Follow Us On

28

March

2024

Thursday

കുറ്റവും ശിക്ഷയും

കുറ്റവും ശിക്ഷയും

മോഷണക്കേസിലെ പ്രതിയെ നിരുപാധികം വെറുതെ വിട്ടുകൊണ്ടുള്ള ഇറ്റാലിയൻ പരമോന്നത കോടതിയുടെ വിധി ലോകത്താകമാനം ചർച്ചാവിഷയമായിരിക്കുന്നു. സാർവത്രികമായി നിലനിൽക്കുന്ന നൈതിക മാനങ്ങളുടെയും ധാർമിക മൂല്യങ്ങളുടെയും അടിസ്ഥാനപരമായ പൊളിച്ചെഴുത്തിനും പുനർവ്യാഖ്യാനത്തിനും പ്രസ്തുത വിധി വഴി തുറക്കുകയാണ്. യുക്രെയ്ൻ സ്വദേശിയായ റോമൻ ഓസ്ട്രിയാക്കോവ് എന്നയാൾ സൂപ്പർമാർക്കറ്റിൽനിന്നും ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു അയാൾക്കെതിരെ കേസ് എടുത്തിരുന്നത്.
2015-ൽ അയാളെ കുറ്റവാളിയെന്നു കണ്ടെത്തി ആറുമാസം തടവിനും നൂറു യൂറോ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ച കീഴ്‌ക്കോടതിവിധിക്കെതിരെയായിരുന്നു ലോക ചരിത്രത്തിൽ എക്കാലവും സ്മരിക്കപ്പെടുന്ന വിധിയുണ്ടായത്. അതാകട്ടെ മോഷണ വസ്തു പ്രതി കൊണ്ടുപോയിരുന്നില്ലാത്തതിനാൽ മോഷണശ്രമം മാത്രമേ നടന്നിട്ടുള്ളൂ എന്നതുകൊണ്ട് ശിക്ഷ ലഘൂകരിക്കണമെന്ന് കാണിച്ച് പ്രോസിക്യൂഷൻ തന്നെ സമർപ്പിച്ച അപ്പീലിൽ ആയിരുന്നു എന്ന വസ്തുതയും ശ്രദ്ധേയമാണ്. കുറ്റവാളിക്ക് അനുകൂലമായി എന്തെങ്കിലും ന്യായം ഉണ്ടെന്നു വന്നാൽ അതിന്റെ പ്രയോജനം അയാൾക്ക് ലഭിക്കണമെന്ന് നിഷ്‌കർഷ വയ്ക്കുന്ന ഔന്നത്യമുള്ള ഈ പ്രോസിക്യൂഷൻ നിലപാട് സാധാരണ ഗതിയിൽ നമ്മുടെ നിയമസംവിധാനത്തിൽ ചിന്തിക്കാൻ കഴിയുന്നതല്ലതന്നെ.
ഇവിടെ കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത് ദരിദ്രനായ ഒരു മനുഷ്യൻ വിശപ്പിന്റെ വിളിയോടു പ്രത്യുത്തരിക്കുന്നതിന് നടത്തിയ ചെറിയ ‘മോഷണം’ കുറ്റകരമായ പ്രവൃത്തിയല്ല എന്നാണ്. അതിജീവനത്തിനുള്ള അവകാശം ഉടമസ്ഥാവകാശങ്ങളെ അതിലംഘിക്കുന്നു എന്നാണ് കോടതിയുടെ കണ്ടെത്തൽ. ‘കുറ്റം’ എന്ന കേവലമായ സാങ്കേതികതയിൽനിന്നും ‘കുറ്റവാളി’ അല്ലെങ്കിൽ പ്രതി എന്നയാളുടെ മനുഷ്യത്വത്തിലേക്കുള്ള ശ്രദ്ധ തിരിക്കലാണ് ഈ വിധിയുടെ കാതൽ.
ഭക്ഷണത്തിനുള്ള അവകാശം മനുഷ്യാവകാശംതന്നെയാണ്. അതുകൊണ്ടുതന്നെ എ.ഡി. 1215-ലെ മാഗ്നാകാർട്ടയുടെ കാലം മുതൽ ഈ അവകാശം അംഗീകരിക്കപ്പെട്ടിരുന്നു. എന്നാൽ ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഭക്ഷണത്തിനുള്ള അവകാശം മൗലിക അവകാശമായി അംഗീകരിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നത് അംഗീകരിച്ചേ പറ്റൂ. ഇന്ത്യൻ ഭരണഘടനയിലും ഭക്ഷണത്തിനുള്ള അവകാശത്തെ മൗലികാവകാശങ്ങളിൽ പെടുത്തിയിട്ടില്ല.
ഇന്ത്യയെപ്പോലെ ഉയർന്ന ജനസാന്ദ്രതയുള്ള ഒരു രാജ്യത്ത് അത് നടപ്പാക്കുന്നത് അസാധ്യമാണെന്നതിനും ന്യായമുണ്ട്. എങ്കിലും 1996-ൽ റോമിൽ നടന്ന ലോക ഭക്ഷ്യ ഉച്ചകോടി വിശപ്പിൽനിന്ന് മോചനം നേടാനുള്ള സകല മനുഷ്യരുടെയും അവകാശം തങ്ങൾ അംഗീകരിക്കുന്നുവെന്ന് പ്രഖ്യാപിക്കുകയുണ്ടായി. പട്ടിണി നിർമാർജനത്തിനുതകുന്ന നയങ്ങൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുക എന്നത് ഭരണകൂടങ്ങളുടെ ബാധ്യത തന്നെയാണ്.
‘മോഷണം’ എന്ന പ്രവൃത്തിക്ക് മനുഷ്യോല്പത്തിയോളം പഴക്കമുണ്ടാകാൻ ന്യായമുണ്ട്. ആദികാലം മുതൽ ഇതിനെ ഹീനപ്രവൃത്തിയായി കണ്ടിരുന്നു. ആദ്യ നിയമസംഹിതയായി പരിഗണിക്കപ്പെടുന്ന പുരാതന ബാബിലോണിയയിലെ ഹമ്മുറാബിയുടെ നിയമസംഹിതയിൽ ചിലതരം മോഷണത്തിന് വധശിക്ഷ വരെ വ്യവസ്ഥ ചെയ്തിരുന്നു. നിലവിലെ നിയമങ്ങൾ അനുസരിച്ചും മോഷണം ഗൗരവമേറിയ കുറ്റകൃത്യമാണ്. ഇന്ത്യൻ ശിക്ഷാനിയമം 378-ാം വകുപ്പ് പ്രകാരം മോഷണം എന്നത് നിയമാനുസൃത കൈവശമുള്ള ഒരാളിൽനിന്ന് അയാളുടെ അനുമതിയില്ലാതെയും സത്യസന്ധമല്ലാതെയും ഒരു വസ്തു എടുത്തു മാറ്റുന്ന പ്രവൃത്തി എന്നാണ് നിർവചിച്ചിരിക്കുന്നത്.
ഇറ്റാലിയൻ കോടതിവിധി പരിശോധിച്ചാൽ കുറ്റകൃത്യത്തെ ലഘൂകരിക്കുകയോ കുറ്റകൃത്യമല്ലാതാക്കുകയോ ചെയ്യുന്ന സമീപനമല്ല കോടതി പുലർത്തിയത് എന്ന് കാണാവുന്നതാണ്. കുറ്റകരമാകാനിടയുള്ള ഒരു പ്രവൃത്തി ചെയ്ത ഒരാളുടെ മനോഭാവത്തെ ആധാരമാക്കി വിധി കൽപിക്കുകയായിരുന്നു.
ക്രിമിനൽ നിയമവ്യവസ്ഥകളുടെ നിർവചനങ്ങൾക്ക് വഴങ്ങുന്ന സാങ്കേതികതയുടെ സാധ്യതകൾക്കപ്പുറമാണിത്. പ്രതിക്കൂട്ടിൽ നമ്രശിരസ്‌കനായി നിൽക്കുന്ന പ്രതിയിലെ മനുഷ്യനെ കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്യുന്ന ക്രിമിനൽ നിയമശാസ്ത്രവും നീതിശാസ്ത്രവും എത്രമേൽ ശ്ലാഘനീയമാണ്. ആ വ്യക്തിയും അയാൾ ചെയ്ത പ്രവൃത്തിയും തമ്മിലുള്ള അകലം അയാളുടെ അതിജീവന സമരങ്ങളുടെയും സംഘർഷങ്ങളുടെയും വഴിത്താരയിലെ കേവലം ഒരു അക്ഷരത്തെറ്റാണെന്ന് കണ്ടെത്തുന്ന കരുണാർദ്രമായ ഈ നീതിയുടെ വിനിമയം ഔന്നത്യമുള്ള മാനവിക മൂല്യങ്ങളെ പുനഃപ്രതിഷ്ഠിക്കുകതന്നെ ചെയ്യും. ഈ വിധി സൂചിപ്പിക്കുന്നത് നിയമത്തിന്റെ വ്യതിയാനമല്ല. മറിച്ച്, നിയമവ്യാഖ്യാനത്തിന്റെ ഉദാത്തമായ രജതരേഖയാണ്.
മേൽ പ്രസ്താവിച്ച കോടതി വിധിയുടെ പശ്ചാത്തലത്തിൽ കത്തോലിക്ക സഭ ഈ വിഷയത്തിൽ കൈക്കൊണ്ടിട്ടുള്ള നൈതിക നിലപാട് താരതമ്യ പഠനം അർഹിക്കുന്നതാണ്. അയൽക്കാരുടെ വസ്തുക്കൾ അന്യായമായി എടുക്കുകയോ പിടിച്ചു വാങ്ങുകയോ ചെയ്യുന്നതിനെയാണ് മോഷണം എന്ന് ഏഴാം പ്രമാണം വിളിക്കുന്നതെന്ന് കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം നമ്പർ 2401 പഠിപ്പിക്കുന്നു. കൂടാതെ ഉപയോഗത്തിനും ഉപഭോഗത്തിനുമുള്ള വസ്തുക്കൾ കൈവശമുള്ളവർ അതിഥികൾക്കും രോഗികൾക്കും ദരിദ്രർക്കുംവേണ്ടി കൂടുതൽ ഭാഗം മാറ്റിവച്ച് മിതത്വത്തോടെ അവയെ ഉപയോഗിക്കേണ്ടതാണെന്നും നമ്പർ 2405-ൽ പറയുന്നു. ‘സാർവത്രിക ലക്ഷ്യം’ എന്നതുകൊണ്ട് മതബോധനഗ്രന്ഥം അർത്ഥമാക്കുന്നത് ഇതുതന്നെയാണ്. സമൂഹത്തിനും അമിതമായി വസ്തുവകകൾ ആർജിക്കുന്നവർക്കുമുള്ള ഉത്തരവാദിത്വം പ്രസക്തമാണ്. അന്യരുടെ വസ്തുക്കളോട് ആദരവുണ്ടായിരിക്കുമ്പോഴും അത്യന്താപേക്ഷിതമായ ആവശ്യങ്ങൾ നിറവേറ്റാനുള്ള പ്രവൃത്തിയെ മോഷണമായി കാണാനാവില്ലെന്നും വ്യക്തമാക്കുന്നു. അയൽക്കാരന്റെ മുന്തിരിത്തോട്ടത്തിലൂടെ കടന്നുപോകുമ്പോൾ നിനക്കിഷ്ടമുള്ളിടത്തോളം ഫലങ്ങൾ പറിച്ചുതിന്നു കൊള്ളുക. എന്നാൽ അവയിലൊന്നുപോലും പാത്രത്തിലാക്കരുത്. ”അയൽക്കാരന്റെ ഗോതമ്പുവയലിലൂടെ കടന്നുപോകുമ്പോ ൾ കൈകൊണ്ട് കതിരുകൾ പറിച്ചെടുത്തുകൊള്ളുക. അരിവാൾകൊണ്ടു കൊയ്‌തെടുക്കരുത്” (നിയമാവർത്തനം 23:24-25) എന്ന് നിയമം പഠിപ്പിക്കുന്നതും വ്യത്യസ്തമല്ല.
വിശക്കുന്നവന് അത്യാവശ്യ ഭക്ഷണം ലഭിക്കാൻ അവകാശമുണ്ടെന്നത് മനുഷ്യാവകാശത്തിന്റെയും മാനവികതയുടെയും മൂല്യത്തിലൂന്നിയ നിലപാടാണ്. സർവ സൃഷ്ടികളും മനുഷ്യവർഗത്തിന്റെ പൊതുനന്മയ്ക്കുവേണ്ടി നിശ്ചയിച്ചിട്ടുള്ളതാണ് (ഉൽപ. 1:28-31) എന്ന ദൈവവചനം സൃഷ്ടിയുടെ സമഗ്രതയെ വെളിവാക്കുന്നു. വിശക്കുന്നവന് ഭക്ഷണം നൽകേണ്ട ബാധ്യത അത് അധികമായി കൈവശമുള്ളവന്റേതാണ്. അപ്പോൾ മോഷണം എന്ന പ്രവൃത്തി അല്ലെങ്കിൽ കുറ്റം ചെയ്യുന്നത് ആരാണ് എന്ന ചോദ്യം പ്രസക്തമാകുന്നു. ആവശ്യമുള്ളവന് അത്യാവശ്യത്തിനുള്ളത് നൽകാതെ അധികം കൈവശപ്പെടുത്തി വയ്ക്കുന്നവനോ? മതബോധനഗ്രന്ഥം ‘പിടിച്ചുവയ്ക്കുന്നതിനെയും’ ശാസിക്കുമ്പോൾ രണ്ടാമത്തേതാണ് യഥാർത്ഥ മോഷണം എന്നു കാണാൻ കഴിയും. ഒരു നേരത്തെ ആഹാരം ആവശ്യമായുള്ളവന് അത് അവകാശമാണെന്ന് അടിവരയിടുന്ന പ്രസ്തുത കോടതി വിധിയിൽ അത്തരം ആവശ്യക്കാർ സഹോദരതുല്യമായ പരിഗണനയർഹിക്കുന്നു എന്ന സൂചന അന്തർലീനമാണ്. അപ്രകാരമൊരു തിരിച്ചറിവിലേക്ക് ലോകസമൂഹങ്ങളുടെ മനഃസാക്ഷി വളരുമ്പോഴാണ് അതിൽ പ്രതിഫലിക്കുന്ന സാമൂഹ്യനീതി പ്രകാശിതമാകുന്നത്. മതബോധനഗ്രന്ഥവും ഊട്ടിയുറപ്പിക്കുന്നത് സാഹോദര്യത്തിന്റെയും മാനവികതയുടെയും ഇതേ മൂല്യംതന്നെയാണ്. ലോകം മുഴുവൻ പ്രസ്തുത കോടതിവിധിയെ പ്രകീർത്തിക്കുകയും പ്രശംസിക്കുകയും ചെയ്യുമ്പോഴും ഒരു ചോദ്യം ബാക്കിയാകുന്നു. സാർവത്രികമായി ഈ നീതി വിളയുന്ന കാലം എന്നു വരും? പ്രത്യാശയോടെ കാത്തിരിക്കാം.
അഡ്വ. റോയ് തോമസ്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?