Follow Us On

28

March

2024

Thursday

യേശുവിന്റെ സ്വന്തം പരസ്യക്കാരൻ

യേശുവിന്റെ സ്വന്തം പരസ്യക്കാരൻ

ജോലി വേണോ, ദൈവം വേണോ? ചോദ്യം ഷെൽട്ടൻ പിൻഹീറോയോടാണെങ്കിൽ ഉത്തരം വൈകില്ല; ദൈവംമതി. വെറുതെ പറയുന്നതല്ല, മനുഷ്യമനസുകൾ കീഴടക്കാൻ ‘എന്തു ചെയ്യാനും മടിക്കാത്ത’ പരസ്യമേഖലയിൽ ജോലി ചെയ്യുന്ന ഷെൽട്ടൻ പലതവണ നേരിട്ടിട്ടുണ്ട് ഈ ചോദ്യം. പക്ഷേ, ദൈവം മാത്രം മതിയെന്ന ഉത്തരത്തിൽ നിന്ന് ഷെൽട്ടൻ തെല്ലും ചുവടു മാറ്റിയിട്ടില്ല.
ഗർഭനിരോധന ഉറയുടെ വിൽപന കൂടാൻ ഒരു പരസ്യ ആശയം തയാറാക്കണം. പരസ്യ ഏജൻസിയുടെ നിർദ്ദേശമാണ്. അനുസരിച്ചില്ലെങ്കിൽ ജോലി നഷ്ടപ്പെടുന്നതുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ഉണ്ടാകും. പക്ഷേ, ഷെൽട്ടൻ പതറിയില്ല. തന്റെ വിശ്വാസത്തിന് നിരക്കാത്ത കാര്യം ചെയ്യില്ലെന്നു പറയാൻ ഷെൽട്ടന് വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കേണ്ടി വന്നില്ല. എത്ര ജോലിത്തിരക്കുണ്ടെങ്കിലും ജീസസ് യൂത്ത്, റെക്‌സ്ബാന്റ് ശുശ്രൂഷകളിൽനിന്ന് അകന്നു നിൽക്കാനും അദേഹം തയാറല്ല. അതുകൊണ്ടുതന്നെ ചില പരസ്യക്കമ്പനികൾ മുന്നോട്ടുവച്ച വമ്പൻ ഓഫറുകൾ തള്ളിക്കളയാൻ മടിച്ചിട്ടുമില്ല.
ഷെൽട്ടൻ പിൻഹീറോയെ അധികം ആരും അറിയില്ലെങ്കിലും അദ്ദേഹത്തിന്റെ ‘സൃഷ്ടികൾ’ ആസ്വദിക്കാത്ത മലയാളികൾ ഉണ്ടാകില്ല. ടി.വി കാണാറുണ്ടോ, റേഡിയോ കേൾക്കാറുണ്ടോ, പത്രം വായിക്കാറുണ്ടോ? എങ്കിൽ ഉറപ്പ് ഷെൽട്ടന്റെ ‘സൃഷ്ടികൾ’ ദിവസവും നിങ്ങളുടെ മുൻപിലെത്തുന്നുണ്ട്, പലതവണ. പ്രമുഖ എഫ്.എം. സ്റ്റേഷനായ ‘റേഡിയോ മാംഗോ’യുടെ നാട്ടിലെങ്ങും പാട്ടായി എന്ന പരസ്യവാചകം കേട്ടിട്ടില്ലേ? ‘നാട്ടിലെങ്ങും പാട്ടായ’ ആ പരസ്യവാചകം ആദ്യം ഉദിച്ചത് ഷെൽട്ടന്റെ മനസിലാണ്. കൊച്ചി സ്വദേശിയായ ഷെൽട്ടൻ പരസ്യമേഖലയിലെ തിരക്കുള്ള, വിലയേറിയ പ്രതിഭയാണ്. ഈ ജോലിത്തിരക്കുകൾക്കിടയിലും ദൈവശുശ്രൂഷയിൽ വ്യാപൃതനാണ് ഷെൽട്ടൻ.
19-ാം വയസിൽ, ഒരു രാത്രിയിലുണ്ടായ അനുഭവമാണ് ഷെൽട്ടന്റെ ജീവിതം മാറ്റിമറിച്ചത്. തന്റെ വിളി അദ്ദേഹം തിരിച്ചറിഞ്ഞു. ‘ലോകമെങ്ങും പോയി സുവിശേഷം പ്രഘോഷിക്കുക’ എന്ന ദൗത്യം ആരംഭിച്ച അദ്ദേഹം, ഇന്ന് ജോലിത്തിരക്കുകൾക്കിടയിലും അത് തുടരുന്നു. സംഗീതത്തിലൂടെ സുവിശേഷം പ്രഘോഷിക്കുന്ന റെക് സ്ബാന്റിന്റെ കോ-ഓർഡിനേറ്ററായ ഷെൽട്ടൻ, പരസ്യമേഖലയിലെ ജോലിയും ദൈവവിളിയാണെന്ന് തിരിച്ചറിയുന്നു.
”ഇന്ന്, സിനിമയേക്കാൾ കൂടുതൽ ജനങ്ങളെ സ്വാധീനിക്കുന്ന മാധ്യമമാണ് പരസ്യങ്ങൾ. പരസ്യം ആകർഷകമാക്കാനും ജനശ്രദ്ധ പിടിച്ചുപറ്റാനും മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന ഘടകങ്ങളും അതിനു വിപരീതമായ ഘടകങ്ങളും ഉപയോഗിക്കാം. പരസ്യ രചയിതാവിന്റെ മനോധർമ്മമാണ് അത് നിശ്ചയിക്കുക. നിർഭാഗ്യവശാൽ പരസ്യമേഖലയിൽ ജോലി ചെയ്യുന്നവരിൽ ദൈവവിശ്വാസികളുടെ എണ്ണം താരതമ്യേന കുറവാണ്. അതുകൊണ്ടുതന്നെ പരസ്യമേഖലയിലെ ജോലി വെല്ലുവിളി നിറഞ്ഞ ദൈവവിളിയായി ഞാൻ കരുതുന്നു”, ഷെൽട്ടൻ പറയുന്നു.
ദൈവം ‘പിടിച്ച’ രാത്രി
മൂന്നാർ ടാറ്റാ ടി കമ്പനി ജീവനക്കാരനായിരുന്ന ലെസ്‌ലി ജോസഫ് പിൻഹീറോ – ഡോറിസ് പിൻ ഹീറോ ദമ്പതികളുടെ മകനായ ഷെൽട്ടൻ കുട്ടിക്കാലം ചെലവഴിച്ചത് മൂന്നാറിലാണ്. എറണാകുളം ചെമ്പുമുക്കിലേക്ക് താമസം മാറ്റിയത് ഇടക്കാലത്താണ്. ആ സമയത്തായിരുന്നു അപ്പച്ചന്റെ മരണം. അന്ന് ഷെൽട്ടൻ അവസാനവർഷ ബിരുദവിദ്യാർത്ഥി. അമ്മയും രണ്ട് ഇളയ സഹോദരങ്ങളും താനും ഉൾപ്പെടുന്ന കുടുംബം എങ്ങനെ ജീവിക്കും?. സ്വകാര്യസ്ഥാപനത്തിൽ ടൈപ്പിസ്റ്റായ അമ്മയുടെ വരുമാനവും വല്ലപ്പോഴും സംഗീത ട്രൂപ്പിൽ ഗിറ്റാർ വായിക്കാൻ പോകുമ്പോൾ കിട്ടുന്ന തന്റെ വരുമാനവും മാത്രമാണ് ആശ്രയം… കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവന്ന ഷെൽട്ടന് പിന്നെ ഉറക്കമില്ലാത്ത രാത്രികളായിരുന്നു.
ഞായറാഴ്ച കുർബാന മുടക്കാറില്ലെങ്കിലും കാര്യമായ ദൈവവിശ്വാസം ഉണ്ടായിരുന്നില്ല. ഒരല്പം വിപ്ലവചിന്ത തലയ്ക്കു പിടിച്ചതിനാൽ യുക്തിവാദ രചനകളോടായിരുന്നു താൽപര്യം. അതിലൊന്നും മന:ശാന്തി ലഭിക്കാതിരുന്ന ഷെൽട്ടൻ, ഉറക്കം നഷ്ടപ്പെട്ട ഒരു രാത്രിയിൽ തിരുഹൃദയത്തിന്റെ മുന്നിൽ കൈവിരിച്ചുപിടിച്ച് മുട്ടുകുത്തി. ഒരൊറ്റ ആവശ്യമേ ദൈവത്തോട് പറയാനുണ്ടായിരുന്നുള്ളൂ: ”ദൈവം ഉണ്ടെങ്കിൽ ഇന്ന് രാത്രി എനിക്ക് അടയാളം തരണം.” വിരിച്ചു പിടിച്ച കൈ ആരോ താങ്ങുന്നതായി ഷെൽട്ടൻ തിരിച്ചറിഞ്ഞു, ഭീതിയിലും നിരാശതയിലും കഴിഞ്ഞിരുന്ന തന്നെ ദൈവം കരം പിടിച്ചുയർത്തുകയാണെന്ന്. തുടർന്നിങ്ങോട്ട് ഷെൽട്ടനെ നയിച്ചത് അയാളുടെ ചിന്തകളല്ല, ദൈവത്തിന്റെ പദ്ധതിയാണ്.
ഇവൻ ഇത് എന്തു ഭാവിച്ചാണ്?
കുടുംബം പുലർത്താൻ പെടാപ്പാടുപെടുന്ന അമ്മയെ സഹായിക്കാൻ ഉടൻ ഒരു ജോലി നേടണമെന്നതായിരുന്നു ഷെൽട്ടന്റെ ആഗ്രഹം. 1991ൽ ഇംഗ്ലീഷ് ബിരുദം പൂർത്തിയാക്കി ജോലിക്ക് കാത്തിരുന്ന ഷെൽട്ടനെ പക്ഷേ, ദൈവം നയിച്ചത് ജീസസ് യൂത്ത് ശുശ്രൂഷയിലേക്കാണ്. ജീസസ് യൂത്തിലെ സജീവ അംഗമായിരുന്ന മനോജ് സണ്ണിയെയാണ് ദൈവം അതിന് ഉപകരണമാക്കിയത്.
1989 ൽ തൃശൂരിൽ ജീസസ് യൂത്ത് സംഘടിപ്പിച്ച ഒരു സംഗമത്തിൽ പങ്കെടുത്തിട്ടുണ്ട്. പിന്നീട് എറണാകുളത്ത് സംഘടിപ്പിച്ച കരിസ്മാറ്റിക് കോൺഫ്രൻസിൽ പകരക്കാരനായി സംഗീതപരിപാടി അവതരിപ്പിച്ചിട്ടുമുണ്ട്. ഇതു രണ്ടുമല്ലാതെ ഷെൽട്ടന് ജീസസ് യൂത്തുമാ യി മറ്റു ബന്ധങ്ങളൊന്നുമില്ലായിരുന്നു. ജീസസ് യൂത്ത് 1991 ൽ രൂപീകരിച്ച ആദ്യ ഫുൾടൈം ബാച്ചിൽ ഒരാളാകാനാണ് ഷെൽട്ടന് ക്ഷണം കിട്ടിയത്. അത് ദൈവവിളിയാണെന്ന് തിരിച്ചറിഞ്ഞ ഷെ ൽട്ടൻ ജോലിയെന്ന മോഹം ഉപേക്ഷിച്ച് ദൈവവേലക്കിറങ്ങാൻ തീരുമാനിച്ചു. ജോലിക്കു പോകാതെ, പ്രതിഫലമില്ലാത്ത ശുശ്രൂഷക്കിറങ്ങുന്നു എന്ന് ബന്ധുക്കളും മറ്റും അറിഞ്ഞപ്പോൾ ഷെൽട്ടന് നേരെ ചോദ്യശരങ്ങൾ ഉതിർന്നു. മകന്റെ പോക്ക് തടയാൻ കഴിയാത്ത അമ്മയ്ക്കും കിട്ടി വിമർശനങ്ങൾ. പക്ഷേ, അമ്മ ഷെൽട്ടനെ തടഞ്ഞില്ലെന്നു മാത്രമല്ല, പിന്തുണയ്ക്കുകയും ചെയ്തു. അങ്ങനെ 27 അംഗടീമിൽ ഷെൽട്ടനും ഒരാളായി.
കേരളത്തിലെ പരിശീലനം പൂർത്തിയാക്കിയശേഷം മിഷൻ പ്രവർ ത്തന പരിശീലനത്തിനായി വാരണസിയിലേക്ക്. ജീവകാരുണ്യപ്രവർത്തകൻ ഫാ. ധീരജ് സാബു ഐ.എം.എസിന്റെ നേതൃത്വത്തിൽ ഗ്രാമങ്ങൾ തോറും ഷെൽട്ടനും കൂട്ടുകാരും ദൈവവചനവുമായി ചുറ്റിത്തിരിഞ്ഞു. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ജീസസ് യൂത്ത് സംഘങ്ങൾ കെട്ടിപ്പടുക്കുകയായിരുന്നു മിഷൻ പരിശീലനത്തിന്റെ ലക്ഷ്യം. ഷെൽട്ടന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു അത്.
”വിശ്വാസപ്രഘോഷണമാണ് ജീവിതലക്ഷ്യമെന്ന് തിരിച്ചറിഞ്ഞ കാലഘട്ടമാണത്. അതിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താൻ ആ അനുഭവങ്ങളാണ് എന്നെ സഹായിച്ചത്”, ഷെൽട്ടൻ പറയുന്നു.
ഒരു വർഷത്തേക്കായിരുന്നു ജീസസ് യൂത്തിലെ മുഴുവൻ സമയ പ്രവർത്തനം. അതിനുശേഷം 1992 ൽ ഷെൽട്ടൻ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദത്തിനു ചേർന്നു. പഠനം പൂർത്തിയാക്കി ജോലി തേടിയിറങ്ങുമ്പോൾ കൈമുതലായി ഉണ്ടായിരുന്നത് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും പാരമ്പര്യമായി ലഭിച്ച ഒരല്പം സംഗീതവുമായിരുന്നു. സ്വകാര്യസ്ഥാപനത്തിൽ ഇംഗ്ലീഷ് പരിശീലകനായി ജീവിതം ആരംഭിച്ചു. ആ സമയത്താണ്, ഒരു സുഹൃത്തുവഴി ദുബായിലെ ഒരു പരസ്യ ഏജൻസിക്കുവേണ്ടി ഒരു ഇംഗ്ലീഷ് പരസ്യകോപ്പി എഴുതാൻ അവസരം ലഭിച്ചത്. ഷെൽട്ടന്റെ എഴുത്ത് ഏജൻസിക്ക് നന്നേ പിടിച്ചു. തരക്കേടില്ലാത്ത പ്രതിഫലം നൽകി വീണ്ടും അവർ ഷെൽ ട്ടനെ ജോലി ഏൽപ്പിച്ചു.
താൻ ഒരിക്കൽപോലും ചിന്തിക്കാത്ത പരസ്യലോകത്തേക്ക് ദൈവം ഷെൽട്ടനെ ക്ഷണിക്കുകയായിരുന്നു അതിലൂടെ. കേരളത്തിലെ പ്രമുഖ പ രസ്യ ഏജൻസികളിലൊന്നായ ‘ജലീറ്റ’യുടെ കോയമ്പത്തൂ ർ ഓഫിസിൽ ജൂനിയർ കോപ്പിറൈറ്ററായി ഷെൽട്ടൻ നിയമിതനായി, 1994 ൽ. പോപ്പി കുടയുടെ ആരംഭകാലത്ത് ഷെൽട്ടൻ ചെയ്ത പരസ്യ കാംപെയ്‌നുകൾ ‘ക്ലിക്കായി.’ പിന്നെ പരസ്യമേഖലയിൽ വളർച്ചയുടെ പടവുകളാണ് ഈ യുവാവിനെ കാത്തിരുന്നത്. ദേശീയതലത്തിൽ ശ്രദ്ധേയമായ നിരവധി പരസ്യ ഏജൻസികളിലൂടെ നൂറുകണക്കിന് ബ്രാന്റുകൾക്ക് പരസ്യ ആശയങ്ങൾ ഒരുക്കിയ ഇദ്ദേഹം അഞ്ചുവർഷമായി ‘സ്റ്റാർക്ക്’ കമ്യൂണിക്കേഷൻസിന്റെ നാഷണൽ ക്രിയേറ്റീവ് ഡയറക്ടറാണ്.
മലയാള മനോരമ, റേഡിയോ മാംഗോ, കെ.ടി.ഡി.സി, എ.സി.സി സിമന്റ്, ദി വീക്ക്, മനോരമ ക്ലാസിഫൈഡ്‌സ്, ജയലക്ഷ്മി, പങ്കജ കസ്തൂരി, കർണാടക ടൂറിസം, സണ്ണി ഡയമൻഡ്‌സ്, ഹീര ബി ൽഡേഴ്‌സ്, കയർ ബോർഡ്, നാളികേര വികസന ബോർഡ് തുടങ്ങിയ നിരവധി ബ്രാന്റുകൾക്കുവേണ്ടി പരസ്യങ്ങൾ തയാറാക്കിയ ഇദ്ദേഹം റാഗിങ്ങ് ഉൾപ്പെടെയുള്ള സാമൂഹ്യതിന്മകൾക്കെതിരെ കാംപെയ്‌നുകളും തയാറാക്കിയിട്ടുണ്ട്. അഡ്വർ ടൈസ്‌മെന്റ് ക്ലബ് ദേശീയ തലത്തിൽ നൽകുന്ന ‘പെപ്പർ’ അവാർഡ് ജേതാവുമാണ് ഷെൽട്ടൻ. മമ്മി ആന്റ് മി, ഇലക്ട്ര, മഞ്ഞുപോലെ ഒരു പെൺകുട്ടി, വെട്ടം എന്നി സിനിമകൾക്കായി നാല് ഇംഗ്ലീഷ് ഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
‘റെക്‌സ്ബാന്റ്’ വരുന്നു
ദൈവവചനം എല്ലാവരിലേക്കുമെത്തണം, സംഗീതത്തിന് ഇതിൽ വ ലിയ പങ്കുവഹിക്കാനാകും. വിശ്വാസികളെ മാത്രമല്ല വിശ്വാസത്തിനു പുറത്തുള്ളവരെയും ആകർഷിക്കണം… ഈ ചിന്തകൾക്ക് ദൈവം നൽകിയ ഉത്തരമാണ് വെസ്റ്റേൺ പോപ്പ് മ്യൂസിക് സംഘമായ ‘റെക്‌സ്ബാന്റ്.’ ജീസസ് യൂത്തിന്റെ ആരംഭം മുതൽ ഗാനശുശ്രൂഷ നടത്തിയിരുന്ന സംഘമാണ് ‘റെക്‌സ് ബാന്റ്’ എന്ന പേരു സ്വീകരിച്ചത്. സുവിശേഷത്തെയും ജീവിത സാക്ഷ്യങ്ങളെയും അടിസ്ഥാനമാക്കി ര ചിച്ച ഇംഗ്ലീഷ്, മലയാളം ഗാനങ്ങളും പ്രാർത്ഥന യും സ്‌കിറ്റും ഉൾപ്പെടെ രണ്ടര മണിക്കൂറാണ് പ രിപാടിയുടെ ദൈർഘ്യം. റെക്‌സ് ബാന്റിലെ ഗായകനും ഗിറ്റാറിസ്റ്റുമായ ഷെൽട്ടൻ ഇരുപതോളം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ജീസസ് യൂത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച് നടന്ന ഇന്റർനാഷണൽ കോൺഫ്ര ൻസിന്റെ ‘തീംസോംഗ’് രചിച്ചതും ഷെൽട്ടനായിരുന്നു.
സംഗീതത്തിലൂടെയുള്ള ദൈവവചന വിരുന്ന് ജനം അതിവേഗം സ്വീകരിച്ചു. അതിനു തെളിവാണ് ‘റെക്‌സ്ബാന്റ്’ പരിപാടികളിലെ ജനസാന്നിധ്യം. ആദ്യകാലങ്ങളിൽ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നത് 500 ൽതാഴെ ആളുകൾ മാത്രമായിരുന്നെങ്കിൽ ഇന്ന് പങ്കെടുക്കുന്നത് ആയിരക്കണക്കിനാളുകളാണ്.
റെക്‌സ്ബാന്റിന്റെ പേരും പെരുമയും കേരളവും ഇന്ത്യയും പിന്നിട്ട് ലോകരാജ്യങ്ങളിലേക്ക് അതിവേഗം പടർന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ച റെക്‌സ്ബാന്റ് ശ്രീലങ്ക, തായ്‌ലന്റ്, സിംഗപൂർ, ന്യൂസ്‌ലന്റ്, അയർലണ്ട്, ജർമനി, കാനഡ, ലണ്ടൻ, യു.എസ്, ദുബായ്, ഷാർജ, അബുദാബി തുടങ്ങിയ രാജ്യങ്ങളിൽ നൂറുകണക്കിനു വേദികളിലും അണിനിരന്നിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 12 ലക്ഷത്തോളം പേർ പങ്കെടുത്ത സിഡ്‌നി യുവജനസംഗമത്തിലും റെക്‌സ്ബാന്റിന് സംഗീതവിരുന്ന് അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.
സാക്ഷ്യമേകാൻ നക്‌സൽ നാട്ടിലേക്ക്…
ജീസസ് യൂത്തിലൂടെ ലഭിച്ച ദൈവാനുഭവം മറ്റുള്ളവരിലേക്ക് പകരാൻ ഷെൽട്ടനും ഭാര്യ അനുവും മകൾ ആൻഡ്രിയയും തിരഞ്ഞെടുത്തത് മേഘാലയ, നാഗാലാന്റ് പ്രദേശങ്ങളെയാണ്. അവിടം നക്‌സൽ ഭീഷണി പ്രദേശമാണ്, ഭാഷ അറിയില്ല… അതൊന്നും അവരെ പിൻതിരിപ്പിച്ചില്ല. പ്രധാന ഭാഷ ‘നാഗ’യാണെങ്കിലും അതുതന്നെ 12 തരമുണ്ട്. മറ്റൊരു ഭാഷയാണ് ‘ഖാസി.’ അതും ആറുതരമുണ്ട്. വൈദ്യുതിപോലും എത്താത്ത ഒരു ഉൾനാടൻ പ്രദേശം.
ദ്വിഭാഷിയുടെ സഹായത്തോടെ ഒരു മാസംകൊണ്ട് 500 ൽ ഏറെ വീടുകളിൽ ഇവർ കടന്നുചെന്നു. അവരിൽ പലരും ഇതുവരെ കേൾക്കാത്ത ക്രിസ്തുവിനെ പരിചയപ്പെടുത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഷെൽട്ടനും കുടുംബവും തിരിച്ചെത്തിയത്. എത്ര ജോലിത്തിരക്കുണ്ടെങ്കിലും ജീസസ് യൂത്ത്, റെക്‌സ് ബാന്റ് ശുശ്രൂഷകൾക്കായി കുറഞ്ഞത് ഒരു മാസമെങ്കിലും മാറ്റിവയ്ക്കാത്ത വർഷങ്ങൾ ഷെൽട്ടന്റെ ജീവിതത്തിലുണ്ടായിട്ടില്ല. വരാപ്പുഴ അതിരൂപത പാലാരിവട്ടം സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ഇടവകാംഗമാണ്.
ആന്റണി ജോസഫ്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?