Follow Us On

28

March

2024

Thursday

ബിഷപ് ആഗ്നലോ ഗ്രേഷ്യസ് അവയവദാന സമ്മതപത്രം നൽകി

ബിഷപ് ആഗ്നലോ ഗ്രേഷ്യസ് അവയവദാന സമ്മതപത്രം നൽകി

മുംബൈ: ”മറ്റൊരാൾക്ക് നമ്മുടെ കണ്ണുകളിലൂടെ കാണാൻ കഴിയുക, നാമറിയാത്ത ഒരാൾ എന്റെ കിഡ്‌നികൊണ്ടു ജീവിക്കുക… ഇതൊക്കെയല്ലേ ദൈവത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ.” മുംബൈ അതിരൂപതയുടെ സഹായ മെത്രാൻ ഡോ. ആഗ്നലോ ഗ്രേഷ്യസ് ചോദിക്കുന്നു. അവയവദാന സമ്മതപത്രം നൽകിയിരിക്കുകയാണ് ഈ ഇടയൻ. അവയവദാനത്തെക്കുറിച്ച് അറിവു പകരുന്നതിനും വിശ്വാസികളെ ബോധവല്ക്കരിക്കുന്നതിനുമായി രൂപതയുടെ പ്രസിദ്ധീകരണത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കി ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തു.
വിശുദ്ധ കുർബാനയുടെ മധ്യേയും മറ്റ് പ്രോഗ്രാമുകളിലും അവയവദാനത്തിന്റെ മഹാത്മ്യത്തെ ഓർമിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാകുകയും ചെയ്യുന്നുണ്ട് ഡോ. ഗ്രേഷ്യസ്. സ്‌നേഹത്തിന്റെ പ്രമാണപത്രമാണ് അവയവദാനമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ തന്നെ ഏറെ സ്വാധീനിച്ചെന്നും ഡോ. ഗ്രേഷ്യസ് പറയുന്നു. ബോധവല്ക്കരണ പ്രവർത്തനങ്ങളിൽ മാർപാപ്പയുടെ വാക്കുകൾ കൂട്ടിച്ചേർക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. മുംബൈ അതിരൂപതാധ്യക്ഷൻ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് അവയവദാനസമ്മതപത്രം നേരത്തെതന്നെ നൽകിയിരുന്നു.
അവയവദാനത്തെക്കുറിച്ച് ബോധ്യം ലഭിച്ച ഒരു അനുഭവം ഡോ. ഗ്രേഷ്യസിന്റെ മനസിൽ ഇപ്പോഴും പച്ചകെടാതെ നില്ക്കുന്നുണ്ട്. 1996-ലെ ക്രിസ്മസിന്റെ തലേദിവസം. മുംബൈ അതിരൂപതയിലെ ഫാ. ഫ്രാൻസിസ് മിറാൻഡയുടെ മൃതശരീരം പ്രാർത്ഥനകൾക്കുശേഷം സെമിത്തേരിയിലേക്കു കൊണ്ടുപോകുന്നതിനുപകരം മുംബൈയിലെ ജെ.ജെ. ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. തന്റെ ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിനായി വിട്ടുകൊടുക്കുന്നതിനുള്ള സമ്മതപത്രത്തിൽ അദ്ദേഹം ഒപ്പിട്ടിരുന്നു. ഈ ഭൂമിയിൽനിന്ന് യാത്രയാകുമ്പോഴും സമൂഹത്തിന് പ്രയോജനപ്പെടുന്നതിനായി തന്റെ ശരീരത്തെ വിനിയോഗിക്കണമെന്ന ആഗ്രഹത്തിൽനിന്നായിരുന്നു അദ്ദേഹം അത്തരമൊരു സമ്മതപത്രം നൽകിയത്. അവയവദാനത്തെക്കുറിച്ചുള്ള ചർച്ചകൾ ഇന്ത്യയിൽ തുടങ്ങിയ കാലത്തായിരുന്നു ഫാ. മിറാൻഡ ധീരമായ നിലപാട് സ്വീകരിച്ചത്. രണ്ട് പതിറ്റാണ്ടുകൾ കഴിയുമ്പോൾ ഈ മേഖലയിൽ ഏറെ മുന്നേറാൻ കഴിഞ്ഞിട്ടുണ്ട്. ക്ലാസുകളിലൂടെയും ബോധവല്ക്കരണ പ്രവർത്തനങ്ങൾവഴിയും അവയവദാനത്തിന് അനേകർ തയാറാകുന്നുണ്ടെന്ന് ബിഷപ് ഗ്രേഷ്യസ് പറയുന്നു.
ഏതാനും വർഷങ്ങൾക്കുമുമ്പ് മുംബൈയിലെ ജെ.ജെ ആശുപത്രി സന്ദർശിച്ചതും അവയവദാനത്തിന് പ്രേരണയായി മാറി. മരണത്തിലൂടെയും മറ്റുള്ളവരെ സഹായിക്കണമെന്ന ആഗ്രഹം അവിടെവച്ചായിരുന്നു ഉണ്ടായത്. കുടുംബാംഗങ്ങളോട് തന്റെ ആഗ്രഹം ബിഷപ് പറയുകയും ചെയ്തു. കഴിഞ്ഞ വർഷം മരണശേഷം മുംബൈയിൽ 58 പേരുടെ അവയവങ്ങൾ ബന്ധുക്കൾ ദാനം ചെയ്തിരുന്നു.
അതുവഴി 91 പേർക്ക് കിഡ്‌നിയും 58 പേർക്ക് കരളും 34 പേർക്ക് ഹൃദയവും ലഭിച്ചു. മരണശേഷം ആത്മാവ് ദൈവസന്നിധിയിലേക്ക് യാത്രയാകുമ്പോൾ ശരീരം മണ്ണിൽ അലിഞ്ഞു ചേരുകയാണ്. ആ സമയം മറ്റൊരാൾക്ക് നമ്മുടെ അവയവങ്ങൾകൊണ്ട് ജീവിതത്തിലേക്ക് തിരികെ വരാൻ കഴിയുമെങ്കിൽ അതിനുള്ള അവസരം ഒരുക്കുകയല്ലേ വേണ്ടത്.” മുംബൈ അതിരൂപതാ വക്താവ് ഫാ. നൈജൽ ബാരറ്റ് പറയുന്നു. അവയവദാനത്തെക്കുറിച്ചുള്ള വിവിധ ബോധവല്ക്കരണ പ്രവർത്തനങ്ങളും രൂപതയിൽ നടന്നുവരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?