Follow Us On

28

March

2024

Thursday

സമ്പത്ത് രക്ഷ നൽകില്ല

സമ്പത്ത് രക്ഷ നൽകില്ല

വത്തിക്കാൻ സിറ്റി: സമ്പാദ്യത്തിൽ നിന്ന് സംഭാവന നൽകിയത് കൊണ്ടായില്ലെന്നും ബലിയാടുകളെ സൃഷ്ടിക്കുന്ന സംവിധാനത്തിന് മാറ്റം വരുത്താനായി പ്രവർത്തിക്കണമെന്നും ബിസിനസ് സംരംഭകരോട് ഫ്രാൻസിസ് മാർപാപ്പ. ഫോക്കലോർ പ്രസ്ഥാനത്തിന്റെ കീഴിലുള്ള ഇക്കോണമി ഓഫ് കമ്മ്യൂണിയൻ പ്രൊജക്ട് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോഴാണ് പാപ്പ ഇക്കാര്യം പങ്കുവച്ചത്.
സമ്പത്ത് ദാനം ചെയ്തുകൊണ്ട് നല്ല സമറയാനാകുന്നതിലൂടെ പകുതി ജോലി മാത്രമെ പൂർത്തീകരിക്കുന്നുള്ളൂവെന്ന് ഫ്രാൻസിസ് മാർപാപ്പ വിശദീകരിച്ചു. ഇന്നുള്ളവരുടെ കാര്യം പരിഗണിച്ചെങ്കിലും നാളെ വരുവാനിരിക്കുന്നവരെ പരിഗണിച്ചിട്ടില്ല.ആദ്യമായിട്ട് ഒരു ബിസിനസുകാരൻ നൽകാൻ തയാറാകേണ്ടത് തന്നെ തന്നെയാണ്. നിങ്ങളുടെ പണം പ്രധാനപ്പെട്ടതാണെങ്കിലും വളരെ കുറച്ച് മാത്രമെ അതിന് പ്രസക്തിയുള്ളൂ. വ്യക്തി എന്ന നിലയിലുള്ള സമർപ്പണമില്ലെങ്കിൽ സമ്പത്ത് രക്ഷിക്കില്ല. ഇന്നത്തെ സമ്പദ് വ്യവസ്ഥയിൽ ദരിദ്രരായവർക്ക് ഏറ്റവും ആവശ്യം പരിഗണനയും സാഹോദര്യവുമാണ്. അതിന് ശേഷമാണ് പണം വരുന്നത്.
49 രാജ്യങ്ങളിൽനിന്നായി 1100 സംരംഭകർ ചടങ്ങിൽ പങ്കെടുത്തു. ദാരിദ്ര്യത്തിനെതിരെയുള്ള മുന്നേറ്റമെന്ന നിലയിൽ ഫോക്കലോർ സ്ഥാപക ചിയാറാ ലുബിച്ചാണ് ഇക്കോണമി ഓഫ് കമ്മ്യൂണിയൻ പ്രൊജക്ട് ആരംഭിച്ചത്. ദരിദ്രരെ സഹായിക്കുന്നതിനായി ആരംഭിച്ച പ്രൊജക്ടിന് വളരേ സാധ്യതകളുണ്ടെന്ന് പാപ്പ പങ്കുവച്ചു. ക്യാപ്പിറ്റലിസത്തിന്റെ ഭാഗമായി ലാഭം മാത്രം ലക്ഷ്യം വയ്ക്കുന്ന ബിസിനസ്സ് ചട്ടക്കൂടുകൾ വിഗ്രഹാരാധന തന്നെയാണ്. പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ സൃഷ്ടിയും അവരെ ഒളിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളുമാണ് ഇതിന്റെപരിണിതഫലം.വിമാനക്കമ്പനികൾ പരിസ്ഥിതിക്ക് വരുത്തിയ ആഘാതത്തിന് പകരമായി മരങ്ങൾ നട്ടുപിടിപ്പിക്കുകയും ചൂതാട്ട കമ്പനികൾ ചൂതാട്ടത്തിന് അടിമകളായവരെ ചികിത്സിക്കാൻ പണം കൊടുക്കുകയും ചെയ്യുന്നത് നാം കാണുന്നു. ആയുധക്കച്ചവടക്കാർ അവരുടെ ആയുധങ്ങൾ ഉപയോഗിച്ച് അംഗഭംഗം ബാധിച്ചവർക്ക് വേണ്ടി ആശുപത്രികൾ നിർമ്മിക്കുക കൂടി ചെയ്യുന്ന ദിവസം ഇത് അതിന്റെ പാരമ്യത്തിലെത്തും.
മുതലാളിത്ത വ്യവസ്ഥിതിക്ക് കൊടുക്കാൻ അറിയാമെങ്കിലും സാഹോദര്യം അറിയല്ലെന്ന് പാപ്പ തുടർന്നു. ലാഭത്തിന്റെ ഒരു ഭാഗം കൊടുക്കുമ്പോഴും അത് സ്വീകരിക്കുന്നവരെ തൊടാനോ ആശ്ലേഷിക്കാനോ അവർക്ക് സാധിക്കുന്നില്ല.എന്നാൽ ജീവിതം തന്നെ പങ്കുവയ്ക്കാൻ തയാറായാൽ അഞ്ചപ്പവും രണ്ടു മീനും കൊണ്ടുപോലും ഒരു ജനസമൂഹത്തെ മുഴുവൻ തൃപ്തിപ്പെടുത്താനാവും. ഇതാണ് സുവിശേഷത്തിന്റെ യുക്തി. അതുകൊണ്ട് സാമൂഹ്യ സാമ്പത്തിക സമ്പ്രദായത്തിൽ ഒരു പൊളിച്ചെഴുത്ത് ആവശ്യമാണ്; പാപ്പ ഉദ്‌ബോധിപ്പിച്ചു.
ഏറ്റവും ശക്തമായ വിഗ്രഹങ്ങളിൽ ഒന്നായ പണത്തിൽ നിന്ന് മോചനം നേടാതെ യേശു വാഗ്ദാനം ചെയ്ത ദൈവരാജ്യത്തെക്കുറിച്ച് മനസിലാക്കാൻ സാധിക്കുകയില്ലെന്ന് പാപ്പ പറഞ്ഞു. പണത്തെ വിഗ്രഹമാക്കാതിരിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുക എന്നുള്ളതാണ്. ഉപ്പും പുളിമാവും ആയിക്കൊണ്ട് നമ്മുടെ സമ്പദ വ്യവസ്ഥയെ രക്ഷിക്കുക. അത് എളുപ്പമല്ല. കൂട്ടായ്മയിലൂടെ ഒരേ സമയം പങ്കുവയ്ക്കലും വർദ്ധനവും നടക്കുന്നു. ; പാപ്പ വ്യക്തമാക്കി

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?