Follow Us On

29

March

2024

Friday

കുരിശിന്റെ വഴിയേ ഒരഭിഷിക്തൻ- 5

കുരിശിന്റെ വഴിയേ ഒരഭിഷിക്തൻ- 5

ഫാ. ടോം സുരക്ഷിതനാണോ?
ഫാ. ടോം ഉഴുന്നാലിലിന്റെ മോചനവുമായി ബന്ധപ്പെട്ട് ഇതിനകം ഉയർന്നിട്ടുള്ള ചോദ്യങ്ങളും അവ്യക്തതകളും അനവധിയാണ്. അച്ചൻ പിടിക്കപ്പെട്ട സാഹചര്യവും, ഇതിനിടെയുണ്ടായ വ്യത്യസ്ഥ സംഭവവികാസങ്ങളും, നടപടിക്രമങ്ങളുടെ പുരോഗതികളും തുടങ്ങി ചോദ്യങ്ങൾ തുടരുകയാണ്. വ്യവസ്ഥാപിതമായ ഭരണക്രമത്തിന് കീഴ്‌വഴങ്ങാത്ത ഒരു രാഷ്ട്രം എന്ന സങ്കീർണ്ണതയാണ് ഇവിടെ പുകമറ സൃഷ്ടിക്കുന്ന പ്രധാന ഘടകം. പ്രധാനമായ ചില ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തമായ ഉത്തരം കണ്ടെത്താൻ ഒരു ശക്തമായ ഭരണസംവിധാനത്തിനേ കഴിയൂ എന്നതാണ് വാസ്തവം. അരാജകത്വ ത്തിന്റെ കൂത്തരങ്ങായി മാറിയ ആ നാട്ടിൽ നയതന്ത്രപരമായ ഇടപെടലുകൾക്ക് കാര്യമായ സ്ഥാനമില്ല എന്നതാണ് പ്രധാന കാരണം. സൺഡേശാലോമിൽ ഈ പരമ്പര വന്നപ്പോൾ ഇതിനോടനുബന്ധിച്ച് ഉയർന്ന് വന്ന ഏതാനും ചില ചോദ്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
ആരാണ് ഈ സംഭവത്തിന്റെ ഉത്തരവാദി?
അനവധി തീവ്രവാദ/ അക്രമി സംഘങ്ങൾ തങ്ങളാലാവും വിധം വിധ്വംസകപ്രവർത്തനങ്ങളിൽ മുന്നേറാൻ മത്സരിക്കുന്ന ആ നാട്ടിൽ, ഇത്തരമൊരു സംശയത്തിന് പുറമേ നിന്നുകൊണ്ട് ഉത്തരം കണ്ടെത്തു ക എളുപ്പമല്ല എന്നതാണ് വാസ്തവം. ആദ്യഘട്ടത്തിൽ, ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ എന്നും, പിന്നീട് അൽഖൈ്വദ തീവ്രവാദികൾ എന്നും പറഞ്ഞിരുന്നുവെങ്കിലും ഇരുകൂട്ടരും ഉത്തരവാദിത്തം ഏറ്റെടുക്കാ ത്തതിനാലും, ചരിത്രത്തിൽ അവരുടെ രീതികൾ പലപ്പോഴും വ്യത്യസ്ഥമായിരുന്നതിനാലും അത് ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല. തട്ടി ക്കൊണ്ടു പോയത് വരെയുള്ള പ്രവൃത്തി ചെറുസംഘങ്ങളിൽ ആരോ ചെയ്തതിനുശേഷം കൂടുതൽ വലിയ തീവ്രവാദി സംഘങ്ങൾക്ക് കൈമാറിയതാകാം എന്ന അനുമാനമുണ്ട്.
അറബ് വസന്തത്തിനും, ആഭ്യന്തരയുദ്ധങ്ങൾക്കും ശേഷം അരക്ഷിതാവസ്ഥയും, ഭരണദൗർബ്ബല്യവും കീഴ്‌പ്പെടുത്തിയ യെമനിൽ ഇന്ന് നാൽപ്പത്തഞ്ച് ശതമാനത്തിലേറെ പൗരന്മാർ പട്ടിണിയിലാ ണെന്ന യുഎൻ റിപ്പോർട്ട് അടുത്തകാലത്ത് പുറത്തു വന്നിരുന്നു. കൂടാതെ തൊഴിലില്ലായ്മയുടെ കടുത്ത പ്രതിസന്ധിയും കീഴ്‌പ്പെടു ത്തിയ ആ ദേശത്ത് അക്രമപ്രവർത്തനങ്ങൾ ക്കായി മുന്നിട്ടിറങ്ങുന്ന യുവജനങ്ങളുടെ എണ്ണം വളരെയേറെയാണ്. ഓരോ പ്രദേശങ്ങൾ തങ്ങളുടെ വരുതിയിലാക്കാൻ ആയുധമെടുത്ത് നരവേട്ടയ്ക്കിറങ്ങുന്ന തീവ്രവാദി സംഘങ്ങളെ അനുഗമിക്കുന്ന കൊള്ളസംഘങ്ങൾ പലപ്പോഴും കാണപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ പണത്തിനായി ഏതുതരത്തിലുള്ള അക്രമങ്ങളും ചെയ്യുന്നതിന് ഇത്തരക്കാർ മടികാണിക്കാറില്ല. പ്രത്യേകിച്ചും, അന്യരാജ്യക്കാരെയും, അന്യമതങ്ങളിൽ പെട്ടവരെയും തികഞ്ഞ ശത്രുതയോടെ കാണുന്ന ഇവരിൽനിന്ന് പലപ്പോഴും യാതൊരു മാനുഷികമൂല്യങ്ങളും പ്രതീക്ഷിക്കുക സാധ്യമല്ല. പണത്തിനുവേണ്ടിയുള്ള കൂട്ടകൊലപാതകങ്ങൾ തന്നെ നിത്യസംഭവമായ ഈ പ്രദേശങ്ങളിൽ ടോമച്ചനെ തട്ടിക്കൊണ്ടുപോയവരുടെ ലക്ഷ്യവും മറ്റൊന്നായിരിക്കാൻ തരമില്ല. ഇന്ത്യ പോലൊരു രാജ്യത്തുനിന്നുള്ള ഒരു ക്രിസ്ത്യൻപുരോഹിതനെ തട്ടിയെടുത്തെങ്കിലും, വിലപേശലിന് യുക്തം, കൂടുതൽ സമ്മർദ്ദങ്ങൾ സൃഷ്ടിക്കുകയാണ് എന്ന ചിന്തയാവാം ഒരുപക്ഷെ കൂടുതൽ കാലം തടവിൽ സൂക്ഷിക്കുവാൻ അവരെ പ്രേരിപ്പിക്കുന്നതെന്ന് കരുതാൻ ന്യായമുണ്ട്.
ഭാരതസർക്കാരിന് എന്ത് ചെയ്യുവാൻ കഴിയും?
ഇക്കാലങ്ങൾക്കിടെ രൂപപ്പെട്ടിട്ടുള്ള അവ്യക്തതകൾക്ക് ഉത്തരം കണ്ടെത്തുവാനും പരിഹാരം കണ്ടെത്തുവാനും താരതമ്യേന കൂടുതൽ എളുപ്പം ഇന്ത്യയ്ക്കാണ്. ആധുനിക ലോകത്തിൽ എല്ലാ വിധത്തിലും ഇടപെടുന്ന ശക്തമായ ഒരു രാഷ്ട്രം എന്ന നിലയിൽ, രഹസ്യഏജൻസികളുടെ പിൻബലവും, നയതന്ത്രപരമായും അല്ലാതെയും ഇടപെടാൻ കഴിയുന്ന സംവിധാനങ്ങളും നമുക്കുണ്ട് എന്നത് തന്നെയാണ് കാരണം. ഒരുപക്ഷെ, തന്റെ അവസാനസന്ദേശത്തിൽ, സ്വന്തം ആശയം അല്ലെങ്കിൽ തന്നെയും, ടോമച്ചൻ പറഞ്ഞ ഒരു കാര്യത്തിൽ അൽപ്പം വാസ്തവമുണ്ട്. യൂറോപ്യൻ രാജ്യങ്ങളോ മറ്റോ ആയിരുന്നുവെങ്കിൽ തന്റെ പ്രശ്‌നം മുമ്പേ പരിഹരിക്കപ്പെടുമായിരുന്നു എന്നതാണ് അത്. സമാനമായ സാഹചര്യങ്ങളിൽ മുമ്പും, തങ്ങളുടെ രഹസ്യസേനകളുടെ സേവനം ഫലപ്രദമായി ഉപയോഗിച്ച് വിജയിച്ച ചരിത്രം അപൂർവ്വമായതിനാലും, ആവശ്യമായ ഇടപെടലുകൾ യുക്തമായ സമയത്ത് നടത്തുന്നതിൽ വീഴ്ച സംഭവിക്കാറുള്ളതിനാലും, ഭാരതത്തിന്റെ ഇത്തരം കാര്യങ്ങളിലെ ഇടപെടലുകൾ പലപ്പോഴും വിമർശനീയമാണ്.
ഇത്തരത്തിൽ ഫലപ്രദമായ രീതിയിൽ ഇടപെടാതിരിക്കെ, ഗുണകാംക്ഷിയായ വ്യക്തിയിൽ പരോക്ഷമായെങ്കിലും പഴിചാരുന്ന ഇന്നത്തെ സാഹചര്യത്തെ ആത്മവിശ്വാസക്കുറവിന്റെ ബഹിർസ്ഫുരണമായേ കാണാനാവൂ. തന്റെ സഹജീവികളുടെ വേദനയിൽ പങ്കുചേരുന്നതിനും, അവർക്ക് ആശ്വാസവും സംരക്ഷണവും പകരുന്നതിനും തുനിഞ്ഞിറങ്ങിയ ഒരു വ്യക്തിയുടെ നിസ്വാർത്ഥ സ്‌നേഹപ്രവൃത്തികളെ, മതത്തിന്റെയോ വർഗ്ഗീയതയുടെയോ പേരിൽ വിലകുറച്ചുകാണുന്നതും, വ്യക്തിപരമായ പിഴവായി വിലയിരുത്തുന്നതും ഭരണനേതൃത്വത്തിന് ചേർന്ന നിലപാടുകളല്ല. മുൻധാരണകളോ, വേലിക്കെട്ടുകളോ കൂടാതെ, മനുഷ്യനെ മനുഷ്യനായി കാണുവാനും അവന്റെ വേദനയിൽ പങ്കുചേരുവാനും മനസ് കാണിച്ച ഒരു മനുഷ്യനെ തിരിച്ചറിഞ്ഞ് അദ്ദേഹത്തിനുവേണ്ടി പ്രവർത്തിക്കാൻ ഈ രാജ്യത്തിന്റെ ഭരണസംവിധാനങ്ങൾ തയ്യാറായാൽ പരിഹാരം വിദൂരമല്ല എന്ന് നിശ്ചയം.
കത്തോലിക്കാസഭ ഒന്നും ചെയ്യുന്നില്ലേ?
ആദ്യഘട്ടം മുതൽ മാർപ്പാപ്പ നേരിട്ട് ഇടപെട്ട ഒരു ചരിത്രമാണ് ഈ സംഭവത്തിന് ഉള്ളത്. ഏഡനിൽ ഒറ്റപ്പെട്ടുപോയ സി. സാലിയെ തിരികെ എത്തിക്കുന്നതിന് മാർപ്പാപ്പ നേരിട്ട് ഇടപെട്ടിരുന്നു എന്ന വസ്തുത വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. തുടർന്നും വത്തിക്കാൻ ഡിപ്ലോമാറ്റിക് സർവീസിന്റെ യുക്തമായ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട് എന്ന ഉറപ്പ്, ജനറലേറ്റിൽ നിന്നും സലേഷ്യൻ സഭയുടെ ടോമച്ചൻ അംഗമായ ബാംഗ്ലൂർ പ്രോവിൻസിന് ലഭിച്ചിട്ടുണ്ട്. ഒരുപക്ഷെ അമേരിക്കയ്‌ക്കോ ഇന്ത്യയ്‌ക്കോ ഇത്തരം വിഷയങ്ങളിൽ ഇടപെടാൻ കഴിയുന്ന രീതിയിൽ വത്തിക്കാൻ ഡിപ്ലോമാറ്റിക് സർവ്വീസിന് ഇടപെടുവാൻ കഴിയണമെന്നില്ല എന്ന ന്യൂനത നാം ഉൾക്കൊണ്ടേ മതിയാവൂ. വത്തിക്കനെ സംബന്ധിച്ച്, ഇത്തരം ഘട്ടങ്ങളിൽ മറ്റേതെങ്കിലും രാജ്യങ്ങളെയോ ഏജൻസികളെയോ ആശ്രയിക്കേണ്ടിവന്നേയ്ക്കാം. എങ്കിലും, ഈ കാര്യത്തിൽ വത്തിക്കാന്റെ ചുമതല വഹിക്കുന്ന ബിഷപ് പോൾ ഹിൻഡർ, വളരെ തീക്ഷ്ണതയോടെ ഈ വിഷയത്തിൽ ഇടപെട്ടുവരുന്നു.
അറേബ്യൻ വികാരിയാത്തിൽ നിന്ന് ആശാവഹമായ മറുപടി ലഭിക്കുന്നുണ്ടോ?
ഡിസംബർ അവസാനം, സൗത്ത് അറേബ്യൻ വികാരിയാത്തിൽനിന്ന് ലഭിച്ചിട്ടുള്ള സന്ദേശം അനുസരിച്ച് അദ്ദേഹം ജീവനോടെ ഉണ്ട് എന്ന സൂചന ലഭിച്ചിട്ടുണ്ട്. അച്ചന്റെ ആരോഗ്യസ്ഥിതിയിലും, ഡയബറ്റിക് ആണെന്നതൊഴിച്ചാൽ വലിയ ആശങ്കകൾക്കിടയില്ലാത്തതിനാൽ, ഏറെ പീഡനങ്ങൾ സഹിക്കുന്നുണ്ടാവാമെങ്കിലും ജീവാപായം സംഭവിച്ചിരിക്കാനുള്ള സാധ്യത കുറവാണ്. ഒരുപക്ഷെ, വ്യക്തമായ ഒരു ലക്ഷ്യത്തോടെ തങ്ങളുടെ തടവിൽ പാർപ്പിച്ചിരിക്കുന്ന അച്ചനെ, തങ്ങളുടെ ലക്ഷ്യം നേടാതെ അവർ ഉപേക്ഷിക്കുവാൻ സാധ്യത വിരളമാണ്.
അച്ചന്റെ മോചനത്തിന് എന്ത് ചെയ്യുവാൻ കഴിയും?
ഒരുപക്ഷെ മുമ്പ് പലപ്പോഴും രാഷ്ട്രീയമായ ഇടപെടലുകൾ ആവശ്യമുണ്ടായിരുന്ന ഘട്ടങ്ങളിൽ വേണ്ടത്ര ഫലപ്രദമായ രീതിയിൽ നടപടികളെടുക്കുവാൻ പ്രായോഗികമായി കഴിയാതെ പോയിട്ടുള്ള നമ്മുടെ കേന്ദ്ര ഗവണ്മെന്റ് സംവിധാനങ്ങളെ ഈ ഘട്ടത്തിലെങ്കിലും അതിന് പ്രേരിപ്പിക്കുക എന്നതാണ് പ്രധാനകാര്യം. ടോമച്ചന്റെ കാര്യത്തിൽ അനേകം പ്രധാനികളുടെ ഇടപെടലുകൾ ഇതിനകം ഉണ്ടായിട്ടുണ്ട് എന്നത് പ്രത്യാശ പകരുന്ന കാര്യമാണ്. കഴിഞ്ഞ നാളുകളിൽ കേന്ദ്രസർക്കാർ മൂന്നംഗ മോണിറ്ററിംഗ് സമിതിയെ നിയോഗിച്ചിരിക്കുന്നത് ആശാവഹമായ നടപടിയാണ്. മതത്തിന്റെയും വിശ്വാസത്തിന്റെയും വേലിക്കെട്ടുകൾക്കിടയിൽ, വലിയൊരു മനുഷ്യസ്‌നേഹിയെ അവമതിക്കാതിരിക്കുന്നതിനാണ് നമ്മുടെ ഊർജ്ജിതമായ ശ്രമങ്ങൾ തുടരേണ്ടത്.
സംസ്ഥാന സർക്കാരിന്റെയും, സഭാനേതൃത്വത്തിന്റെയും, സംഘടനകളുടെയും, രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും നിരന്തരമായ ഇടപെടലുകൾ ആവശ്യമാണ് എന്ന വസ്തുത ഇത്തരമൊരു സാഹചര്യത്തിൽ ഓർമ്മിക്കേണ്ടതാണ്. ഈ നാളുകളിൽ അച്ചന്റെ മോചനത്തിനായി ഉണർന്നുചിന്തിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുന്ന അനേകം സമൂഹങ്ങൾ തങ്ങളുടെ പ്രത്യയശാസ്ത്രങ്ങൾക്കും, വിശ്വാസപാരമ്പര്യങ്ങൾക്കും അതീതമായി മുന്നോട്ട് വന്നിട്ടുള്ളത് ഏറെ അനുഗ്രഹീതമാണ്. അച്ചനെ സ്‌നേഹിക്കുന്ന അദേഹത്തിന്റെ സമൂഹത്തിനും, കുടുംബാംഗങ്ങൾക്കും അത് ഏറെ ആശ്വാസം പകരുന്നു എന്നത് മഹത്തായ കാര്യമാണ്.
ഉടനടി എന്ത് ചെയ്യാൻ കഴിയും?
തന്റെ ഉറച്ച ആത്മീയബോധ്യങ്ങളുടെ പിൻബലത്തിൽ, അചഞ്ചല മായ ഹൃദയത്തോടെ, എന്ത് ത്യാഗവും നേരിടുവാനുള്ള മനസ്സോടെ കത്തിയമർന്നുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലേയ്ക്ക് ഇറങ്ങിത്തിരിച്ച ബഹു. ടോമച്ചന്റെ വിശ്വാസത്തിന്റെ ആഴം നാം തിരിച്ചറിയേണ്ടതുണ്ട്. അച്ചനെ ഇന്ന് അദ്ദേഹമായിരിക്കുന്ന വേദനനിറഞ്ഞ സാഹചര്യങ്ങളിൽ ശക്തിപ്പെടുത്തുവാൻ നമ്മുടെ പ്രാർത്ഥനകൾകൊണ്ട് മാത്രമേ കഴിയൂ എന്ന യാഥാർത്ഥ്യം ഗ്രഹിച്ചുകൊണ്ട് ആവുംവിധം അദ്ദേഹത്തിന് പിൻബലം പകരുവാൻ നമുക്ക് കഴിയണം.
2016 മാർച്ച് നാലാം തിയതി ഈ ദുരന്തവാർത്ത അറിഞ്ഞത് മുതൽ, മുടങ്ങാതെ എല്ലാ ഞായറാഴ്ചകളിലും ഉഴുന്നാലിൽ കുടുംബത്തിലെ ഏതെങ്കിലും ഭവനത്തിൽ ഒരുമിച്ചുകൂടി എല്ലാ കുടുംബാംഗങ്ങളും സ്‌നേഹിതരും തീക്ഷണമായി പ്രാർത്ഥനയിൽ മുഴുകുന്നു. അടുത്ത മാസങ്ങളായി കൂടുതൽ പ്രാർത്ഥനയ്ക്ക് സഭാനേതൃത്വം ആഹ്വാനം ചെയ്തുതുടങ്ങിയതോടെ അനേകർ അച്ചന്റെ തറവാട് വീട്ടിൽ പ്രാർത്ഥനകൾക്കായി വിദൂരങ്ങളിൽ നിന്ന് പോലും എത്തിച്ചേരുന്നു.
സമീപകാലങ്ങളിൽ നടക്കുന്ന ചർച്ചകളിൽ ഒരു ദൈവിക ഇടപെടലിന്റെ പ്രാധാന്യത്തെ കുറച്ചുകൊണ്ട്, മാനുഷികമായ നേട്ടങ്ങൾക്ക് ഊന്നൽ കൊടുക്കുന്ന പ്രവണതകളെ ഒരു പരിധിവരെയെങ്കിലും ആത്മീയമായി ചെറുക്കേണ്ട ഉത്തരവാദിത്തവും വിശ്വാസികളെന്ന നിലയിൽ നമുക്കുണ്ട്. ഇത്തരമൊരു ദുഃഖകരവും, അപകടകരവുമായ സാഹചര്യം പോലും, ദൈവം അറിയാതെയല്ല സംഭവിച്ചിരിക്കുന്നത് എന്ന വലിയ സത്യത്തെ തിരിച്ചറിഞ്ഞുകൊണ്ടും അംഗീകരിച്ചുകൊണ്ടും മാത്രമേ ഈ ഘട്ടത്തിൽ നമുക്ക് അന്തിമവിജയം നേടുവാൻ കഴിയൂ എന്ന ആത്മീയ സത്യം നാം ഉൾക്കൊള്ളേണ്ടതുണ്ട്.
(പരമ്പര അവസാനിക്കുന്നു.)
വിനോദ് നെല്ലക്കൽ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?