Follow Us On

29

March

2024

Friday

വിശുദ്ധ അൽഫോൻസാമ്മയും മാതാവുമാണ് തന്റെ സഹനകാലത്തെ കൂട്ടുകാരെന്ന് റോസ്‌മേരി

വിശുദ്ധ അൽഫോൻസാമ്മയും മാതാവുമാണ് തന്റെ സഹനകാലത്തെ കൂട്ടുകാരെന്ന് റോസ്‌മേരി

കുന്നംകുളം: പ്രതിസന്ധികളുടെ കൂടാരമാണ് റോസ്‌മേരിക്ക് മീതെയുള്ളത്. പരാശ്രയം കൂടാതെ എണീറ്റിരിക്കാൻ പോലും വയ്യാത്ത അവസ്ഥയാണ് അവളുതേത്. ശാരീരികമായി അനുദിനം വന്നുകൂടുന്ന രോഗങ്ങൾക്ക് കയ്യും കണക്കുമില്ല. എന്നിട്ടും അവൾ പുഞ്ചിരിക്കുന്നു. ദൈവം നൽകിയ ദാനങ്ങൾക്ക് നന്ദി പറയുന്നു. ജപമണികളിലൂടെ ലോകം മുഴുവൻ നന്മ വരാൻ പ്രാർത്ഥിക്കുന്നു.
വൈലത്തൂരിൽ തലക്കോട്ടൂർ വീട്ടിൽ ജോർജിന്റെയും റോസിലിയുടേയും മകളാണ് റോസ്‌മേരി. 29 വയസ്. കുടുംബജീവിതത്തിന്റെ നിറപ്പകിട്ടുകളിലൂടെ കടന്നുപോകേണ്ട യൗവ്വനം. എന്നാൽ ലോകത്തിന്റെ വർണ്ണക്കാഴ്ചകൾ ദൂരെയിരുന്ന് കണ്ട് ദൈവത്തെ മഹത്വപ്പെടുത്താനാല്ലാതെ ചലിക്കാൻ പോലും അവൾക്കാവുന്നില്ല.
ഗർഭാവസ്ഥയിൽ അമ്മ കഴിച്ച ഏതോ മരുന്നിന്റെ അനന്തരഫലമാണ് ഈ ദുരവസ്ഥക്ക് കാരണമെന്നാണ് അവളുടെ ന്യായം. ജനിച്ചപ്പോഴേ അവൾ ഭിന്നശേഷിക്കാരിയായിരുന്നു.
സഹനത്തിന്റെ പാരമ്യതയിൽ കഴിയുന്ന റോസ് മേരി ഒന്നര വർഷം കുന്നംകുളത്ത് ഒരു ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൈമുട്ട് കുത്തിയിരുന്നതിനാലാകണം കൈമുട്ടിൽ തഴമ്പ് വന്നുവീർത്തു. ഈ തഴമ്പ് കുന്നംകുളത്ത് ഒരാശുപത്രിയിൽ കൊണ്ടുപോയി മുറിച്ച് മാറ്റി. പക്ഷേ അതും പുലിവാലായി. ആ മുറിവിൽ പഴുപ്പും വേദനയും കൂടി. തൃശൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലായി അടുത്ത ചികിത്സ. പഴുപ്പ് ശരീരത്തിലേക്ക് കയറാതിരിക്കാൻ അവർ പറഞ്ഞവഴി അതിലും വേദനാജനകമായിരുന്നു. പഴുപ്പ് വന്ന ആ കൈമുറിച്ച് മാറ്റണം പോലും. അതു കേട്ട് റോസ് മേരി ശക്തമായി പ്രാർത്ഥിക്കാൻ തുടങ്ങി. ശസ്ത്രക്രിയയുടെ സമയമായപ്പോൾ പഴുപ്പ് എങ്ങനെയോ തീർത്തും മാറിയിരിക്കുന്നു. കൈ മുറിച്ച് മാറ്റാമെന്ന് പറഞ്ഞ ഡോക്‌ടേഴ്‌സ് അതുകണ്ടപ്പോൾ തീരുമാനം മാറ്റി.
അഞ്ച് കൊല്ലം മുമ്പ് ജൂലൈ 28 ന് റോസ് മേരി വീട്ടിലിരുന്ന് പ്രാർത്ഥിക്കുകയായിരുന്നു. അപ്പോൾ വിശുദ്ധ അൽഫോൺസാമ്മയുടെ സ്വരം അവൾ കേട്ടു. ”എന്തുവേണം മകളേ” എന്നായിരുന്നു അമ്മയുടെ ചോദ്യം. ശരീരത്തെ മുഴുവൻ കൊല്ലുന്ന സഹനവും വേദനയും മാറ്റി തരണമെന്ന ഒറ്റ ആവശ്യമേ റോസ്‌മേരി പറഞ്ഞുള്ളൂ.
അത്ഭുതമെന്ന് പറയട്ടെ അതുവരെ ശരീരത്തെ മുഴുവൻ കാർന്നുതിന്ന വേദനകൾ മരുന്നൊന്നുമില്ലാതെ മാറി. അതൊരു അൽഫോൺസാമ്മയുടെ തിരുന്നാൾ ദിനമായിരുന്നു.രണ്ടു വർഷം മുമ്പ് ലോ പ്രഷർ വന്നപ്പോൾ ഐ.സി.യുവിലേക്കാണ് അവളെ പ്രവേശിപ്പിച്ചത്. പക്ഷേ എത്ര കഷ്ടപ്പെട്ടിട്ടും അവളുടെ പ്രഷർ നിലനിർത്താൻ കഴിയാതെ വന്നപ്പോൾ അവർ കൈമലർത്തി. ജീവിതം തീർന്നുവെന്നും അറിയിക്കേണ്ട ബന്ധുക്കളെ ഉടൻ അറിയിക്കാനുമായിരുന്നു അവരുടെ മറുപടി. റോസ്‌മേരി മരണത്തിന് മുന്നിലാണെന്ന് അറിഞ്ഞ് ബന്ധുക്കളെല്ലാം വന്നു. എന്നാൽ ബോധം തിരിച്ചുകിട്ടിയപ്പോഴെല്ലാം അവൾ പരിശുദ്ധ അമ്മയോട് മുട്ടിപ്പായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. പരിശുദ്ധ അമ്മ അവളെ സുഖപ്പെടുത്തിയത് വൈദ്യശാസ്ത്രം മിഴിച്ച കണ്ണുകളോടെ നോക്കി നിന്നു. തന്റെ മരുന്ന് ജപമാലയാണെന്ന് അവൾ പറയുമ്പോൾ അതിനെ ഖണ്ഡിക്കാൻ അവർക്കാർക്കും കഴിയുന്നില്ല.
ജീവിതം വീൽ ചെയറിൽ തള്ളി നീക്കുന്ന 30 പേരുടെ ഒരു കൂട്ടായ്മയിൽ റോസ് മേരി അംഗമാണ്. ഇവർ മൊബൈലിലൂടെ പരസ്പരം പ്രാർത്ഥിക്കും, വിശേഷങ്ങൾ പറയും. ലോകത്തിനുവേണ്ടി ഉണർന്നിരുന്ന് മധ്യസ്ഥ പ്രാർത്ഥന നടത്തും. അവരുടെ പ്രാർത്ഥന ദൈവം കേട്ടതിന് ധാരാളം ഉദാഹരണങ്ങളുണ്ട്.
ആകെ ഈ അവസ്ഥയിൽ അവൾക്ക് ചെയ്യാവുന്നത് ജപമാലകെട്ടി ഉണ്ടാക്കുകയാണ്. ഓരോ മണികളും ചരടിൽ കോർക്കുമ്പോൾ അവൾ പ്രാർത്ഥിക്കും. ഫോണിൽ പ്രാർത്ഥന ആവശ്യപ്പെടുന്നവരോടെല്ലാം അവൾ പ്രാർത്ഥിക്കുന്നത് ഈ ജപമാല കെട്ടുന്ന സമയത്താണ്. ദൈവസ്‌നേഹം പ്രകീർത്തിക്കുന്ന ഗാനങ്ങൾ അവൾ പാടി പ്രാർത്ഥിക്കും.
വൈലത്തൂർ പള്ളിവികാരി ഫാ. ജോജു, റോസ് മേരിക്ക് വീട്ടിൽ വന്ന് വിശുദ്ധ കുർബാന നൽകുന്നുണ്ട്. അമ്മയാണ് റോസിലിയുടെ ആകെയുള്ള അഭയം.
നിരവധി പേർ പ്രാർത്ഥനാ സഹായത്തിനായി അവളെ വിളിക്കുന്നുണ്ട്. ഹൃദയമുരുകിക്കൊണ്ടുള്ള അവളുടെ പ്രാർത്ഥന പലർക്കും ആശ്വാസമേകുന്നു.
റോസ് മേരിയുടെ ഫോൺ നമ്പർ – 9497368867
ജോബ് സ്രായിൽ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?