Follow Us On

28

March

2024

Thursday

ഇനി ഫാത്തിമാവർഷം!

ഇനി ഫാത്തിമാവർഷം!

ഫാത്തിമാ നാഥയ്ക്ക് ‘100ാം പിറന്നാൾ’

* ഫ്രാൻസിസ് പാപ്പ ഫാത്തിമയിലെത്തും
* ദണ്ഡവിമോചനത്തിന് മൂന്ന് നിർദേശങ്ങൾ
പോർച്ചുഗൽ: പരിശുദ്ധ ദൈവമാതാവ് ഫാത്തിമയിൽ പ്രത്യക്ഷപ്പെട്ടതിന്റെ ശതാബ്ദിയാഘോഷം ‘ഫാത്തിമാവർഷാചരണ’മായി മാറും! ആഗോളതലത്തിൽ പ്രത്യേക ആഘോഷപരിപാടികൾ സഭ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫാത്തിമാ മാതാവിന്റെ നൂറാം പിറന്നാൾ അവിസ്മരണീയമാക്കാനുള്ള തയാറെടുപ്പിലാണ് ലോകമെങ്ങുമുള്ള മരിയഭക്തർ. ദർശനശതാബ്ദിയോടനുബന്ധിച്ച് ദണ്ഡവിമോചനം പ്രഖ്യാപിച്ചതും ഫ്രാൻസിസ് പാപ്പ ഫാത്തിമ സന്ദർശിക്കുമെന്ന് വെളിപ്പെടുത്തിയതും ആഘോഷപരിപാടികൾക്ക് അന്തർദേശീയ മുഖം നൽകും. മാത്രമല്ല, ഫാത്തിമാ മാതാവിന്റെ പ്രതിഷ്ഠയുള്ള ദൈവാലയങ്ങളിലെത്തി ദണ്ഡവിമോചനം നേടാമെന്ന മാർഗനിർദേശവും ലോകമെമ്പാടേക്കും ആഘോഷപരിപാടികളെത്താൻ കാരണമാകും.
ഫെബ്രുവരി 12, 13തിയതികളിലാണ് പാപ്പയുടെ ഫാത്തിമാസന്ദർശനം. പോർച്ചുഗൽ പ്രസിഡന്റ് മർചേലോ റിബേലോയുടെയും ദേശീയ കത്തോലിക്കാ ബിഷപ്‌സ് കൗൺസിലിന്റെയും ക്ഷണം സ്വീകരിച്ചാണ് പാപ്പ ഫാത്തിമയിലെത്തുന്നത്. 2016 നവംബർ 27ന് ആരംഭിച്ച ശതാബ്ദി വർഷ ആഘോഷങ്ങൾ 2017 നവംബർ 27നാണ് സമാപിക്കുക. ശതാബ്ദിയാഘോഷത്തോട് അനുബന്ധിച്ച് പൂർണ ദണ്ഡവിമോചനം നേടാൻ മൂന്ന് മാർഗനിർദേശങ്ങളാണ് പാപ്പ നൽകിയിരിക്കുന്നത്. പ്രായമായവർക്കും രോഗികൾക്കും വേണ്ടി മാത്രം നൽകപ്പെട്ടതാണ് മൂന്നാമത്തെ ദണ്ഡവിമോചന മാർഗം.
ഫാത്തിമ തീർത്ഥാടന കേന്ദ്രത്തിന്റെ വെബ്‌സൈറ്റിൽ നിർദേശിച്ച ദണ്ഡവിമോചന മാർഗങ്ങൾ ചുവടെ:
പോർച്ചുഗലിലെ ഫാത്തിമ തീർത്ഥാടനകേന്ദ്രം സന്ദർശിച്ച് പരിശുദ്ധ ദൈവമാതാവിന്റെ ഏതെങ്കിലും പ്രാർത്ഥനയിലോ തിരുക്കർമങ്ങളിലോ പങ്കെടുക്കുക. വിശ്വാസ പ്രമാണം, സ്വർഗസ്ഥനായ പിതാവേ, നന്മ നിറഞ്ഞ മറിയമേ തുടങ്ങിയ പ്രാർത്ഥനകൾ ചൊല്ലുക.
പോർച്ചുഗലിലെ തീർത്ഥാടനകേന്ദ്രത്തിൽ പോകാൻ സാധിക്കാത്തവർ ഫാത്തിമാ മാതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചിട്ടുള്ള ദൈവാലയത്തിലോ സന്യാസഭവനത്തിലോ; രൂപം വണക്കത്തിന് വെച്ചിട്ടുള്ള മറ്റ് സ്ഥലങ്ങളിലോ മേയ്മുതൽ ഒക്‌ടോബർ 13വരെയുള്ള കാലയളവിൽ സന്ദർശിച്ച് പ്രാർത്ഥിക്കുക. ദണ്ഡവിമോചനത്തിനായി സ്വർഗസ്ഥനായ പിതാവേ, വിശ്വാസപ്രമാണം, ഫാത്തിമാ മാതാവിനോടുള്ള പ്രാർത്ഥന എന്നിവചൊല്ലണം.
ഫാത്തിമാ മാതാവിന്റെ രൂപത്തിനു മുമ്പിൽ മേയ്മുതൽ ഒക്‌ടോബർ വരെയുള്ള മാസങ്ങളിൽ പ്രാർത്ഥിച്ച്, പ്രത്യക്ഷീകരണ ദിനമായ 13ന് നടക്കുന്ന ശതാബ്ദി ആഘോഷങ്ങളിൽ ആത്മീയമായി പങ്കുചേർന്ന്, തങ്ങളുടെ ക്ലേശങ്ങളും ത്യാഗങ്ങളും പ്രാർത്ഥനകളും പരിശുദ്ധ അമ്മ വഴി ദൈവസന്നിധിയിലേക്ക് സമർപ്പിച്ചുകൊണ്ട് പൂർണദണ്ഡവിമോചനം നേടാം.
കുമ്പസാരിച്ച് ദിവ്യകാരുണ്യം സ്വീകരിക്കുക, പാപത്തിൽനിന്ന് വേർപെട്ട അവസ്ഥയിലായിരിക്കുക, പാപ്പയുടെ നിയോഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക എന്നിവ എല്ലാവരും പിന്തുടരേണ്ട പൊതു നിർദേശമാണ്. 1917ലെ മെയ്, ജൂൺ, ജൂലൈ, സെപ്റ്റംബർ ഒക്‌ടോബർ മാസങ്ങളുടെ 13ാം തിയതികളിലാണ് കന്യകാനാഥ ഇടയക്കുട്ടികളായ ലൂസിയ, ജെസീന്താ, ഫ്രാൻസിസ്‌കോ എന്നിവർക്ക് പ്രത്യക്ഷപ്പെട്ട് ലോകസമാധാനത്തിന്റെ സന്ദേശം നൽകിയത്. അതാണ്, ദണ്ഡവിമോചനത്തിനുള്ള മാർഗനിർദേശങ്ങളിൽ 13 എന്ന തിയതി പരാമർശിക്കാൻ കാരണം.
 
 
 
 
 
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?