Follow Us On

28

March

2024

Thursday

ഫാ. പീറ്റർ കയ്‌റോണി വിശുദ്ധനാകുന്നതും കാത്ത് മലബാർ ജനത

ഫാ. പീറ്റർ കയ്‌റോണി വിശുദ്ധനാകുന്നതും കാത്ത് മലബാർ ജനത

മലബാറിലെ അധഃസ്ഥിതരുടെ വിമോചനത്തിനായി ജീവിതം സമർപ്പിച്ച ഇറ്റാലിയൻ മിഷനറി ഫാ.പീറ്റർ കയ്‌റോണി എസ്.ജെ ദൈവദാസപദവിയിലാണിന്ന്. എന്നാൽ അദേഹം വിശുദ്ധനാകുന്നതും കാത്തിരിക്കുകയാണ് മലബാർ ജനത. ഫാ. കയ്‌റോണിയുടെ സമാധിസ്ഥലമായ ചെറുകുന്ന് വടക്കേഭാഗം ദാലിൽ സമാധിമന്ദിരത്തിൽ എല്ലാ ആദ്യ ശനിയാഴ്ചകളിലും അല്മായരുടെ നേതൃത്വത്തിൽ പ്രാർത്ഥനാ കൂട്ടായ്മയുണ്ട്.
മലബാറിൽ തന്റെ ദീർഘമായ പ്രേഷിത പ്രവർത്തനങ്ങളിലൂടെ ആയിരങ്ങളെ വിശ്വാസപാതയിലേക്ക് നയിക്കാൻ ഫാ. കയ്‌റോണിക്ക് കഴിഞ്ഞു. പുണ്യസ്മരണാർഹനായ ഇരുപത്തിമൂന്നാം യോഹന്നാൻ മാർപാപ്പാ വടക്കേ ഇറ്റലിയിലെ ബർഗാവോ ഇടവകയിൽ വികാരിയായിരുന്നപ്പോൾ അവിടെ അൾത്താര ശുശ്രൂഷകനായിരുന്നു ഫാ. കയ്‌റോണി. സെമിനാരിയിൽ ചേരുവാൻ വീടിനോട് യാത്ര പറഞ്ഞ ഫാ. കയ്‌റോണി പിന്നീടൊരിക്കലും തന്റെ ജന്മഗൃഹത്തിൽ കാലുകുത്തിയിട്ടില്ല.
അദ്ദേഹത്തിന്റെ വൈദിക ശുശ്രൂഷയിലേറെ യും കണ്ണൂർ ചിറക്കൽ മിഷനിലായിരുന്നു. ഉർസുലൈൻ സന്യാസസഭയും കാനോഷ്യൻ സന്യാസസഭയും മലബാറിൽ പ്രവർത്തനമാരംഭിച്ചത് കയ്‌റോണി അച്ചന്റെ ശ്രമഫലമായിട്ടായിരുന്നു.
1937 ഒക്‌ടോബർ 28-ന് പന്ത്രണ്ട് ക്രിസ്തുശിഷ്യന്മാരെ അനുസ്മരിച്ച് 12 പുലയർക്ക് ജ്ഞാനസ്‌നാനം നൽകിക്കൊണ്ടായിരുന്നു ഫാ. കയ്‌റോണി ചിറക്കൽ മിഷന് തുടക്കമിട്ടത്. ചുരുങ്ങിയ നാളുകൾകൊണ്ട് കത്തോലിക്കാ വിശ്വാസം സമീപ പ്രദേശങ്ങളിലേക്കെല്ലാം വ്യാപിക്കുകയായിരുന്നു. അധഃസ്ഥിതരും അടിച്ചമർത്തപ്പെട്ടവരുമായിരുന്ന ജനവിഭാഗങ്ങൾക്ക് തങ്ങൾ ദൈവത്തിന്റെ വേണ്ടപ്പെട്ടവരും പ്രിയമക്കളുമാണെന്ന് തിരിച്ചറിയാൻ ഫാ. കയ്‌റോണിയുടെ പ്രബോധനങ്ങൾ സഹായിച്ചു. സവർണ്ണ-സമ്പന്ന വിഭാഗങ്ങളുടെ ശക്തമായ എതിർപ്പും ശാരീരിക അക്രമങ്ങളും അദ്ദേഹത്തിന് നേരിടേണ്ടവന്നു. പാവങ്ങളെ ചൂഷണം ചെയ്ത് സമ്പത്ത് ഉണ്ടാക്കുകയും അവരെ അടിമകളാക്കി വയ്ക്കുകയും ചെയ്തുവന്നവർക്ക് ഫാ. കയ്‌റോണി വലിയ ശത്രുവായിരുന്നു. ചിറക്കൽ വികാരിയേറ്റ് എന്ന പേരിൽ സഭയിൽ വളരെ വിപുലമായ ശുശ്രൂഷകൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു.
രണ്ടാം ലോകമഹായുദ്ധകാലത്ത് ഇറ്റാലിയൻ വൈദികൻ എന്ന കാരണത്താൽ ഫാ. കയ്‌റോണിയെ കോഴിക്കോട് ക്രൈസ്റ്റ് ഹാളിൽ ബ്രിട്ടീഷ് ഭരണാധികാരികൾ വീട്ടുതടങ്കലിൽ വയ്ക്കുകയുണ്ടായി. യുദ്ധത്തിന്റെ കെടുതിയും പട്ടിണിയും ചിറക്കൽ മേഖലയിൽ ജനങ്ങളെ ദുരിതത്തിലാക്കിയ നാളുകളായിരുന്നു. വിശപ്പടക്കാൻ വഴിയില്ലാതെ വിഷമിച്ച പാവങ്ങളെ കോളറ ഉൾപ്പെടെ പകർച്ചവ്യാധിയും ബാധിച്ചതോടെ അനേകംപേർ മരണപ്പെടുകയുണ്ടായി. അധികാരികൾ നിസഹായരായ ആ സമയത്ത് പാവങ്ങളെ സഹായിക്കാൻ അനുവദിക്കണമെന്ന അപേക്ഷയെ തുടർന്ന് ഫാ. കയ്‌റോണിയെ മോചിപ്പിച്ചു. ഭക്ഷണവും മരുന്നും വസ്ത്രവും സംഭരിച്ച് പാവങ്ങൾക്ക് എത്തിക്കുകയും രാത്രിയും പകലും കുടിലുകൾ തോറും കയറിയിറങ്ങി ആശ്വാസം പകരുകയും ചെയ്തു. ചെറുകുന്ന് മിഷൻ ആശുപത്രിയിലെ കനോഷ്യൻ സിസ്റ്റേഴ്‌സുമൊത്ത് അനേകം പാവങ്ങളുടെ ജീവൻ രക്ഷിക്കുന്ന ആതുരശുശ്രൂഷ ചെയ്യാൻ ഫാ. കയ്‌റോണിക്ക് കഴിഞ്ഞു.
രാത്രികാലങ്ങളിൽ റാന്തൽവിളക്കുമായി രോഗം ഗുരുതരമായവരെ തോളിൽ വഹിച്ച് ആശുപത്രിയിലെത്തിച്ചിരുന്ന അദ്ദേഹത്തിന്റെ ത്യാഗവും സമർപ്പണവും അനേകരെ ദൈവവഴിയിലേക്ക് കടന്നുവരുവാൻ പ്രോത്സാഹിപ്പിച്ചിരുന്നു. തളിപ്പറമ്പ് പള്ളി വികാരിയായിരുന്ന ഫാ. ജോൺ സെക്വോറയുടെ സഹകരണത്തോടെ ദുരിതാശ്വാസ ക്യാമ്പുകൾ നടത്തുകയും രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. മലബാർ കുടിയേറ്റത്തിന്റെ ആദ്യ കാൽനൂറ്റാണ്ടുകാലം അവർക്കിടയിൽ ശുശ്രൂഷ ചെയ്ത ഫാ. കയ്‌റോണി മലയോര കുടിയേറ്റ കേന്ദ്രങ്ങളിൽ കാൽനടയായി അറുപതും എഴുപതും മൈൽ യാത്ര ചെയ്ത് ആത്മീയ ശുശ്രൂഷ ചെയ്തിരുന്നു. കുടിയേറ്റക്കാർക്കായി പള്ളികൾ സ്ഥാപിക്കാനും സ്ഥാപനങ്ങൾ തുടങ്ങാനും നേതൃത്വം നൽകുകയും ചെയ്തു.
ബ്രിട്ടീഷ് അധികാരികളുടെ സഹകരണത്തോടെ ക്ഷേമപ്രവർത്തനങ്ങൾക്ക് അദ്ദേഹം മുന്നിട്ടിറങ്ങി പ്രവർത്തിച്ചു. പയ്യന്നൂർ, കുഞ്ഞിമംഗലം, കുറ്റൂർ, പരിയാരം, മാടായി, പാപ്പിനിശേരി പ്രദേശങ്ങളിലെല്ലാം പള്ളിയും സ്ഥാപനങ്ങളും സ്ഥാപിച്ചത് ഫാ. കയ്‌റോണിയുടെ നേതൃത്വത്തിലായിരുന്നു. തന്റെ ശുശ്രൂഷകൾക്കായി വിദേശസഹായം ലഭ്യമാക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു. വടക്കേ ഇറ്റലിയിലെ ബർഗാമോ ഇടവകയിൽ 1904 ജൂൺ 28-ന് ജനിച്ച കുട്ടിയെ പിറ്റേന്ന് മാമ്മോദീസാ നൽകി പീറ്റർ എന്ന് നാമകരണം ചെയ്തു. പീറ്റർ ദീർഘകാലം അൾത്താര ശുശ്രൂഷകനായി സേവനം ചെയ്തു. ഈശോ സഭ സ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെയും വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെയും ജീവിതമാതൃക പിന്തുടർന്ന് മിഷനറി വൈദികനാകാൻ ആഗ്രഹിച്ചു.
1921-ൽ വൈദികപഠനത്തിനായി സെമിനാരിയിൽ ചേർന്ന ഫാ. കയ്‌റോണി 1927-ൽ ഭാരതത്തിലെത്തി. 1933 നവംബർ 21 ന് കൽക്കത്താ ആർച്ച ്ബിഷപ്പിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. കോളയാട് പള്ളിയിൽ രണ്ടു വർഷത്തെ സേവനത്തിനുശേഷം തളിപ്പറമ്പ് പള്ളിയിൽ വികാരിയായി ചുമതലയേറ്റു. വിരലിലെണ്ണാവുന്ന കുടുംബങ്ങൾ മാത്രമേ അന്ന് അവിടെയുണ്ടായിരുന്നുള്ളൂ. ഫാ. കയ്‌റോണിയിൽ നിന്നും ജ്ഞാനസ്‌നാനം സ്വീകരിച്ചവരും അവരുടെ പിൻതലമുറക്കാരുമായി ആയിരക്കണക്കിന് വിശ്വാസികൾ ഫാ. പീറ്റർ കയ്‌റോണിയെ വിശുദ്ധ പദവിയിലേക്ക് സഭ ഉയർത്തുന്ന പുണ്യദിനത്തിനായുള്ള പ്രാർത്ഥനയിലാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?