Follow Us On

28

March

2024

Thursday

ദാരിദ്ര്യം ഏറ്റവും വലിയ വെല്ലുവിളി

ദാരിദ്ര്യം ഏറ്റവും വലിയ വെല്ലുവിളി

ന്യൂയോർക്ക്: ദാരിദ്ര്യമാണ് ഇന്ന് മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഐക്യരാഷ്ട്രസഭയിലെ വത്തിക്കാൻ സ്ഥിരനിരീക്ഷകൻ ആർച്ച്ബിഷപ് ബർണാഡിറ്റ ഓസ. സാമൂഹ്യവികസനത്തിനായുള്ള ഐക്യരാഷ്ട്രസഭാ കമ്മീഷന്റെ മീറ്റിംഗിൽ പ്രസംഗിച്ചപ്പോഴാണ് ആർച്ച്ബിഷപ് ഓസ ഇക്കാര്യം പറഞ്ഞത്.
സാമ്പത്തികമേഖലയിൽ മാത്രമല്ല വ്യക്തിപരവും സാമൂഹികവും പാരിസ്ഥിതികവുമായ തലത്തിൽ ദാരിദ്ര്യത്തിന് പരിഹാരം കാണാൻ പരിശ്രമിക്കണമെന്ന് ആർച്ച്ബിഷപ് ആഹ്വാനം ചെയ്തു. ദാരിദ്യത്തെ പരിപോഷിപ്പിക്കുന്ന അക്രമവും യുദ്ധവും അവസാനിപ്പിക്കണം. ലക്ഷക്കണക്കിന് ആളുകളാണ് ഇന്ന് അടിസ്ഥാനമില്ലാത്ത സംഘർഷങ്ങളുടെ നടുവിൽ കഴിയുന്നത്. ഭയവും വിദ്വേഷവുമാണ് ഈ സംഘർഷങ്ങളുടെ കാരണം. ഒരിക്കൽ സുരക്ഷിതമെന്ന് കഴുതിയിരുന്ന പ്രദേശങ്ങളിൽ പോലും ആഗോളവ്യാപകമായ അരക്ഷിതാവസ്ഥയും നിർബന്ധിത കുടിയേറ്റങ്ങളും സാമൂഹികവും സാമ്പത്തികവുമായ അസ്വാരസ്ഥ്യങ്ങൾ സൃഷ്ടിക്കുന്നു. കൂടുതൽ അസ്ഥിരമായ ലോകത്തിന് പ്രത്യാശയുടെ ഉറപ്പുള്ള അടയാളങ്ങൾ അടിയന്തിരമായി ആവശ്യമുണ്ട്; ആർച്ച്ബിഷപ് ഓസ പങ്കുവച്ചു.
യുവജനങ്ങൾക്ക് വിദ്യാഭ്യാസവും, ജോലിയും വളരാനുള്ള സാധ്യതകളും നൽകുന്നതിനായി അധ്വാനിക്കണമെന്ന് ആർച്ച്ബിഷപ് ഓസ ആഹ്വാനം ചെയ്തു. അർത്ഥവത്തായ സംഭാവനകൾ നൽകിക്കൊണ്ട് സമൂഹത്തിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്താൻ യുവജനങ്ങളെ സഹായിക്കണം. തങ്ങൾ വിലമതിക്കപ്പെട്ടവരാണെന്ന ബോധ്യം ലഭിക്കുന്ന യുവജനങ്ങൾ തീവ്രവാദ ആശയങ്ങളുടെ ചതിക്കുഴികളിൽ വീഴാനുള്ള സാധ്യത വിരളമാണ്.
പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും പ്രായമായവരുടെയും ആവശ്യങ്ങൾ കമ്മീഷൻ പരിഗണിക്കണമെന്ന് ആർച്ച്ബിഷപ് ഓസ അഭ്യർത്ഥിച്ചു. നല്ല കുടുംബങ്ങളാണ് ഏറ്റവും ചെലവു കുറഞ്ഞ സാമൂഹിക സുരക്ഷാ വല. പ്രായമായവരുടെ അറിവും അനുഭവജ്ഞാനവും അംഗീകരിച്ചുകൊണ്ട് കുടുംബങ്ങളുടെ സാമൂഹികപ്രസക്തി കൂടുതൽ പ്രകടമാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണം. കുടിയേറ്റം നടത്താനുള്ള എല്ലാ മനുഷ്യന്റെയും അവകാശം മാനിക്കപ്പെടണം. അതോടൊപ്പം അവർ എത്തിച്ചേരുന്ന സമൂഹങ്ങളിൽ സുരക്ഷാഭീഷണി കൂടാതെയും സാംസ്‌കാരിക പൈതൃകം നഷ്ടപ്പെടുത്താതെയും അവർ പൂർണമായി ഉൾച്ചേരുന്നു എന്ന് ഉറപ്പുവരുത്തുകയും വേണം; ആർച്ച്ബിഷപ് ഓസ വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?