Follow Us On

29

March

2024

Friday

ഗർഭസ്ഥ ശിശുവിന്റെസ്വഭാവരൂപീകരണത്തിന് വഴിയെന്ത്?

ഗർഭസ്ഥ ശിശുവിന്റെസ്വഭാവരൂപീകരണത്തിന് വഴിയെന്ത്?

വഴിവിട്ട യുവത്വത്തിന്റെ അടിസ്ഥാനകാരണം മക്കളെ ശ്രദ്ധിക്കുന്നതിൽ മാതാപിതാക്കൾക്ക് വന്ന വീഴ്ചകളാണ്. ഈ വീഴ്ചകൾ എവിടെ തുടങ്ങി എന്നും അത് പരിഹരിക്കേണ്ടതെങ്ങനെയെന്നും മനസിലാക്കിയാൽ സത്ഗുണങ്ങൾ നിറഞ്ഞ ഒരു തലമുറയെ നമുക്ക് വാർത്തെടുക്കാനാവും. മക്കളെ ശ്രദ്ധിക്കേണ്ടത് പ്രധാനമായും അവർ ഗർഭത്തിലായിരിക്കുന്ന സമയം മുതലാണ്. പുരാണങ്ങളിലും ചരിത്രത്തിലും ഇതിന്റെ തായ്‌വേര് കാണാം. ഗർഭസ്ഥശിശുവിനെ പരിഗണിക്കേണ്ടത് എങ്ങനെയെന്ന് അറിഞ്ഞിരുന്നാൽ എന്തിന്, എപ്പോൾ എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരമായി.
ബീജസങ്കലനം നടക്കുന്ന സമയം മുതൽ മനുഷ്യജീവൻ ആരംഭിക്കുന്നു. അതൊരു മനുഷ്യവ്യക്തിയുമാണ്. ഭൂമിയിലേക്ക് ജനിച്ച് വീ ഴുമ്പോൾ മാത്രമേ ഒരു വ്യക്തി ആകുന്നുള്ളൂ എന്ന ധാരണ പൂർണ്ണമായും തെറ്റാണ്. കാരണം അണ്ഡവും ബീജവും ഒന്നിക്കുന്ന നിമിഷം തന്നെ 46 ക്രോമോസോമുള്ള മനുഷ്യജീവൻ ആരംഭിക്കുന്നു എന്ന സത്യം ജനീവ കോൺഫ്രൻസ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ്, വേൾഡ് കോൺഫ്രൻസ് ഓഫ് ഡോക്‌ടേഴ്‌സ്, യുണൈറ്റഡ് നേഷൻ ചാർട്ടർ ഓൺ ചിൽഡ്രൻ എന്നീ സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ള കാര്യമാണ്.
അതിനാൽ ബീജസങ്കലനം നടക്കുന്ന സമയം മുതൽ പ്രസവസമയം വരെ ഒരു മനുഷ്യവ്യക്തിയായിട്ട് തന്നെ വേണം ഗർഭസ്ഥശിശുവിനെ മനസിലാക്കാനും പരിചരിക്കാനും. മനുഷ്യജീവന് തന്റെ ഛായയും സാദൃശ്യവും നല്കി ദൈവം അവനെ സൃഷ്ടിക്കുന്നു. അമ്മയുടെ ഉദരത്തിൽ രൂപം നല്കുന്നു. തന്റെ സൃഷ്ടികർമ്മത്തിൽ മനുഷ്യനെ ദൈവം പങ്കാളിയാക്കുന്നു. ഈ കുരുന്ന് ജീവന് അതിന്റെ ഗർഭസ്ഥാവസ്ഥയിലും പിന്നീടുള്ള ഓരോ ഘട്ടത്തിലും ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് സഹായകരമായ പോഷണങ്ങൾ നല്കി വളർത്തുക എന്നത് മാതാപിതാക്കളുടെ കടമയാണ്.
ഇതിൽ ഏറിയ പങ്കും നിർവഹിക്കേണ്ടത് അമ്മയാണ്. കാരണം ഗർഭസ്ഥാവസ്ഥയിൽ കുഞ്ഞിനോട് ഏറ്റവും കൂടുതൽ സമീപസ്ഥമായിരിക്കുന്നത് അമ്മയാണല്ലോ. അമ്മയുടെ മാനസികവും ശാരീരികവുമായ ഓരോ പ്രവർത്തനവും കുഞ്ഞിനെ സ്വാധീനിക്കും. ഗർഭകാലം അമ്മ പ്രാർത്ഥനയിലും സത്ചിന്തകളിലും മുഴുകുന്നത് ഗർഭസ്ഥശിശുവിന് സാത്വികഭാവം ഉണ്ടാകുന്നതിനുതകുമെന്ന് പൗരാണിക വിജ്ഞാനം പറയുന്നു. ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ മനുഷ്യൻ പങ്കുചേരേണ്ടത് നല്ല ഒരുക്കത്തോടെയും പ്രാർത്ഥനയോടെയും കരുതലോടെയും ആവണമെന്ന കാര്യം ഓർക്കണം.
അമ്മയും ഗർഭസ്ഥശിശുവും തമ്മിലുള്ള ബന്ധം വെറും പൊക്കിൾകൊടി ബന്ധം മാത്രമാണ് എന്ന് ആധുനിക ശാസ്ത്രജ്ഞന്മാർക്ക് അഭിപ്രായമില്ല. പൊക്കിൾകൊടിയിലൂടെ കുഞ്ഞിന്റെ ശാരീരിക വളർച്ചയ്ക്ക് വേണ്ട എല്ലാ പോഷണവും കിട്ടുന്നു. എന്നാൽ കുഞ്ഞിന്റെ മാനസിക വളർച്ചയ്ക്ക് വേണ്ട പോഷണം ലഭിക്കേണ്ടത് അമ്മയുടെ മനസിൽ നിന്നുമാണ്. ഗർഭസ്ഥശിശുവിന്റെ ശാരീരിക വളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഗർഭിണിയുടെ ഭക്ഷണം, മരുന്നുകൾ, എക്‌സറേ, റേഡിയേഷൻ, മദ്യപാനം, പുകവലി എന്നിങ്ങനെയുള്ളവയെല്ലാമാണ്. ഇവയിൽ ചിലത് ശിശുവിന്റെ ആരോഗ്യത്തെ അനുകൂലമായി ബാധിക്കുമ്പോൾ മറ്റ് ചിലത് പ്രതികൂലമായി ബാധിക്കുന്നു.
ഇതുപോലെ തന്നെയാണ് ഗർഭസ്ഥശിശുവിന്റെ മാനസിക വളർച്ചയുടെ കാര്യവും. അമ്മയിൽ ഉണ്ടാകുന്ന ഓരോ മാനസികമാറ്റവും ഉദരത്തിൽ കിടക്കുന്ന കുഞ്ഞിനെ സ്വാധീനിക്കും. അതിനാൽ അമ്മയുടെ മനസിന് മുറിവേൽക്കാതിരിക്കണം. ഗർഭകാലത്ത് കുഞ്ഞറിയാതെ ഒരു വികാരവും അമ്മയിലൂടെ കടന്ന് പോവില്ല. സന്തോഷം, ദു:ഖം, കോപം, ഭയം എന്നീ നാലു വികാരങ്ങളുടെ ഫലമാണ് മറ്റെല്ലാ വികാരങ്ങളും. ഇവയിൽ സന്തോഷണാണ് കുഞ്ഞിന് അമ്മ കൊടുക്കേണ്ടത്. അതിനായി ഗർഭകാലത്ത് വേണ്ടതെല്ലാം അമ്മ ചെയ്യണം. നല്ല ഗ്രന്ഥങ്ങൾ വായിക്കണം, നല്ല ചിന്തകൾ കൊണ്ട് മനസ് നിറയ്ക്കണം. ഇത് കുഞ്ഞിന്റെ മാനസിക വളർച്ചയെ സഹായിക്കും.
മാതാവിനുണ്ടാകുന്ന ഭയം, ഉത്ക്കണ്ഠ, അപരാധബോധം, മ്ലാനത എന്നീ മാനസികാവസ്ഥകൾ ഗർഭസ്ഥശിശുവിന് ഹാനികരമാണ്. മാനസികമായ അസ്വസ്ഥതകൾ മൂലം മാതാവിന്റെ ശരീരത്തിൽ ഹാനികരമായ ഒരു രാസവസ്തു ഉണ്ടാകുന്നു. ഇതാണ് മോശമായ പ്രവർത്തനങ്ങളിൽ മനുഷ്യനെ കൊണ്ടെത്തിക്കുന്നത്. ഗർഭകാലത്തെ മാതാവിന്റെ മനോഭാവം പ്രസവപ്രക്രിയയെ മാത്രമല്ല, പിന്നീട് ശിശുവിനെ കൈകാര്യം ചെയ്യുന്നതിലും കുഴപ്പങ്ങൾ ഉണ്ടാക്കാവുന്നതാണ്. അതുകൊണ്ട് ഗർഭകാലത്ത് ശിശുവിന് മാനസിക പോഷണം നല്കുന്നതിൽ അമ്മ ശ്രദ്ധാലുവായിരിക്കണം.
മനുഷ്യമനസിന് പ്രധാനമായും മൂന്ന് തലങ്ങളാണ് ഉള്ളത്. ബോധതലം, ഉപബോധതലം, അബോധതലം. വസ്തുക്കൾ ബോധതലത്തുനിന്നും അബോധതലത്തിലേക്ക് നീങ്ങുന്നു. അബോധമനസിലെ വിസ്മൃതിയിൽ താണുപോകുന്ന സംഭവങ്ങൾക്കുപോലും വ്യക്തിയിൽ സ്വാധീനം ചെലുത്താൻ കഴിയും. വ്യക്തിയിൽ വലിയ പ്രതികരണങ്ങൾ അബോധമായി സൃഷ്ടിക്കുന്ന ഈ അബോധമനസ് ജനനത്തിന് മുമ്പ് തന്നെ ശിശുവിലുണ്ടാകുന്നു എന്ന് സൈക്കോളജി കണ്ടുപിടിച്ചിട്ടുണ്ട്.
ഭ്രൂണത്തിന്റെ വളർച്ചയനുസരിച്ച് മനസിന് അതിന്റേതായ വികാസമുണ്ടാകുന്നുണ്ട്. ജനനശേഷമുണ്ടാകുന്ന വളർച്ചയിൽ ശിശുവിന്റെ ഉദാരാസ്തിത്വത്തിന് നിർണ്ണായകമായ പങ്കുണ്ട്. എങ്കിലും ഭ്രൂണാവസ്ഥയിൽ വച്ചുണ്ടായതിന്റെ അനന്തരഫലമായിട്ടാണ് പിൽക്കാലത്ത് ചില സംഭവങ്ങൾ പ്രത്യക്ഷപ്പെടുന്നത് എന്ന നിഗമനത്തിൽ മനോവിശകലന വിശാരദർ എത്തിയിട്ടുണ്ട്. അരക്ഷിതബോധത്തിൽ നിന്ന് ഉറവെടുക്കുന്ന ഉത്ക്കണ്ഠയും ഭയവും കൊണ്ട് ദുരിതമനുഭവിക്കുന്നവരോട് അവരുടെ വീക്ഷണത്തിൽ സുരക്ഷിതമായ അന്തരീക്ഷത്തിന്റെ ചിത്രം രചിക്കാനാവശ്യപ്പെട്ടാൽ ഭ്രൂണാവസ്ഥയോട് സാമ്യം വഹിക്കുന്ന വിശദീകരണങ്ങൾ നല്കുന്നത് മന:ശാസ്ത്രജ്ഞന്മാരെ കൂടുതൽ പഠനത്തിന് പ്രേരിപ്പിക്കുന്നു. ബൈബിളിൽ ഗർഭസ്ഥാവസ്ഥയിൽ ഒരമ്മ പാലിക്കേണ്ട കാര്യങ്ങൾ പ്രതിപാദിക്കുന്നുണ്ട്.
സാംസന്റെ ജനനത്തിനൊരുക്കമായി കർത്താവിന്റെ ദൂതൻ മനോവയുടെ ഭാര്യയോട് പറയുന്ന കാര്യങ്ങൾ ശ്രദ്ധേയമാണ്. ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ മനുഷ്യൻ സഹകരിക്കുമ്പോൾ മനുഷ്യന്റെ ഒരുക്കവും ശ്രദ്ധയും പ്രവൃത്തികളും എങ്ങനെയായിരിക്കണമെന്ന കർത്താവിന്റെ നിർദ്ദേശം നമുക്കിവിടെ കാണാനാകും. ”നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും അതുകൊണ്ട് നീ സൂക്ഷിക്കണം.
വീഞ്ഞോ വീര്യമുള്ള പാനീയങ്ങളോ നീ കുടിക്കരുത്. അശുദ്ധമായതൊന്നും ഭക്ഷിക്കയുമരുത്” (ന്യായ. 13:4). കർത്താവിന് സാംസനിലൂടെ ഒരു പദ്ധതി നടപ്പാക്കേണ്ടത് ഉണ്ടായിരുന്നു. ഫിലിസ്ത്യരുടെ കൈയിൽ നിന്ന് ഇസ്രായേലിനെ വിടുവിക്കുക എന്ന പദ്ധതി. ഇതുപോലെ ഓരോ മനുഷ്യനെക്കുറിച്ചും ദൈവത്തിന് ഒരു പദ്ധതി ഉണ്ട്. ഈ പദ്ധതി ദൈവം ആഗ്രഹിക്കുന്നതരത്തിൽ പൂർത്തീകരിക്കുവാൻ ഓരോ കുഞ്ഞിന്റെയും ആരംഭ നിമിഷം മുതൽ എല്ലാ അമ്മമാരും ദൈവേഷ്ടം മനസിലാക്കി പ്രവർത്തിക്കണം.
ശുദ്ധമായ ശരീരം, ശുദ്ധമായ മനസ്, നല്ല ആഹാരം, നല്ല അന്തരീക്ഷം ഇതെല്ലാം ഗർഭസ്ഥശിശുവിന്റെ വളർച്ചയ്ക്ക് ആവശ്യമാണ്. ഗർഭസ്ഥമാതാവ് നല്ല സംഗീതം കേട്ട് അതിൽ ലയിക്കണം. അടിപിടിയും ആക്രോശവും കൊലയും ബലാത്സംഗവും പകപോക്കലും നിലവിളിയും നിറഞ്ഞ സിനിമയും സീരിയലുമൊക്കെ ഗർഭകാലത്ത് കണ്ടുകൊണ്ടിരുന്നാൽ അത് ഗർഭസ്ഥശിശുവിന്റെ വികാസത്തിന് ദോഷമായേക്കാം. ശാന്തമായ മനസും ചിന്തയും ജീവിതവുമാണ് ആവശ്യം. ഗർഭസ്ഥാവസ്ഥയിൽ ബൈബിൾ വായിക്കുക, പഠിക്കുക, ധ്യാനിക്കുക, പള്ളിയിൽ പോകുക, കുർബാന സ്വീകരിക്കുക, സത്പ്രവൃത്തികൾ ചെയ്യുക എന്നിവ അമ്മ പരിശീലിച്ചാൽ അമ്മയിലെ സന്മനസ് ഗർഭസ്ഥശിശുവിനെ സ്വാധീനിക്കും. ജനനശേഷമുള്ള കുഞ്ഞിന്റെ ജീവിതം യാതൊരു ഒരുക്കവും നടത്താത്തവരിൽ നിന്ന് ജനിച്ചവരെക്കാൾ നല്ല സ്വഭാവഗുണങ്ങൾ ഉള്ളവരായിരിക്കും.
ഒരു കുഞ്ഞ് അമ്മയുടെ ഉദരത്തിൽ 90 ദിവസം ആകുമ്പോൾ പഠനം ആരംഭിക്കുന്നു. അന്ന് മുതൽ അവന്റെ തലച്ചോർ വളരുന്നു. അതുകൊണ്ട് മക്കളുടെ വ്യക്തിത്വം നന്നായി വരണമെന്നാഗ്രഹിക്കുന്ന എല്ലാ മാതാപിതാക്കളും ഗർഭകാലത്തിന്റെ ആദ്യനിമിഷം മുതൽ ശ്രദ്ധിക്കണം. ഗർഭത്തിലിരിക്കുന്ന കുഞ്ഞിന് പ്രതികരിക്കാനാവും. കുഞ്ഞിനോടും പ്രതികരിക്കാം. അതാണ് മറിയത്തിന്റെ അഭിവാദനം കേട്ടപ്പോൾ സ്‌നാപകയോഹന്നാൻ ചെയ്തത്.
പാശ്ചാത്യസംഗീതജ്ഞനായ മൊസാൾട്ട് പറയുന്നത്, അദ്ദേഹം സംഗീതജ്ഞനാകാനുള്ള പ്രധാന കാരണം അദ്ദേഹം അമ്മയുടെ ഗർഭപാത്രത്തിൽ വസിച്ച 10 മാസവും അമ്മ വിയറ്റ്‌നാം കത്തീഡ്രലിൽ കൊയറിനുവേണ്ടി പഠിപ്പിച്ചിരുന്നുവെന്നതാണെന്നാണ്. ഗർഭകാലത്തെ അമ്മയുടെ സത്ചിന്തകളും പ്രവൃത്തികളും ഗർഭസ്ഥശിശുവിന്റെ സത്ഗുണങ്ങളുടെ വിത്തുപാകുവാനും അത് ജീവിതത്തിൽ പടർന്ന് പന്തലിക്കുവാനും സഹായകമാകും. ആയതിനാൽ ഓരോ വ്യക്തിയുടെ സ്വഭാവത്തിലും പ്രവൃത്തികളിലും അവന്റെ അമ്മയുടെ പങ്ക് വലുതാണ്. മക്കൾ നാടിനും വീടിനും അഭിമാനമാകാൻ ആഗ്രഹിക്കുന്ന ഓരോ അമ്മയും ഇക്കാര്യം ഓർത്ത് ജീവിക്കണം.
ഷിജോ മേക്കാടൻ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?