Follow Us On

29

March

2024

Friday

അയൽ വീട്ടിൽ പട്ടിണിയില്ലെന്ന് നാം ഉറപ്പ് വരുത്തണം

അയൽ വീട്ടിൽ പട്ടിണിയില്ലെന്ന് നാം ഉറപ്പ് വരുത്തണം

വരാപ്പുഴ അതിരൂപതയുടെ മുൻ ഇടയൻ ആർച്ച് ബിഷപ് ഡോ.ഫ്രാൻസിസ് കല്ലറക്കലുമായി അഭിമുഖം
വരാപ്പുഴ അതിരൂപതയെ പുരോഗതിയിലേക്ക് നയിക്കുന്നതിന് ദൈവം നിയോഗിച്ച വ്യക്തിയാണ് ആർച്ച് ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ. 29 വർഷത്തെ അജപാലനദൗത്യത്തിനുശേഷം കാക്കനാട് ആർച്ച് ബിഷപ് ഹൗസിൽ വിശ്രമജീവിതത്തിലാണ് അദ്ദേഹം. സൺഡേശാലോമിനോട് മനസ് തുറന്ന് അദേഹം സംസാരിക്കുന്നു.
? 119 വർഷങ്ങൾക്കുശേഷം അതിരൂപതയിൽ നടത്തിയ സിനഡ് ചരിത്രസംഭവമായിരുന്നല്ലോ. എങ്ങനെയാണ് സിനഡിനെ വിലയിരുത്തുന്നത്.

♦ കോട്ടപ്പുറത്തുനിന്ന് വരാപ്പുഴയിലേക്ക് ഞാൻ എത്തുമ്പോൾ അവിടെ നടന്ന രൂപത സിനഡിന്റെ ചൈതന്യം മനസിൽ ഉണ്ടായിരുന്നു. വാസ്തവത്തിൽ ഇവിടുത്തെ ചെറുപ്പക്കാരാണ് സിനഡിന്റെ ആവശ്യകത എന്നെ കൂടെക്കൂടെ ഓർമിപ്പിച്ചത്. ചില വൈദികരും ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തി. അതിരൂപതയിലെ വൈദികരോട് ആലോചിച്ചപ്പോൾ അവർക്കും താൽപര്യമായി. അതിരൂപതയുടെ സമഗ്രമായ നവീകരണമാണ് സിനഡ് മുന്നോട്ടുവച്ചത്. നവജീവനിലേക്ക് ഒരു തീർത്ഥാടനം എന്നായിരുന്നു ആപ്തവാക്യംതന്നെ. രണ്ടുവർഷമെടുത്തു മുന്നൊരുക്കമായുള്ള പരിപാടികൾക്ക്. അല്മായരും വൈദികരും സന്യസ്തരും അടങ്ങുന്ന കമ്മിറ്റികൾ രൂപീകരിച്ചു. അവർ വിഷയങ്ങൾ പഠിച്ച് ചർച്ച ചെയ്തു. നിർദേശങ്ങൾ മുന്നോട്ട് വച്ചു. പങ്കാളിത്ത സഭയെന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദർശനങ്ങൾ പൂർണമായും ഉൾക്കൊണ്ട് പ്രാദേശികസഭയുടെ കാലിക ആവശ്യങ്ങൾ കണ്ടറിഞ്ഞാണ് സിനഡിന്റെ ചട്ടക്കൂടുകൾ രൂപീകരിച്ചത്.
? സിനഡിനുശേഷം അതിരൂപതയിൽ വന്ന പ്രകടമായ മാറ്റങ്ങൾ
♦ സിനഡിൽ മുന്നോട്ടുവച്ച നിർദേശങ്ങൾ ഇടവകകളിൽ നടപ്പിലാക്കി വരുന്നു. ലത്തീൻ ആരാധനക്രമത്തിൽ വന്ന മാറ്റം ശ്രദ്ധേയമാണ്. ജനങ്ങളെ എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ആഘോഷമാണ് യഥാർത്ഥ ബലിയർപ്പണം. സിനഡിനുശേഷം കുടുംബയൂണിറ്റുകളിൽ വന്നിട്ടുള്ള ഉണർവ് എടുത്തുപറയേണ്ടതാണ്. ആറു ശുശ്രൂഷ വിഭാഗങ്ങളിലായി പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്ന സംവിധാനമായി ബി.സി.സികൾ മാറി. സാധാരണക്കാരായ വിശ്വാസികളുടെ അഭിമാനം സഭ മാനിക്കേണ്ടതായിട്ടുണ്ട്. അവരും വ്യക്തിത്വമുള്ളവരാണ്. അയൽപക്കത്ത് കഞ്ഞിവയ്ക്കാ ൻ അരിയില്ലെങ്കിൽ അത് ആരുമറിയാതെ അവിടെ എത്തിച്ചുകൊടുക്കുന്നവരാണ് മനുഷ്യസ്‌നേഹികൾ. അയൽവീട്ടിൽ പട്ടിണിയില്ലെന്ന് ഉറപ്പുവരുത്താനാകണം. നാലുപേർ കാൺകെ അത് ചെയ്യണമെന്നാഗ്രഹിക്കുമ്പോഴാണ് ഇടർച്ചയുണ്ടാകുന്നത്. ആദിമസഭയിൽ ഉണ്ടായിരുന്ന മനോഭാവം തിരികെ കൊണ്ടുവരണം. അവർക്ക് ഒന്നിനും കുറവുണ്ടായിരുന്നില്ല. അന്നുണ്ടായിരുന്ന കരുതലും സ്‌നേഹവും സിനഡാനന്തര വരാപ്പുഴ അതിരൂപതയിൽ അനുഭവവേദ്യമാകുമെന്നാണ് പ്രതീക്ഷ.
? പുതിയ ഇടയനെക്കുറിച്ച്.

♦ വരാപ്പുഴ അതിരൂപതയ്ക്ക് അപരിചിതനല്ല ജോസഫ് കളത്തിപ്പറമ്പിൽ പിതാവ്. അതിരൂപതയുടെ മകനാണ്. വികാരി ജനറാളായും ചാൻസലറായും ഒരുപാടുകാലം ഇവിടെ സേവനം ചെയ്തിട്ടുണ്ട്. ഒത്തിരി സന്തോഷമുണ്ട്, അതോടൊപ്പം ഒരുപാട് പ്രതീക്ഷയും. സെമിനാരിയിൽ പഠിക്കുന്ന സമയത്തുതന്നെ പരിചയമുണ്ടായിരുന്നു. ഞാൻ കോട്ടപ്പുറം മെത്രാനായിരിക്കുന്ന സമയത്താണ് ജോസഫ് പിതാവ് കോഴിക്കോട് മെത്രാനാകുന്നത്. റോമിലെ ഭരണ നൈപുണ്യവും പ്രവർത്തനമികവുമെല്ലാം പിതാവിന് സഹായകമാകും.
സിനഡിന്റെ പൂർത്തീകരണത്തിനായി കല്ലറക്കൽ പിതാവ് തുടങ്ങിവച്ച കാര്യങ്ങൾ തുടരുന്നതിനായിരിക്കും മുൻഗണനയെന്ന് ജോസഫ് പിതാവ് റോമിൽവച്ച് മാധ്യമങ്ങളോട് പങ്കുവച്ചതായി അറിയാൻ കഴിഞ്ഞു. അതൊക്കെ ഒത്തിരി സന്തോഷമുള്ള കാര്യമാണ്.
? സഭയിലും സമൂഹത്തിലും ഫ്രാൻസിസ് പാപ്പയുടെ സ്വാധീനം.

♦ ഈ കാലഘട്ടത്തിന് യോജിച്ച മാർപാപ്പയാണ് പരിശുദ്ധ പിതാവ്. ഇത് ദൈവത്തിന്റെ തിരഞ്ഞെടുപ്പാണ്. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിനുള്ള കോൺക്ലേവ് നടക്കുന്ന സമയത്ത് ഞാൻ ബംഗ്‌ളൂരിലായിരുന്നു. സെന്റ് ജോൺസ് മെഡിക്കൽ കോളജ് അഡ്മിനിസ്‌ട്രേറ്റർ എന്ന നിലയിൽ ബോർഡ് മീറ്റിങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. രാത്രി ഭക്ഷണം കഴിഞ്ഞ് ഗോവ ആർച്ച് ബിഷപ് ഡോ.ഫിലിപ്പ് നേരിയുമൊത്ത് ടെലിവിഷനിൽ മാർപാപ്പ പ്രഖ്യാപനത്തിന്റെ തത്സമയ സംപ്രേഷണം കണ്ടിരുന്നത് ഇപ്പോഴും ഓർക്കുന്നു.
അങ്ങ് ഏത് പേരിൽ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിനുത്തരമായി അസീസിയിലെ ഫ്രാൻസിസ് എന്നറിയിച്ചപ്പോൾ ഞാൻ ഏറെ സന്തോഷിച്ചു. പിന്നീട് റോമിലെ സാന്താ മാർത്തയിലെ അദ്ദേഹത്തിന്റെ സ്വകാര്യചാപ്പലിൽ പാപ്പയോടൊപ്പം ബലിയർപ്പിക്കാനും സാധിച്ചു. വിശുദ്ധ ചാവറ കുര്യാക്കോസിന്റെ വിശുദ്ധ പദവി പ്രഖ്യാപനവേളയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമൊത്ത് പരിശുദ്ധ പിതാവിനോട് സംസാരിക്കാൻ അവസരം കിട്ടി. ഇതൊക്കെ ജീവിതത്തിൽ അവിസ്മരണീയമായ അനുഭവമാണ്.
? കാരുണ്യവർഷാചരണം സഭയിൽ എന്ത് മാറ്റങ്ങളാണ് വരുത്തിയത്.

♦ കരുണയുടെ അസാധാരണ ജൂബിലി വർഷാചരണം മനുഷ്യഹൃദയങ്ങളിൽ സൃഷ്ടിച്ച പ്രകമ്പനം വളരെ വലുതാണ്. കരുണാർദ്രമായ യേശുവിന്റെ മുഖം ലോകത്തിന് കാണിച്ചുകൊടുക്കാൻ സാധിച്ചു. കുടുംബസമേതം വിശ്വാസികൾ കാരുണ്യകവാട കേന്ദ്രങ്ങളിലേക്ക് തീർത്ഥാടനം നടത്താൻ ഉത്സാഹം കാണിച്ചു. വർഷാചരണം റോമിൽ മാത്രമൊതുങ്ങാതെ രൂപതാതലങ്ങളിലും വ്യാപിപ്പിക്കാൻ സാധിച്ചുവെന്നതാണ് ഏറ്റവും വലിയ കാര്യം. നമ്മുടെ അതിരൂപതയിലെ പതിനഞ്ച് കാരുണ്യകവാട തീർത്ഥാടനകേന്ദ്രങ്ങളിലും വിശ്വാസികൾ സന്ദർശനം നടത്തി. കുമ്പസാരിച്ച് ആത്മീയമായ അനുഗ്രഹങ്ങളും നേടി.
? വികസനം സൃഷ്ടിക്കുന്ന വെല്ലുവിളികളെ എങ്ങനെ കാണുന്നു
♦ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന നഗരപ്രദേശങ്ങളിൽ വിശ്വാസികൾക്ക് അഭയകേന്ദ്രങ്ങളാകുന്നത് ദൈവാലയങ്ങളാണ്. മനുഷ്യന് സമാധാനമായി യാത്ര ചെയ്യാൻപോലും സാധിക്കാത്ത തരത്തിൽ നഗരം തിരക്കുപിടിച്ചിരിക്കുകയാണ്. വികസനം ഒരു വശത്ത് ഭംഗിയായി നടക്കുന്നു. എന്നാൽ മറുവശം അവഗണിക്കപ്പെടുന്നു.
നഗരത്തിന്റെ പാർശ്വഭാഗത്തും ദ്വീപുകളിലും ഇനിയും വികസനം കടന്നുവരേണ്ടിയിരിക്കുന്നു. കേരളത്തിലേക്ക് പ്രത്യേകിച്ച് കൊച്ചി നഗരത്തിലേക്ക് പ്രവഹിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ബാഹുല്യം സഭ പ്രത്യേകം പരിഗണിക്കേണ്ടിയിരിക്കുന്നു. അവരുടെ പശ്ചാത്തലം മനസിലാക്കി ഉൾക്കൊള്ളേണ്ടവരെ സ്വീകരിക്കണം. വിവിധ ഭാഷയും സംസ്‌കാരവും അറിയുന്ന വൈദികർ നമുക്ക് വേണം. അതുപോലെ നമ്മുടെ സന്നദ്ധ സംഘടനകളും ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണം. യോഗ്യരായവരാണെങ്കിൽ അവരുടെ കൗദാശിക ആവശ്യങ്ങൾ മനസിലാക്കി നടപ്പിലാക്കിക്കൊടുക്കാൻ സഭ സംവിധാനങ്ങൾ ഒരുക്കണം.
? സോഷ്യൽ മീഡിയുടെ വളർച്ചയെ എങ്ങനെ വിലയിരുത്തുന്നു

♦ ഇന്നത്തെ തലമുറയെ മാധ്യമങ്ങൾ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. നവമാധ്യമങ്ങളെ യുവജനങ്ങൾ ഉപകാരപ്രദമായ രീതിയിൽ വിനിയോഗിക്കണം. നിഷേധാത്മകമായി സമീപനങ്ങൾ കടന്നുവരാതെ ക്രിയാത്മകമായ രീതിയിൽ ഉപയോഗിക്കാൻ പഠിക്കണം. മിഷനറിമാർ കേരളത്തിന് നൽകിയിട്ടുള്ള മൂല്യങ്ങൾ നഷ്ടപ്പെടാതെ ഡിജിറ്റൽ യുഗത്തിൽ സമൂഹത്തിന് ഗുണകരമായ രീതിയിൽ ഉപയോഗിക്കാൻ യുവതലമുറയെ നാം പഠിപ്പിക്കണം.
? ഇപ്പോഴത്തെ വിശ്രമജീവിതത്തെ എങ്ങനെ കാണുന്നു.
♦ 1987-ൽ ആരംഭിച്ച ഇടയശുശ്രൂഷ ഇത്ര പെട്ടെന്ന് കടന്നുപോയോ എന്ന് തോന്നാറുണ്ട്. 23 വർഷം കോട്ടപ്പുറം രൂപതയിലും ആറുവർഷം വരാപ്പുഴയിലും അജപാലന ശുശ്രൂഷ ചെയ്യാൻ ദൈവം അനുഗ്രഹിച്ചു. 29 വർഷത്തെ സേവനത്തിൽ ആത്മനിർവൃതിയുമുണ്ട്. ആരോഗ്യം അനുവദിക്കുന്നതുവരെ വിശ്വാസികൾ ആവശ്യപ്പെടുന്നിടത്തെല്ലാം എത്താൻ ശ്രമിക്കും. കാനോൻ നിയമം 401 പ്രകാരം ഓരോ മെത്രാനും തന്റെ അജപാലന ശുശ്രൂഷയിലിരിക്കെ 75 വർഷം പൂർത്തിയാകുമ്പോൾ സ്ഥാനമൊഴിയാനുള്ള സൽമനോഭാവം പ്രകടിപ്പിക്കണമെന്ന സഭയുടെ നിർദേശം ഉൾക്കൊണ്ടാണ് താൻ പരിശുദ്ധ പിതാവിന് വിരമിക്കൽ കത്ത് അയച്ചത്. അദ്ദേഹം അത് സ്വീകരിച്ചു.
അജപാലനശുശ്രൂഷകളിൽനിന്ന് ഔദ്യോഗികമായി വിരമിച്ചുവെങ്കിലും ജനഹൃദയങ്ങൾ നെഞ്ചിലേറ്റിയ ഇടയൻ ഇപ്പോഴും പതിവിൻപടി തിരക്കുകളിൽതന്നെ തുടരുന്നു…
സിബി ജോയി

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?