Follow Us On

29

March

2024

Friday

മനുഷ്യനല്ല സൃഷ്ടിയുടെ ഉടമ

മനുഷ്യനല്ല സൃഷ്ടിയുടെ ഉടമ

വത്തിക്കാൻ സിറ്റി: ദൈവത്തിന്റെ ദാനമായ സൃഷ്ടിയുടെ ഉടമയല്ല മനുഷ്യകുലമെന്നും സൃഷ്ടിയെ ചൂഷണം ചെയ്യാൻ മനുഷ്യന് അധികാരമില്ലെന്നും ഫ്രാൻസിസ് മാർപാപ്പ. ശാസ്ത്ര സാങ്കേതികവിദ്യകൾ മനുഷ്യനിലും പ്രപഞ്ചത്തിലും ചെലുത്തുന്നു സ്വാധീനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസ് വിളിച്ചുചേർത്ത് കോൺഫ്രൻസിൽ പ്രസംഗിച്ചപ്പോഴാണ് പാപ്പ ഇക്കാര്യം പങ്കുവച്ചത്. പ്രശസ്ത ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിൻസ് ഉൾപ്പെടെ നിരവധി വിദഗ്ധർ കോൺഫ്രൻസിൽ പങ്കെടുത്തു.
എല്ലാ ദിവസവും തുടച്ചു വൃത്തിയാക്കി സൂക്ഷിക്കുന്നതിനായി ദൈവം ഭരമേൽപ്പിച്ച ഒരു മ്യൂസിയമല്ല ഭൂമിയെന്ന് പാപ്പ പറഞ്ഞു. മറിച്ച് ഭൂമിയുടെയും മനുഷ്യജീവന്റെയും ജൈവവൈവിധ്യത്തിന്റെയും സംരക്ഷണത്തിലും വളർച്ചയിലും മനുഷ്യൻ പങ്കാളിയാണ്. പ്രകൃതിയുടെ ഉടമകളാണ് തങ്ങളെന്നും അതിനെ എങ്ങനെയും ചൂഷണം ചെയ്യാനുള്ള അധികാരം തങ്ങൾക്കുണ്ടെന്നുമുള്ള ധാരണയിലാണ് ആധുനിക മനുഷ്യൻ വളർന്നുവന്നത്. നിർജീവമായ വസ്തു കണക്കെ പരിണാമപ്രക്രിയയുടെ നിയമങ്ങളോ മറഞ്ഞിരിക്കുന്ന സാധ്യതകളോ പരിഗണിക്കാതെ നടത്തിയ ചൂഷണത്തിലൂടെ മറ്റ് പല നഷ്ടങ്ങളോടൊപ്പം ജൈവവൈവിധ്യവും ഭൂമിക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നു.
അതുകൊണ്ട് പാരിസ്ഥിതികമായ മാനസാന്തരം ആവശ്യമാണെന്ന് പാപ്പ തുടർന്നു. സൃഷ്ടിയുടെയും അതിന്റെ വിഭവങ്ങളുടെയും പരിപാലനത്തിൽ തങ്ങൾക്കുള്ള ഉത്തരവാദിത്വം ജനങ്ങൾ തിരിച്ചറിയുമ്പോഴാണ് ഇത് സാധ്യമാകുന്നത്. ദാരിദ്ര്യവും അസന്തുലിതാവസ്ഥയും പാർശ്വവൽക്കരണവും ഒഴിവാക്കി സാമൂഹ്യ നീതി ഉറപ്പാക്കുവാൻ ഇതിലൂടെ സാധിക്കും. നിലനിൽക്കുന്ന വികസനമാതൃകയിൽ ഭൂമിയുടെയും മനുഷ്യരുടെയും പരിപാലന വേർതിരിച്ച് കാണാനാവില്ല; പാപ്പ വിശദീകരിച്ചു.
പൊതുനന്മയ്ക്കായി രൂപീകരിച്ച മിക്ക അന്താരാഷ്ട്ര പദ്ധതികൾക്കും ദുർബലമായ പിന്തുണ മാത്രമെ ലഭിക്കുന്നുള്ളൂവെന്ന് പാപ്പ പറഞ്ഞു. ശാസ്ത്രീയ അടിത്തറയുള്ള ഉപദേശങ്ങൾ നിരാകരിച്ച് സാമ്പത്തിക താൽപ്പര്യങ്ങൾ പരിഗണിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പ്രകൃതിയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമങ്ങൾ അംഗീകരിക്കുന്നതിലും പാലിക്കുന്നതിലും രാജ്യങ്ങൾ കാണിക്കുന്ന ഉദാസീനത ഇതിനുദാഹരണമായി പാപ്പ ചൂണ്ടിക്കാണിച്ചു. നവീന സാങ്കേതിക-സാമ്പത്തിക സംവിധാനം പ്രകൃതിയും നീതിയും സ്വാതന്ത്ര്യവും സഹവർത്തിത്വവും സ്ഥിരമായി നശിപ്പിക്കുന്ന പുതിയ ശക്തിസ്രോതസ്സുകൾ സൃഷ്ടിക്കുന്നതിന് മുമ്പായി പ്രകൃതിയുടെ സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന അതിർവരമ്പുകളുടെ പട്ടികയും അവ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്ന സംവിധാനങ്ങളും ശാസ്ത്രജ്ഞർ കൂട്ടായ പ്രവർത്തനത്തിലൂടെ കണ്ടെത്തണമെന്ന് പാപ്പ ആഹ്വാനം ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?