Follow Us On

28

March

2024

Thursday

അഗ്നി മധ്യത്തിൽ തുണയായ ദൈവം…

അഗ്നി മധ്യത്തിൽ തുണയായ ദൈവം…

ഗിറ്റാർ, പിയാനോ, വയലിൻ, ഇലക്‌ട്രോണിക്ക് കീബോർഡ് എന്നീ ഉപകരണ സംഗീതങ്ങളുടെ അധ്യാപകനായ ഗിന്നസ് രാജുമാസ്റ്ററിന്റെ അനുഭവം
ദൈവം നൽകുന്ന സംരക്ഷണത്തെക്കുറിച്ച് ഏശയ്യായുടെ പുസ്തകത്തിൽ പറയുന്നു: തീയിലൂടെ നടന്നാലും നിനക്ക് പൊള്ളലേൽക്കുകയില്ല.2005-ലാണ് ആ സംഭവം. ഞാൻ തൃശൂർ അതിരൂപതയുടെ കരിസ്മാറ്റിക് സർവീസ് ടീം മെമ്പറായിരുന്നു. തൃശൂരിൽ തന്നെയുള്ള ഒരു ധ്യാനപ്രോഗ്രാമിൽ ക്ലാസെടുക്കാനും ശുശ്രൂഷ നയിക്കാനും കാറിൽ പോകുകയായിരുന്നു ഞാനും ഭാര്യയും രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബം. ദൂരെ എതിർദിശയിൽനിന്ന് വരുന്ന വാഹനയാത്രികർ എന്നെ എന്തോ കൈ കൊണ്ട് ആംഗ്യം കാണിക്കുന്നത് കാണാം. എന്തെന്ന് ആദ്യം മനസിലായില്ല. പക്ഷേ പുകയുടെ മണം അനുഭവപ്പെട്ടു. അത് എന്റെ കാറിൽ നിന്നാണെന്ന് എനിക്ക് മനസിലായി.
ഞാൻ സഞ്ചരിക്കുന്ന കാറിൽ നിന്നും പുക പുറപ്പെടുന്നത് കണ്ട ആളുകൾ റോഡിൽനിന്നും ഓടി മാറുന്ന കാഴ്ചയാണ് ഞാൻ പിന്നീട് കാണുന്നത്. എന്റെ കാർ പെട്രോളിലും ഗ്യാസിലും ഓടുമായിരുന്നു. പുക വാഹനത്തിനുള്ളിൽ നിറഞ്ഞപ്പോൾ ഞാനുടനെ കാർ നിർത്തി. അപ്പോഴേക്കും ബോണറ്റ് കത്തിയിരുന്നു. അതിനിടയിലൂടെ കഷ്ടപ്പെട്ട് ബോണറ്റ് തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കാറിലുണ്ടായിരുന്ന മക്കളോട് ദൂരേക്ക് ഓടാൻ ഞാൻ വിളിച്ചുപറഞ്ഞു. രണ്ടു മക്കളും രണ്ടു വശങ്ങളിലേക്ക് മാറിനിന്ന് ആ സമയം റോഡിലൂടെ വന്നിരുന്ന വാഹനങ്ങളെ ജനം നിയന്ത്രിച്ചു. എന്റെ ഭാര്യ എന്റെ കൂടെ നിന്നു. ഭാര്യയോടും ഓടി പോകാൻ പറഞ്ഞെങ്കിലും അവൾ കരഞ്ഞുകൊണ്ട് എന്റെ അടുത്തുതന്നെ നിന്നു.
ഒരു വിധത്തിൽ കാറിന്റെ ബോണറ്റ് തുറന്നു. അപ്പോഴേക്കും ഒരാൾ ഉയരത്തിലേക്ക് തീ പടർന്നു. ഉടൻതന്നെ കാറിന്റെ ബാക്ക് ഡിക്കി തുറന്ന് രണ്ട് ഗ്യാസ് നിലിണ്ടറുകളും വലിച്ച് ദൂരേക്കിട്ടു. ഗ്യാസ് സിലിണ്ടർ പുറത്തേക്കിടുന്നതുകണ്ട ആ പ്രദേശത്തുള്ള ജനങ്ങളെല്ലാം ഭയന്ന് ഓടി. ഈ സമയത്ത് ദൈവം അയച്ചതുപോലെ വൃദ്ധയായ ഒരു സ്ത്രീ കുടത്തിൽ വെള്ളവുമായി അടുത്തുവന്നു. മറ്റൊരാളും കുടത്തിൽ വെള്ളവുമായെത്തി. ഞാനത് ആളിക്കത്തുന്ന തീയിലേക്ക് ഒഴിച്ചു. കാർ നിന്നു കത്തുകയാണ്. ജനങ്ങൾ അകലെനിന്ന് വിളിച്ചു പറയുന്നുണ്ട്, ഓടി രക്ഷപ്പെട്ടോ, കാർ പൊട്ടിത്തെറിക്കും. എങ്കിലും കാറിനടുത്തുനിന്ന് മാറാൻ എനിക്ക് കഴിഞ്ഞില്ല. അതിനോടകം നല്ലവരായ ആളുകളിൽ ചിലരും സഹായിക്കാനായി മുന്നോട്ടുവന്നു.
തീ നിയന്ത്രണവിധേയമായപ്പോൾ ആളുകൾ എന്റെ അടുത്തേക്ക് വന്നു. എന്റെ കൈകളിലും മുഖത്തുമെല്ലാം കരിയായിരുന്നു. ഷർട്ട് പാതിയോളം കത്തിയിരുന്നു. ഒരു ഭീകരരൂപത്തെയാണ് ആളുകൾ അടുത്തുവന്നപ്പോൾ കണ്ടത്. കൈയും ശരീരവുമൊക്കെ കത്തിയ ആ മനുഷ്യനെ എത്രയും വേഗം ആശുപത്രിയിലെത്തിക്കണമെന്ന് ജനങ്ങൾ വിളിച്ച് പറയുന്നുണ്ടായിരുന്നു. പക്ഷേ ദൈവാനുഗ്രഹമെന്ന് പറയട്ടെ ശരീരം പൊള്ളിയതായി എനിക്ക് തോന്നിയതേയില്ല.
ജനങ്ങൾ കൊണ്ടുവന്ന വെള്ളംകൊണ്ട് ഞാൻ ശരീരം കഴുകി. അപ്പോഴാണ് ശരീരത്തിൽ ഒരിടത്തും പൊള്ളലുണ്ടായില്ലെന്ന സത്യം മനസിലാകുന്നത്. മനസ് ശാന്തമായപ്പോൾ ഭാര്യ പറഞ്ഞു. ”ഞാൻ കണ്ണടച്ച് പ്രാർത്ഥിക്കുകയായിരുന്നു. ആരോ ഒരാൾ പിന്നിൽ നിന്ന് അങ്ങയെ സഹായിക്കുന്ന ഒരു ദൃശ്യമാണ് ഞാൻ കണ്ടത്.”
വചനം പറയുന്നു: നീ അഗ്നിയിലൂടെ നടന്നാലും ജ്വാല നിന്നെ ദഹിപ്പിക്കുകയില്ല എന്നത് എന്റെ ജീവിതത്തിൽ അനുഭവമായി. അതിലൂടെ കൂടുതൽ വിശ്വാസത്തിലേക്ക് കടന്നുവരാൻ സാധിച്ചു. എന്റെ എല്ലാ വചനപ്രഘോഷണങ്ങളിലും ഞാനീ അനുഭവം പങ്കുവയ്ക്കാറുണ്ട്.
മ്യൂസിക്ക് സെന്റർ സ്‌കൂൾ ഓഫ് മ്യൂസിക്കിന്റെ നേതൃത്വത്തിൽ 2011 നവംബർ 20-ന് ആറിനും പതിനേഴിനും ഇടയിൽ പ്രായമുള്ള 136 കുട്ടികളെ ഒരുമിച്ച് കൂട്ടാനും ഒരു സംഗീതവിരുന്നൊരുക്കാനും ദൈവം അവസരം തന്നു. ഗിന്നസ് വേൾഡ് റെക്കോർഡ് ബുക്കിലും ലിംക ബുക്ക് ഓഫ് റെക്കോർഡിലും ഈ സംരംഭം ഇന്ന് സ്ഥാനം പിടിച്ചിട്ടുണ്ട്.
വീണ്ടും 2017 ഫെബ്രുവരി 12-ന് ഗിന്നസ് ബുക്കിലേക്ക് ഒരു സംഗീതപ്രോഗ്രാം നടത്തി ശ്രമം നടത്തി. അതും ബുക്കിൽ കയറിക്കൊണ്ടിരിക്കുകയാണ്. ദൈവത്തിൽ വിശ്വസിച്ച് ദൈവം തരുന്ന വരങ്ങൾ സത്യസന്ധമായി ഉപയോഗിച്ചാൽ ദൈവം നമ്മെ ഉയർത്തുമെന്നെനിക്ക് ബോധ്യമായി. രണ്ടുമക്കളെയും നല്ല നിലയിൽ വിവാഹം ചെയ്തയയ്ക്കാൻ സാധിച്ചു. ഇപ്പോൾ എന്റെ സംഗീതസ്‌കൂളും പ്രവർത്തനങ്ങളും ദൈവത്തിനായി സമർപ്പിച്ച് അവിടുത്തേക്ക് നന്ദി പറയുന്നു.
നിരവധി ദൈവാലയങ്ങളിൽ ധ്യാനപ്രോഗ്രാം നടത്താൻ ദൈവം കൃപ നൽകി. കുടുംബജീവിതത്തെക്കുറിച്ചാണ് കൂടുതലും ഞാൻ പറഞ്ഞത്. ഓർഗൻ വായിക്കാനും പാട്ട് പാടാനും ക്ലാസെടുക്കാനും ഒരുമിച്ച് പല സ്ഥലങ്ങളിലും ദൈവം എന്നെ ഉപയോഗപ്പെടുത്തി.
 
 
 
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?