Follow Us On

29

March

2024

Friday

മതം= ?

മതം= ?

ഡൽഹിയിലെ സ്വകാര്യ വസതിയിൽ നെഹ്‌റു പുസ്തക രചന ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. പേനയെടുത്തു പുസ്തകത്തിന്റെ ശീർഷകം എഴുതി: ‘മതം’. പക്ഷേ ‘മതം’ എന്താണെന്ന് ആലോചിച്ചിട്ട് ഉത്തരമൊന്നും ലഭിച്ചില്ല. യാദൃശ്ചികമായി ജനാലയിലൂടെ പുറത്തേക്ക് നോക്കി. വഴിയോരത്ത് വളർന്നു കിടക്കുന്ന മുൾപ്പടർപ്പിൽ വീണുപോയൊരു മനുഷ്യൻ മുള്ളുകളിൽ നിന്നു സ്വതന്ത്രനാകാൻ ശ്രമിക്കുന്നു.
നെഹ്‌റു വഴിയോരത്തേക്ക് ഓടിയിറങ്ങി. മുൾപ്പടർപ്പിൽ വീണ മനുഷ്യനെ സഹായിച്ചു. ആ മനുഷ്യൻ അന്ധനായിരുന്നെന്ന വസ്തുത അപ്പോഴാണ് നെഹ്‌റു ശ്രദ്ധിച്ചത്. മുൾപ്പടർപ്പിൽ നിന്നും മുക്തനായ മനുഷ്യൻ ചോദിച്ചു. ‘ആരാണെന്നെ സഹായിച്ചത്?’ ‘ഞാനാ….. നെഹ്‌റു.’ അതിശയം പ്രകടിപ്പിക്കുവാൻ കണ്ണുകളില്ലാതിരുന്ന ആ മനുഷ്യൻ വീണ്ടും ചോദിച്ചു : ‘ഞങ്ങളുടെ പ്രധാനമന്ത്രി നെഹ്‌റു ആണോ?
‘അതെ.’ ഔപചാരികഭാവം കലർത്താതെ നെഹ്‌റു തുടർന്നു: ‘ഞാനെന്റെ മുറിയിലിരുന്നു ഒരു പുസ്തക രചന ആരംഭിക്കുകയായിരുന്നു. വിഷയം മതം. പക്ഷേ എന്താണ് മതമെന്ന് ആലോചിച്ചിട്ട് ഉത്തരം ഒന്നും ലഭിച്ചില്ല.’
‘അവിടുന്നു കാണിച്ചതാണ് മതം. മനുഷ്യസ്‌നേഹമാണ് മതം. വിരോധമില്ലെങ്കിൽ അവിടുത്തെ പുസ്തകത്തിൽ ഇതൊന്നു കുറിച്ചിടണേ,’ ആ അന്ധൻ അഭ്യർത്ഥിച്ചു. മതം = മാനവസ്‌നേഹം.
മേരി എജിപ്ചിയാക്ക ചെറുപ്പത്തിൽ അലക്‌സാൺഡ്രിയായിലെത്തിയതാണ്. പതിനേഴുവർഷം ദുർവൃത്തവും ഉതപ്പ് ജനിപ്പിക്കുന്നതുമായ ജീവിതം നയിച്ചു. ഒരു ദിവസം വലിയൊരു ജനക്കൂട്ടം വിശുദ്ധ കുരിശിന്റെ തിരുനാൾ ആചരിക്കാൻ ജറുസലേമിലേക്ക് പോകുന്നതുകണ്ട മേരി എജിപ്ചിയാക്കയും യാത്ര തിരിച്ചു. ദൈവാലയകവാടത്തിലെത്തിയപ്പോൾ ഏതോ വലിയ ശക്തി തന്നെ തടയുന്നതായി അനുഭവപ്പെട്ടു.
പലയാവർത്തി അകത്തു കടക്കുവാൻ ശ്രമിച്ചു. ഫലിച്ചില്ല. താൻ നയിച്ച ദുർവൃത്തമായ ജീവിതമാണ് ദൈവാലയത്തിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തന്നെ തടയുന്നതെന്ന് തിരിച്ചറിഞ്ഞ മേരി എജിപ്ചിയാക്ക അനുതാപത്തോടെ കരഞ്ഞു. യാദൃശ്ചികമായി കണ്ണുകൾ ഉയർത്തിയപ്പോൾ കാരുണ്യം തുളുമ്പുന്ന കണ്ണുകളുമായി നില്ക്കുന്ന മാതാവിന്റെ തിരുസ്വരൂപമാണ് കണ്ടത്. നിലത്തുവീണ് കണ്ണീരോടെ പ്രാർത്ഥിച്ചു. ആ പ്രാർത്ഥന ദൈവം സ്വീകരിച്ചു. മേരി എജിപ്ചിയായ്ക്ക് ദൈവാലയത്തിൽ പ്രവേശിക്കാൻ സാധിച്ചു. ദൈവാലയത്തിൽ നിന്നും ഇറങ്ങി മരുഭൂമിയിലേക്ക് പോയി. നാല്പതു വർഷം പ്രാർത്ഥനയിലും പരിത്യാഗത്തിലും ചിലവഴിച്ചു വിശുദ്ധയായി തീർന്നു.
മതം പാപത്തെ വെറുക്കുന്നു. മതം പാപിയെ സ്‌നേഹിച്ചു ശുദ്ധീകരിക്കുന്നു. മാതാവായ മറിയം യഥാർത്ഥ മതത്തിലേക്ക് നയിക്കുന്നു.പുരാതന നഗരമായ ആഥൻസിലെ പ്രശസ്തമായൊരു വിദ്യാലയത്തിൽ വളരെ അടുത്ത സൂഹൃത്തുക്കളായ രണ്ടു വിദ്യാർത്ഥികളുണ്ടായിരുന്നു. ഇരുമെയ്യായിരുന്നെങ്കിലും ഒരു മനസായിരുന്ന് അവർക്ക.് ഒരേ ചിന്തകളും അഭിലാഷങ്ങളുമായിരുന്നു അവർ പുലർത്തിയിരുന്നതും.
ആഥൻസിലെ രണ്ടു റോഡുകൾ മാത്രം അവർക്ക് പരിചിതമായിരുന്നു. ഒന്നു ദൈവാലയത്തിലേക്കുള്ളത്, മറ്റൊന്നു വിദ്യാലയത്തിലേക്കുള്ളത്. ആഥൻസിന്റെ അന്നത്തെ നാഗരികതയിൽ ഒളിഞ്ഞിരുന്ന അപകടങ്ങളിൽ വീഴാതെ ഇരുവരെയും പരിപാലിച്ചിരുന്നതെന്തെന്നറിയാമോ? ദൈവഭയവും മാതാവായ മറിയത്തോടുള്ള ഭക്തിയും. പിൽക്കാലത്ത് ബിഷപ്പുമാരും സഭയുടെ വേദപാരംഗതന്മാരുമായ ഇവർ ആരാണെന്നറിയേണ്ടേ? മാതാവായ മറിയത്തോടു പ്രത്യേക ഭക്തി പുലർത്തിയിരുന്ന വിശുദ്ധ ബെയ്‌സിലും വിശുദ്ധ ഗ്രിഗറി നാസിയാൻസും. സംരക്ഷണ ശക്തിയുടെ സ്രോതസ്സാണ് സ്‌നേഹത്തിന്റെ മതം. അതു പരിശുദ്ധ കന്യാമറിയത്തിന്റെ വ്യക്തിത്വത്തിന്റെ അന്തസത്തയാണ്.
മതം എന്ന അർത്ഥത്തിൽ ഇംഗ്ലീഷിൽ ഉപയോഗിക്കുന്ന പദം ‘റിലീജൻ'(religion)  ആണ്. അതു രണ്ടു ലത്തീൻ പദങ്ങളുടെ സംയോജനത്തിൽ നിന്നു ജനിച്ച പദമാണ്. ‘റെ’ (re)  + ‘ലെഗാരെ’ -(legare). ‘റെലഗാരെ’ എന്ന ലത്തീൻ പദത്തിന്റെ അർത്ഥം വീണ്ടും ബന്ധിപ്പിക്കുക എന്നതാണ.് ഈ പദത്തിനു മതത്തിന്റെ അന്തഃസത്ത ഉൾക്കൊള്ളുന്ന വിവക്ഷയാണുള്ളത്. മതം സുസ്ഥിതവും സന്തുലിതവും സുദൃഢവുമായ ബന്ധങ്ങളുടെ പുഃനസ്ഥാപനമാണ.് മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം, ഇവയിലൂടെ സാധിതമാകുന്ന മനുഷ്യനും ഈശ്വരനും തമ്മിലുള്ള ബന്ധം.
ഇവയുടെ പുനഃസ്ഥാപന ജീവിത രീതിയാണ് മതം. വിശുദ്ധ ലൂക്കാ തന്റെ സുവിശേഷത്തിൽ ഒന്നാം അദ്ധ്യായത്തിൽ മറിയത്തിന്റെ മതം സ്‌നേഹത്തിന്റെയും സ്‌നേഹത്തിന്റെ പ്രത്യക്ഷ ഭാവമായ പരിചരണത്തിന്റെയും മതമാണെന്ന് ചിത്രീകരിക്കുന്നുണ്ട് (വി. ലൂക്ക 1:39-56). മറ്റുള്ളവർക്ക് നൽകുന്ന പരിഗണനയും പരിചരണവുമാണ് സ്‌നേഹമാകുന്ന മതത്തിന്റെ പ്രാവർത്തിക തലമെന്ന് പരിശുദ്ധ കന്യാമറിയം നമുക്ക് കാണിച്ചു തരുന്നു.
എ.എസ് ഫ്രാൻസിസ്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?