Follow Us On

28

March

2024

Thursday

ന്യൂസിലണ്ട് സീറോ മലബാർ വിശ്വാസ സമൂഹം വിശ്വാസ വളർച്ചയുടെ പാതയിൽ

ന്യൂസിലണ്ട് സീറോ മലബാർ വിശ്വാസ സമൂഹം വിശ്വാസ വളർച്ചയുടെ പാതയിൽ

ന്യൂസിലണ്ട്: മാതൃദേശത്തു നിന്ന് ഏകദേശം ഒരു പകൽ ദൂരെ, ഓരോ ദിവസവും ഭൂമിയിൽ ഉദയസൂര്യന്റെ ആദ്യ കിരണങ്ങൾ പതിയുന്ന ന്യൂസിലാണ്ടിലെ ജനസമൂഹത്തിന്റെ മദ്ധ്യത്തിൽ, വിദ്യാഭ്യാസം തേടിയും ജോലി തേടിയും എത്തിയ സീറോ മലബാർ വിശ്വാസികൾ വിശ്വാസ വളർച്ചയുടെ പാതയിലാണ്. അധികം പിന്നോട്ട് ചരിത്രമില്ലാത്ത ന്യൂസിലണ്ട് 700 വർഷങ്ങൾക്ക് മുമ്പ് പോളിനേഷ്യ ദീപസമൂഹങ്ങളിൽ കഴിഞ്ഞിരുന്ന മാവുറി എന്ന ഗോത്രവർഗക്കാർ 2200 കിലോമീറ്റർ നീണ്ടു കിടക്കുന്ന ന്യൂസിലാണ്ട് ദിപസമൂഹത്തിൽ എത്തിയപ്പോൾ മുതലാണ് ഈ രാജ്യത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. 1642 ൽ ഡച്ച് സമൂഹവും 1769 ൽ ക്യാപ്റ്റൻ കുക്കിന്റെ നേതൃത്വത്തിൽ പാശ്ചാത്യ സമൂഹവും കുടിയേറ്റം ഇവിടെ ആരംഭിച്ചു. നാട്ടിലുണ്ടായിരുന്ന ഗോത്രവർഗ്ഗക്കാരുടെ മേൽ ആധിപത്യം ഏറ്റെടുത്തു ഇംഗ്ലീഷുകാർ വികസിപ്പിച്ചെടുത്ത രാജ്യം. പ്രകൃതി രമണീയതയിൽ ലോകത്തിലെ ഏറ്റവും സുന്ദരമായ രാജ്യം. മലയാളികൾക്ക് ഇവിടെ കാൽ നൂറ്റാണ്ടിനകത്തെ ചരിത്രമെയുളളു.
ബിഷപ്പ് ജീൻ ബാപ്റ്റിസ്റ്റ് പൊമ്പല്ല്യാർ
1820ൽ ബ്രിട്ടീഷുകാരായ വ്യക്തമായിപറഞ്ഞാൽ ഐറിഷ് കത്തോലിക്കാ മിഷനറിമാർ ഇവിടെ ആദ്യമായി പ്രവർത്തനം ആരംഭിച്ചു 1838ൽ ബിഷപ്പ് ജീൻ ബാപ്റ്റിസ്റ്റ് പൊമ്പല്ല്യാർ പടിഞ്ഞാറൻ ഓഷ്യാനയുടെ വികാരി അപ്പൊസ്തലേറ്റ് ആയി ചുമതലയേറ്റെടുത്ത് ഇവിടെ എത്തി. ന്യൂസിലണ്ട് കേന്ദ്രീകരിച്ചായിരുന്നു പിതാവിന്റെ പ്രവർത്തനങ്ങൾ നടത്തിയത്. അതിന്റെ ഫലമായി ഇവിടത്തെ ആദിവാസി സമൂഹമായ മാവൂറികളുടെ ഇടയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. വളരെപ്പേർ മാമോദീസ സ്വീകരിച്ചു. അദ്ദേഹം ഒരു പ്രിന്റിംഗ് പ്രസ്സ് സ്ഥാപിച്ച് മാവൂറി ഭാഷയിൽ ബുക്കുകൾ പ്രിന്റ് ചെയ്തു അവർക്ക് വിതരണം ചെയ്തു.
3000 ത്തോളം ബുക്കുകളും ലഘുലേഖകളും മാവൂറി, ഇംഗ്ലീഷ് ഭാഷയിലും അദ്ദേഹം അച്ചടിച്ച് വിതരണം ചെയ്തു. 1842ൽ അദ്ദേഹം മാവൂറി ഭാഷയിൽ വേദോപദേശവും അത്യാവശ്യ സഭാനിയമങ്ങളും ക്രമങ്ങളും ഒക്കെ എഴുതി പ്രിന്റ് ചെയ്തു. 1877 ആദ്യപള്ളി സ്‌കൂൾ ആരംഭിച്ചു. ന്യൂസിലണ്ടിൽ എത്തിയ ഇംഗ്ലീഷുകാർ ഇന്ത്യയിൽ ചെയ്തതു പോലെ പൂർണ്ണഅധികാരം സ്ഥാപിക്കാൻ ഒരുങ്ങിയപ്പോൾ ബിഷപ്പ് പൊമ്പല്ല്യാർ അതിനെ ശക്തമായി എതിർത്തു. പിതാവിന്റെ തീവ്രശ്രമത്തിന്റെ ഫലമായി മാവൂറികൾക്ക് ഇവിടെ അധികാരത്തിൽ പ്രത്യേക അവകാശങ്ങൾ സ്ഥാപിക്കാൻ സാധിച്ചു. തൽഫലമായി മാവൂറികൾക്ക് അദ്ദേഹത്തോടും കത്തോലിക്കാ സഭയോടും വലിയ നന്ദിയും കടപ്പാടും ഇന്നും അവർ പ്രകടിപ്പിക്കാറുണ്ട്. ബിഷപ്പ് പൊമ്പല്ല്യാർ 30 വർഷത്തെ കഠിനമായ ശുശ്രൂഷക്ക് ശേഷം 1868ൽ 67ാമത്തെ വയസ്സിൽ സ്വദേശമായ ഫ്രാൻസിലേക്ക് തിരികെ പോയി. ക്ഷീണിതനായിരുന്ന അദ്ദേഹം 1871ൽ ദിവംഗതനായി.
ന്യൂസിലണ്ടിലെ രൂപതകളുടെയും വിശ്വസികളുടെയും നിരന്തരമായ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ ന്യൂസിലണ്ടിലേക്ക് 2002 ൽ തിരികെ കൊണ്ടുവന്നു. ന്യൂസിലണ്ടിലെ വിശ്വാസികൾക്ക് ആദരവ് പ്രകടിപ്പിക്കാൻ എല്ലാ രൂപതകളിലും അത് ആഘോഷമായി കൊണ്ടുപോയശേഷം അറ്ററോവ, സെന്റ് മേരീസ് ദൈവാലയത്തിൽ സംസ്‌ക്കരിച്ചു. ന്യൂസിലണ്ടിലെ സഭയുടെ അനിഷേധ്യശിൽപ്പിയെ സഭ അങ്ങനെ ആദരിച്ചു.
2013 ലെ സെൻസസ് പ്രകാരം ജനസംഖ്യയുടെ 12.61 ശതമാനം കത്തോലിക്കാ സഭാവിശ്വാസികൾ ഇവിടെയുണ്ട്. ജനസംഖ്യയുടെ 48 ശതമാനം ക്രൈസ്തവരാണ്. പക്‌ഷെ അതിൽ വളരെ കുറച്ചു ശതമാനം മാത്രമെ ദൈവാലയങ്ങളിൽ എത്താറുള്ളു എന്നതാണ് ഖേദകരമായ അവസ്ഥ. 540 നു മേൽ വൈദികരും 1400 ഓളം സന്യാസി സന്യാസിനികളും ഇന്ന് ഈ സഭയിൽ സേവനം അനുഷ്ടിക്കുന്നുണ്ട്. മദ്യത്തിന്റെയുംം മ്ലേഛതയുടെയും അതിപ്രസരണത്തിൽ, അവ നൽകുന്ന മാസ്മരികതയിൽ തകരുന്ന തലമുറകൾ വളരെയാണ്. ഇതിനിടയിലാണ് വിശ്വസികളായ കത്തോലിക്കർ അനുഗ്രഹദായകമായ ജീവിതം നയിക്കുന്നത്.
സീറോ മലബാർ വിശ്വാസ സമൂഹം
മാർത്തോമ്മായുടെ വിശ്വാസ ചൈതന്യവുമായി കാലുകുത്തിയ സീറോമലബാർ സമൂഹം, പ്രതിസന്ധികളുടെ മദ്ധ്യത്തിൽ, നിലനിൽപ്പിന്റെ കഠിന പോരാട്ടത്തിനിടയിലും തങ്ങളുടെ വിശ്വാസ പൈതൃകം നിലനിറുത്തി വളരുന്നു. സമ്പത്തിന്റെയും ആധുനികതയുടെയും മാസ്മരികവലയത്തിൽ പെട്ട് ദൈവത്തിനും ദൈവാലയത്തിനും പ്രാധാന്യം നൽകാതെ മദ്യത്തിലും മ്ലേച്ഛതയിലും പെട്ട്,, നാടിനെയും വിശ്വാസത്തെയും മറന്ന് ജീവിക്കുന്നവർ ഇവിടെ ധാരാളമുണ്ടെങ്കിലും, വിശ്വാസത്തിൽ ഉറച്ചുനില്ക്കുന്ന വിശ്വാസി സമൂഹം വളരെ തീക്ഷ്ണതയിൽ വളരുന്നു. ന്യൂസിലാണ്ടിലെ കത്തോലിക്ക രൂപതകളായ ഓക്കലണ്ട്, ഹാമിൽട്ടൺ, വെല്ലിംഗ്ടൺ, ക്രൈസ്റ്റ്ചർച്ച്, ഡണഡിൻ , പാമേർസൺ നോർത്ത് ഇവിടങ്ങളിലെല്ലാം സീറോ മലബാർ സമൂഹങ്ങളുണ്ട്. പ്രധാന സിറ്റികളിലെല്ലാം തന്നെ സീറോ മലബാർ തനിമയിലുള്ള മലയാളം കുർബ്ബാനകളുണ്ട്.
ലത്തീൻ ദൈവാലയങ്ങളിൽ സീറോ മലബാർ കുർബ്ബാനയ്ക്കു വേണ്ടതായ ബേമായും മറ്റ് ഒരുക്കങ്ങളും നടത്താനും വി. കുർബ്ബാനയ്ക്കുശേഷം ദൈവാലയത്തിലെ ക്രമീകരണങ്ങൾ പൂർവ്വസ്ഥിതിയിലേയ്ക്ക് എത്തിക്കുന്നതും ശ്രമകരമാണ്. മലയാള സീറോമലബാർ സമൂഹങ്ങൾ എല്ലാം തന്നെ നൊവേനകളും വണക്കമാസങ്ങളും ഒക്‌ടോബർ ജപമാലയും ദൈവാലയത്തോടനുബന്ധിച്ചുള്ള കുടുംബകൂട്ടായ്മകളിൽ വളരെ സജീവമാണ്. വിദേശങ്ങളിലെ പ്രാർത്ഥനാകൂട്ടായ്മയ്ക്ക് ശേഷം മദ്യസേവയുള്ളതായി കേട്ടിരുന്നു. എന്നാൽ വിഭിന്നമായ അനുഭവമാണ് അനുഭവപ്പെട്ടത്. ഹാമിൽട്ടൺ രൂപതയിലെ സീറോമലബാർ സമൂഹത്തിന്റെ ജപമാല പ്രാർത്ഥനയിൽ പല കുടുംബങ്ങളിലും പങ്കെടുക്കാൻ ഭാഗ്യം ലഭിച്ചു. 20 നുമേൽ പുരുഷന്മാർ കൂട്ടായ്മയിൽ മുഴുവൻ സമയവും മുട്ടിന്മേൽ നിന്ന് തീക്ഷ്ണതയോടെ പ്രാർത്ഥിക്കുന്നത് കണ്ടു. ജപമാലയും ബൈബിൾ വായനയും മാദ്ധ്യസ്ഥ പ്രാർത്ഥനയും ഗാനാലാപനവും ഒക്കെയായി ഒരു മണിക്കൂർ വരെ കൂട്ടായ്മ നീളും. അവർക്ക് സ്വർഗ്ഗം തുറക്കാൻ തക്ക വിശ്വാസ തീക്ഷ്ണതയുള്ളതായി അനുഭവപ്പെട്ടു.
ദൈവാലയങ്ങളിലെ തിരുക്കർമ്മങ്ങളിലെല്ലാം കുടുംബം ഒന്നായി വരുന്നു. അവസാനഗാനം തീരുന്നതുവരെ ഏകാഗ്രതയോടെയുള്ള ബലിയർപ്പണം നാട്ടിൽ കാണാത്തതെന്ന് ചിന്തിച്ചുപോയി. വിശുദ്ധരുടെ തിരുനാളുകൾ, ദുക്‌റാന തിരുന്നാൾ, വളരെ ആഘോഷത്തോടെ 9 ദിവസത്തെ നൊവേനയോടെ ഒക്കെ നടത്തുന്നു. തിരുന്നാളുകളിൽ പ്രദക്ഷണിവും ഒക്കെ സജീവം തന്നെ.
സീറോ മലബാർ വിശ്വാസ സമൂഹങ്ങളിലെല്ലാം വി. കുർബ്ബാനയ്ക്കു മുമ്പ് സൺഡേ സ്‌കൂൾ വളരെ പ്രാധാന്യത്തോടെ നടത്തിവരുന്നു. ഞായറാഴ്ചകളിൽ 2 മണിക്കൂർ സമയം ഇതിനായി മാറ്റിവച്ചിരിക്കുന്നു. കുട്ടികളുടെ വിശ്വാസ വളർച്ചയ്ക്ക് 3 ദിവസ വിശ്വാസ പരിശീലനക്യാമ്പുകൾ വിവിധ സ്ഥലങ്ങളിൽ വച്ച് നടത്തിവരാറുണ്ട്. 2016 ലേ ക്യാമ്പുകൾ കുളത്തുവയൽ സിസ്റ്റേഴ്‌സാണ് നടത്തിയത്. കുട്ടികൾക്കും യുവാക്കൾക്കുമായി നാഷണൽ ബൈബിൾ ക്വിസ് മത്സരം വർഷം തോറും നടത്തിവരുന്നുണ്ട്. നവീകരണ ധ്യാനങ്ങളും പ്രാർത്ഥനാ കൂട്ടായ്മകളും പതിവായി നടത്താറുണ്ട്.
പസഫിക് മഹാസമുദ്രത്തിലെ ദീപ് സമൂഹമായ ന്യൂസിലാണ്ടിൽ 1999 കളിലാണ് മലയാളികൾ എത്തിത്തുടങ്ങിയത്. സീറോമലബാർ മലയാളികൾക്ക് അവരുടെതായ ശൈലിയിൽ വി. കുർബ്ബാന അർപ്പിക്കാനും, അവരുടെ അജപാലന ദൗത്യം നിർവഹിക്കാനും മലയാളി വൈദികരെ നിയോഗിക്കണമെന്ന് അന്നത്തെ വിശ്വാസികൾ ഓക്കലണ്ട് രൂപതയുടെ മെത്രാനായ ബിഷപ് പാട്രിക് ഡണിനോട് അഭ്യർത്ഥിച്ചതിൻ പ്രകാരമാണ് സി.എസ്.എസ്. ആർ. സന്യാസ സമൂഹത്തെ അഭിവന്ദ്യ പിതാവ് ക്ഷണിച്ചു.
അത് സ്വീകരിച്ച് 2006 ലാണ് ഈ സന്യാസ സമൂഹം സീറോ മലബാർ സമൂഹത്തിന്റെ ചുമതലയേറ്റത്. അഭിവന്ദ്യ മാർ ബോസ്‌ക്കോ പുത്തൂർ മെത്രാന്റെ ആത്മീയനേത്യൂത്വത്തിൽ സഭ ഇന്ന് വളർന്നു. ഇപ്പോൾ ബഹു. ജോയി തോട്ടക്കര സി.എസ്.എസ്. ആർ സീറോ മലബാർ സമൂഹത്തിന്റെ കോഓർഡിനേറ്ററായി സേവനം അനുഷ്ഠിച്ചു വരുന്നു. ഓക്കാലണ്ടിൽ ഫാ. ജോബിൻ വന്ന്യംപറമ്പിൽ സി.എസ്.എസ്. ആർ സഹായിയായി വർത്തിക്കുന്നു. 15 ഓളം മലയാളി വൈദികർ ഇന്ന് ന്യൂസിലാണ്ടിൽ ശുശ്രൂഷയിലുണ്ട്. സി.എസ്.എസ്.ആർ, സി.എം.ഐ, വി.സി, എം.സി.ബി.എസ്,റോസ്‌മേനിയൻസ് സന്യാസ സഭകളിൽ പെട്ട വൈദികരാണ് ഇപ്പോൾ ഇവിടെ സേവനം അനുഷ്ടിക്കുന്നത്.
ഓക്കാലണ്ട് സിറ്റിയിൽ തന്നെയുള്ള ഇടവകയിൽ 300 കുടുംബങ്ങൾ അംഗങ്ങളായുണ്ട്. അതിൽ 200 മേൽ കുടുംബക്കാരും തിരുക്കർമ്മങ്ങൾക്ക് സജീവമാണ്. 20-30 കുടുംബങ്ങൾ ഉൾക്കൊള്ളുന്ന കുടുംബ കൂട്ടായ്മകൾ വളരെ സജീവമായി ഓരോ മാസവും ഒന്നിച്ചു കൂടാറുണ്ട്.
ദൈവത്തോടും ദൈവീക കാര്യങ്ങളിലുള്ള തീക്ഷ്ണതയും വലിയ തെളിവായിരുന്നു. സെപ്തംബറിൽ മാങ്കരയിൽ വച്ചു നടന്ന ന്യൂസിലാണ്ട് നാഷണൽ ബൈബിൾ കൺവൻഷൻ 2016. 2000 ത്തോളം കീലോമീറ്റർ ദൂരെയുളള ജനങ്ങൾ വരെയാണ് അണക്കര ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡോമിനിക് വാളംമ്‌നാലും ടീമും നയിച്ച കൺവൻഷനിൽ പങ്കെടുത്തത്. അടുത്ത വർഷങ്ങളിലേയ്ക്കുള്ള ധ്യാനടീമുകളെ ഇപ്പോഴെ ബുക്ക് ചെയ്ത് പ്രവർത്തനം ആരംഭിച്ചു.
കർത്താവ് തരുന്ന നിത്യ ജീവൻ സ്വന്തമാക്കാൻ ജീവൻ തിരഞ്ഞെടുക്കാനുള്ള ആഹ്വാനം സ്വീകരിച്ച ഒരു ജനത. എന്നാൽ മരണവും തിന്മയും തെരഞ്ഞെടുത്തിരിക്കുന്ന, ജനസംഖ്യയുടെ 48 ശതമാനത്തിൽ 2ം ശതമാനം മാത്രമാണ് ദൈവാലയവുമായി എന്തെങ്കിലും ബന്ധമുള്ളവരുള്ളു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത് ആകെയുള്ള ജനങ്ങളിൽ വളരെ കുറച്ചു മാത്രമെ വിശ്വാസജീവിതം നയിക്കുന്നുള്ളു. മദ്യത്തിനും മ്ലേശ്ചതയ്ക്കും അടിമപ്പെട്ടവർ ധാരാളം. കുടുംബത്തിന് വലിയ പ്രാധാന്യമൊന്നും നൽകാതെ ഒന്നിച്ചു ജീവിക്കുന്നവരുടെ സംഖ്യ വലുതാണ്. ഈശ്വരവിശ്വാസമില്ലാത്ത വലിയ ജനതതിയെ ദൈവാനുഭവത്തിലേയ്ക്ക് നയിക്കാനുള്ള ദൗത്യം വിശ്വസസമൂഹം ഏറ്റെടുക്കേണ്ടിയിരിക്കുന്നു.
ഈ ദേശത്തു വന്ന സീറോ മലബാർ സമൂഹത്തിൽ പെട്ടവരിലും പലരും ആധുനികതയുടെ സുഖാസ്വാദനത്തിൽ കണ്ണ് മഞ്ഞളിച്ച് വീണുപോയവർ ധാരാളമുണ്ട്. കുടുംബത്തിലെയും നാട്ടിലെയും ധാർമ്മികതയുടെ വീർപ്പുമുട്ടലിൽ കഴിഞ്ഞ വളരെ യേറെ ജനങ്ങൾ ദൂരെ ദേശത്ത് സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞപ്പോൾ മരണത്തിന്റെ മാർഗ്ഗം തെരഞ്ഞെടുത്തു തകരുന്നുണ്ട്. അവരെയും സുവിശേഷത്തിലേയ്ക്ക് കൊണ്ടു വരാനുള്ള ദൗത്യം ജീവന്റെ മക്കൾക്കുണ്ട്. ഇന്നാട്ടിലെ വിശ്വാസികൾക്കു മാത്രമെ, ഇന്നാട്ടിലെ അവിശ്വാസിയെ വിശ്വാസത്തിലേക്ക് ആനയിക്കാൻ സാധിക്കുകയുള്ളു. അതിനായുള്ള പ്രേഷിതദൗത്യം ഈ സമൂഹം ഏറ്റെടുത്ത് ന്യൂസിലാണ്ട് മുഴുവൻ വിശ്വാസദീപം തെളിയിക്കാൻ സീറോ മലബാർ സമൂഹത്തിന് കഴിയട്ടെ എന്നാശംസിക്കാം.
ഏബ്രഹം പുത്തൻകളം
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?