Follow Us On

28

March

2024

Thursday

കുമ്പസാര രഹസ്യം കാത്തുസൂക്ഷിക്കാൻ ശിക്ഷ ഏറ്റുവാങ്ങിയ വൈദികൻ

കുമ്പസാര രഹസ്യം കാത്തുസൂക്ഷിക്കാൻ ശിക്ഷ ഏറ്റുവാങ്ങിയ വൈദികൻ

ഇത് കഥയാണോ നടന്ന സംഭവമാണോ എന്നറിയില്ല. എങ്കിലും റീഡേഴ്‌സ് ഡൈജസ്റ്റിൽ ഈ സംഭവം പ്രാധാന്യത്തോടെ വർഷങ്ങൾക്കു മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുമ്പസാര രഹസ്യം സൂക്ഷിക്കാൻ ജീവിതം നഷ്ടപ്പെടുത്തിയ ഒരു വൈദികന്റെ അനുഭവമാണിത്.
സംഭവമിങ്ങനെയാണ് ഫ്രാൻസിലെ സെന്റ് റെമിയിലെ ദൈവാലയവികാരിയായിരുന്നു ഫാ. പിയറി. അദ്ദേഹത്തെ എല്ലാവരും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു. ഒരു വിശുദ്ധനെപ്പോലെയാണ് ആളുകൾ അദേഹത്തെ കണ്ടത്. ഇടവകജനം പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും ജീവിക്കണമെന്ന് അച്ചൻ സദാ പഠിപ്പിച്ചു.
ദൈവാലയത്തിന് തൊട്ടടുത്ത് താമസിച്ച സമ്പന്നയായ ഒരു വിധവയൊഴികെ എല്ലാവരും അച്ചന്റെ വാക്കുകൾ അനുസരിച്ചു. ഈ വിധവയാകട്ടെ തന്റെ വീട്ടിലേക്ക് ആരെയും പ്രവേശിപ്പിക്കുകയോ അയൽക്കാരുടെ വീട്ടിൽ സൗഹൃദത്തിന് പോലും പോവുകയോ ചെയ്യുമായിരുന്നില്ല. പക്ഷേ അച്ചനെ അവർ ഇടക്ക് ഭക്ഷണത്തിന് വിളിക്കുകയും ജീവകാരുണ്യത്തിനുളള സംഭാവന നൽകുകയും ചെയ്യുമായിരുന്നു.
കടുത്ത മഞ്ഞുകാലം. വിധവയുടെ വീട്ടിൽ പാചക ജോലി ചെയ്യുന്ന സ്ത്രീ അവരെ തിരക്കി വരുമ്പോൾ വിധവ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അലമാര തുറന്നിട്ടിരിക്കുന്നതും അതിൽ നിന്നും അടുക്കിവച്ച തുണിത്തരങ്ങൾ പുറത്തേക്ക് വലിച്ചിഴച്ചിട്ടിരിക്കുന്നതും അവർ കണ്ടു. പോലീസധികൃതർ എത്തി. രക്തം പുരണ്ട കാല്പാടുകൾ പള്ളിമുറ്റം വരെ ചെന്നെത്തിയതായി തെളിഞ്ഞു. അതോടെ ഇടവക വികാരിയുടെ നേരെയായി ജനത്തിന്റെ രൂക്ഷനോട്ടം. പോലിസ് പള്ളിപ്പരിസങ്ങൾ അരിച്ച് പെറുക്കിയപ്പോൾ അവിടെ നിന്നും ഒളിപ്പിച്ച നിലയിൽ രക്തം പുരണ്ട ളോഹയും കൈയുറകളും കാണാനിടയായി.
ജനത്തിന് അതൊന്നും വിശ്വസിക്കാനായില്ല. കാരണം അത്രമേൽ അദേഹം ജനങ്ങൾക്ക് പ്രിയങ്കരനായിരുന്നു. എന്നാൽ പോലീസ് ഫാ. പിയറിയെ ചോദ്യം ചെയ്തപ്പോൾ ളോഹയും കൈയുറകളുമെല്ലാം തന്റേതാണെന്നു അദ്ദേഹം പോലീസിനോടു പറഞ്ഞു. അതോടെ തെളിവുകളെല്ലാം അദ്ദേഹത്തിന് എതിരായി. ഫാ. പിയറിയെ പോലീസ് അറസ്റ്റു ചെയ്യുകയും കോടതി അദേഹത്തെ തടവ് ശിക്ഷക്ക് വിധിക്കുകയും ചെയ്തു.
അറ്റ്‌ലാന്റിക് സമുദ്രത്തിലെ ദ്വീപിലാണ് ഇത്തരം കഠിന ശിക്ഷകൾ ചെയ്തിരുന്നവരെ പാർപ്പിച്ചിരുന്നത്. അന്ന് കുഷ്ഠരോഗികളെ നികൃഷ്ടരായി കണ്ടതിനാൽ അതിനടുത്ത സെല്ലിലാണ് അവരെയും പാർപ്പിച്ചിരുന്നത്. അച്ചൻ കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് എത്തിയെന്ന് കേട്ടതോടെ അവിടെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുറ്റവാളികൾ അദേഹത്തിന് എതിരായി തീർന്നു. അവർ അദേഹത്തിന്റെ നേരെ കല്ലെടുത്ത് എറിയുകയും അടുത്തുവരുമ്പോൾ ദേഹത്തേക്ക് തുപ്പുകയും ചീത്തവിളിക്കുകയും ചെയ്തു. എന്നാലും ഫാ. പിയറി അതെല്ലാം നിശബ്ദനായി സഹിച്ചു. ദൈവം തന്നെ ഉറ്റുനോക്കിയിരിക്കുന്നുവെന്ന് അദേഹത്തിന് തോന്നി.
എല്ലാ തടവുകാരോടും അദേഹം സ്‌നേഹത്തോടെ പെരുമാറി. ഏറ്റവും ക്രൂരമായി പെരുമാറിയവരെ അദ്ദേഹം ഏറ്റവുമധികം സ്‌നേഹിച്ചു. അവരോട് അദേഹം ക്രിസ്തുവിന്റെ സ്‌നേഹത്തെക്കുറിച്ച് പറഞ്ഞു. ഏറെ നാൾ കഴിയും മുമ്പേ തടവുകാരുടെ പ്രിയപ്പെട്ട ‘ജയിലച്ച’നായി അദേഹം മാറി. എല്ലാവരോടും സ്‌നേഹത്തോടും കാരുണ്യത്തോടും കൂടി പെരുമാറിയതുകൊണ്ട് മരണാസന്നർക്ക് അന്ത്യകൂദാശ കൊടുക്കുവാൻ മേലധികാരികൾ അദ്ദേഹത്തിന് അനുവാദം നൽകി. ഇക്കാലങ്ങളിൽ കുഷ്ഠരോഗികളെ നോക്കാനും പരിചരിക്കാനും അധികൃതർ അദേഹത്തിന് ഉത്തരവാദിത്വവും നൽകി. ഏറെ സന്തോഷത്തോടെയാണ് അദേഹം അതെല്ലാം ചെയ്തത്.
ഒരു ദിവസം വളരെ അവശനായ ഒരു കുഷ്ഠരോഗിയെ ഏതാനും പേർ അവിടേക്ക് കൊണ്ടുവന്നു. അവശനായ ഇദേഹത്തെ പരിചരിക്കാൻ ഫാ. പിയറി അയാളുടെ അടുത്തെത്തി.
രോഗി തന്റെ ക്ഷീണിച്ച മുഖമുയർത്തി തന്നെ പരിചരിക്കുന്ന വ്യക്തിയെ നോക്കി. സംശയം തീരാതെ വീണ്ടും സൂക്ഷിച്ച് നോക്കി. അയാൾ അത്ഭുതത്തോടും ആകാംഷയോടും കൂടി അച്ചനോട് ചോദിച്ചു.
”അങ്ങ് സെന്റ് റെമിയിൽ ഉണ്ടായിരുന്ന ഫാ. പിയറിയാണോ?” ആദ്യമായി തന്നെ ഒരാൾ തിരിച്ചറിഞ്ഞ സന്തോഷത്തിൽ അച്ചന്റെ മുഖം വിടർന്നു. ”അതെ, നിങ്ങൾ എന്നെ അറിയുമോ?”
അതു കേട്ടതോടെ അയാൾ അലമുറയിട്ട് കരയാൻ തുടങ്ങി. എന്താണ് കാര്യമെന്നറിയാതെ അച്ചനും രോഗികളും പരിഭ്രമിച്ചു. അയാൾ സ്വയം നെഞ്ചിൽ ആഞ്ഞിടിച്ചുകൊണ്ട് പറഞ്ഞു. ”അച്ചാ, അങ്ങേക്കെന്നെ മനസിലായില്ലേ? ഞാൻ സെന്റ്‌റെമി ദൈവാലയത്തിലെ തോട്ടക്കാരനായിരുന്ന ജീൻ.”
അയാൾ കരഞ്ഞുകൊണ്ടിരുന്നു. അച്ചന് സങ്കടം തോന്നി. സുന്ദരനായ ജീന്റെ മുഖം അപ്പോൾ അച്ചന്റെ മനസിൽ തെളിഞ്ഞു. ദൈവാലയത്തിലേക്ക് ആവശ്യമായ പൂക്കളും പഴങ്ങളുമെല്ലാം സമയാസമയങ്ങളിൽ എത്തിക്കുന്ന മിടുമിടുക്കനായ ചെറുപ്പക്കാരൻ. എന്നാൽ ഇപ്പോൾ ഒരു പടുവൃദ്ധനെപ്പോലെയായിരിക്കുന്ന ജീൻ.
”ദൈവമേ, ഇയാൾക്ക് ഈ മഹാരോഗം വന്നല്ലോ.” അച്ചന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. പോലീസുകാരും നൂറുകണക്കിന് കുഷ്ഠരോഗികളും വാക്കുകേൾക്കാൻ കാതു കൂർപ്പിച്ചപ്പോൾ അച്ചൻ അയാളെ ശുശ്രൂഷിക്കാൻ ശ്രമിക്കുകയായിരുന്നു.
ജീൻ പറഞ്ഞു; ”ഞാനൊരു ദുഷ്ടനാണച്ചോ. മഹാ ദുഷ്ടൻ. ഈ മഹാരോഗം എനിക്ക് അർഹതപ്പെട്ടതാണ്.” ജീൻ തന്റെ ചുറ്റും കൂടി നിന്നവരെ നോക്കി തുടർന്നു. ”നിങ്ങളുടെ പ്രിയപ്പെട്ട അച്ചൻ വിശുദ്ധനാണ്. ഒരു മാലാഖയാണ്. 12 കൊല്ലം മുമ്പ് ഒരു വിധവയെ കൊലപ്പെടുത്തി എന്ന കുറ്റത്തിനാണല്ലോ അച്ചൻ ശിക്ഷിക്കപ്പെട്ടത്. എന്നാൽ അച്ചനല്ല ഞാനാണ് ആ സ്ത്രീയെ കൊന്നത്.”
എല്ലാവരും ഇടിവെട്ടേറ്റതുപോലെ അയാളെ നോക്കിനിൽക്കുമ്പോൾ ജീൻ മിഴിനീരൊഴുക്കി തുടർന്നു. ”പള്ളിയുടെ സമീപത്തായിരുന്നു ഞാൻ താമസിച്ചത്. പള്ളിക്കാര്യങ്ങൾക്കുവേണ്ടി ഓടി നടക്കുമ്പോഴും വിധവയായ ആ സ്ത്രീയുടെ വീട്ടിലേക്കായിരുന്നു എന്റെ നോട്ടം. പക്ഷേ എന്നെ അവർക്ക് പുച്ഛമായിരുന്നു. എന്നെ കാണുമ്പോൾ തന്നെ അവർ വാതിൽ കൊട്ടിയടക്കും. അവർ ജീവകാരുണ്യ ആവശ്യങ്ങൾക്കായി പണം കൊടുക്കുമ്പോഴെല്ലാം ആ തുക കണക്കിൽ ചേർക്കാനായി അച്ചൻ എന്നെ ഏല്പിക്കുമായിരുന്നു. അതിൽനിന്നും ആ സ്ത്രീ വലിയ സമ്പന്നയാണെന്ന് എനിക്ക് തോന്നി. പക്ഷേ എന്നെ അവർക്ക് കാണുന്നതു തന്നെ പുച്ഛമായതിനാൽ ഒരു രാത്രിയിൽ ഞാൻ അച്ചന്റെ ളോഹയും കൈയുറകളും ധരിച്ച് അവരുടെ വീട്ടിലെത്തി. വാതിലിൽ മുട്ടി.
പിയറിയച്ചന്റെ സ്വരത്തിൽ ഞാനവരെ വിളിച്ചപ്പോൾ അവർ ഓടിവന്ന് വാതിൽ തുറന്നു. മുഖം കൊടുക്കാതെ ഞാൻ ഉള്ളിൽ കടന്ന് അവരെ കൊലപ്പെടുത്തുകയായിരുന്നു. പിന്നെ അവരുടെ സമ്പാദ്യമെല്ലാം കൈക്കലാക്കി, പള്ളിയിൽ തിരിച്ചെത്തി. അച്ചന്റെ ളോഹയും കൈയുറകളും തോട്ടത്തിൽ കുഴിച്ചിട്ട് എന്റെ മുറിയിലേക്ക് വെപ്രാളത്തോടെ പ്രവേശിക്കുമ്പോൾ അച്ചൻ എന്നെ കണ്ടു.
എന്റെ മുഖത്തെ പരിഭ്രാന്തി കണ്ടപ്പോൾ ഞാൻ എന്തോ വലിയ കുറ്റകൃത്യം ചെയ്തതായി അച്ചനു തോന്നി. അതെന്താണെന്ന് പറയാൻ ഞാൻ മടിച്ചപ്പോൾ അദേഹം എന്നെ പള്ളിക്കുള്ളിലെ കുമ്പസാരക്കൂട്ടിലേക്കു കൂട്ടികൊണ്ടുപോയി. അവിടെവെച്ച് ഞാൻ ചെയ്ത കുറ്റം അച്ചനോട് പറഞ്ഞു. പിറ്റേന്ന് രാവിലെ പോലിസിനു കീഴടങ്ങാമെന്നു അച്ചനു ഉറപ്പും കൊടുത്തു. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു. പോലീസ് അച്ചനെ അറസ്റ്റ് ചെയ്തു എന്ന വാർത്തയാണ് ഞാൻ പിന്നീട് കേൾക്കുന്നത്. ഞാനാണ് കുറ്റവാളിയെന്നറിഞ്ഞിട്ടും കുമ്പസാര രഹസ്യമായതിനാൽ അച്ചൻ അക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയില്ല. ഇതെത്തുടർന്ന് നിരപരാധിയായ അച്ചൻ ശിക്ഷിക്കപ്പെടുകയും കുറ്റവാളിയായ ഞാൻ രക്ഷപ്പെടുകയും ചെയ്തു.”
അയാൾ അലമുറയിട്ട് കരയാൻ തുടങ്ങി. എന്നാൽ അച്ചൻ തീർത്തും നിസംഗഭാവത്തിലായിരുന്നു. ഒരു വിശുദ്ധനെ എന്ന പോലെ പോലിസും കുറ്റവാളികളും കുഷ്ഠരോഗികളും അച്ചനെ നോക്കിനിന്നു. ചിലർ അച്ചന്റെ പാദത്തിൽ വീണു കരയാൻ തുടങ്ങി.
ജീൻ പറഞ്ഞ കാര്യങ്ങൾ കൂടെനിന്നവർ ഉടൻതന്നെ അധികാരികളെ അറിയിച്ചു. രണ്ടു ദിവസം കഴിഞ്ഞ് അദേഹത്തെ മോചിപ്പിക്കാനുള്ള കൽപ്പനയുമായി പോലിസ് ഓടി അച്ചന്റെ അടുത്തെത്തി.
എന്നാൽ ശേഷിച്ച കാലം കുഷ്ഠരോഗികളെ പരിചരിച്ച് അവരുടെ കൂടെ കഴിയാനാണ് ഫാ. പിയറി ആഗ്രഹിച്ചത്. നിരപരാധിയായ അദ്ദേഹത്തെ എങ്ങനെയും മോചിപ്പിക്കണമെന്നും അദേഹത്തിന്റെ വിശുദ്ധിയും നിരപരാധിത്വവും ലോകത്തെ അറിയിക്കണമെന്നും ആഗ്രഹിച്ച് ന്യായാധിപൻമാർ ഉൾപ്പെടെയുള്ള സംഘം ഫ്രാൻസിൽ നിന്നും ദ്വീപിലെത്തിയപ്പോഴേക്കും ഫാ. പിയറിയെ ദൈവം പറുദീസയിലേക്ക് കൂട്ടിക്കൊണ്ടു പോയിക്കഴിഞ്ഞിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?