Follow Us On

29

March

2024

Friday

കുരിശിന്റെ വഴിയേ ഒരഭിഷിക്തൻ- 2

കുരിശിന്റെ വഴിയേ ഒരഭിഷിക്തൻ- 2

ഞെട്ടിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തലുകളുമായി സൺഡേശാലോം പരമ്പര വായിക്കുക….
ഫാ.ടോമിന് തൊണ്ടയിൽ കാൻസറുണ്ടായിരുന്നു എന്നാൽ ദൈവം അത്ഭുത സൗഖ്യം നൽകി
കേരളസമൂഹത്തിന്റെ സാംസ്‌കാരിക ചരിത്രത്തിൽ മധ്യ കേരളത്തിന്റെ സ്ഥാനം വലുതാണ്. കേരളസഭയുടെയും ക്രൈസ്തവവിശ്വാസത്തിന്റെയും നാൾവഴികളിലും അപ്രകാരം തന്നെ. വിശ്വാസപാരമ്പര്യങ്ങൾ കൊണ്ടും, ജീവിതസാക്ഷ്യങ്ങൾ കൊണ്ടും മറ്റെല്ലാ ജനവിഭാഗങ്ങൾക്കും, ഒരുപക്ഷെ, ലോകം മുഴുവനും മാതൃകയായ ഏറെ സമൂഹങ്ങളും വ്യക്തികളും ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. പാലായിൽനിന്നും ഏറെ അകലെയല്ലാതെ സ്ഥിതിചെയ്യുന്ന രാമപുരത്തിനും വർണ്ണിക്കുവാനുണ്ട് വിശ്വാസത്തിന്റെ ഇത്തരം ധീരഗാഥകൾ.
വാഴ്ത്തപ്പെട്ട കുഞ്ഞച്ചനെ പോലെ അനേകം പുണ്യാത്മാക്കൾ ജീവിച്ചു മരിച്ച മണ്ണ്. ആ മണ്ണിൽ വളർന്ന വ്യക്തിയ്ക്കായി ഇന്ന് ലോകം മുഴുവൻ ഉറ്റുനോക്കുന്നു. ഫാ ടോം ഉഴുന്നാലിൽ. ഏറെ ആശങ്കക ളോടെയും വേദനകളോടെയും നാം കാത്തിരിക്കുന്ന അദ്ദേഹം, തന്റെ ജീവിതം കൊണ്ട് ഒരു നാടിന് മുഴുവൻ മറക്കാനാവാതെ മാറിയ വ്യക്തിത്വമാണ്.
ഉഴുന്നാലിൽ കുടുംബം
രാമപുരം, ഉഴുന്നാലിൽ കുടുംബത്തിനും ചില സവിശേഷതകളുണ്ട്. ഒന്നാമതായി രാമപുരം ഇടവകയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള വലിയ കുടുംബങ്ങളിൽ ഒന്നാണ് ഇത്. തലമുറകളായി ഈ കുടുംബത്തിൽ നിന്ന് തിരുസഭയ്ക്ക് സമ്മാനമായി ലഭിച്ച വൈദികരും സന്യസ്ഥരും അനവധിയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. സഭയോടും സമൂഹത്തോടും എന്നും ചേർന്ന് നിന്നിട്ടുള്ള ഈ കുടുംബം, അനേകായിരങ്ങൾക്ക് മുന്നിൽ വിശ്വാസത്തിന്റെയും ആത്മീയ ഔന്നത്യത്തിന്റെയും കാര്യത്തിൽ മികച്ച മാതൃക കൂടിയാണ്.
ഉഴുന്നാലിൽ വർഗ്ഗീസ്, ത്രേസ്യാക്കുട്ടി ദമ്പതികൾക്ക് മക്കൾ ഏഴുപേരാണ്. അഞ്ച് ആണ്മക്കളും, രണ്ട് പെണ്മക്കളും. അതിൽ അഞ്ചാമനാണ് ഫാ. ടോം. വിശ്വാസകാര്യങ്ങളിലും പ്രാർത്ഥനയിലും ഉറച്ച നിഷ്ഠകളുണ്ടായിരുന്ന ആ കുടുംബത്തിന്റെ ആത്മീയതയുടെ നെടുംതൂണ് അമ്മ ത്രേസ്യാക്കുട്ടി ആയിരുന്നു. ഫ്രാൻസിസ്‌കൻ മൂന്നാം സഭയിൽ അംഗമായിരുന്ന ആ അമ്മ തന്റെ ഓരോ മക്കളെയും തികഞ്ഞ ദൈവശ്രയ ബോധം പകർന്നുനൽകി പ്രാർത്ഥനയുടെ പിൻബലത്തോടെയാണ് വളർത്തിയത്.
ചെറുപ്പകാലങ്ങളിൽ പള്ളിയോടും ഭക്തസംഘടനാപ്രവർത്തനങ്ങളോടും ആഭിമുഖ്യം കാത്തുസൂക്ഷിച്ച പ്രകൃതമായിരുന്നു മക്കൾക്കെല്ലാമുണ്ടായിരുന്നതെന്ന് ടോമച്ചന്റെ ഇളയ സഹോദരൻ, ഡേവിഡ് ഓർമ്മിക്കുന്നു. സെമിനാരിയിൽ ചേരുന്നതിന് മുമ്പ് മിഷൻ ലീഗിലും മറ്റും അച്ചൻ സജീവപ്രവർത്തകനായിരുന്നതും അദ്ദേഹത്തിന് ഓർമ്മയുണ്ട്.
ടോമച്ചന്റെ പിതൃ സഹോദരനും സലേഷ്യൻ വൈദികനുമായിരുന്ന ഭാഗ്യസ്മരണാർഹനായ ഫാ. മാത്യു ഉഴുന്നാലിലാണ് ടോമച്ചനുമുന്നിൽ സലേഷ്യൻ സഭയിലേയ്ക്കുള്ള വാതിൽ തുറന്നുകൊടുത്തത്. 2007 വരെയുള്ള 16 വർഷം യമനിൽ പ്രവർത്തിച്ച അദ്ദേഹം, തീക്ഷ്ണമതിയായ മിഷനറിയും, ഏറെ ദുഷ്‌കരമായ മിഷൻ ദേശങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച മഹാനായൊരു ശുശ്രൂഷകനും ആയിരുന്നു.
ടോമച്ചന്റെ സെമിനാരി ജീവിതകാലവും മാതൃകാപരമായിരുന്നുവെന്ന് സഹപാഠികളും സുഹൃത്തുക്കളും സ്മരിക്കുന്നു. മറ്റെല്ലാവരിൽനിന്നും അദ്ദേഹത്തെ വ്യത്യസ്ഥനാക്കിയ സവിശേഷത അദ്ദേഹത്തിന്റെ ശാന്തശീലമാണ്. സദാ അക്ഷോഭ്യമായ പ്രകൃതവും, സ്‌നേഹശീലവും അനേകരെ അദ്ദേഹത്തോട് എന്നും ചേർത്തുനിർത്തി. ആരോടും കയർത്തുസംസാരിക്കുകയോ, ആരെയും വേദനിപ്പിക്കുകയോ ചെയ്യാതിരിക്കുവാൻ അദ്ദേഹം ശ്രദ്ധിച്ചു. തികഞ്ഞ ആത്മീയബോധ്യങ്ങളുടെയും, ശക്തമായ പ്രാർത്ഥനയുടെയും വ്യക്തിത്വംകൂടിയായിരുന്നു അദ്ദേഹം.
തന്നാലാവുന്ന എന്തും മറ്റുള്ളവർക്ക് വേണ്ടി ചെയ്യുവാനും, അധികാരികൾക്ക് പൂർണ്ണമായും വിധേയനായിരിക്കുവാനും എല്ലായ്‌പ്പോഴും അദ്ദേഹം സന്നദ്ധനായി. തന്റെ വിളിയിലും, ദൈവികമായ തെരഞ്ഞെടുപ്പിലും, തന്റെ നിയോഗങ്ങളിലും തെല്ലും അദ്ദേഹം സംശയിച്ചിരുന്നില്ല. ഒരു പുരോഹിതനും മിഷനറിയും, ഒപ്പം, അനേകായിരം കുഞ്ഞുങ്ങളെ ജീവിതത്തിലേയ്ക്ക് കരംപിടിച്ചു നടത്തുവാൻ നിയുക്തനായ ഡോൺബോസ്‌കോയുടെ പ്രേഷിതനുമായി മാറുവാൻ സർവ്വാത്മനാ അദ്ദേഹം ആഗ്രഹിച്ചു. പൗരോഹിത്യസ്വീകരണത്തിനു മുമ്പ് തന്നെ ആവശ്യമായ സാങ്കേതിക പരിശീലനങ്ങൾ അദ്ദേഹം ആർജ്ജിച്ചിരുന്നു. ഹൈദരാബാദിലും, കൊൽക്കത്തയിലും ബാംഗ്ലൂരുമായി അദ്ദേഹം പരിശീലനം നേടി.
പൗരോഹിത്യകാലം
1990 മെയ് 23 ന് പാലാ രൂപതാധ്യക്ഷനായിരുന്ന മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ നിന്നുമാണ് ടോമച്ചൻ പൗരോഹിത്യം സ്വീകരിക്കുന്നത്. സലേഷ്യൻ വൈദികൻ എന്ന നിലയിൽ, വിശുദ്ധ ഡോൺബോസ്‌കോ തന്റെ പിൻഗാമികളെ അനുശാസിച്ചിരുന്നതുപോലെ, നന്മകളിൽ ഊന്നി ശോഭനമായ ഭാവി കരുപ്പിടിപ്പിക്കുവാൻ കുഞ്ഞുങ്ങളെ ശക്തരാക്കുക എന്ന ഉത്തരവാദിത്തമാണ് പൗരോഹിത്യശേഷം ടോമച്ചൻ ആദ്യം ഏറ്റെടുത്തത്. ആദ്യ 20 വർഷക്കാലവും അദ്ദേഹം കൂടുതലായി സമയം ചെലവഴിച്ചത് കുട്ടികൾക്കൊപ്പമാണ്. ചെറുപ്പം മുതൽ വിവിധ സാങ്കേതിക മേഖലകളിൽ വൈദഗ്ദ്യവും താൽപ്പര്യവും പുലർത്തിയിരുന്ന അദ്ദേഹം വിവിധ ഡോൺബോസ്‌കോ ടെക്‌നിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രിൻസിപ്പൽ ആയും, അധ്യാപകനായും തുടർന്നുള്ള 20 വർഷം സേവനം ചെയ്തിരുന്നു.
തുടർന്ന്, 2010ലാണ് അദ്ദേഹം മിഷൻ രംഗത്ത് സജീവമാകുവാനായി തീരുമാനമെടുക്കുന്നതും, ദൃഡനിശ്ചയപ്രകാരം തന്റെ പിതൃ സഹോദരനായിരുന്ന ഫാ. മാത്യു ഉഴുന്നാലിൽ ദീർഘകാലം ചെലവഴിച്ച യെമന്റെ മണ്ണിലേയ്ക്ക് പ്രവർത്തനസന്നദ്ധനായി ഇറങ്ങിത്തിരിക്കുന്നതും.
എല്ലാവർക്കും പ്രിയങ്കരനായ ടോമച്ചൻ
ഇടയ്ക്ക് വല്ലപ്പോഴും തന്റെ തിരക്കേറിയ പ്രവർത്തനമേഖലകൾ വിട്ട് കുടുംബാംഗങ്ങളെ സന്ദർശിക്കുവാൻ ഓടിയെത്തുന്ന അച്ചനെക്കുറിച്ച് കുടുംബാംഗങ്ങൾക്കേവർക്കും പങ്കുവയ്കുവാനുള്ളത് ഊഷ്മളമായ ഓർമ്മകളാണ്. ഏറെയും അച്ചന്റെ ശക്തമായ സ്വാധീനശേഷിയെക്കുറിച്ചും, സ്‌നേഹപ്രകൃതിയെകുറിച്ചുമാണ്. ഒരിക്കൽ കണ്ടാലോ, സംസാരിച്ചാലോ മറക്കാനാവാത്ത ആകർഷകമായ അദ്ദേഹത്തിന്റെ
വ്യക്തിത്വത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അനേകം രാമപുരത്തുകാർക്ക് നൂറുനാവാണ്.
ടോം ഉഴുന്നാലിൽ അച്ചന്റെ ബന്ധുവായ പെൺകുട്ടിക്ക് പങ്കുവയ്ക്കുവാൻ വ്യത്യസ്ഥമായ ഒരു സംഭവമുണ്ട്. സ്‌കൂൾ വിദ്യാർത്ഥിനിയായിരുന്ന അവൾ പരീക്ഷയുടെ തലേന്ന് പഠനത്തിൽ മുഴുകിയിരിക്കെയായിരുന്നു അച്ചന്റെ സന്ദർശനം. പരീക്ഷയെപ്പറ്റി ആകുലപ്പെട്ട അവൾക്ക് അച്ചൻ ഒരു നിർദ്ദേശം നൽകി. അതനുസരിച്ച്, അദ്ദേഹം എടുത്തു നൽകിയ ഒരു പ്രത്യേക പാഠഭാഗം അവൾ പഠിക്കുവാൻ മറന്നില്ല. പിറ്റേന്ന് ചോദ്യപേപ്പർ കണ്ട അവൾ ആശ്ചര്യപ്പെട്ടു. ഏറ്റവും കൂടുതൽ മാർക്കിന്റെ ചോദ്യം അച്ചൻ പറഞ്ഞ ആ പാഠഭാഗത്തുനിന്നായിരുന്നുവത്രേ. ആ പരീക്ഷയിൽ തനിക്ക് ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചു എന്നതാണ് അവളുടെ സാക്ഷ്യം.
വിവിധസാങ്കേതിക രംഗങ്ങളിലും അച്ചന്റെ കഴിവ് സകലരും അംഗീകരിച്ചിരുന്നു. ഒരിക്കൽ മറ്റൊരു ബന്ധുവീട്ടിൽ പല വിദഗ്ദർ ശ്രമിച്ചിട്ടും നന്നാക്കുവാൻ കഴിയാതിരുന്ന ഒരു മൈക്രോവേവ് ഓവൻ വർഷങ്ങൾക്ക് മുമ്പ് അച്ചൻ റിപ്പയർ ചെയ്ത് നൽകിയത് അവർ ഇന്നും ഉപയോഗിക്കുന്നു. അച്ചന്റെ ഭവനമായ, ഉഴുന്നാലിൽ തറവാട്ടുവീട്ടിൽ വർഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന ഇൻവേർട്ടർ അച്ചനും ചില വിദ്യാർത്ഥികളും ചേർന്ന് രൂപകൽപ്പന ചെയ്ത് നിർമ്മിച്ചതാണ്. അച്ചൻ വീട്ടിലുള്ളപ്പോൾ അദ്ദേഹത്തെ സന്ദർശിക്കാനെത്തുന്ന ഒരാളും അദ്ദേഹം വെറുതെയിരിക്കുന്നതായി കണ്ടിട്ടില്ല എന്നതാണ് വാസ്തവം. കൃഷിപ്പണികളുൾപ്പെടെ എല്ലാവിധ ജോലികളും ചെയ്യുവാൻ അദ്ദേഹം ഒരിക്കലും മടികാണിച്ചില്ല എന്ന് മാത്രമല്ല, എല്ലാത്തിലും അദ്ദേഹം വിദഗ്ദനായിരുന്നു എന്നതിനും സാക്ഷികളേറെ.
എന്നും ദൈവം ഇടപെട്ടിരുന്ന ജീവിതം
അടുത്ത കാലങ്ങളിൽ ആരോഗ്യപരമായി ടോമച്ചൻ ചില വെല്ലുവിളികളും നേരിട്ടിരുന്നു. 2015ൽ രണ്ടാം തവണ യമനിലേയ്ക്ക് പുറപ്പെടും മുമ്പ് അദ്ദേഹം കുറച്ചുകാലമായി തൊണ്ട സംബന്ധമായി നിലനിന്ന അസ്വസ്ഥതകൾക്കായി ചികിൽസ നിശ്ചയിച്ചിരുന്നു. ബാംഗളൂരിൽ നടന്ന വിദഗ്ദ പരിശോധനകളിൽ വെളിപ്പെടുത്തപ്പെട്ടത് അദ്ദേഹത്തിന്റെ തൊണ്ടയിൽ കാൻസറിന്റെ ആരംഭം ആണെന്നാണ്. എന്നാൽ, ആ കാരണത്താൽ തെല്ലും പതറുകയോ, തുടർ പരിപാടികളിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുകയോ ചെയ്യാതിരുന്ന അദ്ദേഹം, മുൻ തീരുമാനപ്രകാരം അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഒരാഴ്ച ധ്യാനത്തിന് ചെലവഴിച്ചു. എന്നാൽ, തുടർന്ന് ഹോസപിറ്റലിൽ ചെന്ന അദ്ദേഹത്തിൽ രോഗലക്ഷണങ്ങൾ ഒന്നും കണ്ടെത്തുവാൻ ചികിത്സകർക്ക് കഴിഞ്ഞില്ല. പ്രാർത്ഥനയിൽ ചെലവഴിച്ച നാളുകളിൽ തന്നെ ദൈവം അദ്ദേഹത്തിന് പൂർണ്ണമായ സൗഖ്യം നൽകിയിരുന്നു.
ആ കാലങ്ങൾക്കും മുമ്പ് മുതൽ, ടോമച്ചൻ ഡയബറ്റിക്ക് രോഗിയുമായിരുന്നു. എന്നാൽ, പതിവായി മരുന്ന് കഴിക്കണമെന്നത് ഒഴിച്ചാൽ, കൂടുതലായ ആരോഗ്യപ്രശ്‌നങ്ങളൊന്നും അദ്ദേഹത്തിൽ പ്രകടമായിരുന്നില്ല എന്ന് കുടുംബാംഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. എക്കാലവും ആരോഗ്യകരമായ ശരീരപ്രകൃതിയായിരുന്നു അദ്ദേഹത്തിന്റേത്. ഒട്ടേറെ യാത്ര ചെയ്ത അദ്ദേഹം, സാധാരണ ബസുകളാണ് അതിനായി തെരഞ്ഞെടുത്തിരുന്നത്.
വലിയൊരു പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുവാൻ നിശ്ചയിക്കപ്പെട്ട ഇരുണ്ട നാളുകൾക്ക് തൊട്ടുമുമ്പ് ആശങ്കാജനകമായ ആരോഗ്യത്തകർച്ച ഉണ്ടാവുകയും, എന്നാൽ വ്യക്തമായ ദൈവികഇടപെടലുകളിലൂടെ അത് നീങ്ങി പോവുകയും ചെയ്ത സംഭവം, അദ്ദേഹത്തെ ആത്മീയമായി ഏറെ വളർത്തി എന്ന് തീർച്ച. ഇന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സ്‌നേഹിതരും വീണ്ടുമൊരു ദൈവിക ഇടപെടൽ കൂടി അദ്ദേഹത്തിനുമേൽ ഉണ്ടാവുമെന്ന് വിശ്വസിക്കുന്നതിന് പിന്നിൽ ഇത് ഒരു നിമിത്തം കൂടിയാണ്. അടുത്തറിയുന്നവർക്കെല്ലാം ഉറപ്പുണ്ട്, തങ്ങളുടെ ടോമച്ചന് സംഭവിച്ചിരിക്കുന്നത് തീർച്ചയായും ദൈവഹിതപ്രകാരമുള്ള കാര്യം തന്നെയാണെന്ന്. തന്റെ സ്വതസിദ്ധമായ സ്‌നേഹശീലവും, വിശ്വാസതീക്ഷ്ണതയും കൊണ്ട് ഭീകരവാദികളെയും, നിഷ്ഠൂരരായ അക്രമികളെയും പോലും മാനസാന്തരത്തിലേയ്ക്ക് നയിക്കുവാൻ അദ്ദേഹത്തിന് കഴിയുമെന്ന് അവർ ഉറച്ചുവിശ്വസിക്കുന്നു.
(നാളെ: യെമൻ, മിഷണറിമാരുടെ രക്തം വീഴുന്ന മണ്ണ്)

വിനോദ് നെല്ലയ്ക്കൽ
[email protected]

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?