Follow Us On

29

March

2024

Friday

ദയാവധത്തിന്റെ കാണാപ്പുറങ്ങൾ

ദയാവധത്തിന്റെ കാണാപ്പുറങ്ങൾ

മനുഷ്യജീവന്റെ വില നിർണ്ണയിക്കുക എന്നത് വളരെ ഭാരപ്പെട്ട ദൗത്യമാണ്. ജീവന്റെ വില എങ്ങനെ നിർണ്ണയിക്കും. അത് ഏതു കാഴ്ചപ്പാടിൽ വിധിക്കും എന്നത് വളരെ ശ്രമകരമാണ്. ഓരോ പ്രവൃത്തികൾ അനുസരിച്ച് ജീവന്റെ വിലയേറിയും കുറഞ്ഞുമിരിക്കും. ഇൻഷുറൻസ് ഏജന്റുമാർ വ്യക്തിയുടെ പ്രായം, വരുമാനം മുതലായവ കണക്കാക്കി വില നിശ്ചയിക്കുന്നു. അത് ശരിയായ വിലനിർണ്ണയമല്ല. മനുഷ്യജീവന്റെ വില എല്ലാവരിലും ഒന്നുതന്നെയാണ്. പണ്ട് നാസികൾ ഗ്യാസ് ചേമ്പർ കൊണ്ടുവന്ന് ജീവന്റെ വിലയിടിച്ചു. ഗർഭച്ഛിദ്രം അനുവദിച്ചുകൊണ്ട് മനുഷ്യജീവന്റെ വില ഭീമാകാരമായി ഇടിച്ചു. ഇങ്ങനെ ലോകം മുഴുവനും അധാർമ്മികത കൊണ്ട് നിറച്ച് ദൈവദാനമായ മനുഷ്യജീവന്റെ വിലയിടിച്ച് ജീവനെതിരായ മരണസംസ്‌കാരത്തിന്റെ ജൈത്രയാത്ര തുടരുകയാണ്.
മരണസംസ്‌കാരത്തിന്റെ വക്താവായ സാത്താൻ ഇതാ കേരളത്തിലും ദയാവധം അനുവദിക്കാനുള്ള നിയമരൂപീകരണത്തിനും അതിന് നിയമസാധ്യത നൽകാനും ഒരുങ്ങി വരുന്നു. ദയാവധത്തിന് ഡോക്ടർമാർ സാക്ഷികളോടു ചേർന്ന് സർട്ടിഫിക്കറ്റു നൽകുമ്പോൾ, അയാൾ നിഷ്‌കളങ്കനായ വ്യക്തിയെ വധിക്കുവാൻ അനുവാദം കൊടുക്കുകയാണ് ചെയ്യുന്നത്. ഗർഭച്ഛിദ്രത്തിനും ദയാവധത്തിനും അധികാരികൾ നിയമം വഴി അനുവാദം നൽകുമ്പോൾ ഒരു മനുഷ്യവ്യക്തിയെയാണ് ഇല്ലായ്മ ചെയ്യുന്നതെന്ന്, വധിക്കുന്നതെന്ന് അവർ ചിന്തിക്കുന്നില്ല. അണ്ഡവും ബീജവും അണ്ഡവാഹിനി കുഴലിൽ വച്ച് രൂപപ്പെട്ട നിമിഷം മുതൽ സ്വാഭാവികമായി മരിക്കുന്നതുവരെ മനുഷ്യജീവനെ നശിപ്പിക്കുവാൻ അനുവാദമില്ല എന്ന് ലോകം മുഴുവനും തിരിച്ചറിയുന്ന ഈ കാലഘട്ടത്തിലാണ്, ഗർഭച്ഛിദ്രം മുതൽ ദയാവധം വരെ നടത്തി ജീവനെ നശിപ്പിക്കുവാനുള്ള വിവിധ പദ്ധതികൾ രൂപീകരിക്കുന്നതും ബഹുമാന്യരെന്നു ലോകം കാണുന്ന നിയമജ്ഞരിലൂടെ അതിന് നിയമസാധ്യത നൽകാൻ ഒരുങ്ങുന്നതും.
ഇന്ന് നമ്മുടെ സമൂഹത്തിൽ വളരുന്ന ‘disposible culture’  ന്റെ ഉൽപന്നമാണിത്. ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന ആധുനികമായ കാഴ്ചപ്പാട്. ചായകുടിച്ച് കപ്പ് വലിച്ചെറിയുക, ഷേവ് ചെയ്ത് റേസർ വലിച്ചെറിയുക. അതുപോലെ മക്കളെ ജനിപ്പിച്ചും മക്കളുടെ മക്കളെ വളർത്തിയും പുതിയ തലമുറയ്ക്കുവേണ്ടി തന്റെ ചോരയും നീരും ഒഴുക്കി വളർത്തിയ വൃദ്ധർരോഗികളായി, നിസഹായരായി കഴിയുമ്പോൾ അവരെ വിഷം കുത്തിവച്ച് നശിപ്പിക്കുവാൻ ഒരുങ്ങുമ്പോൾ നിയമം രൂപീകരിക്കുന്നവരുടെയും ഗവൺമെന്റിന്റെയും മനോഭാവം ഈ ഡിസ്‌പോസിബിൾ കൾച്ചറല്ലേ. ഉപയോഗം കഴിയുമ്പോൾ, പ്രയോജനമില്ലാതാകുമ്പോൾ ആ ജീവനെ പോറ്റുവാൻ തയ്യാറല്ലാത്ത മരണസംസ്‌കാരത്തിന്റെ വക്താക്കളായ മക്കൾക്ക് അവരെ കൊന്നൊടുക്കാൻ അനുവദിക്കുന്ന ഈ ക്രമത്തിന് ദയാവധം എന്നല്ല പേര് നൽകണ്ടത്. താൻ തന്നെ പോറ്റി വളർത്തിയ മക്കളും കൊച്ചുമക്കളും രാഷ്ട്രത്തിന്റെ ബീഭത്സമായ അംഗീകാരത്തോടെ അവരെ വധിക്കുന്നതിന് നിയമസാധ്യത നൽകിക്കഴിയുമ്പോൾ നമ്മുടെ ജീവന്റെ സ്ഥിതി എന്താകും.?
ഇത് അധാർമ്മികം
ബലവാൻ ബലഹീനനെ കൊല്ലാൻ അനുവദിക്കുകയാണിവിടെ ചെയ്യുക. ഗർഭച്ഛിദ്രത്തിലൂടെ നിസഹായരായ, നിഷ്‌കളങ്കരായ, പ്രതികരിക്കാനാവാത്ത കുഞ്ഞുങ്ങളെ നശിപ്പിക്കുന്നു. ദയാവധത്തിലൂടെയും നിസഹായരായ, പ്രതികരിക്കാനാവാത്ത രോഗികളെ, വൃദ്ധരെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവ രണ്ടും അധാർമ്മികമാണ്. ഇത്തരം നിയമനിർമ്മാണങ്ങൾ നടത്തുമ്പോൾ മനുഷ്യജീവന്റെ വിലയാണ് തകർത്തുടയ്ക്കുന്നത്. മനുഷ്യജീവൻ വിലെപ്പട്ടതാണെന്ന് ആർഷഭാരത സംസ്‌കാരത്തിൽ കരുതിയിരുന്നു. ഈ മൂല്യബോധം നഷ്ടപ്പെട്ട് മനുഷ്യൻ മനുഷ്യനെ നശിപ്പിക്കാം എന്ന ഏറ്റവും ഭീകരമായ ഒരവസ്ഥയാണ് ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കുന്ന കേരളത്തിൽ സംജാതമാകാൻ പോകുന്നത്.
ദയാവധം ധാർമ്മികമായി ഗൗരവമായ തെറ്റാണ്. നിയമം സമൂഹത്തിന്റെ നന്മയ്ക്കായും വളർച്ചയ്ക്കായും മൂല്യമാകുന്നത് അതിൽ ധാർമ്മികത ഉള്ളപ്പോൾ മാത്രമാണ്. ഈ ആധുനിക തകർച്ചയുടെ കാലഘട്ടത്തിൽ നിയമത്തിൽ നിന്ന് ധാർമ്മികത എടുത്തു കളയാനുള്ള വ്യഗ്രതയാണ് അധികാരികളിൽ കാണുന്നത്. മനുഷ്യൻ മനുഷ്യനെ ആദരിച്ചും ബഹുമാനിച്ചും സംരക്ഷിച്ചും വളർന്നിരുന്നു. ഇന്ന് നിയമം ഗർഭച്ഛിദ്രത്തിനും സ്വവർഗ ലൈംഗികതയ്ക്കും ദയാവധത്തിനും അനുവാദം കൊടുത്തും ആത്മഹത്യ കുറ്റകരമല്ലാതാക്കിക്കൊണ്ടും വ്യഭിചാരത്തിനുപോലും ലൈസൻസ് നൽകിക്കൊണ്ടും നിയമങ്ങളിലെ ധാർമ്മികത എടുത്തുകളഞ്ഞ് സാത്താന്റെ ഭരണത്തിന് നിയമത്തെയും അധികാരികളെയും എത്തിക്കുന്നു. പണ്ട് ഈദി അമീൻ മനുഷ്യനെ കൊന്നു, ഹിറ്റ്‌ലർ ജർമ്മനി ശുദ്ധി ചെയ്യാൻ മനുഷ്യനെ കൊന്നു. അതിനൊക്കെ എതിരു നിന്നിരുന്നവർ തന്നെ ഇത് നടപ്പാക്കാൻ പറയുന്നതിന്റെ വിരോധാഭാസം വ്യക്തമല്ലേ?
ദയാവധത്തിന്റെ ഉത്ഭവം
ജർമ്മനി ശുദ്ധി ചെയ്യുവാൻ മാനസികമായും ശാരീരികമായും വികലതയുള്ളവരെ നശിപ്പിക്കുവാൻ ജർമ്മൻ യൂണിവേഴ്‌സിറ്റി മന:ശാസ്ത്ര പ്രൊഫസർമാർ രൂപകല്പന ചെയ്ത ഗ്യാസ് ചേമ്പറിലൂടെ ജനങ്ങൾ മരിക്കുന്നത് അവർ നിരീക്ഷിച്ചു. മാനസികാശുപത്രിയിലുള്ള രോഗികളെ കൊന്ന് മാനസികാശുപത്രികൾ കാലിയാക്കി. പിന്നീട് അംഗവൈകല്യമുള്ള കുട്ടികളെയും കൊന്നു. ശുദ്ധമുള്ള ആര്യന്മാരുടെ രക്തത്തിനു വേണ്ടി ലക്ഷങ്ങളെ നശിപ്പിച്ചു. ജീവന്റെ വില അധികാരികളുടെ മനസിൽ ഇടിഞ്ഞുകൊണ്ടിരുന്നു. കിടന്ന് മൂത്രമൊഴിക്കുന്ന കുട്ടികളെയും ചെവിയുടെ ഘടനയ്ക്ക് തകരാറുള്ളവരെയും കേൾവി തടസമുണ്ടായിരുന്നവരെയും അവർ നശിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ ഭരണാധികാരികളുടെ ഉള്ളിൽ മനുഷ്യജീവന്റെ വില തീരെ ഇടിഞ്ഞുകൊണ്ടിരുന്നു.
ആദ്യമായി ദയാവധത്തിനു നിയമസാധുത നൽകി അംഗീകരിച്ചത് ഹോളണ്ടാണ്. വളരെ അസാധാരണമായ സാഹചര്യം ഉണ്ടായാൽ മാത്രം ഉപയോഗിക്കാൻ അനുവദിച്ചിരുന്ന ഈ നിയമം ഇന്ന് സർവ്വസാധാരണമായി മാറി. ഹോളണ്ടിൽ ഓരോ വർഷവും മരിക്കുന്ന 1,30,000 വ്യക്തികളിൽ 20,000 വ്യക്തികൾ പ്രത്യക്ഷമായോ പരോക്ഷമായോ ഡോക്ടർമാർ വഴി കൊലചെയ്യപ്പെടുന്നവരാണ.് അതായത് രാജ്യത്തെ 6 മരണത്തിൽ ഒന്ന് ദയാവധത്തിലൂടെയാണ്.
ദയാവധം അനുവദിച്ചിട്ടുള്ള രാജ്യങ്ങളിൽ വളരെയധികം ആളുകൾ വൻ മാനസികസംഘർഷത്തിലാണ് കഴിയുന്നത്. ദയാവധഭയം മൂലം പ്രായമായവർ രോഗത്താൽ കഠിനവേദന അനുഭവപ്പെടുമ്പോഴും മക്കളോട് തങ്ങളെ ആശുപത്രിയിൽ കൊണ്ടുപോകാൻ പറയാൻ ഭയപ്പെട്ടിരുന്നു. ആശുപത്രിയിൽ മക്കളും ഡോക്ടറും കൂടെ ഒത്തുകൂടിയാൽ, ധാർമ്മികതയില്ലാതെ പണത്തിന് മാത്രം മൂല്യം നൽകുന്ന ഡോക്ടർ സർട്ടിഫൈ ചെയ്ത് തങ്ങളെ കൊല്ലുമോ എന്നതായിരുന്നു അവരുടെ ഭയം. (ഈ നിയമം ഇവിടെ രൂപപ്പെടുത്തുന്നതിന് അനുവാദം നൽകുന്നവർക്കും ഭാവിയിൽ ഇതേ അനുഭവം തന്നെയല്ലേ ഉണ്ടാകാൻ പോകുന്നത്).
ദയാവധരീതികൾ
ഒരാളെക്കൊണ്ട് പ്രയോജനമില്ലാതായിക്കഴിയുമ്പോൾ അതിനെ നശിപ്പിക്കാൻ അനുവദിക്കുന്ന ദയാവധം സാധാരണയായി 2 വിധത്തിലാണ് നടത്താറുള്ളത്.
1. പ്രത്യക്ഷ ദയാവധം (direct/active)
2. പരോക്ഷദയാവധം (indirect/ passive)
1. പ്രത്യക്ഷ ദയാവധം 2 വിധത്തിലുണ്ട്.
a. Direct Voluntry – വധിക്കപ്പെടുന്ന രോഗിയുടെ ആഗ്രഹപ്രകാരമോ നിർദ്ദേശപ്രകാരമോ ഉള്ള ദയാവധം. ഇത് സ്വമനസാ ചെയ്യുന്ന ദയാവധമാണ്. (ഇത് ആത്മഹത്യ തന്നെ)
b. Direct Non Voluntry – രോഗിക്ക് സ്വന്തമായോ പൂർണ്ണമായോ സമ്മതം കൊടുക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ നടത്തുന്ന ദയാവധമാണിത്. രോഗി അബോധാവസ്ഥയിലോ പ്രതികരിക്കാനാവാത്ത അവസ്ഥയിലോ ആകാം. ഇവിടെ കുടുംബാംഗങ്ങൾ തീരുമാനമെടുക്കുന്നു. അതിൽ രോഗിയുടെ ആഗ്രഹം മറിച്ചാകാം. ഇത് നേരിട്ടുള്ള കൊലപാതകം തന്നെയാണ്.
2. പരോക്ഷ ദയാവധം
രോഗിക്ക് നൽകി വരുന്ന ചികിത്സാവിധികൾ അവസാനിപ്പിച്ച് ജീവനെ കൊല്ലുന്നു. ജീവൻ നിലനിറുത്തുന്ന ഉപകരണങ്ങൾ മാറ്റുന്നു. ജീവൻ നിലനിറുത്തുന്ന മരുന്നുകൾ കൊടുക്കാതിരിക്കുക. ചികിത്സ തന്നെ നിറുത്തിവയ്ക്കുക. ജീവൻ നിലനിറുത്തുന്ന ഭക്ഷണവും വെള്ളവും കൊടുക്കാതിരിക്കുക. ശ്വാസോച്ഛ്വാസത്തിനുള്ള ഉപകരണം മാറ്റുക.
അമേരിക്കയിൽ 2005 ൽ ദയാവധത്തിലൂടെ കൊലചെയ്യപ്പെട്ട ടെറി ഷിയാവോയുടെ വാർത്ത ഓർക്കുന്നുണ്ടായിരിക്കുമല്ലോ. അവരുടെ ജീവൻ നിലനിറുത്തിയിരുന്ന ഭക്ഷണം നൽകുന്ന ട്യൂബ് മാറ്റിക്കളയാൻ രാജ്യത്തെ നിയമം അനുവദിച്ചു. ടെറിയുടെ മാതാപിതാക്കളും ജോൺപോൾ രണ്ടാമൻ മാർപ്പാപ്പയും ലോകം മുഴുവനും അതിനെതിരെ നിന്നപ്പോൾ നിയമത്തിന്റെ ബലത്തിൽ ടെറിയെ ഭർത്താവിന്റെ താൽപര്യപ്രകാരം കൊന്നു.
പരോക്ഷമായ ദയാവധവും Voluntary ആയി രോഗിയുടെ അറിവോടെയും Non Voluntary ആയി അറിവില്ലാതെയും നടത്തിവരുന്നു. അമേരിക്കയിൽ ഒറിഗോൺ തുടങ്ങിയ സ്റ്റേറ്റിലും ബൽജിയത്തിലും ഓസ്‌ട്രേലിയായുടെ വടക്കൻ പ്രദേശങ്ങളിലും കൊളമ്പിയയിലും കാനഡയിലും മാത്രം നിലവിലുള്ള ഈ കിരാതനിയമമാണ് ദൈവത്തിന്റെ സ്വന്തം നാടെന്നു പറയുന്ന ഈ കൊച്ചു കേരളത്തിലും നടപ്പാക്കണമെന്നാവശ്യപ്പെടുന്നത്. സുബോധം നഷ്ടപ്പെട്ടവരെന്ന് സംശയിക്കുന്നവർ രൂപപ്പെടുത്തുന്ന ഈ നിയമം മനുഷ്യജീവനെ സ്‌നേഹിക്കുന്നവർക്ക് അംഗീകരിക്കാൻ പറ്റുന്നതല്ല.
ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു വിഷയം വെജിറ്റേറ്റീവ് അവസ്ഥയിലായിരിക്കുന്ന വ്യക്തികൾക്ക് സ്വാഭാവിക ജീവിതത്തിലേക്ക് തിരികെ വരാൻ സാധിക്കുകയില്ല എന്ന സർട്ടിഫിക്കറ്റോടെയാണ് ദയാവധം നടത്തുന്നത് എന്നതാണ്. എന്നാൽ വെജിറ്റേറ്റീവ് അവസ്ഥയിലായിരുന്ന വ്യക്തികൾ വളരെ നാളുകൾക്കുശേഷം ആരോഗ്യാവസ്ഥയിലേയ്ക്ക് തിരിച്ചു വന്ന സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. വടക്കൻ ഇംഗ്ലണ്ടിൽ 7 വർഷക്കാലം വെജിറ്റേറ്റീവ് അവസ്ഥയിൽ ബോധമില്ലാതെ കിടന്നിരുന്ന വ്യക്തിയുടെ ഭക്ഷണ ട്യൂബ് മാറ്റുവാൻ കോടതിയിൽ നിന്ന് നിർദ്ദേശം ലഭിച്ചിരുന്നു. എന്നാൽ പിന്നീട് ആ വ്യക്തി ഉറക്കത്തിൽ നിന്നെന്നപോലെ ബോധാവസ്ഥയിലേക്ക് തിരികെ വന്നതായി 1996 മാർച്ച് 16 ലെ ഗാർഡിയൻ (ലണ്ടൻ പത്രം) റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതേ അവസ്ഥയിൽ നിഷ്‌ക്രിയരായിരുന്ന 40 രോഗികളിൽ 17 വ്യക്തികൾ തിരികെ ബോധാവസ്ഥയിലേക്ക് വന്നു എന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ 1996 ജൂൺ 7 ൽ പറയുന്നു. കേരളത്തിൽ തന്നെ മുൻ മന്ത്രി ബേബി ജോണിന്റെ കാര്യം ഏവർക്കും അറിവുള്ളതാണല്ലോ. ദിവസങ്ങൾ വെന്റിലേറ്ററിൽ കിടന്നശേഷം സ്വാഭാവിക ജീവിതത്തിലേക്ക് വന്ന് വർഷങ്ങൾ അദ്ദേഹം തുടർന്നു ജീവിച്ചിരുന്നല്ലോ.
ജീവിതത്തിൽ ബലക്ഷയവും രോഗങ്ങളുമുള്ളവർ പ്രത്യേകം ബഹുമാനം അർഹിക്കുന്നു. കഴിയുന്നിടത്തോളം സാധാരണ ജീ വിതം നയിക്കുവാൻ രോഗികളെയും വൈകല്യമുള്ളവരെയും സഹായിക്കേണ്ടതാണ് (കത്തോലിക്കാ സഭാ മതബോധനം- 2276). മരണം ആസന്നമെന്നു തോന്നിയാലും രോഗിക്ക് നൽകേണ്ട സാധാരണ പരിചരണം നിഷേധിക്കുന്നത് ശരിയല്ല. (2279).
ഭാരിച്ച ചികിത്സാവിധികൾ സ്വീകരിക്കാൻ എല്ലാവർക്കും സാധിക്കുകയില്ലായിരിക്കാം. അങ്ങനെയുള്ള സാഹചര്യങ്ങളിൽ അത്യപൂർവ്വമായ അസാധാരണമായ ചികിത്സ നിഷേധിക്കാനോ പിൻവലിക്കാനോ അവകാശമുണ്ട്. ഭാരിച്ചതും അപകടകരവും അസാധാരണമോ അല്ലെങ്കിൽ ഉദ്ദേശിക്കുന്ന ഫലത്തോട് ആനുപാതികമല്ലാത്തതോ ആയ ചികിത്സാവിധികൾ നിർത്തിവയ്ക്കുന്നത് അനുവദനീയമാകാം. ഇവിടെ മരണം ഉളവാക്കാൻ ഒരുവൻ ആഗ്രഹിക്കുന്നില്ല. അതിനെ തടയാനുള്ള തന്റെ കഴിവില്ലായ്മയെ അംഗീകരിക്കുക മാത്രമാണ് (CCC 2278).
മനുഷ്യൻ ആത്മാവും ശരീരവും ഒത്തുചേർന്ന സത്തയാണ്. ശരീരത്തെ അവഗണിക്കാനുള്ളതല്ല. അതിന്റെ എല്ലാ സാഹചര്യങ്ങളിലൂടെയും മുന്നോട്ട് നയിച്ച് ജീവിതാനുഭവങ്ങളെ സന്തോഷത്തോടെ ദൈവഹിതമായി സ്വീകരിച്ച് പൂർണ്ണത കണ്ടെത്തേണ്ടവനാണവൻ. രാഷ്ട്രാധികാരികളുടെ പ്രഥമദൗത്യം മനുഷ്യന്റെ സാമൂഹികമായ ഉത്തരവാദിത്വത്തിൽ ഏറ്റവും പ്രധാനപ്പെട്ടതായ അവന്റെ ജീവന്റെ സംരക്ഷണം നൽകുക എന്നതാണ്. ജീവന്റെ ധാർമ്മികശാസ്ത്രം ജീവനു നൽകേണ്ട സംരക്ഷണത്തെക്കുറിച്ചാണ് വിചിന്തനം ചെയ്യുന്നത്. മനുഷ്യജീവൻ ലോകത്തിലെ ഏറ്റവും വലിയ മൂല്യമായതുകൊണ്ട് മനുഷ്യന്റെ എല്ലാ പ്രവർത്തനങ്ങളും ജീവന്റെ സംരക്ഷണത്തിനും വളർച്ചയ്ക്കും സഹായകമാകണം. മനുഷ്യൻ ദൈവഛായ ആയതുകൊണ്ട് ഒരു മനുഷ്യനും അവന്റെയോ മറ്റാരുടെയോ ജീവന്റെ മേൽ കൈവയ്ക്കാൻ അവകാശമില്ല.
രണ്ടാം വത്തിക്കാൻ കൗൺസിലിൽ ”മനുഷ്യ ജീവിതത്തിനു തുരങ്കം വയ്ക്കുന്ന എന്തും നിന്ദ്യമായി പരിഗണിക്കപ്പെടണം. ഇത്തരം മരണസംസ്‌ക്കാരപ്രവൃത്തികൾ മനുഷ്യ സംസ്‌കാരത്തിലാണ് തിന്മയുടെ ഭീകരമായ വിഷം സംക്രമിപ്പിക്കുന്നത്. ജീവനോടുള്ള ബഹുമാനം ജീവന്റെ ഉടയവനും ഉറവിടവുമായ ദൈവത്തോടുള്ള ബഹുമാനമാണ്.” സ്വന്തമായി മരിക്കണമെന്നും മറ്റുള്ളവരാൽ വധിക്കപ്പെടണം എന്നുമാഗ്രഹിക്കുന്ന വ്യക്തികൾ തങ്ങെളത്തന്നെ നശിപ്പിക്കുന്ന കൊലപാതകികളാണ്. തന്നെത്തന്നെ സ്‌നേഹിക്കാതെ ജീവിതത്തിന്റെ സ്വാഭാവികതയെ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.
ഡോക്ടർമാരെ ആരാച്ചാരന്മാരാക്കരുത്
ഡോക്ടർമാരുടെ സത്യപ്രതിജ്ഞയിൽ ഒരു രോഗിയുടെ ജീവന് ഹാനികരമാകുന്നതൊന്നും ഞാൻ ചെയ്യുകയില്ല എന്ന പ്രതിജ്ഞ എടുക്കുന്നുണ്ട്. ജീവൻ നശിപ്പിക്കുന്ന മരുന്നു നൽകുകയില്ലന്ന് പ്രതിജ്ഞയെടുക്കുന്ന ഡോക്ടർമാരെ ആരാച്ചാരന്മാരാക്കുന്ന ഈ വധം നിയമമാക്കുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ ഭീകരപ്രവർത്തനം. മുംബെയിലും മറ്റും നടന്നതിനെക്കാൾ വലിയ ദുരന്തങ്ങൾ സൃഷ്ടിക്കുന്ന ഭീകരപ്രവർത്തനം.
രോഗം വന്നാൽ ഒരു ഡോക്ടറുടെ പക്കൽ ചെന്നാൽ ‘അദ്ദേഹം തന്നെ പരിശോധിച്ച് രോഗം കണ്ടുപിടിച്ച് സൗഖ്യം ലഭിക്കാനുള്ള മരുന്നും ചികിത്സകളും നൽകും എന്ന വലിയ പ്രത്യാശയാണ് എല്ലാവർക്കും ഉള്ളത്. മനുഷ്യജീവന്റെ സംരക്ഷകരെന്ന വിശ്വാസമാണ് സമൂഹത്തിൽ ഡോക്ടർക്ക് വലിയ വിലയും മാന്യതയും നൽകുന്നത്. അങ്ങനെ ജീവന്റെ സംരക്ഷരെ ആരാച്ചാരന്മാരായി കാണുന്ന ഒരു മനോഭാവം ഈ ദൈവത്തിന്റെ നാടെന്നുപറയുന്ന ഈ നാട്ടിൽ രൂപപ്പെടുത്തരുതേ. ദയാവധം നടപ്പാക്കാൻ നിയമപരിഷ്‌ക്കരണസമിതിക്കും കേരള ഗവൺമെന്റിനും അത്ര നിർബന്ധമുണ്ടെങ്കിൽ, ദയവായി ആ ദൗത്യം ഓരോ ആരാച്ചാരന്മാരെ നിയോഗിച്ച് അവരെക്കൊണ്ട് ചെയ്യിക്കുക.
രാജ്യത്തിന്റെ തകർച്ച അവരുടെ ഗൂഢലക്ഷ്യം
ഇതോടൊപ്പം ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നത് കുറ്റകരമാണെന്ന് അനുശാസിക്കുന്ന 309-ാം വകുപ്പ് എടുത്തുകളയണമെന്ന നിർദ്ദേശവും കൂടി കാണേണ്ടതാണ്. ജീവിതഭാരം, മാറാരോഗം, സാമ്പത്തികഭാരം തുടങ്ങിയ വിഷയങ്ങളാൽ കഠിനവേദനയിലായിരിക്കുന്നവർക്ക് ജീവിതം അവസാനിപ്പിക്കാൻ അനുവാദം ഉണ്ടെന്നും അതൊരുവന്റെ മനുഷ്യാവകാശമാണെന്നും സ്ഥാപിക്കുമ്പോൾ നമ്മുടെ രാജ്യത്തിന്റെ സ്ഥിതി എന്താകും.?
ചെറിയ പ്രശ്‌നങ്ങളിൽപെട്ട് വേദനിക്കുന്നവർക്ക് അവരുടെ ജീവിതം അവസാനിപ്പിക്കാൻ പ്രചോദനം നൽകി ധാർമ്മികതയെ തകർക്കുക എന്ന ഗൂഢലക്ഷ്യം ഇതിന്റെ പിന്നിലുള്ളത് നാം അവഗണിക്കരുത്.
ഇന്ന് ഏറ്റവും വലിയ ലോകശക്തിയായി ഇന്ത്യ വളർന്നുകൊണ്ടിരിക്കുമ്പോൾ, അതിനെ തകർക്കുക എന്ന വിദേശ ശക്തികളുടെ കറുത്ത കൈ ഇതിന്റെ പിന്നിലില്ലേ എന്നു സംശയിച്ചുപോകുന്നു. ഇന്ത്യയിൽ ജനം ആവശ്യത്തിനുള്ളതുകൊണ്ടാണ് ഇന്ത്യ വൻ വളർച്ചാനിരക്ക് നേടുന്നത്. അപ്പോൾ കുട്ടികളുടെ എണ്ണം ഇപ്പോൾ കുറയ്ക്കുമ്പോൾ, അടുത്ത തലമുറയിൽ അദ്ധ്വാനിക്കുവാൻ കഴിവുള്ളവരുടെ എണ്ണം കുറയും. അതോടെ മറ്റ് ലോകരാജ്യങ്ങൾക്ക് സംഭവിച്ചതുപോലെ വൻ തകർച്ചയെ അഭിമുഖീകരിക്കേണ്ടി വരും. വിദേശശക്തികളെ പരസ്യമായി എതിർക്കുന്നവർ എന്തുകൊണ്ട് അവരുടെ ഗൂഢതന്ത്രം മനസിലാക്കുന്നില്ല. അതോ ഇത് മനസിലാക്കി അവരുടെ രഹസ്യ ഏജന്റുമാരായി നിയമപരിഷ്‌ക്കരണ സമിതി പ്രവർത്തിക്കുകയാണോ ?.
രോഗബാധിതരുടെ മേലുള്ള കരുണയാണിതിനു പിന്നിലെങ്കി ൽ മൃദുലമായ സ്‌നേഹപ്രകടനങ്ങളിലൂടെയും അവർക്ക് വേണ്ട കരുതലും പരിഗണനയും നൽകി അവരുടെ മനസിനെ സമാധാനത്തിലേയ്ക്ക് നയിക്കുന്ന പ്രവർത്തകരെ വാർത്തെടുത്ത് അവ രെ അതിനായി വിനിയോഗിക്കുക. അങ്ങനെ മനുഷ്യജീവന് ആവശ്യമായ കരുതലുകൾ നൽകാൻ തയ്യാറുള്ള പാലിയേറ്റീവ് കെയർ തുടങ്ങിയ പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഗവൺമെന്റ് ചെയ്യേണ്ടത്. അല്ലാതെ നിസഹായരായ അവരെ നശിപ്പിക്കാൻ നിയമസാധ്യത നൽകുകയല്ല കരണീയമായിട്ടുള്ളത്. മനുഷ്യജീവനെ വിലമതിക്കുന്ന, സംരക്ഷിക്കുന്ന കരുതുന്ന ജീവന്റെ സംസ്‌കാരം പടുത്തുയർത്താൻ നമുക്ക് ജാതിമതരാഷ്ട്രീയ വ്യത്യാസമില്ലാതെ ഒന്നിക്കാം.
എബ്രഹാം പുത്തൻകുളം

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?