Follow Us On

29

March

2024

Friday

'ജോലിചെയ്യാനല്ല ജീവിതം'പറയുന്നത് ഉണ്ണീശോ

'ജോലിചെയ്യാനല്ല ജീവിതം'പറയുന്നത് ഉണ്ണീശോ

മനുഷ്യൻ ഇന്ന് മാനുഷികബന്ധങ്ങൾക്കും സാമൂഹ്യബന്ധങ്ങൾക്കും ഉപരിയായി അവരുടെ തൊഴിലിനെയും സമ്പത്തിനെയും മാത്രം മുഖ വിലക്കെടുക്കുന്നു. കൂടുതൽ ജോലി ചെയ്യുക കൂടുതൽ സമ്പാദിക്കുക, ഈ ലക്ഷ്യത്തിലേക്കാണ് ഇന്ന് യുവസമൂഹം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഓവർടൈം ജോലി ചെയ്ത് പണമുണ്ടാക്കുക, ഏറെ ടാർജറ്റ് എടുത്ത് കൂടുതൽ അധ്വാനിക്കുക, ഇന്ന് യുവജനങ്ങൾ ഇതിന്റെ ലഹരിയിലാണ്. ഐ.ടിയിലും മറ്റു സ്വകാര്യ സ്ഥാപനങ്ങളിലും ഇത്തരം ‘അധ്വാനി’കളുടെ എണ്ണമേറിയിരിക്കുന്നു. സന്തുഷ്ടകരമായ കുടുംബജീവിതവും സമൂഹജീവിതവും മറന്ന് ‘തൊഴിൽ ചെയ്യാൻ ജീവിക്കുന്നവർ’ തങ്ങളുടെ വിലയേറിയ ആയുസും ആരോഗ്യവും നഷ്ടപ്പെടുത്തുന്നുവെന്ന യാഥാർത്ഥ്യം തിരിച്ചറിയാതെപോകുന്നു.
ഈ അധ്വാനത്തിന് പൂർണത കൈവരുന്നത് കുടുംബത്തോടും സമൂഹത്തോടുമുള്ള ഇഴയടുപ്പത്തിലൂടെയാണ്. എന്നാൽ കുടുംബവും കൂട്ടായ്മയും സമൂഹവും മറന്ന് അധ്വാനിക്കാനായി മാത്രം ജീവിച്ചാൽ അത് ദുരന്തത്തിൽ അവസാനിക്കും.
ക്രൊയേഷ്യയിലെ മിസ്റ്റിക്കായ ജുൽക്കക്ക് ലഭിച്ച ദൈവിക സന്ദേശങ്ങളിൽ അധ്വാനിക്കാൻ വേണ്ടി മാത്രം ജീവിക്കുന്നവരുടെ ആത്മാവ് നശിക്കുമെന്നാണ് യേശുവും പരിശുദ്ധ കന്യാമറിയവും അവളെ ഓർമ്മിപ്പിച്ചത്.
ജൂൽക്ക ഒരിക്കൽ ദിവ്യബലിക്കുശേഷം ദൈവാലയത്തിലെ നിശബ്ദതയിൽ പ്രാർത്ഥിക്കുമ്പോൾ അവൾ ഒരു അത്ഭുതദൃശ്യം കണ്ടു. കണ്ണുകളുയർത്തിയപ്പോൾ അൾത്താരയിലെ സക്രാരി തുറന്നു ദിവ്യകാരുണ്യം ഒഴുകിവരുന്ന കാഴ്ചയാണ് അവൾ കാണുന്നത്. അത് പറന്ന് വന്ന് വിശുദ്ധഗ്രന്ഥത്തിനു മുകളിൽ നിലയുറപ്പിക്കുന്നതായും പന്ത്രണ്ടു വയസ്സുള്ള ബാലനായ ഈശോയായി രൂപാന്തരപ്പെടുന്നതും കണ്ട് അവൾ ഞെട്ടി. ഉണ്ണിയേശു അവളോട് പറഞ്ഞത് ഇങ്ങനെയാണ്;
”ജോലിയും പ്രാർത്ഥനയും പരസ്പര പൂരകങ്ങളാണ്. അന്നന്നത്തെ ആഹാരത്തിനു എല്ലാവരും അദ്ധ്വാനിക്കണം. അത് ദൈവം ആദിമുതലേ നിശ്ചയിച്ചതാണ്. സ്വന്തം ജീവിതം ധന്യവും സുരക്ഷിതവുമാകാൻ കിടപ്പാടവും വേണം. ജോലി ചെയ്യുന്നതുമൂലം അവന്റെ അവയവങ്ങൾ കൂടുതൽ പ്രവർത്തനക്ഷമമാകുന്നു. അവൻ ഊർജ്ജസ്വലനും പ്രതിബന്ധങ്ങളെ ചെറുക്കുന്നവനുമായി മാറുന്നു. എന്നാൽ അമിതമായി അധ്വാനിക്കണമെന്നും അമിതമായി സമ്പാദിക്കണമെന്നും ആഗ്രഹിക്കുന്നത് ധനാസക്തിയാണ്. ഇത് ആത്മാവിനു ദോഷം ചെയ്യും. അമിതാദ്ധ്വാനം ആത്മാവിനെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. എന്തെന്നാൽ കഠിനമായി അധ്വാനിച്ച് തളർന്ന ഒരു വ്യക്തി ആദ്യം പ്രാർത്ഥന മാറ്റിവെക്കും. ഇത് അവനെ ദൈവത്തിൽ നിന്ന് അകറ്റും. അവൻ തന്നെ അവന്റെ ആത്മാവിനെ നാശത്തിലേക്ക് കൊണ്ടുപോകുന്നുവെന്ന് ചുരുക്കം.”
ഇതൊരു ദൈവികമായ വെളിപ്പെടുത്തലായി ഇന്നത്തെ യുവലോകം മനസിലാക്കിയിരുന്നെങ്കിൽ. ജോലിയോടുള്ള അമിത താല്പര്യത്തിന് പല കാരണങ്ങളും മനഃശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിട്ടുണ്ട്. ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് ചിലരെ അമിതമായി ജോലി ചെ യ്യാൻ പ്രേരിപ്പിക്കുന്നത്. മേലധികാരി വേണ്ട രീതിയിൽ മനസിലാക്കാത്തതാണ് മറ്റൊരു കാരണം. അദ്ദേഹത്തെ തൃപ് തിപ്പെടുത്താനും താൻ മോശക്കാരനല്ലെന്ന് വരുത്താനും അമിതമായി ചിലർ അധ്വാനിക്കുന്നു. കഴിഞ്ഞ വർഷം കമ്പനി തന്ന ‘ഗുഡ് സർട്ടിഫിക്കറ്റ്’ ഈ വർഷവും നിലനിർത്തുവാനാണ് മറ്റ് ചിലരുടെ കഠിനപരിശ്രമം. കുറഞ്ഞകാലംകൊണ്ട് കൂടുതൽ സമ്പാദിക്കാനുള്ള വ്യഗ്രതയാണ് ഇനി മറ്റൊരു കൂട്ടരെ കഠിനാധ്വാനികളാക്കുന്നത്.
അധ്വാനമെന്നത് പ്രകൃതിയും മനുഷ്യരും- മനുഷ്യരും മനുഷ്യരും- മനുഷ്യരും ദൈവവും തമ്മിലുള്ള സമാഗമമാണെന്ന് പറയാറുണ്ട്. എന്നാൽ ദൈവത്തെയും മനുഷ്യരെയും മാറ്റിനിർത്തിയുള്ള അധ്വാനം ജീവിതത്തെ പുരോഗതിയിലേക്ക് നയിക്കുമോ?
”അതിരാവിലെ എഴുന്നേൽക്കുന്നതും വളരെ വൈകി കിടക്കാൻ പോകുന്നതും കഠിനപ്രയത്‌നം ചെയ്ത് ഉപജീവിക്കുന്നതും വ്യർത്ഥമാണ്” (സങ്കീ. 127:2).
കർത്താവിനോടൊത്ത് അധ്വാനിക്കുകയും വിശ്രമിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് നമ്മുടെ പ്രയത്‌നങ്ങൾ ഫലസമൃദ്ധമായിത്തീരുന്നത്. ആൽബർട്ട് ഐൻസ്റ്റീൻ, തന്റെ ഗവേഷണങ്ങളിൽ നിന്നും ഇടയ്ക്ക് വിടപറഞ്ഞ് വയലിൻ വായിക്കുന്നതിൽ ആനന്ദിച്ചിരുന്നു. വിൻസ്റ്റൺ ചർച്ചിൽ എല്ലാ തിരക്കുകളും ഒഴിവാക്കി നല്ല പുസ്തകങ്ങൾ വായിക്കാനും താല്പര്യം കാട്ടി. ബ്രിട്ടനിലെ പ്രധാനമന്ത്രിയായിരുന്ന എഡ്വേർഡ് ഹിത്ത്, ലണ്ടൻ സിംഫണി മ്യൂസിക്കൽ ഗ്രൂപ്പിൽ പിയാനോ വായിച്ചാണ് തിരക്കുകളില്ലാതാക്കിയത്. അങ്ങനെ തിരക്കിനെയും ജോലിഭാരത്തെയും അവസരോചിതമായി തിരിച്ചുവിട്ടവരാണ് ജീവിതവിജയം നേടിയവരെല്ലാം. ഇന്നത്തെ യുവാക്കൾ ഇക്കാര്യം മറക്കാതിരിക്കുക. ജോലി ചെയ്യാൻ വേണ്ടി മാത്രം ജീവിക്കാതിരിക്കുക.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?