Follow Us On

28

March

2024

Thursday

മദ്യശാലകൾ; സുപ്രീംകോടതി വിധിയുടെ അന്ത:സത്ത

മദ്യശാലകൾ; സുപ്രീംകോടതി വിധിയുടെ അന്ത:സത്ത

2016 നവംബർ 15 ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ നിന്ന് 500 മീറ്റർ ചുറ്റളവിലുള്ള മദ്യശാലകൾ മാറ്റിസ്ഥാപിക്കാനല്ല, മറിച്ച് മാർച്ച് 31 നകം അവ അടച്ചുപൂട്ടാനാണ്. എന്നാൽ ഈ വിധി ദുർവ്യാഖ്യാനം ചെയ്ത് മദ്യവില്പനശാലകൾ ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ നിന്നും ജനവാസകേന്ദ്രങ്ങളിലേക്ക് മാറ്റിസ്ഥാപിക്കാനാണ് സംസ്ഥാന ബിവറേജ് കോർപ്പറേഷൻ ശ്രമിക്കുന്നത്.
കള്ളന്മാരെപ്പോലെ രാത്രിയുടെ യാമങ്ങളിലാണ് അതീവരഹസ്യമായി സർക്കാർ വക മദ്യക്കടകൾ ജനവാസകേന്ദ്രങ്ങളിൽ സ്ഥാപിക്കുന്നത്. ഈ നീക്കത്തെ മദ്യവിരുദ്ധ പ്രവർത്തകർ മാത്രമല്ല സ്ത്രീകളും കുട്ടികളും തികഞ്ഞ മദ്യപാനികൾ പോലും എതിർക്കുകയാണ്. വീട്ടുമുറ്റങ്ങളിലേക്ക് മദ്യശാലകൾ വരുന്നതിനെ അബ്കാരികളും എതിർക്കുന്നു. വിവിധ രാഷ്ട്രീയപ്രസ്ഥാനങ്ങളും സാമൂഹ്യ-സാംസ്‌കാരിക സംഘടനകളും ഈ സമരത്തിന് പിന്തുണ നൽകുന്നുണ്ട്. ജനവാസകേന്ദ്രങ്ങളിൽ മദ്യശാലകൾ തുറക്കുന്നതിൽ ജനങ്ങൾക്കുള്ള വിയോജിപ്പ് വ്യക്തമാക്കുന്നതാണ് മാറ്റി സ്ഥാപിക്കാനുദ്ദേശിക്കുന്ന ബെവ്‌കോ ഔട്ട്‌ലറ്റുകൾക്ക് എതിരെ ഉയരുന്ന പ്രതിഷേധം. ഏറ്റവും വലുത് ജനമാണ്. ജനതാല്പര്യമാണ്. ജനശക്തിയാണ്. ജനങ്ങൾക്കുവേണ്ടാത്ത മദ്യശാലകൾ വേണ്ടെന്നുവയ്ക്കാൻ സർക്കാർ തയ്യാറാവണം.
കിട്ടാനുള്ള എളുപ്പമാണ് കുടിക്കാനുള്ള പ്രേരണ നൽകുന്നതെന്ന്’ മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്. മദ്യലഭ്യത വർദ്ധിപ്പിച്ചാൽ മദ്യ ഉപഭോഗവും വർദ്ധിക്കും. ഇതു സർക്കാരിന്റെ പ്രഖ്യാപിത മദ്യനയത്തിന് എതിരാണ്. നിലവിലുള്ള നിയമങ്ങളെ കാറ്റിൽ പറത്തി ജനവാസകേന്ദ്രങ്ങളിലെ വീടുകളിലേക്കാണ് മദ്യക്കടകൾ മാറ്റി സ്ഥാപിക്കുന്നത്. വീടുകൾ വ്യാപാരാവശ്യത്തിന് ഉപയോഗിക്കാനാവില്ല. അതിന് കൊമേഷ്യൽ ലൈസൻസ് വേണം. വീടിന് രൂപഭേദം വരുത്തുകയും വേണം. പഞ്ചായത്ത് രാജ്-നഗരപാലിക ആക്ട് 232 വകുപ്പുപ്രകാരം ഒരു ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന പ്രദേശത്ത് മദ്യഷാപ്പ് പുതുതായി തുറക്കാനോ മാറ്റിസ്ഥാപിക്കാനോ പഞ്ചായത്തിന്റെ അനുമതി ആവശ്യമാണ്. ഡി & ഒ ലൈസൻസ് ഇല്ലാതെയാണ് ബിവറേജസിന്റെ ഭൂരിപക്ഷം മദ്യക്കടകളും പ്രവർത്തിക്കുന്നത്. ദൂരപരിധി നിയമവും മാറ്റിസ്ഥാപിക്കുന്ന മദ്യശാലകൾക്ക് ബാധകമാണ്. സർക്കാർ സ്ഥാപനമായതിനാൽ ഇതൊന്നും ബാധകമല്ലെന്ന വിധത്തിലാണ് അധികാരികൾ അവരുടെ നയം അടിച്ചേല്പിക്കുന്നത്. ഈ നീക്കങ്ങളെയാണ് ജനം ചെറുത്തു തോല്പിക്കുന്നത്.
ഹൈവേകളുടെ അരികിൽ നിന്ന് മദ്യശാലകൾ മാറ്റണമെന്ന സുപ്രീംകോടതി വിധിയുടെ അന്ത:സത്ത മനസിലാക്കാതെയാണ് പുതിയ മദ്യശാലകൾ തുറക്കുന്നത്. റോഡരികിൽ പ്രവർത്തിക്കുന്ന മദ്യക്കടകൾ ഗതാഗത തടസ്സമുണ്ടാക്കുന്നതും വഴിയാത്രക്കാർക്ക് അസൗകര്യം ഉണ്ടാക്കുന്നതും മദ്യപിച്ച് വാഹനം ഓടിച്ച് അപകടമരണങ്ങളുണ്ടാകുന്നതും കണക്കിലെടുത്താണ് അവ അടച്ചുപൂട്ടാൻ സുപ്രീം കോടതി നിർദ്ദേശിച്ചത്. പാതയോരങ്ങളിൽ നിന്ന് ജനവാസകേന്ദ്രങ്ങളിലെ വീട്ടുമുറ്റങ്ങളിലേക്ക് അവ മാറ്റി സ്ഥാപിക്കുമ്പോൾ ഗ്രാമീണ ജനതയുടെ സ്വസ്ഥതയും ശാന്തതയും അത് നശിപ്പിക്കുകയും മറ്റു സാമൂഹ്യപ്രശ്‌നങ്ങൾക്ക് അത് വഴിയൊരുക്കുകയും ചെയ്യും. ഒരു സമൂഹത്തിന്റെ ധാർമ്മിക നിലവാരം കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം പ്രധാനമായും സർക്കാരിനാണ്. വരുമാനത്തെക്കുറിച്ചു മാത്രം ചിന്തിക്കാതെ സമൂഹത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ കൂടി പഠിച്ചേ ഇത്തരം നീക്കങ്ങൾ നടത്താവൂ.
മഹാത്മാഗാന്ധി പറയുന്നു; അഭിശപ്തമായ മദ്യവ്യാപാരത്തിൽ നിന്ന് ധർമ്മവിരുദ്ധമായി ലഭിക്കുന്ന നികുതി നഷ്ടപ്പെടുന്നതിനെപ്പറ്റി അന്ധാളിക്കേണ്ട. ഉദ്ബുദ്ധവും ക്ഷുബ്ധവുമായ പൊതുജനമനസാക്ഷിക്കു മുമ്പിൽ അതിന് പിടിച്ചുനിൽക്കാൻ സാധിക്കില്ല. അചിരേണ നിർദ്ദോഷികളുടെ രക്തത്തിൽ പങ്കിലമാകുമ്പോൾ അത് ദുർഗന്ധം വമിച്ചുതുടങ്ങും. നികുതിക്കുവേണ്ടി കാലത്തിന്റെ സൂചനകളെ നിർദാക്ഷിണ്യം അവഗണിക്കരുത്.” സാമ്പത്തിക നഷ്ടത്തേക്കാൾ വലുതാണ് സന്മാർഗ്ഗിക നഷ്ടമെന്നും ഗാന്ധിജി പറഞ്ഞുവയ്ക്കുന്നു. പാവങ്ങളുടെ ജീവിത നിലവാരം ഉയർത്തുവാനും നന്നാക്കുവാനും സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ, അവരുടെ സൈ്വര്യജീവിതം ഉറപ്പാക്കുകയാണ് പ്രാഥമിക ലക്ഷ്യമെങ്കിൽ ജനവാസകേന്ദ്രങ്ങളിൽ മദ്യശാലകൾ സ്ഥാപിക്കരുത്. ദുർബലരും ദരിദ്രരുമായവരുടെ എല്ലാറ്റിനെയും കവർന്നെടുക്കുന്ന മനുഷ്യത്വരഹിതമായ വ്യാപാരമാണ് മദ്യവ്യാപാരം. അത് തിന്മയല്ലാതെ നന്മയൊന്നും പ്രദാനം ചെയ്യുന്നില്ല. പാവങ്ങളുടെ സർക്കാർ പാവങ്ങളെ മദ്യത്തിൽ മുക്കി കൊല്ലരുത്. നവകേരള സൃഷ്ടിക്ക് ആദ്യം വേണ്ടത് സകലതിന്മകളുടെയും പെറ്റമ്മയും പോറ്റമ്മയുമായ മദ്യത്തിനെതിരെയുള്ള പോരാട്ടമാണ്.
അഡ്വ.ചാർളിപോൾ
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?