Follow Us On

28

March

2024

Thursday

കുളിരാൽ വിറയ്ക്കുന്ന ഉണ്ണീശോ….

കുളിരാൽ വിറയ്ക്കുന്ന ഉണ്ണീശോ….

പുൽക്കൂടിന്റെ ദാരിദ്ര്യം ഏറെ ധ്യാനവിഷയമാക്കേണ്ട ഒന്നാണ്. ഡിസംബറിന്റെ കുളിരുകോരുമ്പോൾ തന്നെ ക്രിസ്മസ് ചിന്തകൾ മനസിൽ കൂടുകൂട്ടുവാൻ തുടങ്ങും. മായാത്ത ക്രിസ്മസ് ഓർമകളായി പുൽക്കൂടും ക്രിസ്മസ് പപ്പായും മാത്രമല്ല വീട്ടിൽ നിന്നും പഠിച്ച ഒരു സുകൃത ജപം കൂടി മനസിലുണ്ട്- ‘കുളിരാൽ വിറയ്ക്കുന്ന ഈശോയേ നിന്റെ മൃദുവായ തൃക്കണ്ണ് പാപിയായ എന്നെ തൃക്കൺപാർക്കണമേ’. ജോസഫും മേരിയും നടന്നകന്ന വഴികളിലേക്കുള്ള ക്ഷണം കൂടിയാണ് ക്രിസ്മസ്. ക്രിസ്മസ് രാത്രിയെ ശാന്തരാത്രിയെന്നു വിളിക്കുമ്പോഴും ജോസഫിനും മേരിക്കും അത്ര ശാന്തമായിരുന്നില്ല ആ രാത്രി.
കാത്തിരിപ്പിന്റെ സുവിശേഷമായിരുന്നു ക്രിസ്തു. ക്രിസ്തുവിന്റെ പിറവിയെ കുറിച്ച് ഗ്രീക്ക് എഴുത്തുകാരനായ കസൻസാക്കിസ് (Nikos Kazantakis)  രേഖപ്പെടുത്തുക ഇപ്രകാരമാണ്. ‘ഒരു സുപ്രഭാതത്തിന്റെ സന്തതിയല്ല, നൂറുക്കണക്കിന് തലമുറകളുടെ പ്രാർത്ഥനയുടെയും കാത്തിരിപ്പിന്റെയും ഫലമാണ് ക്രിസ്തു’. ക്രിസ്തുവെന്ന ചരിത്രപുരുഷന്റെ അവതാര പിറവിക്കു സമാനമായ പിറവിയൊന്നും ഈ ഭൂമിയിൽ അരങ്ങേറിയിട്ടില്ല. സൃഷ്ട്ടാവിനു സൃഷ്ട്ടിയോടു തോന്നിയ കരുതലാണ് ക്രിസ്മസ്. ക്രിസ്തുവിനോളം താഴ്ന്നവരെന്നു അവകാശപ്പെടാൻ ഈ ഭുമിയിലാർക്കും കഴിയില്ല.
ക്രിസ്മസിൽ നിന്നും ക്രിസ്തുവിലേക്കൊരു തീർത്ഥാടനം നടത്തുമ്പോൾ മേരിയും ജോസഫും ഒരു പിടി നല്ല ചിന്തകൾ നമുക്ക് സമ്മാനിക്കുന്നുണ്ട്. ജോസഫിലെ അപ്പൻ നടന്ന കനൽവഴിയുടെയും മേരിയിലെ അമ്മ തിന്ന തീയുടെയും ഫലമാണ് കാലിത്തൊഴുത്തിലെ ക്രിസ്തു. നീതിമാൻ എന്ന ഒറ്റവാക്കുകൊണ്ടാണ് ജോസഫിനെ ബൈബിൾ അലങ്കരിക്കുക. സുകൃതം ചെയ്ത മനുഷ്യസ്‌നേഹിയെന്ന മറ്റൊരു വ്യഖ്യാനവും നമുക്കിതിനോട് ചേർത്ത് വായിക്കാവുന്നതേയുള്ളു. ഒത്തിരി സ്വപ്‌നങ്ങൾ കണ്ടിരുന്ന മനുഷ്യൻ. തന്റെ വധുവിനെ കുറിച്ചും ഭാവിജീവിതത്തെ കുറിച്ചും ആയാൾ നെയ്തുകൂട്ടിയ സ്വപ്‌നങ്ങളെല്ലാം ഞൊടി നേരം കൊണ്ട് തകരുമ്പോഴും ആ മനുഷ്യൻ തളരുന്നില്ല. തന്റെ ഭാര്യയാകാനൊരുങ്ങുന്ന സ്ത്രി ഗർഭിണിയാണെന്നറിയുമ്പോഴും പ്രതികരിക്കാതെ രഹസ്യമായി ഉപേക്ഷിക്കാനൊരുങ്ങുന്ന ജോസഫിന്റെ ഈ പ്രവൃത്തി മാത്രം മതി അയാളിലുള്ള നിഷ്‌കളങ്കതയുടെ ആഴമറിയാൻ.
മാനുഷികമായി ചിന്തിച്ചാൽ അസ്വസ്ഥതകളുടെ ഒത്ത നടുവിലിരുന്നാണ് ജോസഫ് ഉറങ്ങിയത്. മനുഷ്യനുറങ്ങുബോഴും അവനു കാവലിരിക്കുന്ന ദൈവം നൽകിയ സന്ദേശം വിശ്വസിച്ചവൻ, ദൈവനിയോഗത്തിന്റെ കാവൽക്കാരനായി. മേരിയിലെ അമ്മയാണ് എന്നെ ഏറെ അത്ഭുതപെടുത്തിയിട്ടുള്ള ഒരു സ്ത്രീ. വിവാഹത്തിന് മുൻപ് ഒരു സ്ത്രീ ഗർഭം ധരിക്കുക എന്നത് തന്നെ ചിന്തിക്കാനേ കഴിയില്ല.
സ്വതന്ത്രവും സമത്വവും അവകാശപ്പെടുന്ന നമ്മുടെ നാട്ടിലെ സ്ഥിതി ഊഹിക്കാവുന്നതേഉള്ളുവെങ്കിൽ നിയമം അച്ചട്ട് പാലിക്കുന്ന യഹൂദ സമൂഹത്തിലെ കാര്യം എന്തായിരിക്കും! പക്ഷേ, ദൈവഹിതത്തിന് അവൾ തലകുനിച്ചു സമ്മതിക്കുന്നു. മേരിയിലെ എല്ലാ ആശങ്കകളുടെയും ഏറ്റുപറച്ചിലായിരുന്നു സ്‌തോത്രഗീതം. ‘ഇതാ കർത്താവിന്റെ ദാസി’ ദൂതന് മുൻപിൽ ഏറ്റുപറഞ്ഞ ഈ വാക്ക് അവൾ അവസാനം വരെ പാലിച്ചു. അതുകൊണ്ടാണ് ജനനം മുതൽ മരണം വരെ ക്രിസ്തുവിന്റെ കൈയെത്തും ദൂരത്തു മേരിയുണ്ടായിരുന്നത്. കൂടെനിന്നവർ ഉപേക്ഷിച്ചാലും തന്റെ നിഴൽവെട്ടത്തു അമ്മയുണ്ടെന്ന ഉറപ്പായിരിക്കാം ക്രിസ്തുവിലെ മനുഷ്യഭാവത്തെ മുന്നോട്ടു നയിച്ചിരുന്നത്.
ആർഭാടങ്ങളെ ത്യജിച്ചു ദാരിദ്ര്യത്തെ പുൽകിയവന്റെ ഓർമ്മകൂടിയാണ് ക്രിസ്മസ്. അതുകൊണ്ടുതന്നെ പുൽക്കൂടിന്റെ ദാരിദ്ര്യം കാൽവരിവരെ അവനു കൂട്ടുണ്ടായിരുന്നുവെന്നു നമ്മൾ മറക്കരുത്. ക്രിസ്തുപിറവി ഇന്നും അവഗണനയുടെ നടുമുറ്റത്തുതന്നെയാണ്. പിറന്നു വീഴുന്ന കുഞ്ഞിന് അമ്മിഞ്ഞ പോലും നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ അവൻ ഇന്നും അവഗണനയുടെ ആൾരൂപമാണ്.
മുട്ടിയ വാതിലുകളെല്ലാം തുറക്കപ്പെടാതെ പടിയിറങ്ങേണ്ടി വന്നപ്പോൾ തൊഴുത്തെന്ന യാഥാർഥ്യം മേരിക്കും ജോസഫിനും മുൻപിൽ അഭയമായി. പത്രങ്ങളിലും ചാനലുകളിലും തുടർക്കഥയാകുന്ന ശിശുഹത്യകളും പീഡനങ്ങളും കാണുമ്പോൾ തിരിച്ചറിയുക കാലിത്തൊഴുത്തിന്റെ അഭയം പോലും ക്രിസ്തുവിനു ഇന്ന് അവകാശപ്പെടാനില്ല. കാത്തിരുന്നവന്റെ വരവ് തിരിച്ചറിയാതെ പോയതായിരുന്നു മാനവരാശിയുടെ പരാജയം. അതിനു കാരണങ്ങളും ഉണ്ട്. തങ്ങളെ രക്ഷിക്കുവാൻ വരുന്നവന്റെ ജനനം മാളികപ്പുരയിലാണ് അവർ പ്രതീക്ഷിച്ചിരുന്നത്. തെറ്റുപറ്റിയതും ഇവിടെയാണ്. ദൈവപദ്ധതിയെ മാനുഷിക വിചാരങ്ങളിൽ ഒതുക്കിനിർത്തി.
ഇന്നും നമ്മുടെ ചിന്തകൾക്ക് മാറ്റം അവകാശപ്പെടാനാകില്ല. തൊഴുത്തിൽ പിറന്നവനെ കൊട്ടാരത്തിൽ കാണുവാനാണ് നമുക്കിഷ്ട്ടം. കാലിത്തൊഴുത്തിലെ ക്രിസ്തു ക്രിസ്ത്യാനിക്ക് ഒരു കുറച്ചിലായി മാറിയിട്ടുണ്ടോ? ഉണ്ടെങ്കിൽ നമ്മുടെ ചിന്തകൾക്ക് ശുദ്ധീകരണം ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കരുണയുടെ വർഷത്തിൽ, ലക്ഷങ്ങൾ മുടക്കി പുൽക്കൂട് കെട്ടിയിരുന്ന ഒരു ഇടവക ഒന്നടങ്കം തീരുമാനിച്ചു, ഇനിമുതൽ ക്രിസ്മസിന് പുൽക്കൂട് നിർമാണം ചെലവ് ചുരുക്കി മതിയെന്ന്. ലക്ഷങ്ങൾ പിരിഞ്ഞുകിട്ടുന്ന പണം ഇടവകയിലെ പാവപ്പെട്ട വീട്ടുകാർക്ക് ക്രിസ്മസ് സമ്മാനമായി നല്കുവാനും പള്ളിപ്രതിനിധി യോഗം തീരുമാനിച്ചു. അപരന്റെ വേദനയറിഞ്ഞപ്പോൾ ഒരു ഇടവകയുടെ തന്നെ ക്രിസ്മസിന് അർത്ഥമുണ്ടായി. സ്വന്തം തീൻമേശയിലെ വിഭവങ്ങൾ അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലും പങ്കിടുന്ന മനുഷ്യരും നമുക്ക് ചുറ്റും ഉണ്ട്…അവഗണനയുടെ ദുഖവും പേറി നടക്കുന്ന സഹോദരനെ തിരിച്ചറിഞ്ഞു കിഴക്കുദിച്ച നക്ഷത്രത്തെ പിൻപറ്റി ക്രിസ്തുവിലേക്കുള്ള തീർത്ഥടനം നമുക്കരംഭിക്കം…
ലിജോ ജോസ് അരങ്ങാശേരി

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?