Follow Us On

29

March

2024

Friday

കരുണ നേടലും കരുണ കാണിക്കലും തുടരണം

കരുണ നേടലും കരുണ കാണിക്കലും തുടരണം

2016 നവംബർ 20-ന് ക്രിസ്തുരാജന്റെ തിരുനാൾ ദിനമായ ഞായറാഴ്ച കത്തോലിക്ക സഭ പ്രഖ്യാപിച്ച കാരുണ്യവർഷം സമാപിച്ചു. കാരുണ്യവർഷത്തിൽ ചില വലിയ നന്മകൾ ഉണ്ടായി എന്നത് ഒന്നുകൂടി ഓർക്കുന്നത് നല്ലതാണ്: ധാരാളം പേർ നല്ല കുമ്പസാരം നടത്തി; ധാരാളം പേർ ദണ്ഡവിമോചനം പ്രാപിച്ചു. ധാരാളം പേർ കൂടുതൽ കാരുണ്യപ്രവൃത്തികൾ ചെയ്തു.
വീടിനുള്ള സ്ഥലം, വീട്, വിവാഹസഹായം, പഠനസഹായം, ചികിത്സാസഹായം തുടങ്ങിയ മേഖലകളിൽ ഉദാരമനസോടെ കുറെയധികം വിശ്വാസികൾ കൊടുത്തു. തന്മൂലം വളരെ പേരുടെ പ്രശ്‌നങ്ങൾക്ക് കുറെയധികം പരിഹാരം ഉണ്ടായി. സ്ഥലവും വീടും ഉണ്ടായ ഭവനരഹിതരുടെ സന്തോഷവും നിർവൃതിയും എത്ര വലുതായിരിക്കും.
ഇതര സഹായങ്ങൾ ലഭിച്ചവരുടെ കാര്യവും അങ്ങനെതന്നെ. ആത്മീയാനുഗ്രഹങ്ങൾ ലഭിച്ചവരുടെ കാര്യവും അങ്ങനെതന്നെ. പാപമോചനവും ദണ്ഡവിമോചനവും ഇതര നന്മകളും ലഭിച്ചവരും ഹൃദയത്തിലും മനസിലും വലിയ ശാന്തതയും ദൈവിക സന്തോഷവും അനുഭവിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ, ധാരാളം പേരുടെ ജീവിതങ്ങൾ കരുണാവർഷത്തിൽ കൂടുതൽ അനുഗ്രഹിക്കപ്പെട്ടു.
കരുണാവർഷം കഴിഞ്ഞ ഈ സമയത്ത് എല്ലാവരുടെയും ചിന്തയ്ക്കായി ഒരു ചോദ്യം ചോദിക്കട്ടെ: ഇനി എന്ത്? ഒറ്റ വാചകത്തിൽ ഒരു ഉത്തരം നൽകട്ടെ. കരുണ നേടുന്ന പ്രവൃത്തികളും കരുണ കാണിക്കുന്ന പ്രവൃത്തികളും തുടർന്നുകൊണ്ടേയിരിക്കണം. കാരണം എന്താണ്? ഉത്തരം ഇങ്ങനെയാണ്: ഇനിയും നമുക്ക് ധാരാളം ദൈവകരുണ ആവശ്യമാണ്; ഇനിയും ധാരാളം മനുഷ്യർ നമ്മുടെ കരുണയ്ക്കായി, അതുവഴി രക്ഷപെടാനായി കാത്തിരിക്കുന്നു.
യേശു പറഞ്ഞില്ലേ – ദരിദ്രർ എന്നും നിങ്ങളോടുകൂടി ഉണ്ടായിരിക്കും. പലവിധ ദാരിദ്ര്യങ്ങൾ അനുഭവിക്കുന്നവർ ഉണ്ട്. ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടിയുള്ള ദാഹം; കിടപ്പാടത്തിനുവേണ്ടിയുള്ള ദാഹം; സ്‌നേഹത്തിനുവേണ്ടിയുള്ള ദാഹം; നീതിക്കുവേണ്ടിയുള്ള ദാഹം; ക്ഷമ കിട്ടാനുള്ള ദാഹം, രോഗങ്ങളിൽനിന്നും ആത്മസംഘർഷങ്ങളിൽനിന്നുമുള്ള മോചനത്തിനായുള്ള ദാഹം, വ്യക്തിജീവിതവും കുടുംബജീവിതവും ഔദ്യോഗിക ജീവിതവുമൊക്കെയായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളിൽനിന്ന് മോചനം നേടാനുള്ള ദാഹം. ഇതെല്ലാം ഓരോരോ ദാരിദ്ര്യാവസ്ഥകൾ ആണ്.
ഈ അവസ്ഥകളിൽനിന്ന് അധികംപേർക്കും സ്വയം മോചനം നേടുവാൻ സാധിക്കുകയില്ല. അതിനാൽ അവർ മറ്റുള്ളവരുടെ കരുണയ്ക്കുവേണ്ടി കാത്തിരിക്കുന്നു. ഗവൺമെന്റിന്റെ, സഭയുടെ, ബന്ധുക്കളുടെ, സുഹൃത്തുക്കളുടെ, സംഘടനകളുടെ, മറ്റനേകരുടെ കരുണയ്ക്കുവേണ്ടി കാത്തിരിക്കുന്നു. അതിനാൽ, നമ്മൾ കാരുണ്യപ്രവൃത്തികൾ തുടർന്നുകൊണ്ടേയിരിക്കണം. നമ്മൾ ചെയ്യുന്ന കാരുണ്യപ്രവൃത്തികൾ മറ്റുള്ളവരുടെ സഹനങ്ങൾ കുറയ്ക്കുന്നതിനും ജീവിതം മെച്ചപ്പെടുത്തുന്നതിനും നമുക്കുതന്നെ കൂടുതൽ പാപമോചനവും ദണ്ഡവിമോചനവും അനുഗ്രഹങ്ങളും ലഭിക്കുന്നതിനും കാരണമാകും.
അതോടൊപ്പം വ്യക്തിജീവിതത്തിലും നമ്മൾ അംഗമായിരിക്കുന്ന കുടുംബത്തിലും സമൂഹത്തിലും കൂടുതൽ കരുണ ദൈവം കാണിക്കുന്നതിനുവേണ്ടി നാം പ്രാർത്ഥിച്ചുകൊണ്ടിരിക്കണം. അതോടൊപ്പം ലോകത്തോട് ദൈവം കൂടുതൽ കരുണ കാണിക്കുന്നതിനായും പ്രാർത്ഥിക്കണം. മാതാവ് നൽകിയ പല സന്ദേശങ്ങളിലും ആവർത്തിക്കുന്ന ചില കാര്യങ്ങൾ ഇവയാണ്: ലോകത്തിൽ പാപം പെരുകുന്നു; അതിനാൽ ലോകത്തിന്റെമേൽ ദൈവത്തിന്റെ കോപം വർധിക്കുന്നു; ദൈവം ലോകത്തെ ശിക്ഷിക്കുവാൻ ഒരുങ്ങുന്നു; അതിനാൽ ദൈവത്തിന്റെ ക്രോധം ശമിപ്പിക്കുന്നതിനായി അനുതപിക്കുകയും പ്രായശ്ചിത്തമനുഷ്ഠിക്കുകയും പ്രാർത്ഥിക്കുകയും ജപമാല ചൊല്ലുകയും വേണം.
വിശുദ്ധ ഫൗസ്റ്റീന വഴി കർത്താവ് പറഞ്ഞു: ദൈവകരുണയുടെ കാലം കഴിയാൻ പോകുന്നു. തുടർന്നു വരുന്നത് ദൈവനീതിയുടെ കാലം ആയിരിക്കും. ദൈവം കരുണയെക്കാൾ അധികം നീതിയോടെ പ്രവർത്തിക്കാൻ തുടങ്ങിയാൽ നമ്മുടെ, ലോകത്തിന്റെ സ്ഥിതി എന്തായിരിക്കും? ഭയാനകം, അല്ലേ? അതിനാൽ കരുണാവർഷം കഴിഞ്ഞാലും രണ്ട് ആത്മീയ കാര്യങ്ങൾ ശ്രദ്ധിക്കണം:
ഒന്ന്, വ്യക്തിജീവിതത്തിൽ കൂടുതൽ വിശുദ്ധിയോടെ ജീവിക്കുകയും കൂടുതൽ ദൈവകരുണ നേടുകയും വേണം. രണ്ട്, ലോകത്തോട് ദൈവം കൂടുതൽ കരുണയോടെ പ്രവർത്തിക്കുവാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കണം. കർത്താവേ, നീ പാപങ്ങളെല്ലാം ഓർത്തിരുന്നാൽ ആർക്ക് രക്ഷ ലഭിക്കും? എന്ന ബൈബിൾ വചനം ഓർക്കുക. അതിനാൽ കാരുണ്യവർഷം കഴിഞ്ഞാലും കരുണ നേടുന്ന പ്രവൃത്തികളും കരുണ കാണിക്കുന്ന പ്രവൃത്തികളും നാം തുടർന്നുകൊണ്ടേയിരിക്കണം.
ആഗമനകാലത്തിലെ രണ്ടാമത്തെ ആഴ്ച ആരംഭിക്കുകയാണ്. പിതാവായ ദൈവം ഒരു രക്ഷകനെ നമുക്ക് വാഗ്ദാനം ചെയ്യുന്നതിന്റെ വിവരണം ഈ ആഴ്ച സുവിശേഷത്തിൽ നാം വായിക്കുന്നു. ദൈവത്തിന്റെ കരുണയുടെ അടയാളമാണ് നമുക്കായി അയക്കപ്പെട്ട രക്ഷകൻ. ഈ കരുണ നമുക്ക് ലഭിക്കുന്നതിന് പരിശുദ്ധ മറിയവും വിശുദ്ധ യൗസേപ്പും വലിയ അളവിൽ കാരണക്കാർ ആയി. അവരുടെ സമർപ്പണം ഇല്ലായിരുന്നെങ്കിൽ രക്ഷകനെ കിട്ടുകയില്ലായിരുന്നു. ഇതുപോലെ, ഇന്ന് അനേകർക്ക് ദൈവകരുണ കിട്ടുവാൻ ആരെങ്കിലും മനുഷ്യർ മധ്യസ്ഥരാകണം. നമ്മുടെ ജീവിതസാഹചര്യങ്ങളിൽ, മറ്റുള്ളവർക്ക് ദൈവം കരുണ ചെയ്തുകൊടുക്കുന്നതിനുള്ള ഉപാധികൾ ആകുവാൻ നമുക്ക് സാധിക്കും.
ധ്യാനം പ്രസംഗിക്കുന്ന വ്യക്തിക്കും പ്രാർത്ഥന നയിക്കുന്ന വ്യക്തിക്കും കൗൺസലിങ്ങ് കൊടുക്കുന്നയാളും കുമ്പസാരം കേൾക്കുന്ന വൈദികനും നന്നായി പഠിപ്പിക്കുന്ന അധ്യാപകരും ഭക്തിപൂർവം പ്രാർത്ഥനകൾ നയിക്കുന്ന വൈദികരും മനുഷ്യസ്‌നേഹത്തോടെ മറ്റുള്ളവരെ സഹായിക്കുവാനിരിക്കുന്ന ഉദ്യോഗസ്ഥരും കാർഷികമേഖലയിൽ പ്രവർത്തിക്കുന്ന കർഷകരും കർഷക തൊഴിലാളികളും നന്നായി കേസ് നടത്തുന്ന വക്കീലും നന്നായി രോഗനിർണയം നടത്തി ചികിത്സിക്കുന്ന ഡോക്ടർമാരും നല്ല രോഗീപരിചരണം നടത്തുന്ന ആശുപത്രി സ്റ്റാഫും മറ്റ് വിവിധങ്ങളായ സേവനങ്ങൾ ചെയ്തുകൊടുക്കുന്ന എല്ലാവരും ദൈവത്തിന്റെ കരുണ മറ്റുള്ളവർക്ക് ലഭിക്കുവാൻ കാരണക്കാർ ആകുകയാണ്.
എല്ലാ നോമ്പുകാലത്തും വിശ്വാസികൾ കൂടുതൽ ദൈവകരുണ ലഭിക്കുവാനും കൂടുതൽ കരുണ മറ്റുള്ളവരോട് കാണിക്കുവാനും പരിശ്രമിക്കാറുണ്ട്. ക്രിസ്മസിന്റെ ഒരുക്കത്തിനായുള്ള ഈ നോമ്പുകാലത്ത് കൂടുതലായി ഇത്തരം പ്രവൃത്തികൾ നടത്തുവാനും കൂടുതൽ കരുണ നമുക്കും മറ്റുള്ളവർക്കും ലഭിക്കുവാനും ഇടയാകട്ടെ. സമ്പാദിച്ച് വയ്ക്കുന്നതല്ല, വ്യയം ചെയ്യുന്നതാണ് നാളെ നമുക്ക് സമ്പാദ്യമായി മാറുന്നത്. അന്ത്യവിധിയുടെ ഉപമ ഇത് വ്യക്തമാക്കുന്നു. അന്യായമായും ആർക്കും കൊടുക്കാതെയും സമ്പാദിക്കുന്ന ധനവും സമയവും ആരോഗ്യവുമെല്ലാം മറ്റുള്ളവർ കൊണ്ടുപോകും. എന്നാൽ, സ്വയം വിശുദ്ധീകരിക്കുവാനായി ഉള്ളതു പങ്കുവയ്ക്കുന്നവർ ഇഹത്തിലും പരത്തിലും നേട്ടങ്ങൾ കൊയ്യും. അതേ, കരുണാവർഷം കഴിഞ്ഞും നമുക്ക് കരുണ നേടുകയും കരുണ കാണിക്കുകയും ചെയ്യാം.
ഫാ. ജോസഫ് വയലിൽ CMI

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?