണ്ട വീഡിയോ ഫ്രാൻസിൽ അടുത്തിടെ ഒരു കോടതിവിധയിലൂടെ നിരോധിക്കപ്പെടുകയുണ്ടായി. കാരണം മറ്റൊന്നുമല്ല, ഡൗൺ സിൻഡ്രം ബാധിച്ച കുഞ്ഞുങ്ങൾക്ക് സന്തോഷിക്കാനും സാധാരണപോലെ ജീവിക്കാനും സാധിക്കും എന്നു കാണിക്കുന്ന വീഡിയോ പ്രദർശിപ്പിച്ചാൽ, അക്കാരണത്താൽ ഭ്രൂണഹത്യ നടത്തിയ അമ്മമാർക്ക് അതൊരു വിഷമത്തിന് കാരണമാകും. ഇനി ആരെങ്കിലും അങ്ങനെ ചിന്തിക്കുന്നെങ്കിലും അവർക്കതിന് തടസ്സം സൃഷ്ടിക്കും – ഇതാണ് കോടതി നടത്തിയ നിരീക്ഷണം.
ഏതായാലും കോടതിവിധി അന്താരാഷ്ട്ര രംഗത്ത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. 2014 ലെ വേൾഡ് ഡൗൺ സിൻഡ്രം ഡേയിൽ പുറത്തിറങ്ങിയ വീഡിയോ അനേകരുടെ ചിന്തകളെ മാറ്റിമറിക്കുന്നതിന് ഉപകരിച്ചിരുന്നു. ഗർഭത്തിൽ ഇത്തരമൊരു കണ്ടെത്തൽ നടത്തപ്പെട്ടാലും ഭയക്കേണ്ടതില്ല, ഡൗൺ സിൻഡ്രം ബാധിച്ച് ജനിച്ച അനേകം കുട്ടികൾ വളരെ സന്തോഷത്തോടെ ജീവിക്കുന്നു എന്നു കാണിക്കുന്നതാണ് വീഡിയോ. അവരുടെ നേട്ടങ്ങളും, സന്തോഷങ്ങളും എടുത്തുകാട്ടുന്നുമുണ്ട് വീഡിയോ. രോഗത്തിനുനടുവിലും ഈ ലോകത്തിൽ ജനിച്ചുവീഴാൻ ഭാഗ്യം ലഭിച്ചതിനെ അവർ ഏറെ വിലമതിക്കുന്നു എന്ന യഥാർത്ഥ്യത്തിലേക്ക് വെളിച്ചം വീശുന്നു പ്രോഗ്രാം.
നവംബർ 10 ന് ഫ്രഞ്ച് കൗൺസിൽ ഓഫ് സ്റ്റേറ്റ് രാജ്യവ്യാപകമായി വീഡിയോ നിരോധിച്ചു. ചിത്രത്തിൽ കാണിക്കുന്ന കുട്ടികളുടെ സന്തോഷം ഭ്രൂണഹത്യയ്ക്കുവേണ്ടി ചിന്തിച്ച അമ്മമാരെ വേദനിപ്പിക്കുന്നു എന്ന യാഥാർത്ഥ്യം തന്നെയാണ് അവരും എടുത്തുകാട്ടിയത്. ഡൗൺ സിൻഡ്രം കുട്ടികളിലെ മാനസിക വികാസത്തെ ബാധിക്കാറുണ്ട്. ശാരീരിക വൈകല്യങ്ങളും, രോഗങ്ങളും ചിലപ്പോൾ അതിന്റെ ഭാഗവുമാണ്.
ആധുനിക രാജ്യങ്ങളിലെ കണക്കനുസരിച്ച് ഡൗൺ സിൻഡ്രം ഗർഭകാലത്ത് സ്ഥിരീകരിക്കപ്പെടുന്ന 10 കുട്ടികളിൽ 9 പേരും വധിക്കപ്പെടുകയാണ്. ഭ്രൂണഹത്യയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്നായി എടുത്തുകാട്ടപ്പെടുന്ന യാഥാർത്ഥ്യമാണിത്. മെഡിക്കൽ സയൻസ് അപ്രകാരം വിധിച്ചതിനുശേഷം, ഗർഭാവസ്ഥയിൽ മുന്നോട്ട് പോകാൻ തയ്യാറായ അനേകർക്ക് ഡൗൺ സിൻഡ്രം ഇല്ലാത്ത കുട്ടികളെ ലഭിച്ചിട്ടുമുണ്ട്. 2011 ൽ തയ്യറാക്കപ്പെട്ട ഒരു സർവേയനുസരിച്ച് ഡൗൺ സിൻഡ്രം ഉള്ള കുട്ടികളിൽ 99 ശതമാനവും അവരുടെ അവസ്ഥയിൽതന്നെ വളരെ സന്തോഷമുള്ളവരാണെന്ന് കണ്ടെത്തുകയുണ്ടായി. തങ്ങൾക്ക് ലഭിച്ച ജീവൻതന്നെയാണ് അവരുടെ സന്തോഷം. അപ്പോൾ, മരിച്ചുപോയ ലക്ഷക്കണക്കിന് കുട്ടികൾക്ക് നിഷേധിക്കപ്പെട്ട സന്തോഷമാണല്ലോ അത്. ഈ വീഡിയോ കാണുമ്പോൾ, ആധുനിക കണക്കുകൂട്ടലുകളെയൊക്കെ കാറ്റിൽപ്പറത്തി, അമ്മേ ഞങ്ങൾക്ക് ജനിക്കുന്നതായിരുന്നു ഇഷ്ടം എന്ന് അവർ പറയുന്നതുപോലെ തോന്നും! കുഞ്ഞുങ്ങൾ ജീവിതത്തിൽ വിഷമിക്കണ്ടല്ലോ എന്നോർത്ത് ഭ്രൂണഹത്യ ചെയ്തവർക്ക് ചിലപ്പോൾ മനസാക്ഷിക്കുത്തും ഉണ്ടായേക്കാം.
ഇനി വീഡിയോ പ്രദർശിപ്പിക്കണമെങ്കിൽ യൂറോപ്യൻ ഹ്യൂമൻ റൈറ്റ്‌സ് കോടതിയിൽ അപ്പീൽ വിജയിക്കണം. ജീവന്റെ സംരക്ഷണം ഭീഷണി നേരിടുന്ന കാലഘട്ടമാണിതെന്നും, ഇതിനെതിരെ ലോകമനസാക്ഷി ഉണരണമെന്നും ഷീൻ മരിയെ ലെ മെൻ പറഞ്ഞു. അവരായിരുന്നു ഫ്രാൻസിൽ ഈ വീഡിയോ പ്രദർശിപ്പിക്കാനുള്ള പരിശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ഡൗൺ സിൻഡ്രം മൂലം വിഷമിക്കുന്ന കുട്ടികളുള്ള മാതാപിതാക്കളോട് അവർ യഥാർത്ഥത്തിൽ ജീവൻ ലഭിച്ചതിൽ സന്തോഷമുള്ളവരാണ് എന്നു പറയുകയാണ് ചിത്രം ചെയ്യുന്നത്.
ലിഷെൻ ഫൗണ്ടേഷനാണ് വീഡിയോ നിർമ്മിച്ചത്. പ്രൊഫസർ ജെറോം ലിഷെൻ ആണ് ഫൗണ്ടേഷന്റെ സ്ഥാപനത്തിൽ പ്രചോദനമായത്. മോഡേൺ മെഡിക്കൽ ജെനെറ്റിക്‌സിന്റെ പിതാവായി പരക്കെ അറിയപ്പെടുന്ന അദ്ദേഹമാണ് ഡൗൺ സിൻഡ്രം എന്ന രോഗത്തിന്റെ ജനിതക കാരണങ്ങൾ കണ്ടെത്തിയത്. ക്രോമസോമുകളുമായി ബന്ധപ്പെട്ട അസ്ഥിരതയാണ് കാരണമെന്ന കണ്ടെത്തൽ അദ്ദേഹത്തിൽനിന്നായിരുന്നു. പക്ഷേ, അത് ഭ്രൂണഹത്യയ്ക്കുള്ള മുഖ്യകാരണമായി മാറിയതോടെ, ഗർഭാവസ്ഥയിലുളള കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി അദ്ദേഹം ജീവിതം മാറ്റിവച്ചു. ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ തലവനായി 1994 ൽ അദ്ദേഹത്തെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ തിരഞ്ഞെടുത്തിരുന്നു. നാമകരണ നടപടികൾ മുന്നോട്ട് പോകുന്നു.
ജിന്റോ മാത്യു

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?