ഫ്രാൻസിസ് പാപ്പായെ ജനപ്രിയനാക്കിയ ഏഴുകാര്യങ്ങൾ

201

ഫ്രാൻസിസ് മാർപാപ്പയെ ലോകത്തിന് പ്രിയങ്കരനാക്കിയത് അദ്ദേഹം സ്വീകരിച്ച സമാനതകളില്ലാത്ത ചില നിലപാടുകളാണ്. ഒന്നും രണ്ടുമല്ല, നിരവധി ഉദാഹരണങ്ങൾ കണ്ടെത്താനാകും. അതിൽവളരേയേറെ മാധ്യമശ്രദ്ധപിടിച്ചുപറ്റിയ ഏഴു പേപ്പൽ നടപടികൾ അടുത്തറിയാം.

കാരണം ഒന്ന്: കൊട്ടാരം വേണ്ട, പാപ്പ മൊബീലും വേണ്ട

പ്രാർത്ഥനയഭ്യർത്ഥിച്ച് വിശ്വാസികൾക്കുമുമ്പിൽ തലകുനിച്ചപ്പോൾമാത്രമല്ല, ഫ്രാൻസിസ് പാപ്പ കൈക്കൊണ്ട ആദ്യതീരുമാനമറിഞ്ഞപ്പോഴും ലോകം അമ്പരന്നു: പാപ്പയ്ക്ക് താമസിക്കാൻ വത്തിക്കാൻ കൊട്ടാരം വേണ്ട; പൊതുദർശനവേളയിൽ സഞ്ചരിക്കാൻ വെടിയുണ്ടയെ തോൽപ്പിക്കുന്ന പാപ്പ മൊബീലും വേണ്ട. ഇതുകേട്ടാൽ ആരാണ് അമ്പരക്കാത്തത്? വർഗീയയുദ്ധങ്ങളും ഭീകരവേട്ടകളും അരങ്ങുതകർക്കുമ്പോൾ ഇതൊക്കെയും ആരും ഒഴിവാക്കില്ല. അതിനാൽതന്നെ ഫ്രാൻസിസ് പാപ്പയുടെ നടപടി ലോകശ്രദ്ധനേടി.

ബുള്ളറ്റ് പ്രൂഫ് പാപ്പാ മൊബീൽ ഉപയോഗത്തിന് അധികം പഴക്കമില്ലെങ്കിലും വത്തിക്കാൻ കൊട്ടാരം വസതിയായി ഉപയോഗിക്കുന്ന പേപ്പൽ പാരമ്പര്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.വത്തിക്കാൻ കൊട്ടാരത്തിന് ഒരുവിളിപ്പാടകലെ സ്ഥിതിചെയ്യുന്ന വത്തിക്കാനിലെ അതിഥിമന്ദിരമായ സാന്താ മാർത്താഭവനത്തിലാണ് പാപ്പയുടെ വാസം. പൊതുസന്ദർശനം തുറന്ന ജീപ്പിലും. 1981ൽഅലി ആഗ്ക നടത്തിയ കൊലപാതകശ്രമംവരെ ജോൺപോൾ രണ്ടാമൻ പാപ്പ തുറന്ന ജീപ്പാണ് ഉപയോഗിച്ചിരുന്നത്. വിശ്വാസി-പാപ്പ അടുപ്പത്തിന് തടസമായിരുന്ന ചില്ലുകൂടിന്റെ കനം വേണ്ടന്നുവെച്ച ഫ്രാൻസിസ് പാപ്പായുടെ നടപടിയിലൂടെ പാപ്പയിലേക്ക് ജനം കൂടുതൽ അടുത്തു. അഞ്ചുനില സാന്താമാർത്ത മന്ദിരമാണു വത്തിക്കാനിലെ അതിഥിമന്ദിരം. രണ്ടു മുറികളുള്ള 105 സ്യൂട്ടുകളും 26 സിംഗിൾ റൂമുകളുമാണ് ഇവിടെയുള്ളത്. പകുതിയോളം മുറികളിൽ സ്ഥിരം താമസക്കാരാണ്. സിറ്റിംഗ് റൂം, കിടപ്പുമുറി, ബാത്ത് റൂം തുടങ്ങിയ സൗകര്യങ്ങളാണ് സ്യൂട്ടുകളിലുള്ളത്. ടെലിഫോൺ, ഇന്റർനെറ്റ്, ടിവി എന്നിവയുമുണ്ട്. യോഗം ചേരുന്നതിനുവിശാലമായ ഹാൾ, പൊതു ഭോജനശാല, ചാപ്പലുകൾ എന്നിവയും മന്ദിരത്തിന്റെ സവിശേഷതയാണ്.

കാരണം രണ്ട് : പെസഹാചരണത്തിലെ സ്ത്രീ സാനിധ്യം

പെസഹാ ആചരണവുമായി ബന്ധപ്പെട്ട കാലുകഴുകൽ ശുശ്രൂഷയായിരുന്നു മാധ്യമങ്ങൾ ചർച്ചചെയ്ത ഫ്രാൻസിസ് പാപ്പയുടെ മറ്റൊരു പൊതുപരിപാടി. പരമ്പരാഗതമായ ആചാരങ്ങളെ മറികടന്നായിരുന്നല്ലോ കാലുകഴുകൽ ശുശ്രൂഷകൾ.

പാപ്പയായശേഷമുള്ള ആദ്യത്തെ പെസഹാദിനത്തിൽ കാലുകഴുകൽ ശുശ്രൂഷയ്ക്ക് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കുപകരം റോമിലെ കാസൽ മർമോ ദുർഗുണപരിഹാര പാഠശാല പാപ്പ തിരഞ്ഞെടുത്തു. മാത്രമല്ല, കാലുകഴുകാൻ തിരഞ്ഞെടുത്ത 12 പേരിൽ രണ്ടു വനിതകൾ ഉൾപ്പെട്ടു എന്നതും ശ്രദ്ധേയമായി. പതിനാലിനും 21നുംമധ്യേ പ്രായമുള്ളവരുടെ കാലുകളാണ് പാപ്പ കഴുകുകയും ചുംബിക്കുകയും ചെയ്തത്.
സ്ത്രീകളിൽ ഒരാൾ സെർബിയൻ മുസ്ലീം തടവുകാരിയും മറ്റൊരാൾ ഇറ്റാലിയൻ കത്തോലിക്കാ യുവതിയുമായിരുന്നു. റോമൻ കത്തോലിക്കാസഭയുടെ ചരിത്രത്തിൽ ആദ്യത്തെ സംഭവമായിരുന്നു ഇത്. ക്രിസ്തു 12 ശിഷ്യൻമാർക്ക് കാലുകഴുകിയതിന്റെ സ്മരണയ്ക്കാണ് ഈ ചടങ്ങ് നടത്തുന്നത്. ശിഷ്യഗണത്തിൽ സ്ത്രീകൾ ഇല്ലാതിരുന്നതിനാൽ ഇവരെ ഉൾപ്പെടുത്തുക പതിവില്ലായിരുന്നു. ഇതിനാണ് ഫ്രാൻസിസ് പാപ്പ മാറ്റം വരുത്തിയത്.

കാരണം മൂന്ന് : ധൂർത്തിനെതിരെ ശക്തമായ നടപടികൾ

ഫ്രാൻസിസ് മാർപാപ്പയുടെ പേപ്പസിയുടെ ആദ്യനാളുകളിൽത്തന്നെ അതുവരെ കേൾക്കാത്ത ഒരു വാർത്തയും ലോകം ശ്രവിച്ചു: ആർഭാട ജീവിതം നയിച്ച ഒരു രൂപതാധ്യക്ഷനെ പാപ്പ സസ്‌പെൻഡ് ചെയ്തു. ജർമനിയിലെ ലിംബുർഗ് രൂപതാധ്യക്ഷനായിരുന്ന ബിഷപ്പ് ഫ്രാൻസ പീറ്ററിനായിരുന്നു ആ ദുര്യോഗം. അരമന പുനർനിർമാണമാണ് ഇതിന് കാരണമായത്. 42.7 മില്യൺ ഡോളറാണ് അതിനായി അദ്ദേഹം ചെലവിട്ടത്. ചാപ്പൽ നിർമിക്കാനും കോൺഫറൻസ് മേശയ്ക്കും വേറെയും കോടികൾ. അതിലേറെ കാശുപൊടിച്ചായിരുന്നു ബാത്ത് റൂം നിർമാണം.

4,95000 ഡോളർ! സംഘാടകൻ, പ്രസംഗകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നെങ്കിലും മറ്റ് യാതൊരു സ്വഭാവദൂഷ്യവുമില്ലാതിരുന്നിട്ടും, ലോകത്തിന് വിപരീതസാക്ഷ്യം നൽകിയ 53 കാരൻ ബിഷപ്പിനെ പുറത്താക്കാൻ പാപ്പ രണ്ടാമതൊന്ന് ആലോചിച്ചില്ല എന്നതാണ് ശ്രദ്ധേയം. ദാരിദ്ര്യാരൂപിയിൽ ജീവിക്കാനും ധൂർത്തിനെതിരെ ശബ്ദമുയർത്താനുംമാത്രമല്ല, ആഡംബരജീവിതം നയിക്കുന്ന സഭാധികൃതർക്കെതിരെ നടപടി കൈക്കൊള്ളാനും താൻ പ്രതിജ്ഞാബദ്ധനാണെന്ന് തെളിയിക്കുകയായിരുന്നു പാപ്പ.

കാരണം നാല് :അഭയാർത്ഥികളെ ആദരിക്കുന്ന സ്‌നേഹം

അഭയാർത്ഥികളായിരുന്ന മൂന്ന് ഇസ്ലാം കുടുംബങ്ങളെ സിറിയയിൽനിന്ന് വത്തിക്കാനിലേക്ക് കൂട്ടിക്കൊണ്ടുവന്ന പേപ്പൽ നടപടി അത്ഭുതത്തോടെയാണ് ലോകം വീക്ഷിച്ചത്. കുടിയേറ്റക്കാരെ സംരക്ഷിക്കണമെന്ന തന്റെ ആഹ്വാനം വെറും വാക്കല്ലെന്ന് വ്യക്തമാക്കുകകൂടിയായിരുന്നു പാപ്പ. അതുപോലെ, അഭയാർത്ഥികളോടും കുടിയേറ്റക്കാരോടും കരുണാപൂർവം പെരുമാറണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾക്ക് മാധ്യമശ്രദ്ധ നേടിക്കൊടുത്ത ഒന്നായിരുന്ന ലംബേദൂസ് ദ്വീപിൽ നടത്തിയ സന്ദർശനം. സർവം നഷ്ടമായി അതിജീവനത്തിനായി കേഴുന്ന അഭയാർത്ഥി കളോടുള്ള പാപ്പയുടെ കരുതൽ വെളിപ്പെടുത്തുന്നതായിരുന്നു. യൂറോപ്പിലേക്കുള്ള കുടിയേറ്റത്തിന്റെ ഇടത്താവളമായ ഈ ഇറ്റാലിയൻ ദ്വീപ് സന്ദർശനം.

മുൻകാലത്ത് ഇറ്റലിയിൽനിന്ന് അർജന്റീനയിലേക്ക് കുടിയിറങ്ങിയ കുടുംബത്തിൽ ജനിച്ച ഫ്രാൻസിസ് പാപ്പ, മനുഷ്യരെല്ലാം അഭയാർത്ഥികളാണെന്ന സത്യം പറയാതെപറഞ്ഞു അതിലൂടെ. കടുത്ത ദാരിദ്ര്യവും പട്ടിണിയും മൂലം യൂറോപ്പിലേക്കു കടക്കാൻ ആഫ്രിക്കയിൽനിന്നും പശ്ചിമേഷ്യയിൽനിന്നും ദിനംപ്രതി നിരവധി അഭയാർഥികളാണു ബോട്ടുകളിലും ചെറിയ കപ്പലുകളിലും ലംബേദൂസയിലെത്തുന്നത്.

കാരണം അഞ്ച്: കൂരിയായിലെ നവീകരണം

സമൂഹത്തിലെ സ്വജനപക്ഷപാതത്തിനും ധൂർത്തിനും അഴിമതിക്കുമെതിരെ ശബ്ദമുയർത്തുന്ന ഫ്രാൻസിസ് പാപ്പയിൽനിന്നുണ്ടായ ഏറ്റവും ശ്രദ്ധേയമായ നടപടി വത്തിക്കാൻ കൂരിയ നവീകരിക്കാനായി എട്ടംഗ കർദിനാൾ സമിതിയെ നിയമിച്ച ഫ്രാൻസിസ് പാപ്പയുടെ തീരുമാനത്തെ അപ്രകാരമാണ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. കൂരിയാ നവീകരണത്തിലൂടെ രണ്ടാം വത്തിക്കാൻ സൂന്നഹദോസിനുശേഷമുള്ള വൻകുതിപ്പിലേക്ക് തിരുസഭ നീങ്ങുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. കാലാനുസൃതമായ മാറ്റങ്ങൾ നടക്കാത്തതിനാലാവണം കൂരിയയുമായി ബന്ധപ്പെട്ട് പല ആരോപണങ്ങളും സമീപകാലത്ത് ഉയർന്നിരുന്നു. ഇവ പരിഹരിക്കാനും തന്റെ പുതിയ ഭരണശൈലിക്ക് ഒത്തവിധം ഒരു ടീമിനെ വാർത്തെടുക്കാനും മാറ്റങ്ങൾ അനിവാര്യമാണെന്ന ബോധ്യമാകാം പാപ്പയെ ഈ തീരുമാനത്തിന് പ്രേരിപ്പിച്ചത്. ഏതായാലും സഭയിൽ ഒരു പുത്തനുണർവിന്റെ കേളികൊട്ടായി ഈ തീരുമാനത്തെ കാണാം.

ഹോൺഡുറാസ് ആർച്ച്ബിഷപ്പ് കർദിനാൾ ഓസ്‌കാർ ആൻദ്രേ മരാഡിയാഗ കോർഡിനേറ്ററായ ഉപദേശകസമിതിയിൽ വത്തിക്കാൻസിറ്റി ഗവർണറേറ്റ് പ്രസിഡന്റ് കർദിനാൾ ജൂസപ്പെ ബെർത്തെല്ലോ, ചിലിയി ലെ കർദിനാൾ ഫ്രാൻസിസ്‌കോ ഹാവിയർ, ജർമനിയിൽനിന്നുള്ള കർദിനാൾ റെയ്‌നാഡ് മാർക്‌സ്, കോംഗോ കർദിനാൾ ലോറെൻ മൊൺസ്വെംഗോ പാസിന്യ, ഓസ്‌ട്രേലിയയിൽനിന്നുള്ള കർദിനാൾ ജോർജ് പെൽ, മുംബൈ ആർച്ച് ബിഷപ്പ് ഓസ്വാൾഡ് ഗ്രേഷ്യസ്, ബോസ്റ്റൺ ആർച്ച്ബിഷപ്പ് ഷോൺ പാട്രിക് ഒമാലി എന്നിവരാണ് അംഗങ്ങൾ.

കാരണം ആറ് :ലോകത്തെ അത്ഭുതപ്പെടുത്തിയ ആശ്ലേഷം

സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പൊതുസന്ദർശനവേളയിൽ, വിശ്വാസികൾക്കിടയിലേക്കിറങ്ങാനും രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കാനും മാർപാപ്പ കാട്ടുന്ന താൽപ്പര്യം മുേമ്പ പ്രശസ്തമാണ്. എന്നാൽ, ഈ താൽപ്പര്യത്തിന്റെ സത്യസന്ധത ലോകത്തോട് പ്രഖ്യാപിക്കുന്നതായിരുന്നു ‘വിനിഷ്യോ സംഭവം’.

റിവ വിനിഷ്യോ എന്ന ഇറ്റാലിയൻ യുവാവിനെ ആരും മറന്നിട്ടുണ്ടാവില്ല. ശരീരമാസകലം നിറഞ്ഞുനിൽക്കുന്ന മുഴകളാൽ രണ്ടാമതൊന്നുകൂടി നോക്കാൻ പലരും ഭയന്നിരുന്ന വിനിഷ്യോ റിവയെ പാപ്പ ചുംബിക്കുന്ന ഫോട്ടോയും വീഡിയോയും ഇപ്പോഴും സോഷ്യൽ നെറ്റ്‌വർക്കുകളിൽ സജീവമാണ്. ലോകമെമ്പാടുമുള്ള മുഖ്യധാരാ മാധ്യമങ്ങൾ പ്രാധാന്യത്തോടെ ആ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

കാരണം ഏഴ് :പണത്തെക്കാൾ വിശുദ്ധിയെ മാനിക്കുക

നാമകരണ നടപടിക്രമങ്ങൾക്ക് വേണ്ടിവരുന്ന ‘ഭീമമായ’ ചെലവുകൾക്കു പാപ്പ പരിധിയേർപ്പെടുത്തുന്നു എന്ന വാർത്തയാണ് പാപ്പ നടപടികളിൽ ഏറ്റവും പുതിയതായി പുറത്തുവന്നിരിക്കുന്നത്. പാപ്പയുടെ ചെലവുചുരുക്കൽ നടപടികൾ വിശുദ്ധരിലേക്കും വ്യാപിക്കുന്നുവെന്ന മുഖവുരയോടെയാണ് മാധ്യമങ്ങൾ, ഈ നടപടി റിപ്പോർട്ട്‌ചെയ്തത്. വത്തിക്കാൻ ഏർപ്പെടുത്തിയ ചെലവിന്റെ പരിധിയിൽനിന്ന് പോസ്റ്റുലേറ്റർമാർ പ്രവർത്തിക്കേണ്ടിവരും. വിശുദ്ധനായി പ്രഖ്യാപിക്കപ്പെടേണ്ടയാൾ ജീവിച്ചിരുന്നപ്പോൾ നടത്തിയ സേവനങ്ങളുടെ തെളിവുക ളും മറ്റും ശേഖരിക്കുകയെന്നത് സമയമെടുക്കുന്ന പ്രക്രിയയാണ്. വിവിധ തലങ്ങളിൽ നടക്കുന്ന തെളിവുശേഖരണത്തിനും മറ്റുമായി വളരെയേറെ പണം ചെലവാക്കേണ്ടി വരും. ഇതുതാങ്ങാൻ ശേഷിയില്ലാത്തവരുടെ വിശുദ്ധ പദവിക്ക് കാലതാമസം നേരിടേണ്ടിവരുന്നത് അനീതിയാണെന്നാണു വത്തിക്കാൻ നിലപാട്. കൂടുതൽ പണം മുടക്കാൻ ശേഷിയുള്ളവർ പിന്തുണയ്ക്കുന്ന കേസുകൾക്ക് കൂടുതൽ പരിഗണന കിട്ടുന്നുവെ ന്ന ആരോപണം ശക്തവുമായിരുന്നു.

NO COMMENTS