Follow Us On

29

March

2024

Friday

കാലഘട്ടത്തിനനുസരിച്ച് ഇനി കറൻസി ഉപയോഗിക്കുക

കാലഘട്ടത്തിനനുസരിച്ച് ഇനി കറൻസി ഉപയോഗിക്കുക

നോട്ട് പിൻവലിച്ചതിന്റെ പിന്നിലുള്ള കാരണങ്ങളെപറ്റിയും, ഇതുവഴിയുണ്ടാവുന്ന ഗുണദോഷങ്ങളെപ്പറ്റിയും ഏതാനും ചിലകാര്യങ്ങൾ കുറിക്കട്ടെ. ആദ്യമായി നാം ഓർക്കേണ്ടത് ശരിയായ രീതിയിൽ സമ്പാദിച്ച പണം ആർക്കും നഷ്ടപ്പെടില്ല എന്നതാണ്. എന്നാൽ രാജ്യനിയമം പാലിക്കാതെ അനധികൃതമായി സമ്പാദിച്ചത് മുഴുവനായോ ഭാഗികമായോ നഷ്ടപ്പെട്ടെന്നും വരാം. നോട്ടുകൾ പിൻവലിക്കുന്നതിന് കാരണമായി കേന്ദ്രസർക്കാർ പറഞ്ഞത് നമ്മുടെ ദേശീയ സമ്പത്തിന്റെ ഏതാണ്ട് മൂന്നിലൊരു ഭാഗത്തെ നിയന്ത്രിക്കുന്നത് സർക്കാറിന് യാതൊരു നിയന്ത്രണവുമില്ലാത്ത കള്ളപ്പണക്കാരും കള്ളനോട്ടുകാരുമാണെന്നാണ്.
അവരാകട്ടെ ഈ പണത്തിൽ ഏറിയപങ്കും കറൻസി നോട്ടുകൾ സൂക്ഷിക്കുകയും കൈമാറ്റം ചെയ്യുകയുമാണ് ചെയ്യുന്നത്. ഇത്രയും വലിയൊരു ഭാഗം നമ്മുടെ സമ്പദ്ഘടനയിൽ കള്ളപണക്കാർ നിയന്ത്രിക്കുന്നതുകൊണ്ട് പണപ്പെരുപ്പം, വിലവർദ്ധന, കള്ളക്കടത്ത്, അഴിമതി, തലവരിപ്പണം, മയക്കുമരുന്ന് കച്ചവടം, ഗുണ്ടായിസം, അമിതമായ സ്ഥലവില, ആഢംബരവും ധൂർത്തും തുടങ്ങിയവയെ നിയന്ത്രിക്കാൻ സർക്കാറിന് കഴിയാതെവരുന്നു. അതിന്റെ ഫലമായി സത്യസന്ധമായി അദ്ധ്വാനിച്ച് ജീവിക്കുന്നവരുടെ ജീവിതം ദുസ്സഹമായിത്തീരുന്നു. ഈ അവസ്ഥയിൽ നോട്ടുകളായി സൂക്ഷിച്ച് വെച്ചിരിക്കുന്ന കള്ളപ്പണത്തേയും കള്ളനോട്ടിനേയും ഒരു പരിധിവരെയെങ്കിലും ഇല്ലാതാക്കുവാനുള്ള മാർഗമാണ് നോട്ട് അസാധുവാക്കലിലൂടെ സർക്കാർ തേടുന്നത്. അങ്ങനെ സമ്പദ്ഘടനയെ പൂർണ്ണ നിയന്ത്രണത്തിലാക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
ഓരോ വ്യക്തിയുടെയും വാർഷികവരുമാനം ഒരു നിശ്ചിതതുക കടന്നാൽ ബാക്കിയുള്ളതിന് സർക്കാരിലേക്ക് ആദായനികുതി കൊടുക്കണം. ഇപ്രകാരം നികുതി കൊടുക്കാതിരിക്കാൻ വരുമാനകണക്കുകൾ സർക്കാരിലേക്ക് കൊടുക്കാതിരിക്കുകയോ ഭാഗികമായി മാത്രം കൊടുക്കുകയും ചെയ്യും. വലിയ തുകയാണ് വരുമാനമെങ്കിൽ ബാങ്കിലൂടെ മാത്രമേ കൈകാര്യം ചെയ്യാൻ അനുവാദമുള്ളു. അപ്പോൾ സർക്കാരിന് കൃത്യമായ കണക്കുകൾ ലഭ്യമാകും. നേരെ മറിച്ച് കയ്യിൽ നോട്ടുകളായി വച്ച് കൈകാര്യം ചെയ്യുമ്പോൾ അത് കള്ളപ്പണമായി മാറുകയും ചെയ്യുന്നു.
ഈ പണം കൈക്കൂലിയായിട്ടും, ആധാരത്തിൽ വിലകുറച്ച് കാണിച്ച് വാങ്ങിക്കുന്ന സ്ഥലത്തിന് ആധാരത്തിൽ കാണിക്കാതെ കൊടുക്കുന്ന തുകയായിട്ടും വിദേശത്ത് ജോലിയുള്ളവരുടെ വിദേശപ്പണം ഇവിടെ എത്തിക്കാതെ ഇവിടെയുള്ള സ്വന്തക്കാർക്ക് കൊടുക്കുന്ന കുഴൽപണമായും മറ്റും വീണ്ടും കള്ളപ്പണമായി മാറി ഇവരുടെ കൈയ്യിൽ എത്തുന്നു. മയക്കുമരുന്നിനും മറ്റുമായി ഇത് കൊടുക്കുമ്പോൾ വീണ്ടും കള്ളപ്പണമാകുന്നു. ചുരുക്കത്തിൽ കള്ളപ്പണം സാധാരണകാരന്റെ അതിജീവനം ദുഷ്‌കരമായിമാറ്റുന്നു.നോട്ടുകൾ നിരോധിച്ചതുകൊണ്ട് സർക്കാർ ഉദ്ദേശിച്ച ഫലം ഉണ്ടാകുമോ? അത് കാത്തിരുന്ന് കാണണം. ഫലപ്രദമായ മറ്റു നടപടികളും ഇതോടൊപ്പം സ്വീകരിക്കുമെങ്കിൽ ഇന്നത്തെ ദു:സ്ഥിതി കുറെയൊക്കെ പരിഹരിക്കാം.
എന്നാൽ ആവശ്യമായ മുന്നൊരുക്കമില്ലാതെ എന്നുതന്നെ പറയട്ടെ, ഇപ്രകാരമൊരു നടപടിയിലേക്ക് സർക്കാർ പോയതുകൊണ്ട് കയ്യിൽ കൊണ്ടു നടക്കാവുന്ന നോട്ടുകളുടെ എണ്ണത്തിൽ കുറവുവരുകയും ക്രയവിക്രയം അസാദ്ധ്യമാവുകയും ചെയ്തു. അടിയന്തരകാര്യങ്ങൾക്ക് പോലും കൈയിൽ പണമില്ലാത്ത അവസ്ഥയായി. ബാങ്കിൽ നിന്ന് മാറ്റിയെടുക്കാവുന്നതും പിൻവലിക്കാവുന്നതുമായ തുകയുടെ വലിപ്പവും ആവശ്യത്തിന് തികയുന്നതല്ല. ഈ പ്രതിസന്ധിഘട്ടത്തിൽ എന്താണ് ചെയ്യാനുള്ളത്? ഈ സാഹചര്യത്തിൽ പണം കൈകാര്യം ചെയ്യാനായി മറ്റുമാർഗങ്ങൾ തേടുകയേ നിവർത്തിയുള്ളു.
മറ്റു മാർഗ്ഗങ്ങൾ ഏറെയുണ്ടുതാനും. നമ്മളത് മനസ്സിലാക്കി പഠിച്ച് പ്രയോഗത്തിലാക്കിയാൽ ഈ പ്രതിസന്ധിയിൽ നിന്ന് ക്രമേണ കരകയറാൻ പറ്റും. ഇങ്ങനെയൊക്കെ ചെയ്യാൻ നമ്മളെ നിർബന്ധിക്കുക എന്നതുതന്നെയാണ് നോട്ട് അസാധുവാക്കലിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നതും. പണം മാറുന്നതിനും പിൻവലിക്കുന്നതിനും ഇപ്പോഴുള്ള നിയന്ത്രണങ്ങൾ മാറിക്കഴിയുമ്പോൾ ഇത്തരത്തിലുള്ള പണകൈമാറ്റ രീതികളിലൂടെ നമ്മുടെ ആവശ്യങ്ങൾ എല്ലാം നിർവ്വഹിക്കാൻ കഴിയും.
നോട്ടുകൾ അസാധുവാക്കി പ്രഖ്യാപിച്ചപ്പോൾ തന്നെ നോട്ടുകൾ ഇല്ലാതെ തന്നെ ക്രയവിക്രയം നടത്തേണ്ട രീതികളെപറ്റിയും സർക്കാർ വിശദീകരിച്ചിരുന്നുവെങ്കിൽ കാര്യങ്ങൾ ഇത്രയും വഷളാകുമായിരുന്നില്ല എന്ന് ഞാൻ ചിന്തിക്കുന്നു. മാത്രമല്ല അതിനാവശ്യമായ യന്ത്രസംവിധാനങ്ങളും മറ്റും വ്യാപാരസ്ഥാപനങ്ങളിലും പണം കൈകാര്യം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും ഉടൻതന്നെ സ്ഥാപിക്കണമെന്നും നിയമത്തിൻകീഴിൽ നിർബന്ധിക്കാമായിരുന്നു. ഈ ഒരുക്കമില്ലായ്മയും വിശദീകരണമില്ലായ്മയും സാധാരണക്കാരുടെ പണം കൈകാര്യം ചെയ്യുന്ന സഹകരണസ്ഥാപനങ്ങളിലെ പ്രതിസന്ധിയുമെല്ലാമാണ് കാര്യങ്ങൾ ഇത്രയേറെ വഷളാക്കിയത്.
നോട്ട് അസാധുവാക്കിയതിനുശേഷം രണ്ടരലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിക്കുന്നവർക്കെല്ലാം ആദായ നികുതി വകുപ്പ് നോട്ടീസ് അയക്കുമെന്നും അവരുടെ നിക്ഷേപങ്ങൾക്ക് ഏറ്റവും കൂടിയ നികുതി നിരക്കും 200 ശതമാനം ഫൈനും അടപ്പിക്കുമെന്നും സൂചിപ്പിച്ചുകൊണ്ടുള്ള ഭീഷണികൾ മാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ നിയമമനുസരിച്ച് 200 ശതനമാനം ഫൈൻ അടക്കാൻ വകുപ്പില്ല. എന്നാൽ ഏറ്റവും ഒടുവിൽ കിട്ടിയ വാർത്ത അനുസരിച്ച് ഇപ്പോഴുള്ള നിയമം 200 ശതമാനം ഫൈൻ അടപ്പിക്കത്തക്കരീതിയിൽ ഭേദഗതിചെയ്ത് നടപ്പിൽ വരുത്തുമെന്നാണ്. അങ്ങനെയെങ്കിൽ തീർച്ചയായും ഫൈൻ അടക്കേണ്ടതായി വരും.
ഇരുപതിനായിരം രൂപയിൽ കൂടുതൽ ആർക്കെങ്കിലും എന്നെങ്കിലും കൊടുക്കേണ്ടിവരുമ്പോൾ അത് ചെക്ക് മൂലമേ പാടുള്ളൂ എന്ന് ഇപ്പോൾ തന്നെ നിയമമുണ്ട്. ആ നിയമം നാം അനുസരിക്കണം. വലിയ തുകകൾ കൈമാറുമ്പോൾ ബാങ്ക് ട്രാൻസ്ഫർ (B-an-k Tr-an-sf-er) ഉപയോഗിക്കാം. ബാങ്ക് ട്രാൻസ്ഫറിനായി നമ്മൾ ബാങ്കിൽ പോകണമെന്നില്ല. വീട്ടിലിരുന്ന് തന്നെ ഇന്റർനെറ്റ് കണക്ഷൻ ഉള്ള മൊബൈൽ ഫോണിലൂടെ അക്കാര്യം എളുപ്പത്തിൽ നിർവ്വഹിക്കാം.
മറ്റൊരു രീതിയാണ് ബാങ്കിൽ നിന്ന് കിട്ടുന്ന ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ചുള്ള പണകൈമാറ്റങ്ങളും ക്രയവിക്രയരീതികളും. പ്രധാനമന്ത്രിയുടെ ജൻധൻ പദ്ധതിയനുസരിച്ച് അക്കൗണ്ട് തുറന്നിട്ടുള്ള എല്ലാവർക്കും ‘റുപേ’ എന്ന പേരിൽ ഡെബിറ്റ് കാർഡ് കൊടുത്തിട്ടുണ്ട്. അത്തരം കാർഡുകൾ ഉപയോഗിച്ച് പണകൈമാറ്റം നടത്തണമെങ്കിൽ ചില പ്രത്യേക മെഷീനുകൾ ആവശ്യമാണ്. അത്തരം മെഷീനുകൾ സാധാരണവ്യക്തികൾക്ക് ആവശ്യമില്ല. പ്രത്യുത വ്യാപാര സ്ഥാപനങ്ങൾക്കാണ് ആവശ്യം. അധികം താമസിയാതെ ഈ രീതി വ്യാപകമാകും എന്നത് നിസംശയമാണ്.
ഇനിയുമുണ്ട് പണം കൈമാറ്റത്തിന് രീതികൾ. പേഴ്‌സിൽ നോട്ടുകൾ വെച്ചുകൊണ്ടുപോയി സാധനങ്ങൾ വാങ്ങുന്നതുപോലെയുള്ള രീതിയാണത്. പക്ഷെ നോട്ടും പേഴ്‌സും ഒന്നും കൊണ്ടുനടക്കേണ്ടതില്ല. അത് മൊബൈൽ ഫോണിൽ സെറ്റ് ചെയ്യാവുന്നതേയുള്ളൂ. ഇങ്ങനെ മൊബൈൽ ഫോൺ പേഴ്‌സുകളെ മൊബൈൽ വാലറ്റുകൾ (Mo-b-i-l-e W-a-l-l-e-t) എന്നു പറയുന്നു. നമ്മൾ നമ്മുടെ അക്കൗണ്ടിൽ നിന്ന് ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ബാങ്ക് ട്രാൻസ്ഫർ വഴിയാണ് മൊബൈൽ വാലറ്റുകളിൽ പണം നിറയ്ക്കുന്നത്. നമ്മുടെ ഫോണിന്റെ സിംകാർഡ് റീചാർജ് ചെയ്യുമ്പോൾ ആ തുക നാം കാണുന്നില്ലല്ലോ, എങ്കിലും നാം വിളിക്കുന്ന കോളിനുസരിച്ച് പണം കുറയും. കഴിയുമ്പോൾ വീണ്ടും റീചാർജ് ചെയ്യണം. ഇതുതന്നെയാണ് മൊബൈൽ വാലറ്റിന്റെയും സ്ഥിതി. ഇപ്പോൾ തന്നെ കൂലിപണിക്കാർപ്പോലും അവർക്ക് കിട്ടാനുള്ള തുക മൊബൈൽ വാലറ്റുകളിലൂടെ സ്വീകരിക്കുന്നുണ്ട്. ഗുജറാത്തിലെ ഒരു ഗ്രാമം ഇപ്രകാരം ചെയ്യുന്നത് നിങ്ങൾ പത്രത്തിൽ വായിച്ചുകാണും.
ചുരുക്കത്തിൽ നോട്ടുവഴിയുള്ള ക്രയവിക്രയം കുറയുകയും എല്ലാം ബാങ്കിലൂടെ ആവുകയും ചെയ്യുമ്പോൾ ഓരോ പൗരന്റെയും സാമ്പത്തിക സ്ഥിതിയെപ്പറ്റി സർക്കാറിന് കൃത്യവിവരം ലഭ്യമാകുന്നു. അതുവഴി നികുതി കൊടുക്കേണ്ടവർ ആരെന്ന് തിരിച്ചറിയാനും, സർക്കാരിന്റെ ആനുകൂല്യങ്ങൾക്ക് ആർക്കെല്ലാം അർഹതയുണ്ടെന്നു തിരിച്ചറിയാനും സാധിക്കും. മാത്രമല്ല എല്ലാ സാമ്പത്തിക ഇടപാടുകളും നോട്ടുകൾ ഇല്ലാത്ത രീതിയിൽ ആകുമ്പോൾ കൈക്കൂലി വാങ്ങുന്നതും സാധനങ്ങൾക്ക് അമിത വില വാങ്ങുന്നതും, സ്ഥലങ്ങൾക്ക് കുത്തനെ വിലകയറുന്നതും ഒഴിവാക്കാൻ ഒരു പരിധിവരെയെങ്കിലും കഴിയും. സർക്കാർ അറിയാതിരിക്കാനും, നികുതി പിരിക്കാതിരിക്കാനും വേണ്ടി കറൻസി നോട്ടുകളായി ഒരുപാട് പണം ആളുകളുടെ കയ്യിൽ കുമിഞ്ഞ് കൂടുമ്പോഴാണല്ലോ ധൂർത്ത് വർദ്ധിക്കുന്നത്. ഈ പരിസ്ഥിതിയിൽ കള്ളക്കടത്തും മയക്കുമരുന്നു വില്പനയും മദ്യപാനവുമെല്ലാം നല്ലൊരു ശതമാനം ഇല്ലാതാക്കാൻ കഴിയും. ക്ഷേമപദ്ധതികൾക്ക് പണം കണ്ടെത്തുവാനും സർക്കാറിന് കഴിയും.
അതിനായി സീസറിനുള്ളത് ‘സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക’ എന്ന കർതൃവചനം പ്രാവർത്തികമാക്കുക എന്നത് പ്രധാനമാണ്. ആദായനികുതി കൊടുക്കാതിരിക്കാൻ വരുമാനങ്ങൾ സർക്കാരിൽ നിന്ന് മറച്ചു വയ്ക്കുന്നതും, കൈക്കൂലികൊടുക്കുന്നതും വാങ്ങുന്നതും നികുതി കൊടുക്കാതിരിക്കാൻ ആധാരത്തിൽ വിലകുറച്ച് കാണിക്കുന്നതുമെല്ലാം ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം കർത്താവിന്റെ പ്രബോധനത്തിന് വിരുദ്ധമാണ്. ഈ ലോകത്തിൽ നല്ല പൗരന്മാർ ആയിരിക്കുന്നവർക്കേ നിത്യജീവിതത്തിലും അത്തരം പൗരത്വം കിട്ടുകയുള്ളൂ. അതിനാൽ നമ്മുടെ സാമ്പത്തിക ഇടപാടുകൾ സുതാര്യവും സത്യസന്ധവും ആക്കേണ്ടത് അനിവാര്യമാണ്. മേൽപ്പറഞ്ഞ പുതിയ പണകൈമാറ്റ രീതികൾ നാം സ്വീകരിക്കുകയാണെങ്കിൽ അത് എളുപ്പമായിത്തീരും. അതിലൂടെ സമൂഹത്തിൽ നിലവിലിരിക്കുന്ന ചില വലിയ തിന്മകളെ തുടച്ചുനീക്കാൻ കഴിയും.
ഈയിടെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ കിട്ടിയ ഒരു ആദ്ധ്യാത്മിക പരിചിന്തനത്തിന്റെ ചുരുക്കമിങ്ങനെയാണ്. 1. നോട്ട് അസാധുവാക്കൽ പ്രഖ്യാപനം വന്നത് ആരും ചിന്തിക്കാത്ത സമയത്താണ്. ദൈവം നമ്മെ തന്റെ അടുത്തേയ്ക്ക് സ്ഥിരമായി തിരിച്ച് വിളിക്കുന്നത് നാം ചിന്തിക്കാത്ത നേരത്തായിരിക്കും. ഒരുങ്ങിയിരിക്കുക.
2. നിമിഷങ്ങൾക്കുള്ളിൽ നമ്മുടെ പണത്തിന്റെ മൂല്യം നഷ്ടപ്പെട്ടു. മരണത്തോടെ നമ്മുടെ ഈ ലോകത്തിലെ എല്ലാ നേട്ടങ്ങളുടെയും മൂല്യം നഷ്ടപ്പെടുന്നു. അതുകൊണ്ട് ആത്മീയമൂല്യമുള്ള കാര്യങ്ങൾ ഇപ്പോഴെ ചെയ്യുക. അവ സ്വർഗ്ഗത്തിൽ നിക്ഷേപമായിരിക്കും.
3. വിനിമയത്തിന് തടസ്സം. എ.ടി.എമ്മുകൾ എല്ലാം അടഞ്ഞ് കിടക്കുന്നു. ബാങ്കുകൾക്ക് മുമ്പിൽ നീണ്ട ക്യൂ. മരണത്തോടെ സ്വർഗ്ഗത്തിൽ നിക്ഷേപിക്കാനുള്ള മാർഗങ്ങൾ അടയും, അതിന് മുമ്പേ വേണ്ടത് ചെയ്യുക.
4. വ്യാജന് ആയുർദൈർഘ്യമില്ല. ദൈവേഷ്ടം നിറവേറ്റുക എന്ന ലക്ഷ്യത്തോടെ അല്ലാതെ ചെയ്യുന്ന എല്ലാപ്രവർത്തികളും വ്യാജനാണ്. മരണത്തോടെ അവയുടെ മൂല്യം നഷ്ടപ്പെടും.
5. ചെറിയവരും വലിയവരാണ്. ഇപ്പോൾ ചെറിയവർ വലിയവരും വലിയവർ ചെറിയവരുമായിരിക്കുന്നു. ദൈവരാജ്യത്തിൽ വലിയവർ ആകാൻ ആഗ്രഹിക്കുന്നവർ ഈ ലോകത്തിൽ ചെറിയവരാകണം.
6. സ്രോതസ്സുകളും തിരിച്ചറിയൽ രേഖകളും വേണം. ദൈവം ആഗ്രഹിക്കുന്ന രീതിയിൽ ചെയ്യുന്ന സത്പ്രവർത്തികൾ മാത്രമാണ് ശരിയായ സ്രോതസ്സുകൾ.
7. ഭാവി ആസൂത്രണം ചെയ്യുക: മുന്നറിയിപ്പുകൾ പലത് സർക്കാർ തന്നിരുന്നു. നാം അത് അവഗണിച്ചു. എല്ലാം നമ്മുടേതാണെന്നും അവ എന്നും കൂടെ ഉണ്ടാകുമെന്നും നാം വിചാരിച്ചു.പണം സർക്കാരിന്റെതാണ്. നമ്മുടെതെല്ലാം ദൈവത്തിന്റേതാണ്. അക്കാര്യം മറക്കാതെ അവിടുത്തെ മുന്നറിയിപ്പുകൾ മനസ്സിലാക്കി എന്നും ഒരുക്കമുളളവരായിരിക്കുക.
ബിഷപ് മാർ ജോസ് പൊരുന്നേടം
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?