Follow Us On

29

March

2024

Friday

വിലക്ക് വാങ്ങുന്ന ദുരിതം

വിലക്ക് വാങ്ങുന്ന ദുരിതം

വിവാഹത്തിന് ഒരുങ്ങുന്നവർ നിർബന്ധമായും പങ്കാളിയെക്കുറിച്ചുള്ള പൂർണ്ണവിവരം തേടണം. മാത്രമല്ല, രഹസ്യമായി അന്വേഷണവും നടത്തണം. സാധ്യമെങ്കിൽ രക്തപരിശോധന ഉൾപ്പെടെയുള്ള ടെസ്റ്റുകളും നടത്തുന്നതും നല്ലതാണ്. ഇങ്ങനെ എഴുതാൻ കാരണം അടുത്തനാളിൽ കേട്ട ഒരു സംഭവമാണ്. തൃശൂർ സ്വദേശിനിയായ രശ്മിയുടെ (പേര് സാങ്കൽപികം) ഈ അനുഭവം ആർക്കും ഉണ്ടാകാതിരിക്കട്ടെ.
തൃശൂരിൽ ആറുമക്കളുള്ള ഒരു കുടുംബത്തിലെ ഏറ്റവും ഇളയമകളായിരുന്നു രശ്മി. അവൾക്ക് ഒരു വയസുള്ളപ്പോൾ പിതാവ് മരിച്ചു. 27 വയസായപ്പോൾ രശ്മിയുടെ വിവാഹം കഴിഞ്ഞു. 2004-ൽ ഭർത്താവ് മരിച്ചു. ഗൾഫിൽ ജോലിയുളള ദീവാകരന്റെ വിവാഹാലോചനയാണ് രശ്മിക്ക് വന്നത്. ആ സമയത്ത് ചേച്ചിമാരുടെയൊക്കെ വിവാഹം കഴിഞ്ഞതുകൊണ്ട് കുടുംബം ദാരിദ്ര്യാവസ്ഥയിലൂടെ കടന്നുപോവുകയായിരുന്നു. ഒരാണും അഞ്ച് പെണ്ണുങ്ങളുമുള്ള കുടുംബമായിരുന്നു രശ്മിയുടേത്. പിതാവിന്റെ മരണശേഷം മാതാവ് വളരെ കഷ്ടപ്പെട്ടാണ് ആറുമക്കളെയും പഠിപ്പച്ചതും വളർത്തിയതും.
നാലു പെൺമക്കളെയും കെട്ടിച്ചയച്ചപ്പോൾ കടബാധ്യത കുടുംബത്തെ വല്ലാതെ വലയം ചെയ്തു. ഈ സമയത്താണ് ആറാമത്തെ മകളുടെ വിവാഹാലോചനയുമായി പൊന്നും പണവുമൊന്നും വേണ്ടെന്ന് പറഞ്ഞ് ഒരു ആലോചന വരുന്നത്. വരൻ ഗൾഫിൽ ജോലിക്കാരൻ. കേട്ടപ്പോൾ കാര്യമായ അന്വേഷണങ്ങളൊന്നും നടത്താതെ 15 ദിവസത്തിനുള്ളിൽ വീട്ടുകാർ രശ്മിയുടെ വിവാഹം നടത്തി. രശ്മിക്ക് 27 വയസും ഭർത്താവിന് 42 വയസുമായിരുന്നു അന്ന് പ്രായം.
ഭർത്താവിന്റെ വീട്ടിൽ രശ്മി എത്തി. ഫുൾകൈ ഷർട്ടുമിട്ടാണ് കല്യാണച്ചടങ്ങിനും മറ്റും ദിവാകരൻ വന്നത്. അപ്പോഴത് വിവാഹഡ്രസ് ആണെന്ന് കരുതിയെങ്കിലും കല്യാണത്തിന് ശേഷം വീട്ടിൽ വെച്ച് ഷർട്ടൂരിയപ്പോഴാണ് രശ്മി അത് ശ്രദ്ധിച്ചത്. കൈകളിൽ മുഴുവനും. ചിരങ്ങും ചൊറിയും. ചോദിച്ചപ്പോൾ കൊതുകിന്റെ അലർജിയാണെന്നായിരുന്നു മറുപടി. വിദേശത്തുനിന്നും വന്നതുകൊണ്ട് കാലാവസ്ഥയുടെ പ്രോബ്ലമാണന്നും ദിവാകരൻ വിശദീകരിച്ചു. നടക്കുമ്പോൾ ദിവാകരൻ വല്ലാതെ കിതക്കുന്നതായും രശ്മി ശ്രദ്ധിച്ചു.
പിന്നീട് ഗൾഫിൽ പോയ ഭർത്താവ് ഒരു വർഷം കഴിഞ്ഞ് തിരിച്ച് നാട്ടിലെത്തി. കത്തിച്ചശേഷം ശരീരം പുറത്തെടുത്താൽ എങ്ങനെയിരിക്കും, അതേ രൂപത്തിലാണ് അയാൾ തിരിച്ചെത്തുന്നത്. ക്ഷയരോഗമാണ്, പേടിക്കാനൊന്നുമില്ലെന്ന് ഭർത്താവിന്റെ വീട്ടുകാർ രശ്മിയെ ധരിപ്പിച്ചു. ക്ഷയരോഗത്തിനുള്ള മരുന്ന് കഴിച്ചാൽ അസുഖം ഭേദമാകുമെന്നും ഭർതൃവീട്ടുകാർ രശ്മിയോട് പറഞ്ഞു.
ക്ഷയരോഗത്തിന് ചികിത്സതേടി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തപ്പോഴാണ് ഭർത്താവിന് എച്ച്.ഐ.വി ബാധയുണ്ടെന്ന് തെളിയുന്നത്. ഭർത്താവിന്റെ കൂട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. വിവാഹത്തിനുമുമ്പുതന്നെ എയ്ഡ്‌സിന് മരുന്ന് കഴിച്ച വ്യക്തിയായിരുന്നുവത്രേ അദേഹം. ഗൾഫിൽവെച്ച് രോഗം സ്ഥിരീകരിച്ചപ്പോൾ അധികൃതർ വിസ റദ്ദാക്കി ദിവാകരനെ നാട്ടിലേക്ക് അയക്കുകയായിരുന്നു.
രണ്ടു വർഷം നാട്ടിൽ വന്നു നിന്നു. രോഗിയായ ഭർത്താവിനും ഭാര്യ രശ്മിക്കുമെതിരെ ഭർതൃവീട്ടുകാർ ആ നാളുകളിൽ പോലീസിൽ കേസും കൊടുത്തു. വീട്ടിൽ നിന്നും ഇരുവരെയും പുറന്തള്ളുകയും ചെയ്തു.
കൊച്ചുകുട്ടികളെ നോക്കുന്നതുപോലെ രശ്മി മരണം വരെ ഭർത്താവിനെ ശുശ്രൂഷിച്ചു. മലമൂത്രവിസർജ്യങ്ങളെല്ലാം കിടന്ന കിടപ്പിലായിരുന്നു. കുറച്ചുനാൾ അത്താണിയിലെ എയ്ഡ്‌സ് രോഗികളുടെ കേന്ദ്രത്തിലും ഭർത്താവിന് ചികിത്സ നല്കിയിരുന്നു. രശ്മിയുടെ രണ്ടുകൈയും കൂട്ടിപ്പിടിച്ച് മാപ്പ് ചോദിച്ചശേഷമാണ് ഭർത്താവ് അന്ത്യയാത്രയായത്. ഭർത്താവിന്റെ മരണശേഷം എയ്ഡ്‌സ് ബാധിതയായ രശ്മി സ്വന്തം വീട്ടിലേക്ക് മടങ്ങി. ഭർത്താവ് ഗൾഫിൽവച്ച് സമ്പാദിച്ച തുകയെല്ലാം വീട്ടിലേക്ക് അയക്കുകയായിരുന്നു. എന്നാൽ അതെല്ലാം ഭർതൃവീട്ടുകാർ തന്നെ തട്ടിയെടുത്തിരുന്നു. ഇന്ന് അയ്യായിരം രൂപയിലേറെ ചികിത്സക്ക് രശ്മിക്ക് ആവശ്യമുണ്ട്. ഇതുപോലെ ഇനിയൊരു പെൺകുട്ടിക്കും വരരുതെന്നാണ് അവളുടെ പ്രാർത്ഥന.
ഇത് ഒരു രശ്മിയുടെ മാത്രം കഥയല്ല. ഇത്തരം സംഭവങ്ങൾ ഇപ്പോൾ കൂടുതലായി ആവർത്തിക്കുന്നുണ്ടെന്നാണ് അടുത്തനാളിലെ പല സംഭവങ്ങളും വെളിപ്പെടുത്തുന്നത്. അതിനാൽ എച്ച്.ഐ.വി പോലുള്ള മാരകരോഗങ്ങൾ ശരീരത്തിൽ വഹിക്കുന്നവരും മാനസികരോഗികളോ മറ്റു മാറാരോഗങ്ങളുള്ളവരോ വിവാഹത്തിലേർപ്പെട്ട് മറ്റു കുടുംബങ്ങളെ ക്കൂടി കണ്ണീരിലാഴ്ത്തരുതേ. വിവാഹത്തിലേർപ്പെടും മുമ്പ് തുറന്ന് കാര്യങ്ങൾ വിശദീകരിക്കുകയും രഹസ്യവും പരസ്യമായ അന്വേഷണത്തിന് ശേഷം മാത്രം വിവാഹം നടത്തുകയും ചെയ്യുക.
സഭ നടത്തുന്ന വിവാഹ ഒരുക്ക കോഴ്‌സുകളിൽ ഇക്കാര്യങ്ങൾ ശക്തമായി പഠിപ്പിക്കുക. വിവാഹത്തിന് മുമ്പ് രക്തപരിശോധന നടത്തണമെന്നും അതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നുമുള്ള നിബന്ധനയും നല്ലതാണ്. ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കാൻ ബന്ധങ്ങൾ ശക്തവും ഊഷ്മളവുമാക്കുക.
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?