Follow Us On

28

March

2024

Thursday

സഭകൾ തമ്മിൽ ഐക്യം ഉണ്ടാകണമേ എന്നാണ് എന്നുമെന്റെ പ്രാർത്ഥന

സഭകൾ തമ്മിൽ ഐക്യം ഉണ്ടാകണമേ എന്നാണ് എന്നുമെന്റെ പ്രാർത്ഥന

എത്യോപ്യൻ ഓർത്തഡോക്‌സ് സഭയുടെ തലവൻ ആബൂനെ മത്തിയാസ് പ്രഥമൻ പാത്രിയർക്കീസ് സൺഡേ ശാലോമിന്  നല്കിയ പ്രത്യേക അഭിമുഖം.
”ഇന്ത്യയിലെ സഭകൾ തമ്മിലും എത്യോപ്യയിലെ സഭകൾ തമ്മിലും ലോകമെമ്പാടുമുള്ള ക്രിസ്തീയ സഭകൾ തമ്മിലും ഐക്യം ഉണ്ടാകണമേ എന്നാണ് തന്റെ പ്രാർത്ഥനയെന്ന് എത്യോപ്യൻ ഓർത്തഡോ ക്‌സ് സഭയുടെ തലവൻ ആബൂനെ മത്തിയാസ് പ്രഥമൻ പാത്രിയർക്കീസ് ബാവ പറഞ്ഞു.
സൺഡേശാലോമിന് നൽകിയ അഭിമുഖത്തിലാണ് അദേഹം ഹൃദയം തുറന്നത്. ഐക്യം സഭകളെ ശക്തിപ്പെടുത്താനും സംരക്ഷിക്കാനും അത്യാവശ്യമാണ്. അങ്ങനെയാണ് ദൈവം ഏല്പിച്ച ഉത്തരവാദിത്വങ്ങൾ നിറവേറ്റേണ്ടതെന്നും അദേഹം സൂചിപ്പിച്ചു.
എത്യോപ്യയുടെ വിശ്വാസ ചരിത്രം വിശദീകരിക്കാമോ?
എ.ഡി 34-ൽ ക്രൈസ്തവ വിശ്വാസം എത്യോപ്യയിൽ എത്തി. ഒരേ അപ്പസ്‌തോലിക വിശ്വാസമാണ് നാം പിന്തുടരുന്നത്. നിഖ്യ, എഫേസോസ്, കോൺസ്റ്റാന്റിനോപ്പിൾ എന്നീ കൗൺസിലുകളുടെ പ്രബോധനത്തിലും നാം വിശ്വസിക്കുന്നു. എത്യോപ്യയിലെ ക്രൈസ്തവ രാജാക്കന്മാർ സൗത്ത് ആഫ്രിക്കയിൽ ഭരണം നടത്തുന്ന കാലത്ത് നജീറാനിലെ എത്യോപ്യൻ ക്രൈസ്തവർ ഇന്ത്യയിലെ ക്രൈസ്തവരുമായി നല്ല ബന്ധം പുലർത്തിയിരുന്നു.
എത്യോപ്യയിൽ ക്രിസ്തീയ വിശ്വാസത്തിന്റെ അവസ്ഥ എങ്ങനെയാണ്?
ലോകത്തിന്റെ പല ഭാഗങ്ങളിലും വിശ്വാസത്തിന് തളർച്ച സംഭവിക്കുന്നുണ്ടെങ്കിലും എത്യോപ്യയിലെ ഓർത്തഡോക്‌സ് സഭയെ ഒരുതരത്തിലും അതു ബാധിച്ചിട്ടില്ല. സഭയുടെ വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിൽ ഏത്യോപ്യൻ ഓർത്തഡോക്‌സ് സഭ വളരെ മുമ്പിലാണ്. ബ്രിട്ടീഷ് കോളനി വല്ക്കരണോ രാജ്യത്തെ ആധുനിക നിയമങ്ങൾക്കോ വിശ്വാസത്തിൽ വിള്ളലുകൾ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല. വിശുദ്ധ കുർബാനയിൽ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് എത്യോപ്യൻ സഭയുടേത്.
എത്യോപ്യയിലെ യുവജനങ്ങളുടെ വിശ്വാസജീവിതത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?
ദൈവാലയത്തിന്റെ പ്രധാനകവാടത്തിലെ പില്ലറുകളിൽ ചുംബിച്ചതിനുശേഷം ദൈവാലയത്തിലേക്ക് പ്രവേശിക്കുന്ന യുവജനങ്ങൾ എത്യോപ്യയിലെ സാധാരണ കാഴ്ചയാണ്. പള്ളികളുടെ വാതിൽപ്പടികളിലായാലും മുട്ടിന്മേൽനിന്ന് പ്രാർത്ഥിക്കുന്നതിന് അവർക്ക് യാതൊരു മടിയുമില്ല. നിശബ്ദമായി സങ്കീർത്തനങ്ങൾ ഉരുവിട്ടുകൊണ്ട് യുവജനങ്ങൾ ദൈവാലയത്തിൽ ഇരിക്കുന്നത് പതിവാണ്. തലമുറകളിൽനിന്നും തലമുറകളിലേക്ക് പകർന്നുകിട്ടിയ ആഴമേറിയ വിശ്വാസത്തിന് ഉടമകളാണവർ.
സഭയുടെ ചാരിറ്റി പ്രവർത്തനങ്ങളെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
ആവശ്യനേരങ്ങളിൽ ഞെരുങ്ങുന്നവരെ സഹായിക്കുന്ന മനോഭാവം എന്നും നമുക്ക് ഉണ്ടാകണം. സമൂഹത്തിലെ അവശരെയും രോഗികളെയും സഹായിക്കുമ്പോഴും ശുശ്രൂഷിക്കുമ്പോഴും ദൈവാനുഗ്രഹം നമ്മിലേക്ക് വർഷിക്കപ്പെടും. മനുഷ്യനെ ശുശ്രൂഷിക്കുക എന്നാൽ ദൈവത്തെ ശുശ്രൂഷിക്കുക എന്നാർണത്ഥം. ദരിദ്രർക്ക് സേവനം ചെയ്യുമ്പോൾ സഭ കൂടുതൽ സമ്പന്നയാകുകയാണ്. ദൈവം അനശ്വരനായതുപോലെ അവിടുത്തെ സ്‌നേഹവും കരുണയും അനുകമ്പയും അനശ്വരമാണ്. നമുക്ക് സ്വന്തമായതെല്ലാം ദൈവദാനങ്ങളാണ്. എന്നാൽ, പലപ്പോഴും എല്ലാത്തിന്റെയും ഉടമകളാണെന്ന ഭാവത്തിലാണ് നാം ജീവിക്കുന്നത്. നാം വെറും സൂക്ഷിപ്പുകാർ ആണെന്ന് തിരിച്ചറിയുമ്പോഴാണ് ജീവിതത്തിന്റെ നിസാരത നമുക്ക് ബോധ്യമാവുക.
ഇന്ത്യയുമായുള്ള എത്യോപ്യയുടെ ബന്ധം എങ്ങനെയായിരുന്നു?
ഇന്ത്യാക്കാരുടെ സേവനങ്ങളെ എത്യോ പ്യയ്ക്ക് ഒരിക്കലും വിസ്മരിക്കാനാവില്ല. പഴയ കാലത്തും ഇപ്പോഴും. കോമേഴ്‌സ്, സയൻസ്, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഇന്ത്യയും എത്യോപ്യയും സഹകാരികളാണ്. ഇന്ത്യാക്കാരായ ധാരാളം അധ്യാപകർ ഞങ്ങളുടെ സ്‌കൂളുകളിലും കോളജുകളിലും പ്രവർത്തിക്കുന്നുണ്ട്. അവർ എത്യോപ്യയെ തങ്ങളുടെ രണ്ടാം ഭവനമായി കരുതി സ്‌നേഹിക്കുന്നു. മഹാത്മഗാന്ധിയുടെ നാമത്തിലുള്ള ഒരു ആശുപത്രി എത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബയിലുണ്ട്. 16-ാം നൂറ്റാണ്ടിൽ എത്യോപ്യൻസും ഒട്ടോമൻസും തമ്മിൽ നടന്ന യുദ്ധത്തിൽ വാസ്‌കോഡഗാമയുടെ കുടുംബം, ക്രിസ്റ്റോവഡെ ഗാമ എന്നിവർ എത്യോപ്യൻ ക്രൈസ്തവരെ പിന്തുണയ്ക്കാനെത്തി. ഇന്ത്യൻ പട്ടാളക്കാരും അവരോടൊപ്പം ഉണ്ടായിരുന്നു. യുദ്ധത്തിനുശേഷം അവർ എത്യോപ്യയിൽ സ്ഥിരതാമസമാക്കി. എത്യോപ്യയും ഇന്ത്യയും തമ്മിൽ കച്ചവടപരമായ ബന്ധം പഴയ കാലം മുതൽ ഉണ്ടായിരുന്നു.
ക്രൈസ്തവ വിശ്വാസം ഏറെ വെല്ലുവിളികൾ നേരിടുകയാണല്ലോ. ഈ കാലഘട്ടത്തെ എങ്ങനെയാണ് നേരിടേണ്ടത്?
‘എന്റെ കർത്താവേ, എന്റെ ദൈവമേ’ എന്ന് ഏറ്റുപറഞ്ഞ തോമാശ്ലീഹായാണ് നമുക്ക് വിശ്വാസം പകർന്നുതന്നത്. നമുക്കും അവനോടൊപ്പം പോയി മരിക്കാം എന്നു പറഞ്ഞ തോമാശ്ലീഹായുടെ ധീരതയാണ് നാം സ്വന്തമാക്കേണ്ടത്. അത്തരം ആഴമേറിയ വിശ്വാസമാണ് സഭയ്ക്ക് ഉണർവുപകരുന്നത്.
പുതിയ തലമുറയുടെ വിശ്വാസ പരിശീലനത്തെക്കുറിച്ചുള്ള അങ്ങയുടെ കാഴ്ചപ്പാടുകൾ?
അടുത്ത തലമുറക്ക് ആവശ്യമായ വിശ്വാസ പരിശീലനം നല്കുന്നതിന് സഭ പ്രതിജ്ഞാബദ്ധയാണ്. കുട്ടികളെ തടയേണ്ട. അവർ എന്റെ അടുത്ത് വരാൻ അനുവദിക്കുവിൻ. എന്തുകൊണ്ടെന്നാൽ സ്വർഗരാജ്യം അവരെപ്പോലെ ഉള്ളവരുടേതാണെന്ന യേശുവിന്റെ വാക്കുകൾ വിസ്മരിക്കരുത്. ദൈവത്തെക്കുറിച്ച് അറിയാനുള്ള കുട്ടികളുടെ അവകാശത്തെ നമുക്കാർക്കും തടയാനാവില്ല. സുവിശേഷവും നല്ല മാതൃകകളും പുതിയ തലമുറക്ക് പകർന്നു നല്കാൻ മുതിർന്നവർക്ക് ഉത്തരവാദിത്വമുണ്ട്. വിശ്വാസ പരിശീലനം നടത്താൻ പരിശീലനം നേടിയവരും അപ്പർണബോധവുമുള്ള അധ്യാപകരെ സഭയ്ക്ക് ആവശ്യമുണ്ട്. വിശ്വാസ ജീവിതത്തെയും സഭാ പ്രബോധനങ്ങളെയുംകുറിച്ച് അധ്യാപകർ ബോധവാന്മാരകണം. വൈദിക-സന്യസ്ത ജീവിതങ്ങളിലേക്കുള്ള ദൈവവിളികളെ പ്രോത്സാഹിക്കാൻ അവർക്ക് കഴിയണം.
അർപ്പണമനോഭാവത്തോടെയുള്ള പ്രവർത്തനങ്ങൾ കേരള സഭയിൽ എനിക്ക് കാണാൻ സാധിച്ചു. അത്തരത്തിലുള്ള പരിശീലനമാണ് ഇവിടുത്തെ സെമിനാരികളിൽ വൈദികാർത്ഥികൾക്ക് നല്കുന്നതെന്ന് പറഞ്ഞുകൊണ്ടായിരുന്നു പാത്രിയർക്കീസ് അഭിമുഖം അവസാനിപ്പിച്ചത്.
സൈജോ ചാലിശേരി

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?