Follow Us On

29

March

2024

Friday

ദൈവം കരുണയാണ് എന്നുള്ളതാണ് ആദ്യത്തെ സത്യം: കർദ്ദിനാൾ ജോസഫ് ടോബിൻ

ദൈവം കരുണയാണ് എന്നുള്ളതാണ് ആദ്യത്തെ സത്യം: കർദ്ദിനാൾ ജോസഫ് ടോബിൻ

സഭയിൽ അടുത്തനാളിൽ കുടുംബങ്ങൾക്കുവേണ്ടിയുള്ള അപ്പസ്‌തോലിക പ്രമാണരേഖ പുറത്തിറങ്ങിയപ്പോൾ, ധാർമ്മികതയിൽ വിട്ടുവീഴ്ചയരുതെന്ന് വാദിച്ചവരും അജപാലനം അത്ര എളുപ്പമല്ലെന്ന് പ്രഘോഷിച്ചവരും തമ്മിൽ വലിയ സംഘർഷമുണ്ടായിരുന്നു. സ്വവർഗവിവാഹം, വിവാഹമോചിതർക്കുള്ള വിശുദ്ധകുർബാന സ്വീകരണം തുടങ്ങിയ കാര്യങ്ങളിൽ അജപാലന പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ ഫ്രാൻസിസ് പാപ്പ എടുത്ത നിലപാട് ധാർമ്മികതയിൽ വെള്ളം ചേർക്കലാണെന്നുപോലും പലരും വാദിച്ചു. സത്യവും, കരുണയും തമ്മിലുള്ള പോരാട്ടമായിട്ടാണ് പലരും അതിനെ വിശകലനം ചെയ്തത്. നരകത്തിൽ പോകാനുള്ള വഴികൾ കാണിച്ച് കരുണകാട്ടണോ എന്നു ചോദിച്ചവരുണ്ട്. പ്രമാണരേഖ ആഴത്തിൽ പഠനവിധേയമാക്കാത്തതാണ് വിശദീകരണങ്ങളിലുള്ള വീഴ്ചയ്ക്ക് കാരണം. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കർദിനാൾ ജോസഫ് വില്യം ടോബിൻ നൽകുന്ന അഭിമുഖത്തിൽ ഈ കാര്യങ്ങളിലേക്കും വെളിച്ചം വീശുന്നു. ദൈവം കരുണ കാണിക്കുന്നവനാണ് എന്നുള്ളതാണ് ഏറ്റവും വലിയ സത്യം! കർദ്ദിനാൾ ടോബിന്റെ ഉൾക്കാഴ്ച ആധുനിക ലോകത്തിൽ പ്രസക്തമാണ്.
രാജകുമാരൻ എന്നു വിളിക്കപ്പെടാനിഷ്ടപ്പെടാത്ത ഒരു കർദ്ദിനാൾ! ഐറിഷ്‌കാരിയായ സ്വന്തം അമ്മ അമേരിക്കയിലേക്ക് കുടിയേറിയപ്പോഴും, ഐറിഷ് ഭാഷയിലാണ് പ്രാർത്ഥിച്ചിരുന്നത് കാരണം, ”ദൈവത്തിന് ഇംഗ്ലീഷ് അറിയാമോ എന്ന് അമ്മയ്ക്ക് സംശയമുണ്ടായിരുന്നു.” ലളിതമായ വിശ്വാസത്തിന്റെയും ആഴമായ ബോധ്യങ്ങളുടെയും കലവറ തുറക്കുകയാണ് ഇന്ത്യാനപ്പോളിസ് ആർച്ച് ബിഷപ് സ്ഥാനം മാറി, നെവാർക് നഗരത്തിലെ പുതിയ അതിരൂപതാസ്ഥാനത്തേക്കെത്തുന്ന കർദ്ദിനാൾ ജോസഫ് വില്യം ടോബിൻ. പുതിയ രൂപതയിൽ 22 ഭാഷകളിൽ ദിവ്യബലികളുണ്ടെന്ന് പറയുമ്പോൾ ദൈവാരാധനയ്ക്കായി ഹൃദയത്തിന്റെ ഭാഷകളെ തിരഞ്ഞെടുക്കാനുള്ള ആഹ്വാനം കൂടി നൽകുന്നു പുതിയ കർദിനാൾ. റിഡംപ്‌റ്റോറിസ്റ്റ് സന്യാസ സഭാംഗം കൂടിയായ കർദിനാൾ തന്റെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവയ്ക്കുന്നു. പുതിയ വെല്ലുവിളികളിൽ അദേഹം എടുത്തുകാട്ടുന്നത് ഇവയാണ്: പാവപ്പെട്ടവരോട് സുവിശേഷം പറയാൻ നമുക്കാവണം. വിവിധ സംസ്‌കാരങ്ങളുടെ സൗന്ദര്യം എല്ലാവരും മനസിലാക്കണം. ഏകരക്ഷകനായ യേശുവിന്റെ സ്‌നേഹം എല്ലാവരും അറിയുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കേണ്ടിയിരിക്കുന്നു. അഭിമുഖത്തിൽനിന്ന്…
അങ്ങ് ഇപ്പോൾ സഭയുടെ രാജകൂമാരൻ എന്നുകൂടി വിളിക്കപ്പെടാൻ തുടങ്ങുകയാണ്. സഭയ്ക്ക് ഇപ്പോഴും രാജകുമാരന്മാരെ ആവശ്യമുണ്ടോ?
ഞാൻ സഭയിലെ രാജകുമാരനല്ല. അങ്ങനെയുള്ള ഒരു വിളിപ്പേരിനോട് എനിക്ക് താല്പര്യമില്ല. സഭയ്ക്കാവശ്യം മിഷനറിമാരെയാണ്. അങ്ങനെയാണ് എന്നെ വിളയിരുത്തുന്നതും. പരിശുദ്ധപിതാവ് കർദ്ദിനാളന്മാരുടെ ഗണത്തിലേക്ക് എന്നെ വിളിക്കുമ്പോൾ അത് മിഷനറി ചൈതന്യം ഊട്ടിയുറപ്പിക്കുന്നതിനുള്ള വിളികൂടിയാണ്.
മുമ്പ് അമേരിക്കൻ സഭയിൽ ഉണ്ടാകുന്ന വിഭാഗീയതകളെക്കുറിച്ച് അങ്ങ് സംസാരിച്ചിരുന്നു. ഈ വിഭാഗീയതയുടെ ഉറവിടം എവിടെയാണ്?
ആശയപരമായ വിഭജനങ്ങളെക്കുറിച്ചാണ് ഞാൻ അന്ന് സംസാരിച്ചത്. തങ്ങളുമായി യോജിക്കുന്നവരോടും, ഒരേ സംസ്‌കാരത്തിലുള്ളവരോടും മാത്രം സംസാരിക്കുവാനും ഇടപഴകുവാനും ജനങ്ങൾ ആഗ്രഹിച്ചുതുടങ്ങുമ്പോഴാണ് വിഭാഗീയത ഉടലെടുക്കുന്നത്. അങ്ങനെ തുരുത്തുകളായി ദൈവജനം മാറുന്നു. ഈ പ്രവണത അമേരിക്കൻ സമൂഹങ്ങളിൽ പ്രബലമാണ്. ഒരു വിഭാഗം ആളുകൾ അവരുമായി ഏതെങ്കിലും രീതിയിൽ ബന്ധപ്പെട്ടുകിടക്കുന്നവരോട് മാത്രം ഇടപഴകി ജീവിക്കാനിഷ്ടപ്പെടുന്നു. ഭാഷയോ, സംസ്‌കാരമോ, ജീവിതരീതിയോ, സ്വന്തം നാടോ എന്തുമാവട്ടെ ഇത്. ഇത്തരം പ്രവണതകൾ സഭാമക്കളിൽ ഉരുത്തിരിയുമ്പോൾ അതിനെ ഗൗരവത്തോടെ നാം വീക്ഷിക്കേണ്ടിയിരിക്കുന്നു.
പാപ്പയുടെ ആരാധകരും അല്ലാത്തവും എന്ന വേർതിരിവും ഇവിടെയുണ്ടല്ലോ?
പരിശുദ്ധ പിതാവിനെ എതിർക്കുന്നവരും അനുകൂലിക്കുന്നവരുമുണ്ട്. ഞാൻ പറയും ലോകം മുഴുവനുമുള്ള വിശ്വാസികളുടെ പ്രതീക്ഷകളെ ഐക്യപ്പെടുത്തുകയാണ് പാപ്പ ചെയ്യുന്നത്. ഫ്രാൻസിസ് പാപ്പയോട് എതിർപ്പുള്ളവർ വളരെ ചെറിയൊരു വിഭാഗമാണെന്നാണ് ഞാൻ മനസിലാക്കുന്നത്. പക്ഷേ, അങ്ങനെയും ആളുകൾ ഉണ്ടെന്നുള്ളതും വേദനാജനകമാണ്.
ഡോണൾഡ് ട്രംപിന്റെ വിജയത്തെ എങ്ങനെ കാണുന്നു?
പലപ്പോഴും പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ വാക്കുകൾ അമേരിക്കയെ ഐക്യപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നില്ല. വിഭജനം സൃഷ്ടിക്കാൻ സഹായിക്കുന്നവയായിരുന്നു. തിരഞ്ഞെടുപ്പിൽ അത് വിജയകരമായി ഉപയോഗിക്കാനും അദ്ദേഹത്തിനായി. പക്ഷേ, ഈ വിഭജനങ്ങളെ ഉപയോഗിക്കാൻ പറ്റിയതിന് പിന്നിൽ വിഭാഗീയമായി ചിന്തിക്കുന്ന ജനങ്ങൾ തന്നെയാണ്. നേരത്തെ വിഭജനങ്ങളുണ്ടായിരുന്നതിനാലാണ് അത് തിരഞ്ഞെടുപ്പിൽ ഗുണമായത്. 20 വർഷത്തോളം അമേരിക്കയ്ക്ക് പുറത്തായിരുന്നു ഞാൻ. പക്ഷേ, മടങ്ങിവന്നപ്പോൾ എന്നെ ഏറെ വിഷമിപ്പിച്ചതും ഈ വിഭാഗീയതയും വിഭജനങ്ങളും, ആശയപരവും സാംസ്‌കാരികവുമായ പോരാട്ടങ്ങളുമാണ്.
കുടിയേറ്റവുമായി ബന്ധപ്പെട്ട് ട്രംപും ഫ്രാൻസിസ് പാപ്പയും തമ്മിൽ നടന്ന ആശയസംവാദങ്ങളെക്കുറിച്ച്?
ഞാനും കുടിയേറ്റക്കാരുടെ ചെറുമകനാണ്. എന്റെ വല്ല്യമ്മച്ചി അയർലണ്ടിൽനിന്നായിരുന്നു. പ്രാർ്ത്ഥിക്കുന്നതുപോലും ഐറിഷിലായിരുന്നു. അതു ചോദിച്ചപ്പോൾ ദൈവത്തിന് ഇംഗ്ലീഷ് അറിയാമോ എന്ന സംശയമുണ്ടായിരുന്നു എന്നാണ് അമ്മച്ചി പറഞ്ഞുതന്നത്. യുവാവായ വൈദികനായിരിക്കുമ്പോൾ അനേകം കുടിയേറ്റ സമൂഹങ്ങളിൽ ശുശ്രൂഷ ചെയ്യുവാൻ എനിക്ക് അവസരം ലഭിച്ചു. സ്പാനീഷ്, അറബിക്, ജോർദ്ദാൻ, സിറിയൻ സമൂഹങ്ങളും അതിൽപെടുന്നു. ഗവൺമെന്റ് കുടിയേറ്റക്കാർക്കെതിരെ നിലകൊള്ളുമ്പോൾ സഭയുടെ നിലപാടുകൾ ഉയർത്തിപ്പിടിക്കാൻ ഇതെന്നെ ഏറെ സഹായിച്ചിട്ടുമുണ്ട്.
ട്രംപ് പ്രോ ലൈഫ് ആയിരിക്കുമെന്ന് വിശ്വസിക്കുന്നവരുണ്ട്. അദ്ദേഹത്തെ പാടേ എതിർക്കുന്നവരുമുണ്ട്. എന്താണ് അങ്ങേയ്ക്ക് പറയുവാനുള്ളത്?
പൗലോസ് ശ്ലീഹാ പറയുന്നതുപോലെ ഭരണാധികാരികൾക്കുവേണ്ടി പ്രാർത്ഥിക്കുക. അതാവണം തുടക്കം. ട്രംപിന്റെ പദ്ധതികൾ എനിക്കും വ്യക്തമല്ല. ഒരു സ്ഥാനാർത്ഥിയെന്ന നിലയിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. ജീവന്റെ മൂല്യത്തെക്കുറിച്ചും അവ്യക്തതയുണ്ടായിരുന്നു. നമുക്ക് കാത്തിരുന്ന് കാണാം. ഓരോ വ്യത്യസ്ത തീരുമാനങ്ങളെ വ്യത്യസ്തമായിത്തന്നെ വിലയിരുത്തണം. അതിന്റെ അനുകൂലവും പ്രതികൂലവുമായ കാരണങ്ങളെക്കുറിച്ചും ഫലങ്ങളെക്കുറിച്ചും സഭ വിലയിരുത്തും. ഏറെയധികമായി നല്ല തീരുമാനങ്ങളുണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കാം.
കുടുംബങ്ങളെക്കുറിച്ചുള്ള അപ്പസ്‌തോലിക പ്രമാണരേഖയിന്മേൽ ഉണ്ടായിട്ടുള്ള വാഗ്വാദങ്ങളെക്കുറിച്ചും, അതിന്റെ വെല്ലുവിളികളെക്കുറിച്ചും…
വിശുദ്ധ അൽഫോൻസ് ലിഗോരി പറയുന്നതുപോലെ സഭാപഠനങ്ങൾ കൂടുതൽ ആഴത്തിൽ പഠിക്കാത്തതാണ് ആശയക്കുഴപ്പങ്ങൾക്ക് കാരണം. കുമ്പസാരക്കാർ കാര്യങ്ങൾ പഠിക്കാതെയും, ദൈവശാസ്ത്രജ്ഞർ കുമ്പസാരം കേൾക്കാതെയും ഇരിക്കുന്നതാണ് അജപാലന പ്രശ്‌നങ്ങളിന്മേലുള്ള സഭാരേഖകളെക്കുറിച്ച് വാഗ്വാദങ്ങളുണ്ടാകാൻ കാരണം. ഏറെ ചർച്ചകൾക്കും വിശകലനങ്ങൾക്കും ഒടുവിലാണ് ഒരു പ്രമാണരേഖ തയ്യാറാക്കപ്പെടുന്നത്. പരിശുദ്ധപിതാവ് പെട്ടന്ന് എഴുതി തയ്യാറാക്കി നൽകുന്ന പ്രസംഗമല്ല അത്. പിന്നെ, എല്ലാ പ്രശ്‌നങ്ങൾക്കും ഗുളിക രൂപത്തിലുള്ള ഉത്തരം നൽകാൻ ആർക്കുമാവണമെന്നില്ല. ദൈവഹിതം ഓരോ സാഹചര്യങ്ങളിലും തിരിച്ചറിയപ്പെടേണ്ടിയിരിക്കുന്നു. ഒരു റിഡംപ്‌റ്റോറിസ്റ്റ് വൈദികനെന്ന നിലയിൽ അൽഫോൻസ് ലിഗോരിയെ ഞാൻ മനസിലാക്കുന്നതിങ്ങനെയാണ്. പഠനം മാത്രമായി ചിലപ്പോൾ ജനങ്ങളുടെ അജപാലന വിഷയങ്ങൾ നമുക്ക് കൈകാര്യം ചെയ്യാനാവില്ല. ഓരോ വ്യക്തിയുടെയും ജീവിതസാഹചര്യത്തെ അടുത്തറിയണം. ശരി, തെറ്റ് എന്നുള്ള വിശകലനത്തോടെ ഒന്നിനെയും പൂർണമായി സമീപിക്കാനുമാവണമെന്നില്ല. അത്തരമൊരു അജപാലന കാഴ്ചപ്പാടിലേക്കാണ് കുടുംബങ്ങളെക്കുറിച്ചുള്ള പ്രമാണരേഖ വിരൽചൂണ്ടുന്നത്. മനുഷ്യനെ ആഴത്തിൽ മനസിലാക്കാനും അവരുടെ ബലഹീനതകളെ കൂടുതൽ അജപാലനപരമായി മനസിലാക്കാനും സഭാനേതൃത്വത്തിന് കഴിയണം. ബനഡിക്ട് പാപ്പ പറയുന്നതുപോലെ, സത്യം നമ്മുടെ കരങ്ങളിലല്ല, നാം സത്യത്തിന്റെ കരങ്ങളിലാണ്. ദൈവത്തിന്റെ മനസിലെ സത്യം ചിലപ്പോൾ കരുണാമസൃണമായിരിക്കും. അതിനാൽ കരുണാവർഷം ആഗ്രഹിക്കുന്നത് ആഴത്തിലുള്ള ഈ മനസിലാക്കലിനെയാണ്. ദൈവം കരുണാവാരിധിയാണെന്നുള്ളതാണ് സകലരും അറിയേണ്ട ആദ്യത്തെ സത്യം. വീഴ്ചകളിൽനിന്ന് കരംപിടിച്ചുയർത്താൻ അവിടുത്തേക്കാകും. അജപാലന, ധാർമ്മിക വിഷയങ്ങളിന്മേലുള്ള ആശയക്കുഴപ്പങ്ങൾ പരിഹരിക്കുവാൻ ഈ പ്രമാണരേഖയുടെ ആഴത്തിലുള്ള പഠനം സഹായിക്കും.
ജിന്റോ മാത്യു

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?