Follow Us On

29

March

2024

Friday

ഒരു കബറിടം കഥ പറയുമ്പോൾ

ഒരു കബറിടം കഥ പറയുമ്പോൾ

1624 ഫെബ്രുവരി 18, ഞായർ. അന്നുരാത്രി പത്തുമണിക്ക് കൊടുങ്ങല്ലൂരിൽവച്ച് ഈശോസഭയിൽനിന്നുമുള്ള ഇന്ത്യയിലെ ആദ്യത്തെ മെത്രാപ്പോലീത്ത ഫ്രാൻസിസ്‌റോസ് കാലം ചെയ്തു. ആർച്ച് ഡീക്കൻ കുരിശിന്റെ ഗീവർഗീസിനെ അങ്കമാലി-കൊടുങ്ങല്ലൂർ അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്റർ ആയി നിയമിച്ചതിന്റെ മുദ്രവച്ച രേഖകൾ ഈശോസഭക്കാരെ ഏൽപിച്ചിട്ടാണ്, ഭാരതത്തിലെ പുരാതന സുറിയാനി ക്രൈസ്തവരുടെ പ്രഥമ ലത്തീൻ മെത്രാപ്പോലീത്ത റോസ് കടന്നുപോയത്.
മരണത്തിനുമുമ്പ് ആർച്ച് ഡീക്കനെ കാണാൻ മെത്രാപ്പോലീത്ത തീക്ഷ്ണമായി ആഗ്രഹിച്ചുവെങ്കിലും കൊടുങ്ങല്ലൂരിൽ ചെന്ന് അദ്ദേഹത്തെ കാണാൻ ആർച്ച് ഡീക്കൻ വിമുഖത കാണിച്ചു. തന്റെ അധികാരങ്ങൾ ഓരോന്നായി എടുത്തുമാറ്റിയ മെത്രാപ്പോലീത്തയുടെ അന്ത്യനിമിഷങ്ങളിലെ മനംമാറ്റത്തിൽ ആർച്ച് ഡീക്കന് സംശയം തോന്നിയതിൽ അദ്ദേഹത്തെ കുറ്റപ്പെടുത്താൻ സാധിക്കില്ല. ഈശോസഭയിൽനിന്നും പ്രാദേശിക സഭയിലെ ക്രൈസ്തവരിൽനിന്നും ഭാരതത്തിലെ അക്കാലത്തെ ഇതര മെത്രാന്മാരിൽനിന്നും ശക്തമായ വിമർശനങ്ങൾ നേരിടേണ്ടിവന്നിട്ടുള്ള ഒരു വ്യക്തിയാണെങ്കിലും റോസ് മെത്രാപ്പോലീത്തയെ അത്യധികം ബഹുമാനിച്ചിരുന്ന ഒരു ജനസമൂഹം അങ്കമാലി-കൊടുങ്ങല്ലൂർ അതിരൂപതയിലും പുരാതന മലബാറിലും ഉണ്ടായിരുന്നു. മെത്രാപ്പോലീത്തയുടെ മരണശേഷം 393 വർഷങ്ങൾ പിന്നിടുന്ന ഈ വേളയിൽ നടത്തിയ പുനർവായനകളുടെ ഫലമായി അദ്ദേഹത്തിന്റെ വ്യത്യസ്തമായ കാഴ്ചപ്പാടുകളുടെ ഒരു നേർക്കാഴ്ച ഇവിടെ ഉരുത്തിരിയുന്നു. അതോടൊപ്പം ഒരു വേറിട്ടൊരു ശബ്ദവും ചില സത്യങ്ങളും തുറന്നുവയ്ക്കുന്നു.
”മാറൻ ഈശോമിശിഹാ പിറന്നിട്ട് 1624 മകരഞായർ നോമ്പു തുടങ്ങുന്ന ഞായറാഴ്ച അസ്തമിച്ച് എട്ടുനാഴിക രാവുചെന്നപ്പോൾ ശുദ്ധമാന കത്തോലിക്ക അക്കലേച്ചയുടെ കൂട്ടത്തിൽപ്പെട്ട മലങ്കര നസ്രാണികളുടെ മേൽപ്പട്ടക്കാരൻ ഫ്രാൻസിസ്‌റോസ് മെത്രാൻ കാലംചെയ്തു.” വടക്കൻപറവൂരിലെ (കോട്ടയ്ക്കാവ്) പഴയ ദൈവാലയത്തിന്റെ അൾത്താരക്ക് മുമ്പിലായി ഫ്രാൻസിസ്‌റോസ് മെത്രാപ്പോലീത്തയുടെ ബഹുമാനാർത്ഥം സ്ഥാപിക്കപ്പെട്ടിട്ടുള്ള സ്മാരകശിലയിൽ രേഖപ്പെടുത്തിയിട്ടുള്ള വാക്കുകളാണ് മേലുദ്ധരിച്ചത്. മെത്രാപ്പോലീത്തായുടെ ശവകുടീരത്തിന്മേൽ ഉണ്ടായിരുന്ന വട്ടെഴുത്തിൽ ആലേഖനം ചെയ്യപ്പെട്ട സ്മാരകലേഖം അതേ ദൈവാലയത്തിൽനിന്ന് കണ്ടെത്തിയത് പതിനെട്ടാം നൂറ്റാണ്ടിലാണ്. ഈ സമാധിശാസനം പഴയ ദൈവാലയത്തിന്റെ പ്രവേശനകവാടത്തിന്റെ ഇടത്തുഭിത്തിയിൽ ഇന്നും കാണാം. പക്ഷേ റോസ് മെത്രാപ്പോലീത്തയുടെ ഭൗതികശരീരം യഥാർത്ഥത്തിൽ അടക്കംചെയ്യപ്പെട്ടത് എവിടെയാണ്?
ആർച്ച് ബിഷപ് ഫ്രാൻസിസ്‌റോസ്, എസ്.ജെ
സ്‌പെയിനിലെ ജെരോണ എന്ന നാട്ടിൽനിന്ന് 1584-ൽ ഇന്ത്യയിലെത്തുകയും ഏതാണ്ട് ഒരു വർഷംകൊണ്ട് സുറിയാനിയിലും മലയാളത്തിലും അഗാധമായ പ്രാവീണ്യം സ്വയം നേടിയെടുക്കുകയും ചെയ്ത ഫ്രാൻസിസ്‌റോസ് ബ്രദർ ഈശോസഭാധികാരികൾക്കുതന്നെ ഒരു വിസ്മയമായിരുന്നു. പക്ഷേ, അധികം വൈകാതെതന്നെ പോർച്ചുഗീസ് ഇന്ത്യയിലെ ഈശോസഭാധികാരികളെ സംബന്ധിച്ചിടത്തോളം അംഗീകരിക്കാൻ കഴിയാത്ത ഒരു വ്യക്തിയായി ഫാ. റോസ് മാറി. ഈശോ സഭയുടെ മിഷൻ പ്രവർത്തനങ്ങളുടെ പൊതുരീതി ശാസ്ത്രമായിരുന്ന സാംസ്‌കാരികാനുരൂപണത്തിന്റെ മിഷൻ പാഠഭേദത്തോടു ഫാ. റോസ് കാണിച്ച തീക്ഷ്ണമായ അഭിനിവേശമായിരുന്നു അദ്ദേഹത്തിനെതിരെയുള്ള ശക്തമായ എതിർപ്പിന്റെ അടിസ്ഥാനകാരണം. അനുരൂപണത്തെ റോസ് വ്യാഖ്യാനിച്ചത് മറ്റു ഈശോസഭക്കാരിൽനിന്നും വേറിട്ട നിലപാടെടുത്തുകൊണ്ടായിരുന്നു.
പുരാതന മലബാർ ക്രൈസ്തവരുടെ എല്ലാമായിരുന്ന സുറിയാനി ഭാഷയുടെയും നോമ്പനുഷ്ഠാനങ്ങൾ തുടങ്ങിയ തനിമയാർന്ന പ്രാദേശികാചാരങ്ങളുടെയും വേരറുത്തുമാറ്റണം എന്ന് ഇന്ത്യയിലെ അക്കാലത്തെ സഭാധികാരികൾ തീരുമാനിച്ചപ്പോൾ അപ്രകാരമുള്ള വീക്ഷണത്തെ ഫാ. റോസ് നിശിതമായി എതിർത്തു. മാത്രമല്ല, നാൽപതുവർഷങ്ങൾ നീണ്ട തന്റെ മിഷൻപ്രവർത്തനങ്ങളിൽ അദ്ദേഹം സ്വന്തം നിലപാടുകളിൽ മാറ്റം വരുത്തിയില്ല. ഒരു സുറിയാനിഭാഷ അച്ചുകൂടം വൈപ്പിക്കോട്ട സെമിനാരിയിൽ സ്ഥാപിക്കുന്നതിനെതിരായി അദ്ദേഹത്തിന്റെ അധികാരികൾ തിരിഞ്ഞപ്പോൾ, ഫാ. റോസ് ആ തീരുമാനത്തെയും ചോദ്യം ചെയ്തു.
വ്യത്യസ്തമായതെല്ലാം പാഷണ്ഡതയായി കണ്ടിരുന്ന ഒരു നൂറ്റാണ്ടിൽ ചട്ടക്കൂടിനകത്തുനിന്നുള്ള ഫാ. റോസിന്റെ വിമർശനങ്ങൾ മലബാർ സഭയിലെ മിഷൻപ്രവർത്തനത്തിനുതന്നെ ഭീഷണിയായി വ്യാഖ്യാനിക്കപ്പെട്ടു. ആ പശ്ചാത്തലത്തിൽ ഫാ. റോസിനെ അങ്കമാലിയുടെ മെത്രാനായി വാഴിക്കാതിരിക്കാനുള്ള വാദവുമായി വൈപ്പിക്കോട്ടയിലെ അദ്ദേഹത്തിന്റെ സുപ്പീരിയർ ഫാ. ജോർജ് ഡി-കാസ്‌ട്രോ റോമിലേക്കെഴുതി. അതേസമയം, ഗോവയിലെ ആർച്ച് ബിഷപ്പ് അലക്‌സിസ് മേനേസിസിന്റെ മലബാർ സന്ദർശനത്തെ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചുകൊണ്ട് റോമിലെ ഈശോസഭാധികാരികൾക്കെഴുതിയത് ഫാ. റോസ് തന്നെയാണ്. അങ്കമാലി-കൊടുങ്ങല്ലൂർ അതിരൂപതയുടെ മെത്രാപ്പോലീത്തയായതിനുശേഷവും റോസിനെതിരെ തുടർച്ചയായ വിമർശനക്കത്തുകൾ റോമിലെ അധികാരികൾക്ക് ലഭിച്ചുകൊണ്ടിരുന്നു.
മലബാർ ക്രൈസ്തവരുടെ ഭാഷകളെയും ‘പാഷണ്ഡത’കളെയും പ്രോത്സാഹിപ്പിക്കുന്നു എന്നതും അക്കാലത്ത് കൊടുങ്ങല്ലൂർ അതിരൂപതയുടെ ഭാഗമായിരുന്ന മധുരയിലെ ബ്രാഹ്മണർക്ക് അനുകൂലമായ നിലപാടെടുക്കുന്നു എന്നതുമായിരുന്നു റോസ് മെത്രാപ്പോലീത്തക്കെതിരെയുള്ള അടിസ്ഥാന ആരോപണങ്ങൾ. ഉദയമ്പേവൂർ സൂനഹദോസിനുമുമ്പ് വൈപ്പിക്കോട്ട സെമിനാരി ലത്തീൻ-സുറിയാനി മിഷനറി പക്ഷക്കാരുടെ ശീതസമരത്തിന് വേദിയായി. പ്രാദേശികാചാരങ്ങളെയും റീത്തിനെയും സുറിയാനി ഭാഷയെയും നിലനിർത്തണം എന്ന വാദവുമായി അന്ന് മുമ്പോട്ടുവന്നത് ഫാ. റോസ് ആയിരുന്നു. മിഷനറിമാരുടെ ശീതസമരത്തിനിടയിൽ മനംമടുത്ത മികച്ച വൈദികവിദ്യാർത്ഥികൾ താൽക്കാലികമായി സെമിനാരിയിൽനിന്നും വിട്ടുനിന്നു. ആശയക്കുഴപ്പങ്ങൾക്കിടയിൽ മലബാറിലെ പ്രാദേശികസഭയുടെ റീത്തിൽ സംശയമുള്ളിടത്തെല്ലാം ലത്തീൻ നാമ്പുകൾ വച്ചുപിടിപ്പിക്കാൻ ഫാ. റോസ് ശ്രമിച്ചു. ഈ പ്രവണതയാണ് പിൽക്കാലത്ത് പ്രാദേശിക സഭാചരിത്രകാരന്മാരുടെ നിശിതമായ വിമർശനത്തിരയാക്കി റോസ് മെത്രാപ്പോലീത്തയെ മാറ്റിയത്.
അതേസമയം, റീത്തുവ്യത്യാസങ്ങൾ സംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങൾ പരിഹരിക്കാനുള്ള ഒരു ശ്രമം റോസ് മെത്രാപ്പോലീത്തയുടെ ഭാഗത്തുനിന്നും ഉണ്ടായി. പ്രത്യേകിച്ചും തിരുപ്പട്ടകൂദാശ നൽകുന്ന രീതിയിലെ വ്യത്യാസങ്ങൾ മനസിലാക്കിയ റോസ് മെത്രാപ്പോലീത്ത ലത്തീൻ പൗരസ്ത്യ റീത്തുകളിലെ അത്യന്താപേക്ഷിതവും പൊതുവായതുമായ ഘടകങ്ങളെ വേർതിരിച്ചുകാണാൻ ഒരു വിശാലമായ ചർച്ച ആവശ്യമാണെന്ന് റോമിലെ തന്റെ സന്യാസസഭാധികാരികളെ ബോധിപ്പിച്ചു. തന്റെ കാഴ്ചപ്പാടുകളോട് എപ്പോഴും വിശ്വസ്തത പുലർത്താൻ ചില പ്രത്യേക സാഹചര്യങ്ങളിൽ മെത്രാപ്പോലീത്തയ്ക്ക് കഴിഞ്ഞില്ലെങ്കിലും, വിവിധ റീത്തുകൾ ക്രിസ്തുവിന്റെ മൗതികശരീരത്തിലെ വിവിധ അവയവങ്ങളാണെന്ന് തുറന്നു പ്രഖ്യാപിക്കാൻവരെ ജീവിതാന്ത്യത്തിൽ അദ്ദേഹം സന്നദ്ധനായി.
മെത്രാപ്പോലീത്തായുടെ അന്ത്യനിമിഷങ്ങൾ
1623-ലാണ് കലശലായ ചർമരോഗം ബാധിച്ച് റോസ് മെത്രാപ്പോലീത്ത ശയ്യാവലംബിയാകുന്നത്. കോഴിക്കോടു സാമൂതിരിയും കൊച്ചിരാജാവും തമ്മിലുള്ള തുടർച്ചയായ യുദ്ധം കാരണം വൈപ്പിക്കോട്ടയിലും പറവൂരിലുമാണ് മെത്രാപ്പോലീത്ത അവസാനവർഷങ്ങൾ താമസിച്ചിരുന്നത്. വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ ദേവമാതാ കോളജിലേക്കുതന്നെ കൊണ്ടുപോകാൻ ഈശോസഭാസഹോദരങ്ങൾ ശ്രമിക്കുന്നു എന്ന് മനസിലാക്കിയ മെത്രാപ്പോലീത്ത 1624 ഫെബ്രുവരിമാസം ആരംഭത്തിൽ തന്റെ അന്ത്യാഭിലാഷം അറിയിച്ചു. കൊടുങ്ങല്ലൂരിൽ വിശുദ്ധ സ്‌നാപകയോഹന്നാന്റെ നാമധേയത്തിൽ താൻ സ്ഥാപിച്ച ഈശോസഭയുടെ കോളജിനോടനുബന്ധിച്ചുള്ള ഭവനത്തിൽ തന്റെ ശിഷ്യരുടെ സാന്നിധ്യത്തിൽ മരിക്കണമെന്നും കൊടുങ്ങല്ലൂരിൽത്തന്നെ തന്റെ ഭൗതികശരീരം അടക്കം ചെയ്യണം എന്നതുമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം.
തുടർന്ന് ഒരു വലിയ സമൂഹം കത്തനാരന്മാരുടെയും മാർത്തോമാ ക്രിസ്ത്യാനികളുടെയും ഈശോസഭക്കാരുടെയും സാന്നിധ്യത്തിൽ അദ്ദേഹം രോഗിലേപനം സ്വീകരിക്കുകയും തദവസരത്തിൽ കൊടുങ്ങല്ലൂരിൽ താൻ ആഗ്രഹിച്ച സ്ഥലത്ത് മരണം ഒരുക്കിയ ദൈവത്തിന് നന്ദി പറയുകയും ചെയ്തു. അപ്രകാരം 1624 ഫെബ്രുവരി 18-ന് ഞായറാഴ്ച രാത്രി ഏതാണ്ട് പത്തുമണിക്ക് റോസ് മെത്രാപ്പോലീത്ത കാലം ചെയ്തു. കൊടുങ്ങല്ലൂരിലെ ദൈവാലയത്തിൽ അടക്കം ചെയ്യപ്പെട്ട മെത്രാപ്പോലീത്തയുടെ കബറിടത്തിനരികിൽ ഒരുമിച്ചുകൂടിയ ജനം അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്ററുടെ പേർ അറിയുന്നതിനായി അവിടെത്തന്നെ നിലകൊണ്ടു.
ജീർണതയേൽക്കാത്ത ഭൗതികശരീരം
രണ്ടുവർഷങ്ങൾക്കുശേഷം 1626-ൽ ഈശോസഭയുടെ മലബാർ പ്രവിശ്യയിൽനിന്നും അയച്ച അനുവാർഷിക റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നതിനനുസരിച്ച് റോസ് മെത്രാപ്പോലീത്തായുടെ ”അഴുകാത്തതും പുതുമയുള്ളതും പ്രസന്നഭാവത്തോടുകൂടിയതുമായ” ഭൗതികശരീരം കണ്ടെത്തിയതിനെത്തുടർന്ന് ഈശോസഭക്കാർ ആ ശരീരം പഴയ കബറിടത്തിൽനിന്നും പുറത്തെടുത്തു. ഈയംകൊണ്ട് രൂപപ്പെടുത്തിയ പുതിയ ശവപേടകത്തിൽ കൊടുങ്ങല്ലൂരിലെ ദൈവാലയത്തിന്റെ മദ്ബഹയുടെ വലത്തുവശത്തെ ഭിത്തിയിൽ മെത്രാപ്പോലീത്തായുടെ ശരീരം വീണ്ടും അടക്കം ചെയ്യപ്പെട്ടു. അതിനുശേഷം മനോഹരമായ ചിത്രപ്പണികളോടെ സ്മാരകത്തിന് ഈശോസഭക്കാർ മോടി പിടിപ്പിച്ചു. മേല്പറഞ്ഞ സംഭവത്തെക്കുറിച്ച് റോസ് മെത്രാപ്പോലീത്തായുടെ ശിഷ്യനായ കടവിൽ ചാണ്ടി കത്തനാർ രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്: ”മാർ ഫ്രാൻസിസ് മെത്രാപ്പോലീത്തയുടെ അന്ത്യം അദ്ദേഹത്തിന്റെ ശിഷ്യരുടെ സാന്നിധ്യത്തിലായിരുന്നു. പിന്നീട് ഈശോസഭാവൈദികർ ദൈവികചൈതന്യം തുളുമ്പുന്ന ആ ശരീരമെടുത്ത് അദ്ദേഹത്തിന് അനുയോജ്യമായ ഒരു കല്ലറയിൽ നിക്ഷേപിച്ചു. അദ്ദേഹത്തിന്റെ ശരീരത്തിൽനിന്നും ഒരു അസ്ഥിയെടുത്ത് അവർ അത് മദ്ബഹയിൽ പ്രതിഷ്ഠിച്ചു.”
വിശുദ്ധ നാമകരണ പ്രക്രിയ
റോസ് മെത്രാപ്പോലീത്ത മരിച്ച 1624-ൽത്തന്നെ അദ്ദേഹത്തിന്റെ നാമകരണ നടപടികൾക്കായി മലബാർ പ്രവിശ്യയിലെ ഈശോസഭക്കാർ മുൻകൈയെടുത്തു. റോസ് മെത്രാപ്പോലീത്തായുടെ ചിരകാല സുഹൃത്ത് എന്ന നിലയിൽ മെത്രാപ്പോലീത്തായുടെ വ്യക്തിത്വത്തെ അടുത്തറിഞ്ഞിരുന്ന വൈപ്പിക്കോട്ടയിലെ ഫാ. ഫ്രാൻസിസ്‌കോ ഫെർണാണ്ടസ് ആണ് നാമകരണ നടപടികൾക്ക് ചുക്കാൻ പിടിച്ചത്. മാത്രമല്ല, മെത്രാപ്പോലീത്തായുടെ അനുരൂപണ ആശയങ്ങളുടെ ചുവടുപിടിച്ച് പ്രാദേശിക സഭാചാരങ്ങളെയും സുറിയാനി ഭാഷയെയും പ്രോത്സാഹിപ്പിക്കുവാൻ ഫാ. ഫെർണാണ്ടസ് ശ്രമിച്ചു.
മലബാർ പ്രവിശ്യയിലെ ഈശോസഭാധികാരികൾക്കൊപ്പം കൊടുങ്ങല്ലൂരിലെ പോർച്ചുഗീസ് ക്യാപ്റ്റനും റോസ് മെത്രാപ്പോലീത്തായുടെ നാമകരണ നടപടിക്രമങ്ങളെ അംഗീകരിച്ചു. തുടർന്ന് ഈശോസഭാ വിസിറ്റർ ഫാ. ആൻദ്രേ പാൽമെയ്‌റോ തുടർനടപടികൾക്ക് സമ്മതം മൂളി. 1624-ൽ ഫാ. ഫെർണാണ്ടസ് ഈശോസഭാ സുപ്പീരിയർ ജനറാളിന് എഴുതിയ കത്തുപ്രകാരം റോസ് മെത്രാപ്പോലീത്തായുടെ നാമകരണ നടപടികളുടെ പ്രാരംഭമായുള്ള കാര്യങ്ങളെല്ലാം മലബാർ പ്രവിശ്യയിൽ ചെയ്തുകഴിഞ്ഞിരുന്നു. എങ്കിലും പിന്നീട് ചരിത്രഗതിയിലെ വിസ്മൃതിയിൽ ആണ്ടുപോയി ഫാ. ഫെർണാണ്ടസിന്റെ ആഗ്രഹവും ശ്രമങ്ങളും. പിൽക്കാലത്ത് ഇന്ത്യയിൽനിന്നും എഴുതി അയയ്ക്കപ്പെട്ട റോസ് മെത്രാപ്പോലീത്തായെ പരാമർശിക്കുന്ന റിപ്പോർട്ടുകളിൽ ”വണക്കത്തിന് യോഗ്യൻ” എന്ന വാക്കുകൾ മെത്രാപ്പോലീത്തായുടെ പേരിനോടുചേർത്ത് ഉപയോഗിക്കുവാൻ തുടങ്ങി.
ഒരു സമസ്യയും ചില സാധ്യതകളും
കൊടുങ്ങല്ലൂരിൽവച്ച് കാലംചെയ്യുകയും അവിടെത്തന്നെ അടക്കം ചെയ്യപ്പെടുകയും ചെയ്ത റോസ് മെത്രാപ്പോലീത്തായുടെ ശവകുടീരത്തിലെ സ്മാരകലേഖം എങ്ങനെയാണ് അഞ്ചു മൈലുകൾക്കപ്പുറത്തുള്ള വടക്കൻപറവൂരിലെ ദൈവാലയത്തിൽ കാണപ്പെട്ടത്? ഈ ആശയക്കുഴപ്പം ചരിത്രകാരന്മാർക്ക് ഉത്തരം കിട്ടാത്ത ഒരു സമസ്യയായും അതേസമയം ചില സാധ്യതകളായും അവശേഷിക്കുന്നു. എല്ലാ പുരാരേഖകളും കൊടുങ്ങല്ലൂരിൽ അടക്കം ചെയ്യപ്പെട്ട റോസ് മെത്രാപ്പോലീത്തായെക്കുറിച്ച് നിസംശയം സ്ഥാപിക്കുന്ന സാഹചര്യത്തിൽ ചില സാധ്യതകൾ വിലയിരുത്തുകയാണ് ഇവിടെ. ഇന്നു വടക്കൻ പറവൂരിലെ പഴയ ദൈവാലയത്തിന്റെ അൾത്താരയ്ക്ക് മുമ്പിലായി കാണപ്പെടുന്ന റോസ് മെത്രാപ്പോലീത്തായുടെ ബഹുമാനാർത്ഥം സ്ഥാപിക്കപ്പെട്ടിട്ടുള്ള സ്മാരകം 2005-ൽ നിർമിച്ചതാണെന്നിരിക്കേ, മെത്രാപ്പോലീത്തായുടെ കൊടുങ്ങല്ലൂരിലെ കബറിടത്തിനു മുകളിൽ ഉണ്ടായിരുന്നിരിക്കാനിടയുള്ള സ്മാരകശില എങ്ങനെ വടക്കൻ പറവൂരിലെ പഴയ ദൈവാലയത്തിൽ എത്തി എന്നതാണ് ചോദ്യം. എന്തായാലും 1662-ൽ ഡച്ചുകാരും 1776-ൽ ടിപ്പുസുൽത്താനും ഏൽപിച്ച പ്രഹരങ്ങളിൽ കാര്യമായ നാശനഷ്ടങ്ങൾ വന്ന കൊടുങ്ങല്ലൂരിലെ കോട്ടകൊത്തളങ്ങളുടെ അവശിഷ്ടങ്ങളിൽനിന്നും മെത്രാപ്പോലീത്തായുടെ ശവകുടീരത്തിലെ സ്മാരകലേഖം വടക്കൻ പറവൂരുള്ള ദൈവാലയത്തിൽ എത്തിച്ചേർന്നു; മെത്രാപ്പോലീത്തായുടെ അഭ്യുദയകാംക്ഷികളായ ആരെങ്കിലും ആ ശിലാലിഖിതം സംരക്ഷിച്ചതാണോ? 1785-ലാണ് വട്ടെഴുത്തിൽ ആലേഖനം ചെയ്യപ്പെട്ട സ്മാരകശില വീണ്ടെടുക്കുന്നത്. മെത്രാപ്പോലീത്ത അവസാനകാലഘട്ടങ്ങളിൽ താമസിച്ചിരുന്ന വടക്കൻ പറവൂരിൽ അദ്ദേഹത്തിന്റെ ഓർമയ്ക്കായി ആരെങ്കിലും സ്ഥാപിച്ച ശിലാഫലകമാണോ നാമിന്നു കാണുക. സത്യം എന്തായിരുന്നാലും, 1626-ൽ മെത്രാപ്പോലീത്തായുടെ ഭൗതികശരീരം അടക്കം ചെയ്യപ്പെട്ട ഈയംകൊണ്ടുള്ള ശവപേടകം എവിടെയാണ് എന്ന ചോദ്യം അവശേഷിക്കുന്നു.
കൊടുങ്ങല്ലൂരിലെ കോട്ടയുടെയും ഈശോസഭാ കോളജിന്റെയും ദൈവാലയങ്ങളുടെയും ഇന്നു കാണപ്പെടുന്ന അവശിഷ്ടങ്ങൾ നാലു നൂറ്റാണ്ടുകൾക്കപ്പുറത്ത് അരങ്ങേറിയ സംഭവവികാസങ്ങളുടെ മൂകസാക്ഷികളായി നിലകൊള്ളുന്നു. എന്തായിരുന്നാലും, പുരാതന മാർത്തോമാ ക്രിസ്ത്യാനികളുടെ ആദ്യത്തെ ലത്തീൻ മേൽപ്പട്ടക്കാരൻ ആയിരുന്ന ഫ്രാൻസിസ് റോസിന്റെ ഓർമകളെയും സാന്നിധ്യത്തെയും ശാശ്വതമായി നിലനിർത്തുന്ന ഒരു ചരിത്ര നിയോഗംകൂടി ഏറ്റെടുത്തുകൊണ്ട് വടക്കൻ പറവൂരിലെ പഴയദൈവാലയം ഇന്നും നിലകൊള്ളുന്നു. മാത്രമല്ല, മെത്രാപ്പോലീത്തായുടെ അരുമശിഷ്യനായ കടവിൽ ചാണ്ടി കത്തനാരുടെ വാക്കുകളിൽ പറഞ്ഞാൽ വിശുദ്ധ തോമസ് ശ്ലീഹായുടെ സിംഹാസനത്തിൽ ഇരുന്നുകൊണ്ട് സഭയെ നയിക്കാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് ഫ്രാൻസിസ് റോസ് മെത്രാപ്പോലീത്താ.
ഫാ. ആന്റണി മേച്ചേരി എസ്.ജെ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?