Follow Us On

29

March

2024

Friday

വലിയനോമ്പിന്റെ ചരിത്രവും ദൈവശാസ്ത്രവും

വലിയനോമ്പിന്റെ ചരിത്രവും ദൈവശാസ്ത്രവും

സീറോ മലബാർ സഭയിലെ ആരാധനാക്രമവത്സരത്തിലെ മൂന്നാമത്തെ കാലമാണ് നോമ്പുകാലം. ഉയിർപ്പുതിരുനാളിനു മുൻപുള്ള ഈ ഏഴ് ആഴ്ചകൾ പ്രാർത്ഥനയ്ക്കും ഉപവാസത്തിനും മാനസാന്തരത്തിനുമായി പ്രത്യേകം നീക്കിവയ്ക്കപ്പെട്ടിരിക്കുന്നു. മോശയുടെയും (പുറ 24: 18) ഏലിയായുടെയും (രാജ 19:8) ഈശോയുടെ തന്നെയും (മർക്കോ 1:13) 40 ദിവസങ്ങളിലെ ഉപവാസത്തെ അനുസ്മരിച്ചാണ് ആറാഴ്ചക്കാലത്തെ ഉപവാസരീതി സഭയിൽ രൂപം പ്രാപിച്ചത്. എങ്കിലും സീറോമലബാർ ക്രിസ്ത്യാനികൾ പേത്തുർത്താ ഞായർ തുടങ്ങി ഉയിർപ്പുവരെയുള്ള 50 ദിവസങ്ങളിൽ നോമ്പനുഷ്ഠിക്കുന്നു.
പേത്തുർത്താ കഴിഞ്ഞ് തിങ്കളാഴ്ച അനുതാപശുശ്രൂഷയുടെ കർമ്മങ്ങൾ ദൈവാലയങ്ങളിൽ നടത്തുകയും നോമ്പിന് തുടക്കം കുറിക്കുകയും ചെയ്യുന്നു. തന്മൂലം ഇത് 50നോമ്പ് എന്നറിയപ്പെടുന്നു. ലൗകികമായ സന്തോഷങ്ങൾ ഉപേക്ഷിച്ച് ക്രിസ്തുവിലേക്ക് തിരിയുവാൻ നോമ്പുകാലം ആഹ്വാനം ചെയ്യു ന്നു. മിശിഹായുടെ രക്ഷാരഹസ്യങ്ങളായ പീഡാനുഭവം, കുരിശുമരണം, സംസ്‌കാരം എന്നിവ വഴി നാഥനുമായി താദാത്മ്യപ്പെടുവാൻ നോമ്പുകാലം പ്രചോദിപ്പിക്കുന്നു.
നോമ്പിന്റെ വിശുദ്ധഗ്രന്ഥാടിസ്ഥാനം
നോമ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശുദ്ധ ഗ്രന്ഥത്തിലുടനീളം പ്രതിപാദിച്ചിട്ടുണ്ട്. ദൈവസന്നിധിയിൽനിന്നും പത്തുകല്പനകൾ സ്വീകരിക്കുതിനുള്ള ഒരുക്കമായി മോശ ഒന്നും ഭക്ഷിക്കുകയോ, പാനം ചെയ്യുകയോ ചെയ്തില്ലെന്ന് പുറപ്പാട് പുസ്തകം സാക്ഷ്യപ്പെടുത്തുന്നു (പുറ 34:28). ഫിലിസ്ത്യരുടെ കരങ്ങളിൽനിന്നും രക്ഷപ്പെടുതിനായി ഇസ്രായേൽ ജനത ദിവസം മുഴുവൻ കർത്താവിന്റെ സന്നിധിയിൽ ഒരുമിച്ചുകൂടി ഉപവസിക്കുകയും തങ്ങളുടെ പാപങ്ങൾ ഏറ്റുപറയുകയും ചെയ്തു (1സാമു 7:6). നാബോത്തിനെതിരായി ചെയ്ത തെറ്റിനെയോർത്ത് ആഹാബ് മനസ്തപിക്കുകയും ചാക്കുടുത്ത് ഉപവസിക്കുകയും ചെയ്തു (1 രാജാ21:27). രാത്രി മുഴുവൻ ഉപവാസത്തിൽ കഴിഞ്ഞ രാജാവിന്റെ പ്രാർത്ഥന വഴി ദാനിയേലിനെ സിംഹങ്ങൾ ഉപദ്രവിച്ചില്ല (ദാനി 6:18). ഇസ്രായേൽ ജനതയുടെ നാശം മുൻകൂട്ടി കാണുന്ന എസ്‌തേർ രാജ്ഞി മൂന്നുരാത്രിയും പകലും ഉപവാസം പ്രഖ്യാപിച്ചു (എസ്‌തേർ12:16). നിനിവേ നഗരത്തിന്റെ നാശത്തെക്കുറിച്ചുള്ള യോനാപ്രവാചകന്റെ പ്രസംഗം കേട്ട് അവിടെയുള്ളവർ ഉപവാസം പ്രഖ്യാപിക്കുകയും നാശത്തിൽനിന്ന് രക്ഷപ്പെടുകയും ചെയ്തു (യോന 3:5).
ഫനുവേലിന്റെ പുത്രിയും ആഷേർവംശജയുമായ അന്ന പ്രവാചിക രാപകൽ ദൈവത്തെസ്തുതിച്ചുകൊണ്ട് ഉപവാസത്തിലും പ്രാർത്ഥനയിലും കഴിയുകയായിരുന്നുവെന്ന് ലൂക്കായുടെ സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു (ലൂക്കാ 2:37). കർത്താവിന് വഴിയൊരുക്കാൻ വന്ന യോഹാൻ മാംദാന താപസജീവിതമാണ് നയിച്ചിരുന്നത് (മത്താ 3:4). ഈശോ 40 രാവും 40 പകലും മരുഭൂമിയിൽ ഉപവസിച്ചു (മത്താ 4:2). മനുഷ്യനെന്ന രീതിയിൽ ഈശോ മരുഭൂമിയിൽ 40 ദിവസങ്ങൾ ഉപവസിക്കുകയും ദൈവമെന്ന രീതിയിൽ മാലാഖമാർ അവനെ ശുശ്രൂഷിക്കുവാൻ താഴ്ന്നിറങ്ങുകയും ചെയ്തുവെന്ന് പൗരസ്ത്യപിതാവായ നിസിബിലെ നർസായി സാക്ഷ്യപ്പെടുത്തുന്നു. രഹസ്യമായി ഉപവസിക്കുതാണ് ഉചിതമെന്ന് ഈശോ പഠിപ്പിക്കുന്നു. എന്തെന്നാൽ രഹസ്യങ്ങൾ അറിയുന്ന പിതാവ് പ്രതിഫലം നല്കും (മത്താ 6:16). പിശാചുബാധിതനെ സുഖപ്പെടുത്തുവാൻ ശിഷ്യൻമാർക്ക് കഴിയാതെ വരുന്നഘട്ടത്തിൽ, പ്രാർത്ഥനയും ഉപവാസവും കൊണ്ടല്ലാതെ പിശാചുക്കളെ പുറത്താക്കുവാൻ കഴിയുകയില്ലെന്നാണ് ഈശോ ശിഷ്യരെ ഉദ്‌ബോധിപ്പിക്കുന്നത് (മത്താ 9:28). സാവൂളിന്റെ മാനസാന്തരത്തിനുശേഷം മൂന്നുദിവസത്തേയ്ക്ക് അദ്ദേഹം ഒന്നും ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്തില്ലെന്ന് അപ്പസ്‌തോലപ്രവർത്തനം രേഖപ്പെടുത്തുന്നു (അപ്പ 9:9). ഇവയെല്ലാം നോമ്പിന്റെയും ഉപവാസത്തിന്റെയും പൊരുളും ശക്തിയും നമ്മുടെ മുമ്പിൽ വരച്ചുകാണിക്കുന്ന സംഭവങ്ങളാണ്.
നോമ്പുകാലം: ചരിത്രം
കർത്താവിന്റെ പെസഹാതിരുനാളിന് ഒരുക്കമായിട്ടാണ് സഭ 40 ദിവസത്തെ വലിയ നോമ്പ് ആചരിക്കുന്നത്. തെർത്തുല്യന്റെയും (+ 220) ഹിപ്പോളിറ്റസിന്റയും (+ 235) കാലഘട്ടത്തിൽ ദുഃഖവെള്ളിയും ദുഃഖശനിയും ഉപവാസദിനങ്ങളായി പാശ്ചാത്യസഭ ആചരിച്ചിരുന്നു. നാലാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ചില സ്ഥലങ്ങളിൽ ആറും ചില സ്ഥലങ്ങളിൽ ഏഴും ആഴ്ച നോമ്പാചരണം നടത്തിയതായി സഭാപിതാക്കന്മാർ വ്യക്തമാക്കുന്നു. പാശ്ചാത്യസഭയിൽ വിഭൂതി ബുധനാഴ്ചയും ദുഃഖവെള്ളിയാഴ്ചയും നിർബന്ധിത ഉപവാസദിനങ്ങളാണെങ്കിൽ പൗരസ്ത്യർക്ക് വലിയ നോമ്പാരംഭദിവസമായ തിങ്കളാഴ്ചയും ദുഃഖവെള്ളിയാഴ്ചയും ഉപവാസദിനങ്ങളാണ്. അവർ ഉപവാസദിനങ്ങളിൽ ഒരു നേരം മാത്രമേ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. മത്സ്യ മാംസാദികൾ നോമ്പ് കാലത്ത് ആരും ഉപയോഗിച്ചിരുന്നില്ല.
സീറോമലബാർ സഭയിൽ വലിയനോമ്പ് ഏഴാഴ്ചകാലമാണ്. ഇതിലെ ഞായറാഴ്ച ഒഴിവാക്കുമ്പോൾ 36 ദിവസങ്ങൾ വരുന്നു. വലിയ ആഴ്ചയിലെ തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങൾ കൂടിചേർത്ത് നാല്പതുദിവസത്തെ നോമ്പാചരണം പൂർത്തിയാക്കുന്നു. വലിയ നോമ്പുകാലത്തിലെ ഏഴാമത്തെ ഞായറാഴ്ചയാണ് കർത്താവിന്റെ മഹത്വപൂർണ്ണമായ ജറുസലേം പ്രവേശനത്തെ അനുസ്മരിപ്പിക്കുന്ന ഓശാന ഞായർ ആഘോഷിക്കുന്നത്. അതോടുകൂടിയാണ് നമ്മൾ വലിയ ആഴ്ചയുടെ ആചരണത്തിന് തുടക്കം കുറിക്കുന്നത്.
പൗരസ്ത്യസുറിയാനി ആരാധനക്രമമനുസരിച്ച് നാല്പതുദിവസത്തെ നോമ്പ് പൂർത്തിയാകുന്നത് പെസഹാവ്യാഴാഴ്ചയിലെ മദ്ധ്യാഹ്നപ്രാർത്ഥനയോടുകൂടിയാണ്. തന്മൂലം തിരുവത്താഴശുശ്രൂഷയും കാലുകഴുകൽ ശുശ്രൂഷയും പെസഹാവ്യാഴാഴ്ചയിലെ സായാഹ്ന പ്രാർത്ഥനയോടുകൂടി നടത്തുന്നതാണ് അർത്ഥപൂർണ്ണം. ഇസ്രായേൽക്കാർ പെസഹാക്കുഞ്ഞാടിനെ ബലിയർപ്പിച്ചത് സായാഹ്നത്തിലായിരുന്നു (പുറ12:6). കൂടാതെ ഈശോയുടെ തിരുവത്താഴം സന്ധ്യയോടുകൂടിയായിരുന്നുവെന്ന് സുവിശേഷകൻമാർ സാക്ഷ്യപ്പെടുത്തുന്നു (മത്താ 26:20, മർക്കോ 14:17, ലൂക്കാ 22:14).
പെസഹാവ്യാഴാഴ്ചയിലെ റംശാ പ്രാർത്ഥനയോടുകൂടിയാണ് പെസഹാ ത്രിദിനാചരണത്തിന് തുടക്കം കുറിക്കുന്നത്. പീഡാനുഭവവെള്ളി, വലിയശനി, ഉയിർപ്പുഞായർ എന്നീ ദിവസങ്ങളിലൂടെ പെസഹായുടെ ത്രിദിനാചരണം ആഘോഷിക്കുന്നു. മനുഷ്യപുത്രൻ മൂന്നുരാവും മൂന്നുപകലും ഭൂഗർഭത്തിലായിരിക്കും (മത്താ 12:40) എന്ന ദൈവവചനം ത്രിദിന പെസഹാചരണത്തിന്റെ അടിസ്ഥാനമായി 9-ാം നൂറ്റാണ്ടിലെ അജ്ഞാത ഗ്രന്ഥകാരൻ ചൂണ്ടികാണിക്കുന്നു.
ആരാധനാചിന്തകൾ
അനുതാപത്തിന്റെയും മാനസാന്തരത്തിന്റെയും അവശ്യകത പ്രകടമാക്കുന്ന ചിന്തകളാണ് നോമ്പുകാല പ്രാർത്ഥനകളിലും ഗീതങ്ങളിലും കാണുന്നത്. ഈശോയുടെ പീഡാനുഭവ-മരണ-ഉത്ഥാനം മാനവകുലത്തിന്റെ രക്ഷയ്ക്കും നന്മയ്ക്കും വേണ്ടിയുള്ളതാണെന്ന് നോമ്പുകാലം നമ്മെ പഠിപ്പിക്കുന്നു. നോമ്പിന്റെയും ഉപവാസത്തിന്റെയും പ്രാധാന്യം ഓർമ്മിപ്പിക്കുന്ന ധാരാളം പ്രാർത്ഥനകൾ ഇക്കാലത്തുണ്ട്.
അനുതാപവും മാനസാന്തരവും
മിശിഹായോടൊപ്പം ഉയിർക്കുവാനുള്ള യോഗ്യത ലഭിക്കുവാൻ അനുതാപത്തിന്റെയും മാനസാന്തരത്തിന്റെയും ആവശ്യകതയെക്കുറിച്ച് ഇക്കാലം നമ്മെ അനുസ്മരിപ്പിക്കുന്നു. ഉപവാസം, പ്രാർത്ഥന, പ്രാശ്ചിത്തം, പരിഹാരപ്രവർത്തികൾ എന്നിവയാണ് അനുതാപത്തിനും മാനസാന്തരത്തിനമുള്ള ഫലപ്രദമായ മാർഗ്ഗങ്ങൾ.
പ്രാർത്ഥനയും ഉപവാസവും വഴി ആത്മാവിൽ ശക്തിപ്പെടാനാണ് ഈശോ തന്റെ പരസ്യജീവിതം ആരംഭിക്കുന്നത്. അങ്ങനെ, പൈശാചികശക്തിയെ പരാജയപ്പെടുത്തുവാനും പ്രലോഭനങ്ങൾക്ക് വശംവദനാകാതിരിക്കുവാനും ഈശോയ്ക്ക് സാധിച്ചു. ഈശോയുടെ മഹനീയ മാതൃക അനുകരിച്ച് തിന്മകളെ പരാജയപ്പെടുത്തുവാൻ ഉപവാസമെന്ന ആയുധമെടുക്കുവാൻ ഇക്കാലം നമ്മെ ആഹ്വാനം ചെയ്യുന്നു. ‘പ്രാർത്ഥനയും ഉപവാസവും വഴിയല്ലാതെ ഈ ജാതിയെ പുറത്താക്കാൻ പറ്റുകയില്ല’ എന്ന ഈശോയുടെ വാക്കുകളുടെ ഉൾപ്പൊരുൾ മനസ്സിലാക്കിക്കൊണ്ട് പൈശാചികശക്തികൾക്കെതിരെ സന്ധയില്ലാസമരം ചെയ്യുവാനും മാനസാന്തരത്തിന്റെ സത്ഫലങ്ങൾ പുറപ്പെടുവിക്കുവാനും നോമ്പുകാലം ഓർമ്മിപ്പിക്കുന്നു. ഇതിന് നമ്മൾ ഭക്ഷണം മാത്രം ഉപേക്ഷിച്ചാൽ പോരാ. നമ്മിൽ കുടികൊള്ളുന്ന വഞ്ചനയും അസൂയയും ദ്രവ്യാസക്തിയും വർജ്ജിക്കുവാൻ നാം തയ്യാറാകണം.
രൂപാന്തരീകരണം
ആദ്ധ്യാത്മികവും ശാരീരികവുമായ വിശുദ്ധീകരണത്തിനും രൂപാന്തരീകരണത്തിനും നോമ്പുകാലം നമ്മെ സഹായിക്കുന്നു. ദൈവത്തിന്റെയും മനുഷ്യരുടെയും സന്നിധിയിൽ എളിമയുള്ളവരാകാൻ നോമ്പുകാലം പ്രേരിപ്പിക്കുന്നു (ഉത്പ 37:34, ജോഷ്വാ7:6, 1 സാമു7:6). ദുഷ്ടതയുടെ കെട്ടുകൾ പൊട്ടിക്കുക, നുകത്തിന്റെ കയറുകൾ അഴിക്കുക, വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുക, മർദ്ദിതരെ സ്വതന്ത്രരാക്കുക, എല്ലാനുകങ്ങളും ഒടിക്കുക തുടങ്ങിയവയാണ് നോമ്പിന്റെ ഉൾപ്പൊരുളുകളായി വർത്തിക്കുന്നത് (ഏശ 58:6-7). ദൈവത്തിൽ അനന്തമായി ആശ്രയിക്കുവാനും മറ്റുള്ളവരെ സഹായിക്കുവാനും നോമ്പ് നമ്മെ സജ്ജരാക്കുന്നു. കൂടാതെ, ഇത് ജീവിതത്തിൽ വന്നുപോയ പാകപ്പിഴകളിൽനിന്നും തെറ്റുകുറ്റങ്ങളിൽനിന്നും വിമുക്തമാക്കുന്നു.
ദൈവവും സഹോദരങ്ങളുമായുള്ള അനുരജ്ജനം സാധ്യമാക്കുന്ന നോമ്പ് ആദ്ധ്യാത്മികവും ശാരീരികവുമായ രൂപാന്തരീകരണത്തിലേയ്ക്കും നമ്മെ നടത്തുന്നു. മനസ്സിനെ ആത്മീയചിന്തകൾകൊണ്ട് നിറയ്ക്കുവാനും ബുദ്ധിയെ ദൈവസ്തുതികൾകൊണ്ട് പ്രകാശപൂരിതമാക്കുവാനും നോമ്പ് ഉപകാരപ്രദമാണ്. ആത്മാവിന്റെയും ശരീരത്തിന്റെയും വാസകേന്ദ്രമായ മനുഷ്യനെ പരിശുദ്ധാത്മാവിന്റെ വിശുദ്ധആലയങ്ങളാക്കി രൂപാന്തരപ്പെടുത്തുവാൻ നോമ്പ് സഹായിക്കുന്നു.
ശാരീരിക ഉപവാസവും ആത്മനിയന്ത്രണവും നോമ്പിന്റെ ഇരുവശങ്ങൾ പോലെയാണ്. ആദ്ധ്യാത്മികവും ശാരീരികവുമായ നവീകരണം ഇതിലൂടെ സാധ്യമാകുന്നു. ശാരീരിക ഉപവാസവേളകളിൽ ചില പ്രത്യേകഭക്ഷണ-പാനീയങ്ങൾ, വിനോദങ്ങൾ തുടങ്ങിയവ ഒഴിവാക്കുന്നത് ഉചിതമാണ്. എന്നാൽ നോമ്പിന്റെ ആത്മീയമാനമെന്നത് വഞ്ചന, വെറുപ്പ്, അസൂയ, തഴക്കദോഷങ്ങൾ, ദുഃസ്വഭാവങ്ങൾ എന്നിവയിൽനിന്നുള്ള പിന്മാറ്റമാണ്. ഉപവാസമെന്നത് ഭക്ഷണം കഴിക്കാതിരിക്കൽ മാത്രമല്ല പ്രത്യുത, നയനങ്ങളെ അശുദ്ധമായ കാഴ്ചകളിൽനിന്നും, ചെവികളെ അപവാദപ്രചരണങ്ങളിൽനിന്നും, കൈകാലുകളെ അനീതിയിൽനിന്നും, ശരീരത്തിന്റെ മറ്റ് അവയവങ്ങളെ തിന്മകളിൽനിന്നും അകറ്റിനിർത്തൽ കൂടിയാണെന്ന് സഭാപിതാവായ ജോൺ ക്രിസോസ്‌തോമിന്റെ വാക്കുകൾ ഇത്തരുണത്തിൽ സ്മരണീയമാണ്.
മിശിഹായോടുള്ള താദാത്മീകരണം
നോമ്പുകാലത്തെ പ്രാർത്ഥനകളും ഉപവാസവും നമ്മെ മിശിഹായുമായി ഒന്നാക്കിത്തീർക്കുന്നു. ഈശോയോടൊപ്പം പുതുജീവിതം നയിക്കുവാൻ ദൈവാത്മാവ് നമ്മെ ശക്തിപ്പെടുത്തുന്നു. മനുഷ്യൻ മൺപാത്രത്തിന് തുല്യനാണ്. മൺപാത്രംപോലെ അവന്റെ സ്വഭാവം ദുർബലമാണ്. പക്ഷേ ഈശോ അവനിൽ വസിക്കാൻ തുടങ്ങുമ്പോൾ അവൻ അമൂല്യമായ പാത്രമായിത്തീരുന്നുവെന്ന് പൗരസ്ത്യപിതാവായ നിസിബിലെ നർസായി പഠിപ്പിക്കുന്നു.
നാഥനോട് ഐക്യപ്പെടുവാൻ നോമ്പിലൂടെയും ഉപവാസത്തിലൂടെയും ആത്മദാനം നടത്തുവാൻ നമ്മൾ തയ്യാറാകണം. അപ്രകാരം മറ്റൊരുക്രിസ്തുവായിത്തീരുവാനും സുവിശേഷത്തിന് ധീരമായ സാക്ഷ്യം വഹിക്കുവാനുമുള്ള അവസരമായി നോമ്പുകാലത്തെ നമ്മൾ മനസ്സിലാക്കണം. ഈശോയുടെ പീഡാനുഭവവും സഹനവും മരണവും ഫലമണിയുത് ഉത്ഥാനത്തിലാണ്. ‘നാം അവനോടുകൂടെ മരിച്ചിട്ടുണ്ടെങ്കിൽ അവനോടുകൂടെ ജീവിക്കും’ എത് തീർച്ചയാണ് (2 തിമോ 2:11).
ഈശോയുടെ പീഡാനുഭവത്തിലേയ്ക്കും ഉത്ഥാനത്തിലേക്കും യോഗ്യതാപൂർവ്വം പ്രവേശിക്കുവാൻ നമ്മെ ഒരുക്കുകയെന്നതാണ് നോമ്പുകാലപ്രാർത്ഥനകളുടെയും ഗീതങ്ങളുടെയും കർമ്മങ്ങളുടെയും ലക്ഷ്യം. ഇക്കാലത്തുള്ള നോമ്പും ഉപവാസവും ആത്മീയനവീകരണത്തിലേയ്ക്കും സുവിശേഷാത്മകആനന്ദത്തിലേയ്ക്കും നമ്മെ കൈപിടിച്ചുയർത്തുന്നു. ‘നീ മാംസം ഭക്ഷിക്കാതിരിക്കുകയും വിമർശനവും അപവാദങ്ങളും വഴി നിന്റെ സഹോദരനെ വിഴുങ്ങുകയും ചെയ്താൽ നീ അനുഷ്ഠിക്കുന്ന നോമ്പിന് പ്രയോജനമുണ്ടാവുകയില്ലെന്ന് ‘ വിശുദ്ധ ബേസിൽ ഓർമ്മിപ്പിക്കുന്നു. ‘വചനം ഒരു ദാനമാകുന്നു; മറ്റു വ്യക്തികളും എന്ന ഫ്രാൻസിസ് പാപ്പായുടെ 2017-ലെ നോമ്പുകാലസന്ദേശത്തിന്റെ അർത്ഥാന്തരങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ദൈവചനം വായിക്കുവാനും, പാപം ഉപേക്ഷിക്കുവാനും, അപരനെ സ്‌നേഹിക്കുവാനും ഉതകുന്ന രീതിയിൽ പ്രാർത്ഥനശീലങ്ങളെയും ഉപവാസരീതികളെയും നമുക്ക് ചിട്ടപ്പെടുത്താം.
പ്രാർത്ഥനയുമായി സംയോജിക്കാത്ത ഉപവാസം ഫലം പുറപ്പെടുവിക്കുകയില്ല. പ്രാർത്ഥനയും ഉപവാസവും വഴിയല്ലാതെ പിശാചുക്കളെ പുറത്താക്കാൻ പറ്റുകയില്ലയെന്നാണ് ഈശോ നമ്മെ ഓർമ്മിപ്പിക്കുന്നത് (മത്താ17:21). കൂടാതെ, പ്രാർത്ഥനവഴി മിശിഹായുടെ രക്ഷാകരരഹസ്യങ്ങളെക്കുറിച്ച് ധ്യാനിക്കുവാനും ഉപവാസം വഴി പ്രലോഭനങ്ങളെ കീഴടക്കുവാനും ജീവിതനവീകരണം വഴി ഉയിർപ്പിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുവാനും ഉള്ള അവസരമായി നോമ്പുകാലം ഭവിക്കട്ടെ.
ഫാ.ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?