Follow Us On

28

March

2024

Thursday

ക്രിസ്തു സാക്ഷ്യമായൊരു വൈദികൻ

ക്രിസ്തു സാക്ഷ്യമായൊരു വൈദികൻ

വൈദ്യശാസ്ത്രം ഉപേക്ഷിച്ച എത്രയോ രോഗികളെ ഫാ. അജി സെബാസ്റ്റ്യൻ സി.എം.ഐ സൗഖ്യത്തിന്റെ മേഖലകളിലേക്ക് തിരിച്ചുകൊണ്ടുവന്നിരിക്കുന്നു. സൗഖ്യം പകർന്നു നൽകുന്നത് ക്രിസ്തുവാണെന്ന് അക്രൈസ്തവരോടു പോലും പ്രഖ്യാപിക്കാൻ അച്ചനിതുവഴി വളരെ എളുപ്പം കഴിയുന്നു. സൗഖ്യാനുഭവത്തിലേക്ക് കടന്നുവന്നവർക്കാകട്ടെ ഇക്കാര്യത്തിൽ വിയോജിപ്പുമില്ല.
ക്രൈസ്തവരെ കണ്ടാൽ തീവെച്ച് കൊല്ലണമെന്നുറക്കെ പ്രഖ്യാപിച്ച നാട്ടിൽ, ഹൈന്ദവ നേതാക്കൾ ഈ വൈദികന് ആശ്രമം നിർമ്മിച്ച് നൽകിയതാണ് ഏറെ ശ്രദ്ധേയമായത്. മാത്രവുമല്ല, അദ്ദേഹത്തെ കാണാനും അദ്ദേഹമർപ്പിക്കുന്ന ദിവ്യബലിയിൽ പങ്കെടുക്കുന്നതിനും ആർക്കും വിലക്കുകളില്ല. ഇതൊക്കെയും തന്നെ സംബന്ധിച്ചിടത്തോളം ദൈവകൃപയുടെ അടയാളങ്ങളായി അച്ചൻ കാണുന്നു. ദൈവം നൽകിയ കൃപയ്ക്കനുസരണം ജീവിതം നവീകരിക്കണമെന്നുള്ള ആഗ്രഹം മാത്രമാണ് അദ്ദേഹത്തിനെന്നുമുള്ളത്. കേരളീയനായ വൈദികൻ മറുനാട്ടിൽ നേടിയെടുത്ത ഈ വിജയം അത്യപൂർവമെന്ന് വിലയിരുത്തുകയാണ് സഭാനേതൃത്വവും.
അങ്കമാലിക്കാരനായ ഫാ.അജി സെബാസ്റ്റ്യൻ തൃശൂർ ജറുസലേം അങ്കണത്തിൽ ഏതാനും വർഷം മുമ്പാണ് വൈദികനായി അഭിഷേകം ചെയ്യപ്പെടുന്നത്. വചനം പ്രഘോഷിക്കാനും അതോടൊപ്പം രോഗികൾക്ക് സൗഖ്യം പകരാനുമുള്ള ദാഹം അദേഹത്തിന് പഠനകാലത്തുതന്നെയുണ്ടായിരുന്നു. എന്നാൽ ക്രിസ്തുവിനെക്കുറിച്ച് കേൾക്കാത്തവ രുടെയും അറിയാത്തവരുടെയും നാട്ടിൽ പോയി വചനസാക്ഷിയാകണമെന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം.
അങ്ങനെ ഹരിയാനയിലേക്ക് അദ്ദേഹം യാത്രയായി. ക്രിസ്ത്യാനികൾ അത്യപൂർവമായിരുന്ന ഹരിയാനയിലെ ഛാന്ദപ്പൂർ തന്നെയായിരുന്നു പ്രേഷിതപ്രവർത്തനങ്ങളുടെ പ്രധാന മേഖലയായി അദ്ദേഹം തിരഞ്ഞെടുത്തത്. ക്രൈസ്തവർ അത്യപൂർവമായ ആ ദേശത്തേക്ക് പോകാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം കേട്ടപ്പോൾ മാതാപിതാക്കളുടെ കണ്ണു നിറഞ്ഞു. എങ്കിലും അവരുടെ അനുഗ്രഹവും നാടിന്റെ പ്രാർത്ഥനയും ഫാ.അജി സെബാസ്റ്റ്യന് തുണയായി.
ഹരിയാനയിലെ ‘ദശനാലയം’ എന്ന ആശ്രമത്തിലാണ് അദ്ദേഹത്തിന്റെ വൈദികനായ ശേഷമുള്ള ആദ്യയാത്ര അവസാനിച്ചത്. ആ ആശ്രമത്തിൽ കാൽ കുത്തിയപ്പോൾ തന്നെ ഹൃദയം അത്യപൂർവമായ ആനന്ദത്താൽ നി റഞ്ഞുവെന്ന് ഫാ.അജി ഓർക്കുന്നു.
നേരത്തേ മഹാരാഷ്ട്രയിലെ വാർധയിൽ ഫിലോസഫി പഠിക്കുമ്പോൾ പാറമടയിൽ ഏതാനും നാളുകൾ ജോലി ചെയ്യാൻ ഫാ.അജി സെബാസ്റ്റ്യന് കഴിഞ്ഞിരുന്നു. ചെറിയ കൂലി മാത്രമായിരുന്നു അന്ന് തൊഴിലാളികൾക്ക് തൊഴിലുടമകൾ നൽകിയിരുന്നത്. ഭക്ഷണവും വിശ്രമവും മറന്ന് കൂടുതൽ അദ്ധ്വാനിക്കുന്ന തൊഴിലാളികളാകട്ടെ വിവി ധ രോഗങ്ങളുടെ പിടിയിലുമായിരുന്നു. ഈ രോഗികളെ എങ്ങനെയെങ്കിലും രോഗത്തിൽ നിന്ന് രക്ഷിക്കണം. അവരുടെ സാമ്പത്തികനില യും മെച്ചപ്പെടുത്തണം. അദേഹം അതിനുള്ള ശ്രമം തുടങ്ങി.
ഗ്രാമത്തിലുടനീളം മലേറിയ ആ നാളുകളിൽ പടർന്നു പിടിച്ചതോടെ നാട്ടുകാർ പരിഭ്രാന്തരായി. പല കുടിലുകളിലും തീ പുകയാതെയായി. ജീവനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിനിടയിലായി പലരും. ഫാ. അജി സെബാസ്റ്റ്യന്റെ ഹൃദയം നീറിപ്പിടഞ്ഞു. രാത്രി മുഴുവൻ നീളുന്ന പ്രാർത്ഥനയിൽ അദ്ദേഹം അവരുടെ രോഗസൗഖ്യത്തിനായി ദൈവത്തോട് നിലവിളിച്ചു.
ആയുർവേദ ചികിത്സയിൽ മലേറിയാരോഗത്തിന് പരിഹാരമുണ്ടെ ന്ന് ആദിവാസികളിൽ ചിലരാണ് അദ്ദേഹത്തോട് പറഞ്ഞത്. അവരിൽ നിന്നും ലഭിച്ച നാട്ടറിവുകളുടെ വെളിച്ചത്തിൽ അച്ചൻ ഒരു ഒറ്റമൂലി തയ്യാറാക്കി. രോഗത്തിന്റെ ബീഭത്സതയിൽ ജീവിതത്തിന്റെ അവസാന പ്രത്യാശയും നഷ്ടപ്പെട്ട ഒരാൾക്ക് അച്ചൻ ആ മരുന്ന് നൽകി. ദൈവം അത്ഭുതം പ്രവർത്തിച്ചു. മരണത്തിൽ നിന്നും ജീവനിലേക്കയാൾ നടന്നുകയറി. ആ കുടുംബത്തിൽ മാത്രമായി ആ സന്തോഷം ഒതുങ്ങിയില്ല.
നാടും ഗ്രാമീണരും ഉത്സവതിമർപ്പോടെയാണ് അച്ചന്റെ ഈ പരീക്ഷണങ്ങളെ എതിരേറ്റത്. രോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ സൗഖ്യം അസാധ്യമെന്ന് വിലയിരുത്തിയവർ, ഈ അത്ഭുത സൗഖ്യാഹ്ലാദത്തിൽ ആർപ്പുവിളിച്ചു.നാടെങ്ങും ചെണ്ടകൊട്ടി നൃത്തം ചെയ്തവർ അച്ചനെ ആനയിച്ചു. മനസും ശരീരവും തളർന്നവർക്ക് ദൈവാശ്രയത്തിന്റെ സ്‌നേഹസാന്ത്വനമൊരുക്കുകയായിരുന്നു അച്ചൻ.
പിന്നീടദ്ദേഹത്തിന്റെ പ്രവർത്തനം മുഴുവൻ നിരാശ്രയരായ രോഗികൾക്ക് വേണ്ടിയായിരുന്നു. തന്റെ വൈദികപഠനങ്ങൾക്കൊപ്പം ആയുർവേദ ശാസ്ത്രത്തിലും ഫാ.അജി സെബാസ്റ്റ്യൻ പഠനം തുടർന്നുകൊണ്ടിരുന്നു. നാട്ടുവൈദ്യങ്ങളുടെ പുത്തൻ പാഠങ്ങളും ആദിവാസി മൂപ്പന്മാരുടെ ഒറ്റമൂലി വിദ്യകളും വളരെപ്പെട്ടെന്നു അച്ചൻ അഭ്യസിച്ചു.
ആധുനിക വൈദ്യശാസ്ത്രത്തിന് കാര്യമായൊന്നും ചെയ്യാൻ കഴിയാതിരുന്ന രോഗമാണ് ‘ഡ്രൂപ്പിംഗ് ഓഫ് ഐ ലീഡ്‌സ്’ എന്നറിയപ്പെടുന്ന പ്രത്യേക നേത്രരോഗം. വളരെ അപൂർവമായി വ്യക്തികളിൽ ബാധിക്കുന്ന ഈ രോഗത്തിന് ആവശ്യമായ ചികിത്സകളൊന്നും തന്നെ പൊതുവേ കണ്ടുപിടിക്കപ്പെട്ടിരുന്നില്ല.
രോഗബാധയുണ്ടായാൽ വളരെ പെട്ടെന്നുതന്നെ രോഗി അന്ധനായിത്തീരുന്നു ഇതാണ് രോഗത്തിന്റെ പ്രത്യേകത. തീവ്രഹൈന്ദവ സംഘടനയുടെ നേതാവായിരുന്ന ഒരാളുടെ പിതാവിന് ഈ രോഗബാധയുണ്ടായി. തുടർന്ന് അയാൾ എല്ലാ സ്ഥല ത്തും ചികിത്സതേടി ഓടിത്തുടങ്ങി. മന്ത്രവാദവും മറ്റെല്ലാ വിദ്യകളും പരീക്ഷിച്ചു. എന്നിട്ടും അയാൾ സുഖപ്രാപ്തിയിലെത്തിയില്ല. അവസാനശ്രമമെന്ന നിലയിലാണ് ആരോ പറഞ്ഞുകേട്ട് അയാൾ അച്ചന്റെ ആശ്രമത്തിലെത്തുന്നത്. മഹാത്ഭുതമെന്നു പറയട്ടെ, ഏതാനും ദിവസത്തെ ചികിത്സയ്ക്ക് ശേഷം പരിപൂർണസൗഖ്യം അയാളുടെ പിതാവിന് ലഭിച്ചു. ക്രിസ്ത്യാനികളെ അതിനിന്ദ്യരായി കണ്ടിരുന്ന അയാൾക്ക് ഈ സംഭവം ഏറെ അത്ഭുതമാണുളവാക്കിയത്. അച്ചന്റെ പാദത്തിൽ പ്രണാമമർപ്പിച്ച് അയാൾ തന്റെ തെറ്റുകളോർത്ത് കരഞ്ഞു. ക്രൈസ്തവരോടുള്ള മനോഭാവത്തിൽ മാറ്റം വരുത്തുക മാത്രമല്ല, ആദരവോടെ അവരോടെ കാണാനും അയാൾ പഠിച്ചു.
രണ്ടു കിഡ്‌നിയും തകരാറിലായ സിസ്റ്റർ സാജനയുടെ അനുഭവവും ഇതിന് സമാനമാണ്. മരണവുമായി മുഖാമുഖം നേരിടുകയായിരുന്നു സിസ്റ്റർ സാജന അക്കാലങ്ങളിൽ. സിസ്റ്റേഴിന്റെ നിർബന്ധത്താൽ എല്ലാ ചികിത്സകളും പല ഹോസ്പിറ്റലുകളിലായി സിസ്റ്റർ നടത്തി നോക്കി. ഒടുവിലാണ് ആരോ പറഞ്ഞു കേട്ട് അജി അച്ചന്റെ അടുത്തെത്തുന്നത്. ഇത്തരം ചികിത്സകൊണ്ട് യാതൊരു കാര്യവുമില്ല എന്ന് സിസ്റ്റർക്കറിയാം. കാരണം വിദഗ്ധ ഡോക്ടർമാർ എഴുതി തള്ളിയത് കേവലം പച്ചമരുന്ന് ചികിത്സ കൊണ്ട് എങ്ങനെ സാധ്യമാകാൻ. എന്നാൽ മഹാത്ഭുതം തന്നെ സംഭവിച്ചു. അജിയച്ചന്റെ പ്രാർത്ഥനയും മരുന്നും സിസ്റ്റർ സാജനയുടെ ജീവനെ തിരികെ നൽകി. ഇന്നിപ്പോൾ പഴയതിനേക്കാൾ ആഹ്ലാദത്തോടെ സിസ്റ്റർ തന്റെ പ്രവർത്തനളിൽ വ്യാപൃതയാണ്.
ആന്ധ്രാപ്രദേശ്, നേപ്പാൾ, ഛണ്ഡിഗഢ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം ധാരാളം പേർ ഓരോ ദിവസവും അച്ചനെ കാണാൻ വരുന്നുണ്ട്. ചികിത്സയ്ക്ക് പ്രത്യേക ഫീസുകളൊന്നും ഈടാക്കാതെയാണ് ശുശ്രൂഷകൾ അച്ചൻ നടത്തുന്നതെന്നുള്ളതാണ് വലിയ പ്രത്യേകത. ”എല്ലാ രോഗങ്ങളുടെയും കാരണം ശരീരത്തിലെ ചൂടിന്റെയും തണുപ്പിന്റെയും ഏറ്റക്കുറച്ചിലാണ്” ഫാ.അജി പറയുന്നു.
”ഡയഫ്രത്തിന് മുകളിലുള്ള ഭാഗങ്ങൾക്ക് ശീതാവസ്ഥ രോഗകാരണമാകുമ്പോൾ കീഴ്‌പോട്ടുള്ളവയ്ക്ക് താപോഷ്ണമാണ് രോഗ കാരണമാകുന്നത്. താപവർദ്ധനവ് മൂലമുണ്ടാകുന്ന രോഗങ്ങൾക്ക് ശരീരത്തെ തണുപ്പിക്കാനുള്ള ഔഷധങ്ങളും തണുപ്പുമൂലം രൂപപ്പെടുന്ന രോഗങ്ങൾക്ക് ശരീരം ചൂട് നഷ്ടപ്പെടാതെ സംരക്ഷിക്കുന്നതിനുള്ള മരുന്നുമാണ് സാധാരണ നൽകുന്നത്” ഫാ.അജി വ്യക്തമാക്കുന്നു.
ആശ്രമം വികസിപ്പിക്കുന്നതിനും നിർദ്ധനരായ രോഗികൾക്ക് വേണ്ട ശുശ്രൂഷകൾ നൽകുന്നതിനുമായി ആശ്രമത്തോടനുബന്ധിച്ച് ഒരു ആയുർവേദ ആശുപത്രി സ്ഥാപിച്ചിട്ടുണ്ട്. സി.എം.ഐ സഭാനേതൃത്വമാണ് ഇതിന് തയ്യാറായി മുന്നോട്ട് വന്നത്.
ഒന്നുമില്ലായ്മയിൽനിന്ന് ആഗ്രഹത്തിലൂടെ മാത്രം പഠിച്ചെടുത്ത വൈദ്യം എല്ലാവരും പഠിക്കണമെന്നുതന്നെയാണ് അ ച്ചന്റെ തീവ്രആഗ്രഹം. രോഗികളോട് അച്ചന്റെ ദയാവായ്പ് തിരിച്ചറിഞ്ഞ ഭരണാധികാരികൾ ഗ്രാമസഭകളിലും പഞ്ചായത്തിലും പ്രധാന സമ്മേളനത്തിലുമൊക്കെ മുഖ്യപ്രഭാഷകനായി അച്ചനെ വിളിക്കാറുണ്ട്. നഗ്നപാദനായി കാഷായവസ്ത്രവും കുരിശുമാലയുമണിഞ്ഞ അച്ചൻ അവർക്ക് ക്രിസ്തുവിനെ തന്നെയാണ് പകർന്നു നൽകുന്നത്.
”രോഗികളോട് അനുകമ്പയോടെ ഇടപെട്ട ക്രിസ്തു മാത്രമാണ് എന്റെ മുന്നിൽ. അവിടുന്നു മനസ് തകർന്ന സകല ർക്കും സൗഖ്യം നൽകി. വേദനിക്കുന്നവർക്കും നിരാശ്രയർക്കും ദുഃഖിതർക്കും ക്രിസ്തുവിന്റെ സ്പർശം പകരാനാണ് ഒരു പുരോഹിതന്റെ ദൈവവിളിയെന്ന് ഞാൻ തിരിച്ചറിയുന്നു. എന്റെ ഈ ശുശ്രൂഷയിലൂടെ ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നതും അതു തന്നെ.” ഫാ.അജി പറയുന്നു.
”പലരും ക്രൈസ്തവരോട് എതിർപ്പ് പ്രകടിപ്പിക്കുന്നതിന് മുഖ്യകാരണം, ക്രിസ്ത്യാനികൾ വേറിട്ട ഏതോ മനുഷ്യരാണ് എന്ന ആശയങ്ങളിൽ നിന്നാണ്. എന്നാൽ അക്രൈസ്തവരോട് ചേർന്ന് ജീവിച്ച എനിക്ക് ഇതുവരെ അവരിൽനിന്ന് ഒരു എതിർപ്പുകളെയും നേരിടേണ്ടി വന്നില്ല. എന്നാൽ നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തിക്കൊണ്ട് അവരുടെയിടയിൽ ശുശ്രൂഷ ചെയ്യാൻ ദൈവം എനിക്ക് തുണയാകുന്നു”; ഫാ.അജി സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടുന്നു.
സിസ്റ്റർ ജെസി വർഗീസ് കരിയാറ്റിൽ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?