Follow Us On

29

March

2024

Friday

വൈരുദ്ധ്യാത്മക ഭാഷാപോഷണം – വൈലോപ്പിള്ളിയെ വെറുതെ വിടുക

വൈരുദ്ധ്യാത്മക ഭാഷാപോഷണം – വൈലോപ്പിള്ളിയെ വെറുതെ വിടുക

മലയാളമനോരമ പ്രസിദ്ധീകരണമായ ഭാഷാപോഷിണി മാസികയുടെ 2016 ഡിസംബർ ലക്കത്തിൽ മൃദ്വംഗിയുടെ ദുർമൃത്യു എന്നപേരിൽ ഒരു ലഘുനാടകം പ്രസിദ്ധപ്പെടുത്തിയിരുന്നു. ചലച്ചിത്ര തിരക്കഥാകൃത്തായ സി.ഗോപനാണ് നാടകകൃത്ത്. പൗലോ കൊയ്‌ലോ മാതാഹാരിയെ കുറിച്ചെഴുതിയ ദി സ്‌പൈ എന്ന നോവലിനെ ആസ്പദമാക്കിയാണു തന്റെ നാടകമെന്നു ഗോപൻ മുഖവുരയിൽ പറയുന്നുണ്ട്. ഇതിനിടയ്ക്ക് യശശ്ശരീരനായ വൈലോപ്പിള്ളിയുടെ നർത്തകി എന്ന കവിതയെക്കൂടി ഗോപൻ ആലംബമാക്കിയിട്ടുണ്ട്. മാത്രമല്ല വൈലോപ്പിള്ളി ശ്രീധരമേനോൻ ഒരു കഥാപാത്രമെന്നനിലയിൽ ഇടയ്ക്കിടയ്ക്ക് ശ്ലോകം ചൊല്ലിക്കൊണ്ടു രംഗപ്രവേശം ചെയ്യുന്നുമുണ്ട്.
ജോൺ ഗാത്സ്വർത്തി എഴുതിയ ഒരു ഇംഗ്ലീഷ് കഥയെ ആസ്പദമാക്കിയാണ് വൈലോപ്പിള്ളിയുടെ കവിത എന്ന് മുഖവുരയിൽ അദ്ദേഹം പറയുന്നു. അക്കാര്യം മറച്ചുവച്ചിട്ട് പൗലോ കൊയ്‌ലോയുടെ ‘നോവലിനെ ആസ്പദമാക്കി യെന്നു പ്രഖ്യാപിക്കുകയാണു ഗോപൻ ചെയ്തിരിക്കുന്നത്. വൈലോപ്പിള്ളിയെ കഥാപാത്രമാക്കിയെങ്കിലും പൗലോ കൊയ്‌ലോയെ കഥാപാത്രമാക്കാതെ മാറ്റി നിർത്താനുള്ള ഔദാര്യവും അദ്ദേഹം കാണിച്ചിട്ടുണ്ട്.
ഇനി യഥാർത്ഥ ഇതിവൃത്തമെന്തെന്നു പറയാം. ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മനിക്കുവേണ്ടി ചാരവൃത്തി ചെയ്തു എന്ന കുറ്റത്തിന് ഫ്രഞ്ചുകോടതിയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു ഇന്ത്യൻ നർത്തകി (മാതാഹാരി) ശിക്ഷാദിവസത്തിനു തലേന്നാൾ ഒരു കന്യാസ്ത്രീ മഠത്തിൽ ഏല്പിക്കപ്പെടുന്നു. കന്യാസ്ത്രീകളുടെ സഹായത്തോടുകൂടി അവൾ ധ്യാനിക്കുകയും നല്ല മരണത്തിനു ഒരുങ്ങുകയും ചെയ്യട്ടെ എന്നു കരുതിയാണ് അവളെ മഠത്തിലേല്പിച്ചത്. എന്നാൽ മാതാഹാരി പ്രാർത്ഥിക്കാനൊരുങ്ങിയില്ല. അവൾക്ക് അതിലൊന്നും വിശ്വാസമില്ല. കന്യാസ്ത്രീകളുടെ അത്താഴമേശയ്ക്കു മുന്നിൽ തന്റെ അന്ത്യനൃത്തം അവതരിപ്പിക്കാനുള്ള അനുവാദം ചോദിക്കുകയാണവൾ ചെയ്തത്. ആ അന്ത്യാഭിലാഷത്തിനു മഠാധിപ വഴങ്ങിക്കൊടുത്തു. വൈലോപ്പിള്ളിയുടെ ഭാഷയിൽ നൃത്തം തുടങ്ങിയവൾ; അമ്പതു കന്യകാസ്ത്രീ ചിത്തങ്ങളാ സുഖദമർദ്ദനമേറ്റുലഞ്ഞു’ മെയ്യഴകും അവയവചലനങ്ങളും ആവോളം പ്രദർശിപ്പിച്ചുകൊണ്ടുള്ള ഉന്മത്തനൃത്തം! കന്യാസ്ത്രീകൾ ഭക്ഷണംപോലും മറന്ന് സ്തംഭിച്ചിരുന്നുപോയി. പിറ്റേദിവസം പട്ടാളക്കാർ മാതാഹാരിയെ കൊലക്കളത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. മഠത്തിലെ കന്യാസ്ത്രീകളിലൊരാൾ ജീവിതാസക്തി മൂർച്ഛിച്ച് മഠത്തിൽനിന്നു ചാടിപ്പോയി എന്നതാണു കഥയുടെ പര്യവസാനം.
ഈ കഥയാണ് ഒരു ആധുനിക നാടകത്തിന്റെ തിരക്കഥയാക്കി ഭാഷാപോഷിണിയിൽ സി.ഗോപൻ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനു നൽകിയ ചിത്രീകരണ(illustration)ത്തിലാണ് യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ബീഭത്സമായ ഒരു ഹാസ്യാനുകരണം ചേർത്തിരിക്കുന്നത്. യേശുവിന്റെ സ്ഥാനത്ത് മാർവിടത്തിന്റെ നഗ്നത മുഴുവൻ പ്രദർശിപ്പിച്ചുകൊണ്ട് ‘ഇതെന്റെ ശരീരമാകുന്നു’ എന്നു വിളംബരം ചെയ്യുന്ന മട്ടിൽ പരി.കന്യകാമറിയം ഇരിക്കുന്നു. ആറു കന്യാസ്ത്രീകൾ വീതം (ആകെ പന്ത്രണ്ട്) ഇരുവശത്തും ആ മാറിടം കണ്ടു സ്തംഭിച്ചിരിക്കുന്നു. അത്താഴമേശയിൽ വിളമ്പിയിരിക്കുന്ന ആപ്പിൾപ്പഴങ്ങളിലേക്ക് അവർ നോക്കുന്നില്ല. (ആദിമാതാവായ ഹവ്വയുടെ കഥയായിരിക്കണം ആപ്പിൾ പഴം കൊണ്ടു സൂചിപ്പിക്കുന്നത്).
ഇതു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ പരിഹസിക്കാനല്ലാതെ വേറെന്തിനാണുപകരിക്കുക? ഗോപന്റെ നാടകത്തിലോ വൈലോപ്പിള്ളിയുടെ കവിതയിലോ പന്ത്രണ്ടു കന്യാസ്ത്രീകളുടെ ചിത്രമില്ല. അമ്പതു കന്യാസ്ത്രീകൾ എന്നാണു വൈലോപ്പിള്ളി പറയുന്നത്. മാറിലെ വസ്ത്രം ഇരുവശത്തേക്കും നീക്കി തലചരിച്ചു കീഴോട്ടു നോക്കിയിരിക്കുന്ന ഒരു ‘നർത്തകി’യല്ല മൂലകഥയിലും കവിതയിലുമുള്ളതെന്നും വ്യക്തമായല്ലോ. അന്ത്യ അത്താഴത്തിന്റെ ഈ ഭീകര ഹാസ്യാനുകരണംകൊണ്ട് ക്രൈസ്തവരുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുക എന്ന ലക്ഷ്യമല്ലാതെ മറ്റ് എന്തു ലക്ഷ്യമാണുള്ളത്?
ചില ക്രൈസ്തവ കേന്ദ്രങ്ങളിൽ ഇതിനെതിരെ പ്രതിഷേധമുയർന്നു. വിശ്വാസികളുടെ വികാരങ്ങള വ്രണപ്പെടുത്തരുതായിരുന്നു എന്നു കർദ്ദിനാൾ മാർ ആലഞ്ചേരി പ്രസ്താവനയിറക്കി. മനോരമക്കാർ ഒരു ക്ഷമാപണം പ്രസിദ്ധപ്പെടുത്തി. മാധ്യമപ്രവർത്തനത്തിൽ ഇങ്ങനെ ചില വീഴ്ചകൾ വരാമെന്ന് വന്ദ്യകർദ്ദിനാൾ അവരെയും ആശ്വസിപ്പിച്ചു. സാക്ഷാൽ പ്രശ്‌നം ഇവിടെ അവസാനിക്കുന്നില്ലല്ലോ.
ക്രൈസ്തവ സമൂഹത്തെ സാഹിത്യരംഗത്തു കൈപിടിച്ചുയർത്തി വളർത്തിയ കണ്ടത്തിൽ വർഗീസ് മാപ്പിളയുടെയും കെ.സി.മാമ്മൻമാപ്പിളയുടെയും കെ.എം.ചെറിയാന്റെയും, കെ.എം.മാത്യുവിന്റെയും മറ്റും പാരമ്പര്യം നിലനിർത്തുന്ന ഒരു ക്രൈസ്തവ മാധ്യമ സ്ഥാപനത്തിൽ എങ്ങനെ ഇതു സംഭവിച്ചു? ഇപ്പോഴും മാനേജിംഗ് എഡിറ്റർ മുതൽ ചീഫ് എഡിറ്റർവരെയുള്ളവരെല്ലാം ക്രൈസ്തവപ്രമുഖർ തന്നെയാണ്. അവരാരും മനസ്സറിഞ്ഞുകൊണ്ട് ഇങ്ങനെയൊരു ഹീനകർമ്മം ചെയ്യുകയില്ല. ക്രൈസ്തവസഭാവിഭാഗങ്ങളിലേതിനോടും അനുഭാവം പുലർത്തിപ്പോന്ന ഒരു പാരമ്പര്യമാണ് അവർക്കുള്ളത്. എന്റെ ക്രിസ്തുഗാഥ എന്ന മഹാകാവ്യത്തിന്റെ പ്രഥമപ്രതി പാലാ നാരായണൻനായർക്കു നൽകിക്കൊണ്ട് പ്രകാശനം ചെയ്തത് യശശ്ശരീരനായ മാത്തുക്കുട്ടിച്ചായൻ (കെ.എം.മാത്യു) ആയിരുന്നു എന്നും ഞാൻ നന്ദിയോടെ ഓർക്കുന്നു.
ആ മഹാശയന്മാരുടെ സങ്കല്പങ്ങളിൽ കടന്നുകൂടിയ ഒരബദ്ധമാണിതിനൊക്കെ കാരണം. ഭാഷാപോഷിണി മാസിക തുടങ്ങിയിട്ട് ഒന്നര നൂറ്റാണ്ടോളമായി. ഇന്നുവരെ ഇങ്ങനെയൊരബദ്ധം ഉണ്ടായിട്ടില്ലല്ലോ. ഭാഷാപോഷിണി ഒരു സാഹിത്യസാംസ്‌കാരിക മാസികയായതിനാൽ ഒരു സവർണ്ണപണ്ഡിതനെ ഏല്പിച്ചു കളയാമെന്ന് പത്തിരുപതുകൊല്ലംമുമ്പ് ആധുനിക മാനേജ്‌മെന്റിനു തോന്നി. കെ.സി.നാരായൻ നമ്പൂതിരിയെ അവർ എഡിറ്റർ ഇൻ ചാർജായി നിയമിച്ചു. ഭാഷാപോഷണം എന്നത് സാംസ്‌കാരപോഷണം കൂടിയാല്ലോ. സാഹിത്യസാംസ്‌കാരികരംഗങ്ങളിൽ പിന്നോക്കം നിൽക്കുന്ന ക്രിസ്ത്യാനികളെ കഴിവതും വേലിക്കു പുറത്തുനിർത്തുന്നതാണു നല്ലതെന്നു നമ്പൂതിരിക്കുതോന്നി. നാരായണൻ നമ്പൂതിരി വേണ്ടതൊക്കെ ചെയ്യാമെന്നറിയാവുന്നതുകൊണ്ട് ഭാഷാപോഷിണിയുടെ അപഥ സഞ്ചാരങ്ങളെ അക്ഷരംപ്രതി പരിശോധിക്കാനൊന്നും മാനേജ്‌മെന്റിനു സമയം കിട്ടിയില്ല. സ്വാഭാവികമാണത്. നമ്പൂതിരിയുഗത്തിനുമുമ്പ് ഭാഷാപോഷിണിയിൽ ചിലതൊക്കെ എഴുതിക്കൊണ്ടിരുന്ന ഒരാളാണ് ഈ ലേഖകനും. മുഖത്തടിച്ചപോലുള്ള ചില ദുരനുഭവങ്ങളുണ്ടായപ്പോൾ ഞാൻ എന്റെ വഴിക്കു തിരിഞ്ഞുപോയി എന്നു മാത്രം.
സത്യവേദപുസ്തകത്തിലെ തിരുവത്താഴത്തിന്റെ രഹസ്യം പഠിച്ചറിയാത്തതിന് ഞാൻ നമ്പൂതിരിയെ കുറ്റപ്പെടുത്തുന്നില്ല. എന്നാൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന നാടകത്തിലെ അക്ഷരവീഴ്ച യും വ്യാകരണദോഷവും പരിഹരിക്കാനുള്ള ചുമതലയെങ്കിലും അദ്ദേഹത്തിനുണ്ട്. ഗോപന്റെ മോഡേൺ നാടകത്തിൽ ഭാഷാദോഷങ്ങൾ പലതുണ്ട്. അത് എഡിറ്റർ ഇൻ ചാർജ് തിരുത്തേണ്ടതായിരുന്നു. പ്രസിദ്ധപ്പെടുത്തുന്ന കഥയുടെ ഉള്ളടക്കത്തോടു പൊരുത്തപ്പെടാത്ത ഒരു ഇല്ലസ്‌ട്രേഷൻ (ചിത്രീകരണം) കടന്നുവരുമ്പോൾ കണ്ടുപിടിക്കേണ്ട ചുമതലയും അദ്ദേഹത്തിനാണ്. നൃത്തക്കാരിയും അൻപതു കന്യാസ്ത്രീകളുമല്ലല്ലോ ഇല്ലസ്‌ട്രേഷനി(ചിത്രീകരണം)ലുള്ളത്. ഇതു കണ്ടുപിടിക്കാതിരുന്ന എഡിറ്റർ ഇൻ ചാർജാണു ശിക്ഷയർഹിക്കുന്നത്. ഭാഷാപോഷണത്തിനിടയിൽ കടത്തിവിട്ട ഈ സംസ്‌കാരദൂഷണത്തിനു മറുപടി പറയേണ്ടതും നമ്പൂരിതന്നെയാണ്. സി.ഗോപനും നമ്പൂരിശ്ശനും ഒപ്പം സംഭവിച്ച ഒരു ചെറിയ തെറ്റ് ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ. ഇതാ ഒരു രംഗവിവരണം. ‘അരങ്ങിൽ മദാലസയായ ഒരു സ്ത്രീ പ്രത്യക്ഷപ്പെടുന്നു. മാദകമായ നൃത്തം അരങ്ങേറുന്നു. നൃത്തത്തിനിടയിൽ വസ്ത്രം ഓരോന്നായി ഉരിഞ്ഞെറിയുന്നു. ഒടുവിൽ വിവസ്ത്രനായി കാണപ്പെടുന്നത് പുരുഷനെയാണ്…’ ഈ ഭാഗം നമ്പൂതിരി വായിച്ചിരുന്നെങ്കിൽ ഇല്ലസ്‌ട്രേഷനും ഭാഷയും ഒപ്പം ശരിയാക്കാമായിരുന്നു. അവസാനവാക്യം നോക്കുക. വിവസ്ത്രനായി കാണപ്പെടുന്നത് പുരുഷനെയാണത്രേ. കർമ്മണി പ്രയോഗത്തിലെ വീഴ്ചകണ്ടോ? പുരുഷൻ കാണപ്പെടണം. പുരുഷനെ കാണപ്പെടുന്നു എന്നതു തെറ്റാണ്.
ദീർഘിപ്പിക്കുന്നില്ല. ഒരു സങ്കടംകൂടി രേഖപ്പെടുത്തട്ടെ. ക്രൈസ്തവ ദർശനങ്ങളോട് അസാധാരണമായ ആദരവു പുലർത്തിയിരുന്ന കവിയാണ് വൈലോപ്പിള്ളി ശ്രീധരമേനോൻ. മണിനാദം, പള്ളിമണികൾ, ആസ്പത്രിയിൽ, പഴയപള്ളി എന്നിങ്ങനെ അനേകം ക്രൈസ്തവകവിതകൾ എഴുതിയ ആ പരേതാത്മാവിനെ ഈ സംസ്‌കാരസംഹാരക്രിയയിൽ പങ്കാളിയായി അവതരിപ്പിക്കരുതായിരുന്നു. മലയാള വ്യാകരണവും വൈലോപ്പിള്ളിക്കവിതയും മനസ്സിരുത്തി പഠിച്ച ഒരു സാധു കത്തോലിക്കനാണു ലേഖകനെന്നകാര്യം വിശാലമനസ്‌കരായ മനോരമത്തറവാട്ടുകാരെയും നടത്തിപ്പുകാരനായ നമ്പൂരിശ്ശനെയും അറിയിച്ചുകൊള്ളട്ടെ.
പ്രൊഫ. മാത്യു ഉലകംതറ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?