Follow Us On

28

March

2024

Thursday

ദൈവം വെളിപ്പെടുത്താതെ അവിടുത്തെ രഹസ്യം ആർക്കും മനസിലാകില്ല: മാർ ഇഞ്ചനാനിയിൽ

ദൈവം വെളിപ്പെടുത്താതെ അവിടുത്തെ രഹസ്യം ആർക്കും മനസിലാകില്ല: മാർ ഇഞ്ചനാനിയിൽ

കോഴിക്കോട്: ദൈവം വെളിപ്പെടുത്താതെ അവിടുത്തെ രഹസ്യങ്ങൾ മനസിലാക്കാൻ സാധിക്കില്ലെന്ന് താമരശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ.
താമരശേരി രൂപത ലിറ്റർജി കമ്മീഷന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ആരാധനക്രമപഠന പരമ്പര കോഴിക്കോട് പി.എം.ഒ.സിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് പലരും സെക്ടുകളിലേക്ക് പോകാനുള്ള കാരണം ദൈവാലയ കേന്ദ്രീകൃതമായ ജീവിതം ഇല്ലാത്തതുകൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്ബഹായും വചനവും പാരമ്പര്യങ്ങളുമെല്ലാം ദൈവാലയത്തിലുണ്ട്. ദൈവിക രഹസ്യങ്ങളെക്കുറിച്ചാണ് കർത്താവ് ശിഷ്യരെ പഠിപ്പിച്ചത്. ഈശോ വലിയൊരു രഹസ്യമാണ്. ദിവ്യബലിയർപ്പണം രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന വഴിയാണ്. പിതാവായ ദൈവത്തിന്റെ രഹസ്യമാണ് ഈശോ; മാർ ഇഞ്ചനാനിയിൽ പറഞ്ഞു.
ആരാധനക്രമം ഈശോയുടെ ജനനം മുതൽ മരണം വരെയുള്ള കാര്യങ്ങൾ അവതരിപ്പിക്കുന്ന അവസരമാണ്. വാക്കുകളിലൂടെയും അടയാളങ്ങളിലൂടെയും ആരാധനാക്രമത്തിൽ ദൈവികരഹസ്യങ്ങൾ വെളിപ്പെടുത്തിക്കിട്ടുകയാണ് ചെയ്യുന്നത്. ഈശോയുടെ ശരീരമാണ് സഭ എന്ന യാഥാർത്ഥ്യം നാം ഉൾക്കൊള്ളണം. മേശയിൽ അപ്പമുള്ളപ്പോൾ അപ്പക്കഷണത്തിന്റെ പിന്നാലെ പോകുന്നതുപോലെയാണ് പലരും സെക്ടുകളിലേക്ക് പോകുന്നത്. അപ്പത്തിന്റെ മേന്മ അറിയാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അതിനാൽ വിശ്വാസജീവിതത്തിന്റെ കേന്ദ്രമായ ആരാധനക്രമത്തെപ്പറ്റിയുള്ള അവബോധം വളർത്തുകയും മദ്ബഹായെ ചുറ്റിപ്പറ്റിയുള്ള ജീവിതം പോഷിപ്പിക്കുകയും വേണമെന്ന് ഇഞ്ചനാനിയിൽ പറഞ്ഞു.
ആലുവ മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കൽ സെമിനാരി റെക്ടറും എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാളും പേപ്പൽ ചാപ്ലയിനുമായ മോൺ. ഡോ. ആന്റണി നരികുളമായിരുന്നു പഠനപരമ്പരയിലെ ആദ്യത്തെ ക്ലാസ് നയിച്ചത്. താമരശേരി രൂപത സിഞ്ചെല്ലൂസ് മോൺ. ജോൺ ഒറവുങ്കര, താമരശേരി രൂപത ലിറ്റർജി കമ്മീഷൻ കൺവീനർ ഫാ. ജോസഫ് കളത്തിൽ, ലിറ്റർജി കമ്മീഷൻ അംഗം ഡോ. ചാക്കോ കാളംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
എല്ലാ മാസത്തെയും നാലാമത്തെ ശനിയാഴ്ചയാണ് പഠനപരമ്പരയിലെ ക്ലാസുകൾ സംഘടിപ്പിച്ചിരുന്നത്. രാവിലെ പത്തുമുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് ക്ലാസ്. ഇനി മുതൽ മാർ അപ്രേം ലിറ്റർജിക്കൽ അക്കാദമി എന്ന പേരിലാണ് ഈ പഠനപരമ്പര അറിയപ്പെടുന്നത്. അടുത്ത ക്ലാസ് 25-ന് പി.എം.ഒ.സിയിൽ നടക്കും. അല്മായരുടെയും സമർപ്പിതരുടെയും സ്റ്റഡിഫോറം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സ്റ്റഡിഫോറത്തിൽ താൽപര്യമുള്ള എല്ലാവർക്കും പങ്കെടുക്കാവുന്നതാണെന്ന് രൂപത ലിറ്റർജി കമ്മീഷൻ കൺവീനർ ഫാ. ജോസഫ് കളത്തിൽ അറിയിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?