Follow Us On

18

April

2024

Thursday

വിവാഹ വേളയിൽ ഫ്‌ളവർ ഗേൾസിന് ദൈവാലയത്തിൽ സ്ഥാനമില്ല

വിവാഹ വേളയിൽ ഫ്‌ളവർ ഗേൾസിന് ദൈവാലയത്തിൽ സ്ഥാനമില്ല

ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയുടെ സർക്കുലർ ചർച്ചയാകുന്നു
24 മണിക്കൂറിനുള്ളിൽ മൃതസംസ്‌കാരം നടത്തണം
താമരശേരി രൂപതയുടെ രണ്ടാമത് എപ്പാർക്കിയൽ അസംബ്ലിയുടെ നിർദേശങ്ങളുടെ പശ്ചാത്തലത്തിൽ രൂപതാധ്യക്ഷൻ പുറപ്പെടുവിച്ച സർക്കുലർ.
വിശ്വാസപരിശീലനവും വിശ്വാസകൈമാറ്റവും എന്ന ഗൗരവകരമായ കടമയെക്കുറിച്ചാണ് ഒന്നാമതായി പറയുന്നത്. ദൈവവചനവും സഭയുടെ അടിസ്ഥാന വിശ്വാസസത്യങ്ങളും കാലാനുസൃതമായി ദൈവജനത്തിന് പകർന്നുകൊടുക്കണം. ഇതിനായി മുതിർന്നവരുടെ തുടർവിശ്വാസപരിശീലനത്തിന് വളരെയധികം പ്രാധാന്യം നൽകണം. ആണ്ടുവട്ടത്തിലെ വിവിധ ആഘോഷങ്ങളും വിവിധ അവസരങ്ങളിൽ നടത്തുന്ന ചടങ്ങുകളും അവയുടെ പ്രസക്തിയും നിരന്തരം പഠനവിഷയമാക്കണം. കൂദാശകളെക്കുറിച്ചും ലളിതമായ ബുക്ക്‌ലെറ്റുകൾ രൂപപ്പെടുത്തി കുടുംബകൂട്ടായ്മ തലത്തിൽ ചർച്ചയ്ക്കും പഠനത്തിനും വിഷയമാക്കണമെന്നാണ് അസംബ്ലി അംഗങ്ങൾ നിർദേശിച്ചത്. ദൈവവചനവും വിശ്വാസസത്യങ്ങളും കൂടുതൽ പഠിക്കുമ്പോഴാണ് നമ്മുടെ വിശ്വാസം ആഴപ്പെടുന്നത് എന്നതാണ് യാഥാർത്ഥ്യം.
ആഘോഷങ്ങൾ
കുടുംബങ്ങളിലും ഇടവക-രൂപത തലങ്ങളിലും നടക്കുന്ന വിവിധ ആഘോഷങ്ങൾ ലളിതവും ക്രൈസ്തവ ചൈതന്യത്തിന് ചേർന്നതുമായിരിക്കണം. ചിലപ്പോഴെങ്കിലും ആഘോഷങ്ങൾ ധാരാളിത്വത്തിന്റെ പ്രകടനങ്ങളായി മാറുന്നില്ലേയെന്ന് അസംബ്ലി വിലയിരുത്തുകയുണ്ടായി. ഇനിമുതൽ രൂപതയിലെ ദൈവാലയങ്ങളിൽ തിരുനാളിനോടനുബന്ധിച്ച് കരിമരുന്ന് കലാപ്രകടനം, ആകാശവിസ്മയം എന്നൊക്കെയുള്ള പേരുകളിൽ നടത്തുന്ന വെടിക്കെട്ട് പൂർണമായും നിരോധിക്കണമെന്ന കാര്യത്തിൽ അസംബ്ലി ഏകാഭിപ്രായമാണ് പ്രകടിപ്പിച്ചത്.
രൂപത യോഗം ഏകകണ്ഠമായി പാസാക്കിയ ഈ നിർദേശം നമ്മുടെ എല്ലാ ഇടവകകളിലും പൂർണമായും നടപ്പിലാക്കുവാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു. അതുപോലെ ദൈവാലയാന്തരീക്ഷത്തിന് ചേരുന്ന രീതിയിലുള്ള വാദ്യമേളങ്ങളായിരിക്കണം ഉപയോഗിക്കേണ്ടത്. വിവിധ ആഘോഷങ്ങൾ ഭവനങ്ങളിൽ നടത്തുമ്പോഴും മരണവീടുകളിൽപോലും മദ്യം ഇന്ന് അവശ്യവസ്തുവായി മാറിയിരിക്കുന്നുവെന്നത് അതീവ ഉത്ക്കണ്ഠയോടെയാണ് അസംബ്ലി നോക്കിക്കണ്ടത്. കുടുംബത്തെയും സമൂഹത്തെയും നശിപ്പിക്കുന്ന ഇത്തരം തിന്മകളിൽനിന്ന് ക്രൈസ്തവ സാക്ഷ്യം ഉയർത്തിപ്പിടിച്ച് പിന്മാറുവാൻ എല്ലാവരെയും ആഹ്വാനം ചെയ്യുന്നു.
യുവജനങ്ങൾ
യുവജനങ്ങളുടെ വിവാഹപ്രായത്തെക്കുറിച്ച് അസംബ്ലി നിർദേശിച്ച കാര്യങ്ങൾ: വിവാഹിതരാകുന്നതിന് 21 വയസ് പുരുഷനും 18 വയസ് സ്ത്രീക്കും എന്ന നമ്മുടെ നാടിന്റെ നിയമത്തെ സഭ സ്വീകരിക്കുന്നതും അംഗീകരിക്കുന്നതും മനുഷ്യന്റെ ശാരീരികവും മനഃശാസ്ത്രപരവും സാമൂഹികവുമായ നിരവധി ഘടകങ്ങൾ കണക്കിലെടുത്താണ്. നമ്മുടെ യുവജനങ്ങൾ വിവാഹിതരാകുന്നത് ആൺകുട്ടികൾ ശരാശരി 28 വയസിലും പെൺകുട്ടികൾ 25 വയസിലുമാണ് എന്ന വസ്തുതയെ അസംബ്ലി ഗൗരവത്തോടെയാണ് വിലയിരുത്തിയത്.
വൈകിയ പ്രായത്തിൽ കല്യാണം കഴിക്കുന്നത് ദമ്പതികളുടെ ബന്ധത്തിലും മക്കളുടെ ജനനത്തിലും വളർച്ചയിലും കുടുംബസംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിലും വിപരീത സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകും. ഭാവി സുരക്ഷിതമാക്കിയിട്ട് വിവാഹിതരാകാം എന്ന ചിന്തയിൽ നിന്നുമാറി വിവാഹം കഴിച്ച് രണ്ടുപേരുമൊരുമിച്ച് ഭാവി കെട്ടിപ്പടുക്കാം എന്ന മുൻ തലമുറകളുടെ പാരമ്പര്യത്തിലേക്കും കാഴ്ചപ്പാടിലേക്കും നമ്മൾ തിരികെ പോകണം. വിവാഹം നീട്ടിവയ്ക്കുന്നതുകൊണ്ട് എന്താണ് സംഭവിക്കുന്നത്? അവിവാഹിതരുടെ എണ്ണം, പ്രത്യേകിച്ച് ആൺകുട്ടികളുടെ എണ്ണം വർധിച്ചുവരുന്നു. ആൺകുട്ടികൾ 25 വയസിനുമുമ്പും പെൺകുട്ടികൾ 23 വയസിനുമുമ്പും വിവാഹം കഴിക്കണമെന്ന അസംബ്ലിയുടെ തീരുമാനം നമ്മുടെ രൂപതയിൽ നിയമമായിത്തന്നെ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. വിവാഹിതരായതിനുശേഷവും പഠനവും ജോലിയും തുടർന്നുകൊണ്ടുപോകുവാൻ സാധിക്കുമെന്ന് നമുക്ക് ചുറ്റുമുള്ള പൊതുസമൂഹത്തിലേക്ക് കണ്ണോടിച്ചാൽ മനസിലാക്കാൻ കഴിയും. ഇക്കാര്യത്തിൽ മാതാപിതാക്കളും യുവജനങ്ങളുമാണ് സഹകരിക്കേണ്ടത്.
വിവാഹ ആഘോഷങ്ങൾ
നമ്മുടെ ദൈവാലയങ്ങളിൽ നടക്കുന്ന വിവാഹ ആഘോഷം ആധ്യാത്മിക ചൈതന്യം നഷ്ടപ്പെടുന്ന രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ദൈവാലയത്തിൽ നടക്കുന്നത് വിവാഹമെന്ന കൂദാശയുടെ പരികർമവും വിശുദ്ധ കുർബാനയർപ്പണവുമാണ്. ഇത് ഒരു ‘ഈവന്റ്’ അല്ല. അതിനാൽ അത് മാനേജ് ചെയ്യാൻ വൈദികർക്കും ദൈവാലയ ശുശ്രൂഷികൾക്കും പുറമെ വിദഗ്ധ ടീമിന്റെ ആവശ്യമില്ല. വധുവിന്റെ വസ്ത്രധാരണം നമ്മുടെ സംസ്‌കാരത്തിനിണങ്ങുന്നതായിരിക്കണം. ‘ബ്രൈഡ് മെയ്ഡ്‌സ്’, ‘ഫ്‌ളവർ ഗേൾസ്’ എന്ന പേരുകളിൽ അറിയപ്പെടുന്ന പ്രത്യേക വസ്ത്രം ധരിച്ചെത്തുന്ന ഗ്രൂപ്പുകൾക്ക് ദൈവാലയത്തിനുള്ളിൽ വധൂവരന്മാരുടെ സമീപം യാതൊരു സ്ഥാനവും ഉണ്ടായിരിക്കരുത്. ദൈവാലയത്തിന്റെ പരിശുദ്ധിയും കൂദാശകളുടെ വിശുദ്ധിയും നഷ്ടപ്പെടാതിരിക്കാൻ എല്ലാവരും പരിശ്രമിക്കണം.
മൃതസംസ്‌കാര ശുശ്രൂഷകൾ
ഒരു വ്യക്തി മരണമടഞ്ഞാൽ പരമാവധി 24 മണിക്കൂറിനുള്ളിൽ മൃതസംസ്‌കാരം നടത്തിയിരിക്കണം എന്ന് അസംബ്ലിയിൽ തീരുമാനിക്കുകയുണ്ടായി. നമുക്ക് ചുറ്റുമുള്ള അക്രൈസ്തവർ നമ്മൾ ചെയ്യുന്ന നല്ല കാര്യം അനുകരിക്കുന്നതുപോലെതന്നെ അവരെ ഇക്കാര്യത്തിൽ മാതൃകയാക്കാൻ, അവരിൽനിന്ന് പഠിക്കാൻ കഴിയണം. മക്കളും പ്രിയപ്പെട്ടവരും എത്തിച്ചേരാത്ത സാഹചര്യത്തിൽ അതിനനുസരിച്ച് സ്വതന്ത്രമായി സമയം നിശ്ചയിക്കാവുന്നതാണ്. എന്നാൽ മൊബൈൽ ഫ്രീസറിൽ മൃതദേഹം വച്ച് നിസാരകാരണങ്ങൾ പറഞ്ഞ് സംസ്‌കാരശുശ്രൂഷകൾ നീട്ടിക്കൊണ്ടുപോകുന്ന പ്രവണത വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അസംബ്ലിയുടെ ഈ തീരുമാനം. ഒരു വ്യക്തി മരണകരമായ രോഗാവസ്ഥയിൽ പ്രവേശിക്കുന്ന സമയം മുതൽ മരണവും മരണാനന്തരകർമങ്ങളും ഏറ്റെടുത്തു നടത്തുവാൻ കുടുംബകൂട്ടായ്മയിലെ അംഗങ്ങൾ മുൻകൈയെടുക്കണം. സാധിക്കുന്നിടത്തോളം ഇടവകാംഗങ്ങൾ മൃതസംസ്‌കാര ശുശ്രൂഷയിൽ പങ്കെടുക്കണം.
തീരുമാനങ്ങൾ എടുക്കേണ്ടത് നാമോരോരുത്തരുമാണ്. നമ്മുടെ വിശ്വാസ പൈതൃകത്തിനനുസരിച്ച് എല്ലാ കാര്യങ്ങളും നിഷ്ഠയോടുകൂടി ചെയ്യുവാനുള്ള ശ്രദ്ധയും താൽപര്യവും നമുക്ക് ഉണ്ടായിരിക്കണം. മേൽപറഞ്ഞ കാര്യങ്ങളെക്കുറിച്ച് ചിലരെങ്കിലും വ്യത്യസ്ത അഭിപ്രായം പുലർത്തുന്നവരായിരിക്കാം. എന്നാൽ പൊതുനന്മ ലക്ഷ്യമാക്കിയുള്ള ഓരോ നിർദേശവും അനുസരിക്കുമ്പോൾ, വരുംതലമുറകളുടെ സംരക്ഷണമാണ് നമ്മൾ ഉറപ്പുവരുത്തുന്നത് എന്നത് മനസിൽ സൂക്ഷിക്കാം. വിശ്വാസത്തെയും വിശ്വാസവുമായി ബന്ധപ്പെട്ട യാഥാർത്ഥ്യങ്ങളെയും വിലകുറച്ച് കാണുകയും പരിഹസിക്കുകയും ചെയ്യുന്ന സമൂഹത്തിൽ നിശ്ചയദാർഢ്യത്തോടെ വിശ്വാസസാക്ഷ്യം നൽകാൻ നമുക്ക് ആത്മാവിൽ ശക്തി പ്രാപിക്കാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?