Follow Us On

29

March

2024

Friday

പുതിയ ഉത്തരവാദിത്വങ്ങളുമായി ബിഷപ്പ് തോമസ് കെ. ഉമ്മൻ സി. എസ്. ഐ. സഭയുടെ മോഡറേറ്റർ സ്ഥാനം ഏറ്റെടുത്തു

പുതിയ ഉത്തരവാദിത്വങ്ങളുമായി ബിഷപ്പ് തോമസ് കെ. ഉമ്മൻ സി. എസ്. ഐ. സഭയുടെ മോഡറേറ്റർ സ്ഥാനം ഏറ്റെടുത്തു

കോട്ടയം: സി. എസ്. ഐ. സഭയുടെ 40 ലക്ഷത്തിൽ അധികം വരുന്ന വിശ്വാസികളുടെ പ്രതിനിധികളെയും 24 മഹായിടവകകളിലെ ബിഷപ്പുമാരേയും സി. എസ്. ഐ. മദ്ധ്യകേരള മഹായിടവക വൈദിക അല്മായ നേതൃത്വത്തേയും സാക്ഷിനിർത്തി ഭക്തിസാന്ദ്രമായ നിറവിൽ ബിഷപ്പ് തോമസ് കെ. ഉമ്മൻ ദക്ഷിണേന്ത്യാസഭയുടെ 19-ാമത് മോഡറേറ്ററായി സ്ഥാനാരോഹണം ചെയ്തു.
സി. എസ്. ഐ. സിനഡ് 35-ാമത് സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം സി. എസ്. ഐ. റിട്രീറ്റ് സെന്ററിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ പ്രാർത്ഥനാഗാനം ആലപിച്ചുകൊണ്ടാണ് സ്ഥാനാരോഹണശുശ്രൂഷ ആരംഭിച്ചത്. മോഡറേറ്റർ ഡോ. ജി. ദൈവാശിർവാദം ശുശ്രൂഷകൾക്ക് നേതൃത്വം നല്കി. തുടർന്ന് സിനഡിന്റെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ആയ വിജയ് പ്രതാപ് പുതുതായി തെരഞ്ഞെടുക്കപ്പെ’ മോഡറേറ്റർ ബിഷപ്പ് തോമസ് കെ. ഉമ്മൻ, ഡെപ്യൂട്ടി മോഡറേറ്റർ ബിഷപ്പ് വാടപ്പള്ളി പ്രസാദറാവു, ജനറൽ സെക്രട്ടറി റവ. ഡോ. ദാനിയേൽ രത്‌നാകര സദാനന്ദ, ട്രഷറർ അഡ്വ. സി. റോബർട്ട് ബ്രൂസ് എന്നിവരുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതിനു ശേഷം സ്ഥാനാരോഹണം ചെയ്യപ്പെടുന്ന ഭാരവാഹികൾ ജനസമൂഹത്തിനു മുമ്പാകെ ദക്ഷിണേന്ത്യാസഭയുടെ ഭാരവാഹികളായി തങ്ങൾ സ്വീകരിക്കുന്ന പ്രതിജ്ഞാവാചകങ്ങൾ ഏറ്റുചൊല്ലി.
ദൈവകൃപയിൽ ആശ്രയിച്ചുകൊണ്ട് ആത്മീകതയിൽ അധിഷ്ഠിതവും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ പ്രതിജ്ഞകൾ ഞങ്ങൾ കേട്ടിരിക്കുന്നു എന്നും പ്രാർത്ഥനയിൽ അധിഷ്ഠിതമായ ദൗത്യനിർവ്വഹണത്തിനായി നിങ്ങൾക്ക് നിസ്വാർത്ഥമായ പിന്തുണ നൽകി നിങ്ങളെ ഞങ്ങൾ സ്വീകരിക്കുന്നു എന്നും വിശ്വാസസമൂഹം മറുപടിയായി പ്രസ്താവിച്ചു.
നിലവിലുള്ള മോഡറേറ്റർ ഡോ. ജി. ദൈവാശിർവാദം മോസ്റ്റ് റവ. തോമസ് കെ. ഉമ്മനെ ദക്ഷിണേന്ത്യാസഭയുടെ മോഡറേറ്ററായി ത്രിയേക ദൈവനാമത്തിൽ പ്രഖ്യാപിച്ചു. മതേതരത്വം ഈ രാജ്യത്തിന്റെ മകുടമാണെങ്കിൽ ആ മകുടത്തിൽ പതിക്കപ്പെട്ട രത്‌നമാണ് സി. എസ്. ഐ. സഭ എന്ന് മോഡറേറ്റർ തോമസ് കെ. ഉമ്മൻ നന്ദി പ്രസംഗത്തിൽ സൂചിപ്പിച്ചു. ബന്ധങ്ങളുടെ വിശാലത മനുഷ്യനെ ശ്രേഷ്ഠനാക്കുമെന്നും മനുഷ്യനെയും പ്രകൃതിയേയും സംയോജിപ്പിച്ചുകൊണ്ടുള്ള വ്യവസ്ഥിതിയാണ് സഭയുടേതെന്നും പീഡിപ്പിക്കപ്പെടുന്ന ദളിതരേയും അടിമകളേയും സ്ത്രീകളേയും മതേതര ഇന്ത്യയിൽ സംരക്ഷിച്ച് ഈ രാജ്യത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
സി. എസ്. ഐ. മദ്ധ്യകേരള മഹായിടവകയിൽ നിന്ന് റവ. റ്റി. ജെ. ജോൺ, ജേക്കബ് ഫിലിപ്പ് മങ്കുഴി, റോബി ജിജു, റവ. ഡോ. പി. കെ. കുരുവിള എന്നിവർ സിനഡ് എക്‌സിക്യുട്ടീവ് അംഗങ്ങളായും, റവ. ഡോ. സാബു കെ. ചെറിയാൻ, റവ. നെൽസൺ ചാക്കോ, റവ. ലാൽജി എം. ഫിലിപ്പ്, റവ. ബിനു ഫിലിപ്പ്, അഡ്വ. സ്റ്റീഫൻ ജെ. ദാനിയേൽ, സാബു പുല്ലാട്, അഡ്വ. അനൂപ് വർഗീസ്, അനീഷ് വി. കോര, സിൽജോ സ്റ്റീഫൻ, അപ്പു കുര്യൻ തോമസ്, പ്രഫ. സുമോദ് എം. ജോൺ, പ്രഫ. ഷീബ ജോസ്, ആശാ ബിനു, ജോളി മാത്യൂസ് എന്നിവർ സിനഡിന്റെ വിവിധ ബോർഡുകളിലേക്കും കമ്മറ്റികളിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. സിനഡ് സമ്മേളനത്തിന് മഹായിടവക വൈദിക സെക്രട്ടറി റവ. ഡോ. ഉമ്മൻ ജോർജ്, അല്മായ സെക്രട്ടറി അഡ്വ. സ്റ്റീഫൻ ജെ. ദാനിയേൽ, ട്രഷറർ റവ. ഡോ. സാബു കെ. ചെറിയാൻ, രജിസ്ട്രാർ ഡോ. സൈമ ജോൺ എന്നിവർ നേതൃത്വം നല്കി.
മോഡറേറ്റർ മോസ്റ്റ് റവ. തോമസ് കെ. ഉമ്മനും മറ്റു ഭാരവാഹികളും ചെന്നൈ റോയൽപേട്ടയിലുള്ള സിനഡ് ആസ്ഥാനത്ത് സ്ഥാനം ഏറ്റെടുത്തു.സി.എസ്.ഐ. സഭാ മോഡറേറ്ററായി സ്ഥാനമേറ്റ ബിഷപ്പ് തോമസ് കെ. ഉമ്മന് ആശംസകളും പ്രാർത്ഥനകളുമായി ബിഷപ്പ് പഠിച്ച വിദ്യാലയത്തിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഒത്തുകൂടി. എടത്വാ സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്‌കൂളിലാണ് വിദ്യാർത്ഥികൾ പ്രാർത്ഥന സംഘടിപ്പിച്ചത്. 10.30 നു സ്ഥാനാരോഹണ ചടങ്ങുനടക്കുന്ന സമയത്തു ബിഷപ്പിന്റെ പ്രായം കണക്കാക്കി 54 മെഴുകുതിരികൾ കത്തിച്ചു. തുടർന്നു പ്രത്യേക പ്രാർത്ഥനകൾ നടത്തി. പ്രധാന അദ്ധ്യാപകൻ ബേബി ജോസഫ് ആദ്യ മെഴുകുതിരി കത്തിച്ചു. സീനിയർ അസിസ്റ്റന്റ് ഏലിയാമ്മ ജോസഫ്, എൻ.സി.സി ഓഫീസർ ബിൽബി മാത്യു കണ്ടത്തിൽ, പി.ടി.എ. അംഗങ്ങൾ എന്നിവർ നേതൃത്വം കൊടുത്തു. ബിഷ്പ് തോമസ് കെ. ഉമ്മന്റെ ഇടവകയായ തലവടി കുന്തിരിക്കൽ സെന്റ് തോമസ് പള്ളിയിലും പ്രത്യേക തിരുക്കർമ്മങ്ങളും പ്രാർത്ഥനകളും നടത്തി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?