Follow Us On

28

March

2024

Thursday

അറുപതാമത്തെ പുസ്തകവുമായി എൺപതിലേക്ക്

അറുപതാമത്തെ പുസ്തകവുമായി എൺപതിലേക്ക്

സമുദായസേവനം ജീവിതവൃതമാക്കിയ ചരിത്രകാരൻ ജോൺ കച്ചിറമറ്റം അറുപതാമത്തെ പുസ്തക രചനയുമായി മാർച്ച് പത്തിന് എൺപതിലേക്ക് കടക്കുകയാണ്.
എ.കെ.സി.സിയുടെ യുവജന വിഭാഗമായ കാത്തലിക് യൂത്ത് ഓർഗനൈസേഷൻ സ്ഥാപക ജനറൽ സെക്രട്ടറി, പ്രസിഡന്റ്, കേരള എക്യുമെനിക്കൽ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി പ്രസിഡന്റ്, കേരള കാത്തലിക് ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെമ്പർ, ഓൾ ഇന്ത്യാ കാത്തലിക് യൂണിയൻ റീജിയണൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, നാഷണൽ കോ ഓർഡിനേറ്റർ, കെ.സി.ബി.സി രൂപംകൊടുത്ത കേരള കാത്തലിക് ഫെഡറേഷൻ പ്രസിഡന്റ് മതത്തിന്റെ പേരിലുള്ള വിവേചനത്തിനെതിരെ പോരാടാൻ രൂപം കൊടുത്ത കേരള ക്രിസ്ത്യൻ ലീ ഡേഴ്‌സ് ആക്ഷൻ കമ്മിറ്റിയുടെ ജനറൽ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിക്കുകയുണ്ടായി.
കച്ചിറമറ്റത്തിന്റെ പ്രധാന പ്രവർത്തനരംഗം അഖില കേരള കത്തോലിക്ക കോൺഗ്രസ് ആയിരുന്നു. കോൺഗ്രസ് പ്രതിനിധിസഭയിൽ 54 വർഷവും വർക്കിങ്ങ് കമ്മിറ്റിയിൽ 42 വർഷവും അംഗമായിരുന്ന കച്ചിറമറ്റം 18 വർഷം സംഘടനയുടെ ജനറൽ സെക്രട്ടറിയും എട്ടുവർഷക്കാലം പ്രിസഡന്റുമായിരുന്നു. എ.കെ.സി.സി ബുള്ളറ്റിന്റെ പത്രാധിപ സമിതിയിൽ 32 വർഷക്കാലം അംഗമായിരുന്നു. അതിൽ 26 വർഷവും ചീഫ് എഡിറ്ററായിരുന്നു. ഇരിങ്ങാലക്കുട ബി.എൽ.എം-ൽ നിന്ന് പ്രസിദ്ധീകരിച്ച കേരളാ സഭാ മാസികയുടെ ചീഫ് എഡിറ്ററായി 12 വർഷക്കാലം പ്രവർത്തിച്ച കച്ചിറമറ്റം മുപ്പതുവർഷക്കാലം കേരള സഭാ സെമിനാറിന്റെ മുഖ്യസംഘാടകനുമായിരുന്നു.
മഹാസമ്മേളനങ്ങളും പ്രകടനങ്ങളും നടത്തുന്നതിന് എക്കാലവും കച്ചിറമറ്റം ശ്രദ്ധ ചെലുത്തിയിരുന്നു. 1976-ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പങ്കെടുപ്പിച്ചുകൊണ്ട് പാലായിൽ നടത്തിയ ദീപിക ലക്ഷം പുഷ്പമേള, 1979-ൽ ഏഴുലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് മതത്തിന്റെ പേരിലുള്ള വിവേചനത്തിനെതിരെ തിരുവനന്തപുരത്ത് നടത്തിയ പ്രകടനവും പൊതുസമ്മേളനവും 1983-ൽ രാഷ്ട്രപതി ഗ്യാനിസെയിൽസിംഗിനെ പങ്കെടുപ്പിച്ചുകൊണ്ട് കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ രാമപുരത്ത് നടത്തിയ മാർ കരിയാറ്റി മെത്രാഭിഷേക ദ്വിശതാബ്ദിയാഘോഷം, 1999-ൽ സീറോ മലബാർ സഭയിലെ 27 മെത്രാന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ പാറേമ്മാക്കൽ തോമാകത്തനാരുടെ ചരമദ്വിശതാബ്ദിയാഘോഷം, 2014-ൽ പ്രധാനമന്ത്രി മഹൻമോഹൻസിംഗിനെ പങ്കെടുപ്പിച്ചുകൊണ്ട് എറണാകുളത്ത് നടത്തിയ എം.എം. ജേക്കബ് ശതാഭിഷേക ചടങ്ങുകൾ മുതലായവയുടെ പ്രവർത്തനത്തിന് രൂപീകരിച്ച കമ്മിറ്റിയുടെ ജനറൽ കൺവീനർ ആയിരുന്നു കച്ചിറമറ്റം. എ.കെ.സി.സി ബുള്ളറ്റിനിൽ ജോൺ കച്ചിറമറ്റം എഴുതിയ എഡിറ്റോറിയലുകളും സംഘടനാ പ്രവർത്തകർക്ക് പ്രസിഡന്റ് എന്ന നിലയിൽ എഴുതിയ കത്തുകളും പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കുടിയിറക്കിനും അടയന്തിരാവസ്ഥയ്ക്കുമെതിരെ: 1960-കളിൽ കേരളത്തിലെ കിഴക്കൻ മലയോരങ്ങളിൽ നടന്ന കുടിയിറക്കുകൾക്കും കൊടിയൂരിൽ ഏർപ്പെടുത്തിയ മേൽച്ചാർത്തിനും എതിരെ നടന്ന കർഷക പ്രക്ഷോഭണത്തിന് ഫാ. വടക്കൻ, എ.കെ.ജി, ബി. വെല്ലിംഗ്ടൺ എന്നിവരോടൊപ്പം സമരത്തിന് നേതൃത്വം നൽകിയ കച്ചിറമറ്റം ഗൂഡല്ലൂരിലും ഷിമോഗയിലും നടന്ന കുടിയിറക്കുകൾക്കും എതിരെ പോരാടുകയുണ്ടായി. മലനാട് കർഷകയൂണിയന്റെ ജനറൽ സെക്രട്ടറി, കോട്ടയം ജില്ലാ വികസന സമിതിയംഗം, കോട്ടയം മെഡിക്കൽ കോളജ് അഡൈ്വസറിബോർഡംഗം എന്നീ നിലകളിലും കച്ചിറമറ്റം പ്രവർത്തിക്കുകയുണ്ടായി.
സംഘടനാ പ്രവർത്തനത്തിനിടയിൽ ലേഖനങ്ങൾ എഴുതുകയും പ്രസ്താവനകൾ പുറപ്പെടുവിക്കുകയും ചെയ്ത കച്ചിറമറ്റം 2000-ലാണ് ആദ്യമായി ഒരു ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്. ദേശീയരംഗത്ത് ക്രൈസ്തവർ നൽകിയ ധീരമായ നേതൃത്വം വിലയിരുത്തുകയും ക്രൈസ്തവർക്കെതിരായി വന്നിട്ടുള്ള ആക്ഷേപങ്ങൾക്ക് മറുപടി നൽകിക്കൊണ്ടും തയാറാക്കിയ ‘ക്രൈസ്തവരും ദേശീയ പ്രസ്ഥാനങ്ങളും’ എന്ന ഗ്രന്ഥത്തിന് ദേശീയതലത്തിൽ തന്നെ നാല് അവാർഡുകൾ ലഭിച്ചു. ഇതിനകം 58 ചരിത്രഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. 59-ാമത്തെ പുസ്തകം പൂർത്തിയായി. ഡമ്മി 1/4 സൈസിൽ ആയിരം പേജുകളോളം വരുന്ന കത്തോലിക്ക കോൺഗ്രസിന്റെ ചരിത്രമാണ് അറുപതാമത്തെ പുസ്തകം. അതിന്റെ പണിപ്പുരയിലാണ് കച്ചിറമറ്റം എൺപതാം വയസിൽ ഏർപ്പെട്ടിരിക്കുന്നത്.
പ്രഫ. മാത്യു ഉലകംതറ ഇപ്രകാരം എഴുതിയിരിക്കുന്നു: ”ഇരുപതാം നൂറ്റാണ്ടിന്റെ അന്തിമ ദശകങ്ങളിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദിമശതകങ്ങളിലും കേരള കത്തോലിക്ക സമുദായത്തിന്റെ ചരിത്രം എഴുതപ്പെടുവാൻ പോകുന്നത് കച്ചിറമറ്റം രചിച്ച ഗ്രന്ഥങ്ങളെ ആശ്രയിച്ചായിരിക്കും.” ജീവിച്ചിരിക്കുന്നവരും ദിവംഗതരുമായ ഏതാണ്ട് 180-ഓളം പേരുടെ ജീവചരിത്രം ഏതാണ്ട് അയ്യായിരം പേജുകളിലായി എഴുതി പ്രസിദ്ധീകരിക്കുവാൻ കച്ചിറമറ്റത്തിന് സാധിച്ചു. കച്ചിറമറ്റത്തിന്റെ കേരള സഭാരത്‌നങ്ങൾ എന്ന ഗ്രന്ഥത്തെ ജീവചരിത്ര വിജ്ഞാനകോശമെന്നാണ് ദീപിക വിശേഷിപ്പിച്ചത്. സംഘടനാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജർമനി, റോം, കുവൈറ്റ്, അമേരിക്കൻ ഐക്യനാടുകൾ, കാനഡ എന്നിവിടങ്ങളിലും ഇന്ത്യയിലെ എല്ലാ സ്റ്റേറ്റുകളിലും പല പ്രാവശ്യം സഞ്ചരിച്ചിട്ടുണ്ട്.
ബഹുമതികൾ: സീറോ മലബാർ സഭയുടെ ഏറ്റം വലിയ ബഹുമതിയായ സഭാതാരം അവാർഡ് ഉൾപ്പെടെ 27 അവാർഡുകൾ കച്ചിറമറ്റത്തിന് ലഭിച്ചിട്ടുണ്ട്. ബി.എൽ.എം-ന്റെ കേരള സഭാതാരം അവാർഡ്, ആൾ ഇന്ത്യ കാത്തലിക് യൂണിയന്റെ ജോർജ് മെനേസിസ് ദേശീയ അവാർഡ്, ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ ബഞ്ചമിൽ ബയ്‌ലി പുരസ്‌കാരം, കേരള ക്രിസ്ത്യൻ ഫൗണ്ടേഷന്റെ മാർ തോമാ അവാർഡ്, കെ.സി.വൈ.എമ്മിന്റെ അല്മായ രത്‌നം അവാർഡ് കെ.സി.ബി.സി മാധ്യമ കമ്മീഷന്റെ ഗുരുപൂജാ അവാർഡ്, സിസ്റ്റർ മേരി ബനീഞ്ഞാ അവാർഡ്, കാത്തലിക് ഫെഡറേഷന്റെ കേരള സഭാരത്‌നം അവാർഡ്, ഫാ. ആന്റണി കാക്കനാടിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ഒരു ലക്ഷം രൂപയുടെ അവാർഡ് എല്ലാം കച്ചിറമറ്റത്തിന് ലഭിച്ച അവാർഡുകളിൽ ചിലതുമാത്രമാണ്. ക്ഷീണമറിയാത്ത അധ്വാനംകൊണ്ടും തളർച്ചയേൽക്കാത്ത വാഗ്‌ധോരണികൊണ്ടും ആഴമാർന്ന ചരിത്രബോധംകൊണ്ടും സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച കച്ചിറമറ്റം എൺപതിലേക്ക് കടക്കുമ്പോഴും കർമനിരതനാണ്.
 
 
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?