Follow Us On

29

March

2024

Friday

ഈശോക്ക് കത്തെഴുതിയ പെൺകുട്ടി

ഈശോക്ക് കത്തെഴുതിയ പെൺകുട്ടി

ഒരു സാധാരണ കുടുംബത്തിൽ മിഖേലിന്റെയും മരിയ മെയോയുടെയും ഇളയമകളായി ഇറ്റലിയിലെ റോമിൽ 1930 ലായിരുന്നു അന്റോണിറ്റോയുടെ ജനനം. സ്‌നേഹപൂർവ്വം നെനോലിന എന്നാണ് അവളെ അവർ വിളിച്ചിരുന്നത്. വീണത് മൂലം കാൽമുട്ടിൽ ഉണ്ടായ ഒരു മുറിവ് ഉണങ്ങാതിരുന്നതിനാൽ പരിശോധനയ്ക്ക് വിധേയയായപ്പോഴാണ് എല്ലുകളിൽ അർബുദമാണ് എന്ന് കണ്ടുപിടിച്ചത്. അഞ്ചുവയസായിരുന്നു അവൾക്കപ്പോൾ. കാലുകൾ മുറിച്ച് കളയേണ്ട അവസ്ഥ വന്നപ്പോൾ ആ വേദനകൾ അവൾ സന്തോഷത്തോടെ സഹിച്ചു. അതിനുശേഷം കൃത്രിമ കാലുകൾ വച്ചുപിടിപ്പിച്ചു.
കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് പഠിക്കുന്നവർ അവളെ മിസ്റ്റിക് എന്ന് വിളിച്ചു. കാരണം ആറ് വയസ് മാത്രം പ്രായമുള്ള അവൾ, ആ പ്രായത്തിലുള്ളവർക്ക് ചിന്തിക്കാൻ കഴിയാത്ത കാര്യങ്ങൾ കത്തുകളായി ഈശോയ്ക്കും മാതാവിനും എഴുതി. ഒരു കത്തിൽ അവൾ ഇപ്രകാരം എഴുതി: പ്രിയപ്പെട്ട ഉണ്ണീശോയേ, നീ പരിശുദ്ധനും നല്ലവനുമാകുന്നു. എന്നെ സഹായിക്കണമേ, നിന്റെ കൃപ എന്നിൽ നിറയ്ക്കണേ, എന്റെ കാലുകൾ നീ തിരിച്ചു തരണം.” ”നിനക്ക് ഇഷ്ടമല്ലെങ്കിൽ, നിന്റെ ഇഷ്ടം എന്നിൽ നിറവേറട്ടെ” എന്ന് മറ്റൊരു കത്തിലും അവൾ കുറിച്ചുവച്ചു.
കാലുകൾ നഷ്ടപ്പെട്ടത് സന്തോഷത്തോടെ സ്വീകരിച്ച് പാപികളുടെ മാനസാന്തരത്തിനായി അവൾ കാഴ്ച വച്ചു. ”ഈ വേദനയെനിക്ക് ഈശോ തന്നതോർത്ത് ഞാൻ സന്തോഷവതിയാണ്. ഇതുമൂലം ഞാനീശോയുടെ ഏറ്റവും പ്രിയപ്പെട്ടവളായിരിക്കും” അവൾ പിതാവ് മിഖേലിനോട് പറഞ്ഞു. വേദന കൂടുന്നതിനനുസരിച്ച് താൻ ഈശോയ്ക്ക് ഏറ്റവും മൂല്യമുള്ളവളായി തീരുമെന്നവൾ ഉറച്ച് വിശ്വസിച്ചു. തന്റെ ആത്മീയ പിതാവിനോട് അവൾ പറഞ്ഞു, ”എന്റെ മുറിവിന്റെ മേൽ ഞാൻ കിടന്നുകൊണ്ട്, അതുമൂലമുണ്ടാകുന്ന അധികവേദന ഞാൻ ഈശോയ്ക്ക് സമർപ്പിക്കുന്നു.”
അമ്മയോട് അവൾ പറഞ്ഞു, ”വേദനതോന്നുമ്പോൾ പരാതി കൂടാതെ അത് ഒരു പാപിയുടെ മാനസാന്തരത്തിനായി കാഴ്ച്ചവയ്ക്കണം. പാപം ചെയ്യാതിരിന്നിട്ടും, ദൈവമായിരുന്നിട്ടും ഈശോ നമ്മെ പ്രതിയുള്ള സ്‌നേഹത്താൽ ഒത്തിരിയേറെ വേദന സ ഹിച്ചു. അപ്പോൾ പാപം ചെയ്യ്ത് അവനെ മറുതലിക്കുന്ന നമ്മൾ എങ്ങനെ സഹനങ്ങളുണ്ടാകുമ്പോൾ പിറുപിറുക്കും.?” കൂദാശകൾ സ്വീകരിക്കാൻ അവൾക്ക് തിടുക്കമായിരുന്നു. മരിക്കുന്നതിന് മുമ്പ് അവൾ കുമ്പസാരം,ആദ്യകുർബാന, സ്ഥൈര്യലേപനം, എന്നിവ സ്വീകരിക്കുകയും, 1937 ജൂണിൽ അന്ത്യകൂദാശ സ്വീകരിക്കുകയും ചെയ്തു.
മരണത്തിന് മുമ്പ് ഒരു കത്ത് കൂടി എഴുതാൻ അവൾക്ക് പ്രേരണ ലഭിച്ചു. അതിൽ തന്റെ പ്രിയപ്പെട്ടവരെ കാത്തുകൊള്ളണമേയെന്നും വേദന സഹിക്കാൻ കൃപ തരണമേയെന്നും അവൾ ഈശോയോട് അപേക്ഷിച്ചു. ഒത്തിരി ഉമ്മകളോടെ നിന്റെ കൊച്ചുമോൾ എന്നുപറഞ്ഞാണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്. മരണ നിമിഷങ്ങൾ അടുത്തപ്പോൾ അവൾ അമ്മയോട് പറഞ്ഞു, ”കുറച്ച് മണിക്കൂറുകൾക്കുള്ളിൽ ഞാൻ മരിക്കും, പിന്നെ എനിക്ക് സഹിക്കേണ്ടി വരില്ല. അതിനാൽ അമ്മ കരയരുത്. കുറച്ച് ദിവസം കൂടി ഞാൻ ജീവിച്ചേനെ പക്ഷേ, ഉണ്ണീശോയുടെ കൊച്ചുറാണി എന്നോട് മതിയെന്ന് പറഞ്ഞു.” അന്റോണിയേറ്റയുടെ മരണത്തിന് ശേഷം സർവ്വമഹത്വത്തോടും കൂടി അവൾ ആയിരിക്കുന്നത് അമ്മയ്ക്ക് ദർശനം ലഭിച്ചു, അവൾ സ്വർഗത്തിലാണ് എന്നതിന്റെ സ്ഥിരീകരണമായിരുന്നു ഇത്.
1937 ജൂലൈ 3 നാണ് അവൾ മരിച്ചത്. ആ ദിവസം തന്നെയാണ് അവളുടെ ഓർമ്മതിരുനാൾ സഭ ആഘോഷിക്കുന്നതും. 2007 ഡി സംബർ 18 ന് ബനഡിക്ട് 16-ാം മാർപാപ്പ അന്റോണിറ്റയിലെ അസാധാരണ നന്മകൾ സത്യമാണ് എന്നറിയിച്ചുകൊണ്ട് ദൈവദാസിയായി പ്രഖ്യാപിക്കുകയും തുടർ നടപടികൾക്കായി ഒപ്പുവയ്ക്കുകയും ചെയ്തു.
സൂസൻ ബ്രിജേഷ്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?