Follow Us On

29

March

2024

Friday

കാവൽമാലാഖമാരേ കണ്ണടക്കല്ലേ…

കാവൽമാലാഖമാരേ കണ്ണടക്കല്ലേ…

”ഈ ചെറിയവരിൽ ആരെയും നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക. സ്വർഗത്തിൽ അവരുടെ ദൂതന്മാർ എന്റെ സ്വർഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദർശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാൻ നിങ്ങളോട് പറയുന്നു” (മത്തായി 18:10-11). നമുക്കെല്ലാവർക്കും ഓരോ കാവൽമാലാഖമാരുണ്ടെന്നുള്ള സത്യം ഈശോ പറയുന്ന ഈ തിരുവചനത്തിൽനിന്ന് മനസിലാക്കാൻ സാധിക്കും.
ഈ മാലാഖമാർ എപ്പോഴും സ്വർഗസ്ഥനായ പിതാവിന്റെ മുഖം ദർശിച്ചുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം നമ്മുടെ ഓരോ ചലനങ്ങളും ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. നാം നന്മ ചെയ്യുമ്പോൾ സന്തോഷിക്കുകയും തിന്മ ചെയ്യുമ്പോൾ ദുഃഖിക്കുകയും ചെയ്യുന്നു. തങ്ങളെ ഭരമേൽപ്പിച്ചിരിക്കുന്നവരെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. ”നിന്റെ വഴികളിൽ നിന്നെ കാത്തുപാലിക്കാൻ അവിടുന്ന് തന്റെ ദൂതന്മാരോട് കല്പിക്കും. നിന്റെ പാദം കല്ലിൽ തട്ടാതിരിക്കാൻ അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും” (സങ്കീർത്തനം 91:11-12) എന്ന സങ്കീർത്തനവചനങ്ങൾ കാവൽമാലാഖമാരുടെ സംരക്ഷണത്തെ സൂചിപ്പിക്കുന്നു.
നമുക്കെല്ലാവർക്കും കാവൽമാലാഖമാർ ഉണ്ടെന്നുള്ളത് ബൈബിളിലുടനീളം കാണാൻ സാധിക്കും. ഈ സത്യത്തെ വിശുദ്ധരെല്ലാംതന്നെ മനസിലാക്കുകയും പഠിപ്പിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വിശുദ്ധ ഇറാനിമോസിന്റെ വാക്കുകൾ കുറിക്കട്ടെ: ”ഹാ! ആത്മാക്കളുടെ ശ്രേഷ്ഠത എത്രയോ മഹത്തരമായിരിക്കുന്നു. എന്തുകൊണ്ടെന്നാൽ ഓരോരുത്തർക്കും ജനിക്കുന്ന ആദ്യനിമിഷം മുതൽ അവരുടെ കാവലിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഓരോ കാവൽമാലാഖമാരുണ്ട്.” അങ്ങനെയെങ്കിൽ നമ്മുടെ കാവൽമാലാഖമാരോട് നാം ഭക്തിയുള്ളവരാകേണ്ടതല്ലേ? കാവൽമാലാഖമാർ റോമിലെ വിശുദ്ധ ഫ്രാൻസിസ്, ജെമ്മാഗൽഗാനി മുതലായ പല വിശുദ്ധർക്കും ദൃശ്യമായിട്ടുണ്ട്. കർഷകനായ വിശുദ്ധ ഇസിദോറിന് കാവൽമാലാഖ പണി ചെയ്തുകൊടുത്തതായി പറയപ്പെടുന്നു (അനുദിനം ദൈവാലയത്തിൽ പോയിരുന്ന വിശുദ്ധ ഇസിദോറിന് താൻ ദൈവാലയത്തിൽ പോയി തിരിച്ചുവരുന്ന സമയംവരെയുള്ള ജോലി കാവൽമാലാഖ ചെയ്തിരുന്നുവത്രേ). വിശുദ്ധ ബർണാഡിന്റെ വാക്കുകൾ നമുക്കോർക്കാം. ”പരിശുദ്ധ മാലാഖമാർ നിങ്ങളുടെ മിത്രങ്ങളായിരിക്കട്ടെ.
നിങ്ങളെത്ര ദുർബലരും ദുഃഖിതരുമാണെങ്കിലും എത്ര മഹാവിപത്തുകളാണ് നമ്മളെ വലയം ചെയ്യുന്നതെങ്കിലും ഈ രക്ഷാകർത്താക്കളുടെ സംരക്ഷണത്തിൽ നമ്മൾ ഒട്ടും ഭയപ്പെടേണ്ടതില്ല.” സിംഹക്കുഴിയിൽ കിടന്നുകൊണ്ട് ദാനിയേൽ രാജാവ് പറയുന്ന സത്യവുമതാണ് ”എന്റെ ദൈവം ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചു. അവ എന്നെ ഉപദ്രവിച്ചില്ല” (ദാനിയേൽ 6:22). കർത്താവിന്റെ ദൂതൻ ബാലാമിനോട് പറഞ്ഞു: ”ഇവരുടെകൂടെ പൊയ്‌ക്കൊള്ളുക. എന്നാൽ ഞാൻ നിന്നോടു പറയുന്ന വചനം മാത്രമേ നീ പറയാവൂ.” മാലാഖ നമുക്ക് വേണ്ടുന്ന നിർദേശങ്ങളും തരുന്നുണ്ട്. പുതിയ നിയമത്തിലേക്ക് കടന്നുവരുമ്പോൾ യൗസേപ്പിതാവിന് നിർദേശം കൊടുക്കുന്ന മാലാഖയെ നമുക്ക് കാണാം. അവർ പോയിക്കഴിഞ്ഞപ്പോൾ കർത്താവിന്റെ ദൂതൻ സ്വപ്‌നത്തിൽ പ്രത്യക്ഷപ്പെട്ട് ജോസഫിനോട് പറഞ്ഞു: ”എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് ഈജിപ്തിലേക്ക് പലായനം ചെയ്യുക. ഞാൻ പറയുന്നതുവരെ അവിടെ താമസിക്കുക. ഹേറോദോസ് ശിശുവിനെ വധിക്കാൻവേണ്ടി ഉടനെ അന്വേഷണം തുടങ്ങും” (മത്തായി 2:13). വീണ്ടും മാലാഖ പ്രത്യക്ഷപ്പെട്ട് പറയുന്നു: ”എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഇസ്രായേൽ ദേശത്തേക്ക് മടങ്ങുക. ശിശുവിനെ വധിക്കാൻ ശ്രമിച്ചവർ മരിച്ചുകഴിഞ്ഞു” (മത്തായി 2:20). ഇതിൽ നിന്നൊക്കെ നാം മനസിലാക്കേണ്ടത് ദൈവം തന്റെ മാലാഖമാരെ അയച്ചുകൊണ്ട് നമുക്ക് നിർദേശങ്ങളും സംരക്ഷണവും നൽകുന്നു. സഖറിയായിക്കും ദൂതൻ പ്രത്യക്ഷപ്പെട്ട് നിർദേശങ്ങൾ നൽകുന്നുണ്ട്.
കാരാഗൃഹത്തിൽ കിടക്കുന്ന പത്രോസിനെ കാവൽനിൽക്കുന്ന പടയാളികളുണ്ടായിട്ടും മാലാഖ രക്ഷിക്കുന്നതായി കാണാം. പട്ടാളക്കാർ കാരാഗൃഹത്തിന്റെ വാതിൽക്കൽ കാവൽ നിൽക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് കർത്താവിന്റെ ഒരു ദൂതൻ പ്രത്യക്ഷനായി. ആ മുറിയാകെ പ്രകാശം നിറഞ്ഞു. അവൻ പത്രോസിന്റെ പാർശ്വത്തിൽ തട്ടിയുണർത്തിക്കൊണ്ട് പറഞ്ഞു: വേഗം എഴുന്നേൽക്കൂ. അപ്പോൾ അവന്റെ കൈകളിൽനിന്ന് ചങ്ങലകൾ താഴെവീണു. ദൂതൻ അവനോട് പറഞ്ഞു, നീ അരമുറുക്കി പാദരക്ഷകൾ അണിയുക. അവൻ അങ്ങനെ ചെയ്തു. ദൂതൻ വീണ്ടും പറഞ്ഞു മേലങ്കി ധരിച്ചുകൊണ്ട് എന്റെ പിന്നാലെ വരുക. അവൻ പുറത്തിറങ്ങി അവനെ അനുഗമിച്ചു. എങ്കിലും ദൂതൻവഴി സംഭവിച്ച ഈ കാര്യം യഥാർത്ഥമാണെന്ന് അവന് തോന്നിയില്ല. ഒരു ദർശനം ഉണ്ടായെന്നേ അവൻ കരുതിയുള്ളൂ (അപ്പ.പ്രവ. 12:7-9). അവൻ ഒന്നാമത്തെയും രണ്ടാമത്തെയും കാവൽസ്ഥാനങ്ങൾ പിന്നിട്ട് നഗരത്തിലേക്കുള്ള ഇരുമ്പുകവാടത്തിലെത്തി, അത് അവർക്കായി സ്വയം തുറന്നു. അവർ പുറത്തുകടന്ന് ഒരു തെരുവ് പിന്നിട്ടപ്പോൾ ദൂതൻ പെട്ടെന്ന് അപ്രത്യക്ഷമായി. അപ്പോഴാണ് പത്രോസിന് പൂർണബോധം വന്നത്. അവൻ പറഞ്ഞു. കർത്താവ് തന്റെ ദൂതനെ അയച്ച് ഹേറോദോസിന്റെ കരങ്ങളിൽനിന്ന് യഹൂദന്മാരുടെ വ്യാമോഹങ്ങളിൽനിന്നും എന്നെ മോചിപ്പിച്ചിരിക്കുന്നുവെന്ന് ഇപ്പോൾ എനിക്ക് വ്യക്തമായി (അപ്പ.പ്രവ. 12:10-11).
പത്രോസ് വളരെപ്പേർ സമ്മേളിച്ചിരിക്കുന്ന മർക്കോസ് എന്ന് അപരനാമമുള്ള യോഹന്നാന്റെ അമ്മയായ മറിയത്തിന്റെ വീട്ടിലേക്ക് ചെല്ലുന്നു (അപ്പ.പ്രവ. 12:12). അവിടെച്ചെന്ന് വാതിലിൽ മുട്ടിയപ്പോൾ റോദ എന്ന വേലക്കാരിക്ക് പത്രോസിന്റെ സ്വരം മനസിലായപ്പോൾ അവിടെ കൂടിയിരുന്നവരോട് പത്രോസ് വന്നുവെന്നറിയിക്കുമ്പോൾ അവർ പറയുന്ന ഒരു കാര്യമുണ്ട്. ”അത് അവന്റെ കാവൽദൂതനായിരിക്കും” (അപ്പ.പ്രവ. 12:15). പിന്നീടവർ അത് പത്രോസാണെന്ന് തിരിച്ചറിയുന്നു. ശിഷ്യന്മാരുടെ ഇടയിൽ കാവൽമാലാഖമാരുണ്ട് എന്നുള്ള വിശ്വാസം നിലനിന്നിരുന്നു എന്ന് ഈ വാക്കുകളിൽനിന്ന് തന്നെ വ്യക്തമാണ്.
ഈ ലോകത്തിൽ മാത്രമല്ല, സ്വർഗത്തിലും നമുക്ക് മാലാഖമാരുടെ സന്തോഷം കാണാനാവുമെന്ന് ഈശോ പറയുന്നു. ”അതുപോലെ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് ദൈവത്തിന്റെ ദൂതന്മാരുടെ മുമ്പിൽ സന്തോഷമുണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു” (ലൂക്കാ 15:10). നമ്മുടെ കാവൽദൂതന്മാരുടെ സാന്നിധ്യം ഈ ലോകത്തിലും സ്വർഗത്തിലും ആനന്ദകരമാണ്. നമുക്ക് നമ്മുടെ കാവൽമാലാഖമാരോട് ഭക്തിയുള്ളവരാകാം. കാവൽമാലാഖയുടെ മധ്യസ്ഥം അനുഗ്രഹപ്രദമാക്കാം.
തങ്കച്ചൻ തുണ്ടിയിൽ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?